Wednesday, January 14, 2009

പത്തായം

വലിയ മോഹമായിരുന്നെനിക്കന്ന്
വിലവരും പേന്റൊന്നിടണമെന്നത്

പറയുമ്പോലല്ലിതിടുന്നോന്‍ പത്തായ
പ്പുറത്തുകേറീട്ട് നിവര്‍ന്നുനില്‍ക്കണം
ഒരാളു പേന്റിന്റെയിരുകുഴികളും
ശരിയാക്കിത്താഴെ പിടിച്ചുനില്‍ക്കണം
കുഴികളില്‍ കാലുകയറുംപാകത്തില്‍
പിഴവുപറ്റാതെയെടുത്തുചാടണം.

പറഞ്ഞിട്ടെന്തിനാണെവിടെ പത്തായം!
പറഞ്ഞിട്ടുള്ളതീ മുഷിഞ്ഞ നിക്കറ്.

(വളരെവൈകിയാണെനിക്കു പത്തായം-
പൊളിച്ചോരെപ്പറ്റി മതിപ്പു വന്നത്.)

6 comments:

Umesh::ഉമേഷ് said...

വൃത്തത്തിലേക്കും അന്നനടയിലേയ്ക്കും മടങ്ങിപ്പോയോ പ്രമോദാ? :)

Anonymous said...

ഏതാണ്ടിതുതന്നെ അല്ലേ കുഞ്ഞുണ്ണിമാഷ്

ഒരു ബീഡി തരൂ ചുണ്ടുതരൂ വിരലുതരൂ ഞാനൊരു ബീഡി വലിച്ചുരസിക്കട്ടെ എന്നോ മറ്റോ എഴുതിവിട്ടത് ?

പക്ഷേ ഞാന്‍ പത്തായം ഉണ്ടാക്കിയിട്ടേ പാന്റിടൂ :))

ടി.പി.വിനോദ് said...

പറഞ്ഞിട്ടെന്തിനാണെവിടെ പത്തായം!
പറഞ്ഞിട്ടുള്ളതീ മുഷിഞ്ഞ നിക്കറ്.

ഈ വരികള്‍ ശരിക്കിഷ്ടപ്പെട്ടു. കുറേ വായനകള്‍ സാധിപ്പിക്കുന്നു പറച്ചില്‍ എന്ന ആവര്‍ത്തിക്കപ്പെടുന്ന പദം.

(ഓ.ടോ : എന്റെ നാട്ടിലെ ഒരു രസികന്‍ അപ്പൂപ്പന്‍ പാന്റ്സ് ഇട്ട് നടക്കുന്ന ഒരു ചെക്കനോട് ‘ബാക്കി എപ്പാ ഈര്‌ന്ന് ? ’ എന്ന് ചോദിച്ചിരുന്നു :)

ജ്യോതീബായ്‌ പരിയാടത്ത്‌ said...

അല്ല പ്രമോദേ ഈ പേണ്റ്റ്‌ വൃത്തത്തിലോ ചതുരത്തിലോ? കൊള്ളാം ചാട്ടം പിഴച്ചില്ല :)

വേണു venu said...

വട്ടത്തില്‍ വന്ന പത്തായം എനിക്കിഷ്ടമായെന്‍റെ പ്രമോദേ.:)

പകല്‍കിനാവന്‍ | daYdreaMer said...

പാന്റ് ആണെന്ന് വെച്ചാ ഇട്ടതു.. പച്ചേ ഉമ്മാടെ കുപ്പായത്തിന്റെ കൈ ആയിരുന്നു....!!!

പറഞ്ഞിട്ടെന്തിനാണെവിടെ പത്തായം!
പറഞ്ഞിട്ടുള്ളതീ മുഷിഞ്ഞ നിക്കറ്.

ഇഷ്ടമായ് ഈ വരികള്‍...