Thursday, January 22, 2009

പ്രചരണം

ഫ്രാന്സിലെത്തിയ ദിവസം തന്നെ
ഞാന്‍, സൂപ്പര്‍മാര്‍ക്കറ്റും
കൂടെവന്ന
കൊറിയക്കാരി ജിന്‍സുന്‍പാര്‍ക്ക്
പ്രൊട്ടസ്റ്റന്റുപള്ളിയും അന്വേഷിച്ചു.
ഞാന്‍ വെച്ച സാമ്പാര്‍ കൂട്ടി
ചോറുതിന്ന ജിന്‍സുന്‍ പാര്‍ക്ക്
സൂപ്പര്‍ സൂപ്പര്‍ എന്നു പറയുകയും
എന്റെ കറിയുടെ മേന്മ പ്രചരിപ്പിക്കുമെന്ന്
പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഞാനേറെ സന്തോഷിച്ചു.
ഞങ്ങളുടെ വീട്ടിനടുത്തെ
പള്ളിയില്‍ വെച്ചു കണ്ട
ഒരു കൊറിയന്‍ സുന്ദരിയെ
ജിന്‍സുന്‍ പാര്‍ക്ക്
വീട്ടിലേക്ക് ക്ഷണിച്ചു.
ഞാനവള്‍ക്ക് സന്തോഷത്തോടെ
സാമ്പാറും ചോറും വെച്ചു കൊടുത്തു.
സുന്ദരി ഏമ്പക്കമിട്ടതിന്റെ രാത്രി
ഞാന്‍ പലപല
ലൈംഗിക സ്വപ്നങ്ങളും കണ്ടു.
'ഇന്തോ ചിങ്കുവിന്റെ കറികൂട്ടി
ചോറു തിന്നാം, വാ' എന്ന
ജിന്‍സുന്‍പാര്‍ക്കിന്റെ ക്ഷണം സ്വീകരിച്ച്
ആ പള്ളിയിലും
അടുത്ത പള്ളികളിലുമുള്ള
കൊറിയക്കാരോരോന്നായി
വീട്ടില്‍ വരാന്‍ തുടങ്ങി.
പിതാവും പുത്രനും പരിശുദ്ധാത്മാവും
എന്റെ ചെവിക്കും ചോറിനും കറിക്കുമായി
കാത്തുകാത്തിരുന്നു.

ഇപ്പോള്‍ ഞാന്‍
രസകരമായ ഒരു കഥ വായിക്കുകയാണെന്നുകരുതുക.
അത് ബൈബിളിലേതാണെന്ന്
ആരെങ്കിലും പറഞ്ഞാല്‍
ഉടനെ ഞാന്‍
പുസ്തകം വലിച്ചെറിയും.
അരി അരച്ചത് അമ്മീലല്ലെന്ന്
ആരെങ്കിലുംപറഞ്ഞാല്‍
അമ്മമ്മ
ദോശ വലിച്ചെറിയുന്നതൊക്കെ
എത്രയോ ഭേദമെന്ന് തോന്നുന്ന മാതിരി.

16 comments:

വിഷ്ണു പ്രസാദ് said...

അപ്പോ ഇതായിരുന്നു അവിടെ പരിപാടി...:)

ടി.പി.വിനോദ് said...
This comment has been removed by the author.
ടി.പി.വിനോദ് said...

കണ്‍‌വെട്ടത്തുള്ള ചിരിത്തിളപ്പിനടിയില്‍ കവിതയുടെ അടുപ്പ് ചോദ്യങ്ങളുടെ ഉയര്‍ന്ന താപനിലയില്‍..

അമ്മി അമ്മമ്മയോട് ചെയ്തതിനെക്കാള്‍ ക്രൂരതകള്‍ മതം മനുഷ്യരോട് ചെയ്തിട്ടുണ്ടാവില്ലേ ? എന്ന ചോദ്യത്തിന് ഒരു ഷേക്ക് ഹാന്‍‌ഡ്...

Dinkan-ഡിങ്കന്‍ said...

mon ami,
പ്രമാദം! ഇതു കവിതൈ

ഓഫ്.
അവിടിപ്പോ ദാ പണി :)
രാസ പരീക്ഷണം ച്ചാൽ “രസം”ണ്ടാക്കലാണോ?

നജൂസ്‌ said...

അപ്പൊ ഇതിനാണ് നീ ഫ്രാന്‍സീപോയതല്ലേ... എന്തായാലും പ്രൊജക്റ്റ്‌ നന്നായി... :)

വിശാഖ് ശങ്കര്‍ said...

തല്‍ക്കാലം ഇത് ഗംഭീരമായെന്നു മാത്രം പറയുന്നു. പറ്റിയാല്‍ ഇത് എന്തുകൊണ്ട് ഗംഭീരമായെന്ന് പറയണമെന്ന് ആഗ്രഹമുണ്ട്.പക്ഷേ.......

