Monday, September 17, 2012

നമ്മള്‍

വാക്കുകളാല്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന
നമ്മുടേതായ രണ്ടു കറികള്‍ കൂട്ടി
ചോറുണ്ണുന്നു
നമ്മുടെ പ്രണയസങ്കല്‍പ്പങ്ങള്‍ ...

നിശബ്ദതയുടെ
രണ്ടു പാറകളില്‍ത്തട്ടി
തെന്നിവീഴുന്നു
നമ്മുടെ നിശ്വാസങ്ങള്‍ , സങ്കടങ്ങള്‍ ...

ഇക്കിളിയുടെ
വളഞ്ഞുപുളഞ്ഞൊഴുകുന്ന
രണ്ടു നീര്‍ച്ചാലുകളിലെ
ചിലചുഴികളില്‍
കറങ്ങിത്തിരിഞ്ഞാഴ്ന്നുപോകുന്നു
നമ്മുടെ ഒച്ചകള്‍ , ഭാവങ്ങള്‍ ...

സ്നേഹത്തിന്റെ
രണ്ടു ചുണ്ടുകള്‍ ചാലിച്ചു വരയ്ക്കുന്നു
സ്വപ്നങ്ങള്‍ , പ്രതീക്ഷകള്‍ ...


പ്രണയികളുടെ പതിവുസംബോധനകളുടെ
ഉമി കളയുമ്പോള്‍
അവളെന്റെ ‘മെലിഞ്ഞ ഷക്കീല’യാകുന്നു
ഞാന്‍ അവളുടെ ‘മസില്‍ ഒളിപ്പിച്ചുവെച്ച സല്‍മാന്‍ ഖാന്‍ ’

ഉറങ്ങിയെണീക്കുമ്പോള്‍
‘നിന്റെ ബാക്ടീരിയ എന്റെയും ബാക്ടീരിയ’യെന്ന്
അവളെന്നെ ഉമ്മവെയ്ക്കുന്നു.

അവളുടെ തലയില്‍ നിന്നും എന്റെ തലയിലേക്ക്
പേനുകള്‍ പുതിയ വഴിവെട്ടുന്നു.
‘നിന്റെ പേന്‍ എന്റെയും പേന്‍ ’ എന്ന്
ഞാന്‍ തലചൊറിയുന്നു.

ഉറങ്ങുമ്പോള്‍
അവളുടെ സ്വപ്നം ഞാനും
എന്റെ സ്വപ്നം അവളും കാണുന്നു.
പക്ഷെ
എന്റെയും അവളുടെയും കൂര്‍ക്കം
ഞാന്‍ ഉറക്കെ വലിക്കുന്നു.

അവള്‍ എനിക്ക് പായസം വെച്ചുതരുന്നു.
ഞാന്‍ പായസം കുടിക്കുന്നു, എന്നിട്ട്
‘എങ്ങനെയുണ്ട് പായസം?’