ദൈവം വാറ്റിയതാണെന്നു പറഞ്ഞാലും
കുടിച്ചുകൊണ്ടിരിക്കുന്നത് കള്ളാണെങ്കില്‍
ഞാനത് എറിഞ്ഞുകളയില്ല...:),അപ്പൊ ഒന്നിനും ഒരുറപ്പുമില്ല...ന്റെ പ്രമോദേ നേരില്‍ കാണുന്ന ആദ്യത്തെ ദിവസം തന്നെ നീ എന്നെ കൊല്ലണം(രക്ഷിക്കണം)...:)

(ഇതാരും വ്യാഖ്യാനിച്ച് എന്നെ വഴിയാധാരമാക്കരുത്. വെള്ളമടി കാരണം വിചാരിക്കുന്ന പലതും നടക്കാതെ പോകാറുണ്ടെന്നേ ഇതിനര്‍ത്ഥമുള്ളു. ഇങ്ങനെ കൊഴ കൊഴാ‍ാ പറയുന്നതുതന്നെ...)

Mahi said...

പ്രമോദേ കര്‍ത്താവിനിട്ടു തന്നെ വേണൊ ഞാനിതു പ്രചരിപ്പിക്കുന്നുണ്ട്‌

Anonymous said...

നല്ല കവിതകള്‍ ഇങനെയാണുണ്ടാവുക. അപ്രതീക്ഷിതമായി. അല്ലെങ്കില്‍, പതുക്കെ തിളച്ച് തിളച്ച്...സാംബാറു പോലെ...നന്നായിട്ടുണ്ടു പ്രമോദ്. പക്ഷെ, വിഷ്ണു അഭിപ്രായപ്പെട്ടത്തു പോലെ കൂടുതല്‍ കാര്യ പ്രസക്തിയുള്ള ചര്‍ച്ചകള്‍ കവിതയെക്കുറിചുണ്ടാക്കേണ്ട സമയം ആയി എന്നു തോന്നുന്നു...

Jayasree Lakshmy Kumar said...

‘സുന്ദരി ഏമ്പക്കമിട്ടതിന്റെ രാത്രി
ഞാന്‍ പലപല
ലൈംഗിക സ്വപ്നങ്ങളും കണ്ടു.
'ഇന്തോ ചിങ്കുവിന്റെ കറികൂട്ടി
ചോറു തിന്നാം, വാ' എന്ന
ജിന്‍സുന്‍പാര്‍ക്കിന്റെ ക്ഷണം സ്വീകരിച്ച്
ആ പള്ളിയിലും
അടുത്ത പള്ളികളിലുമുള്ള
കൊറിയക്കാരോരോന്നായി
വീട്ടില്‍ വരാന്‍ തുടങ്ങി.
പിതാവും പുത്രനും പരിശുദ്ധാത്മാവും
എന്റെ ചെവിക്കും ചോറിനും കറിക്കുമായി
കാത്തുകാത്തിരുന്നു.

ഇപ്പോള്‍ ഞാന്‍
രസകരമായ ഒരു കഥ വായിക്കുകയാണെന്നുകരുതുക.
അത് ബൈബിളിലേതാണെന്ന്
ആരെങ്കിലും പറഞ്ഞാല്‍
ഉടനെ ഞാന്‍
പുസ്തകം വലിച്ചെറിയും.‘

ഹ ഹ. അതു കലക്കി

Unknown said...

യേശു കാണിച്ച അത്ഭുതങ്ങളേക്കാള്‍ എത്രയോ വലിയ അത്ഭുതങ്ങളാണ് അദ്ദേഹം പറഞ്ഞ കഥകള്‍-ബെന്‍ ഓക്രി

Ranjith chemmad / ചെമ്മാടൻ said...

കുറച്ച് കടന്ന കൈയ്യായിപ്പോയി...
അടുത്ത യാത്ര എവിടേയ്ക്കാണാവോ?

Anonymous said...

ഒരു നല്ല കവിതയെ എല്ലാരും കൂടെ കൊന്ന് കൊലവിളിച്ചു. വിഷ്ണു തന്നെ ചെയ്യണമായിരുന്നു ഇത്.

വിഷ്ണു പ്രസാദ് said...

വായനക്കാരോ,കാര്യം മനസ്സിലായി അല്ലേ... :)

Anonymous said...

"ഇന്ത്യൻ ചിങ്കു” എന്നാലെന്താണ്?...........................ചൊറി മാന്തുകയല്ലല്ലോ? ആണെങ്കിൽ പറയണ്ട.

Pramod.KM said...

ഇന്തോ‍ ചിങ്കു എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ സുഹൃത്ത്.

kureeppuzhasreekumar said...

പ്രിയ പ്രമോദ്‌
കവിതകൾ വായിച്ചു.
പച്ചക്കുതിരയിലെയും മാധ്യമത്തിലെയും കവിതകൽ ഞാൻ വായിച്ചിരുന്നു.പ്രമോദിന്റെ സമീപനങ്ങൾ വ്യത്യസ്തമാണു.അതുകൊന്റുതന്നെ പുതുമയുടെ സുഗന്ദ്ധം
കുരീപ്പുഴശ്രീകുമാർ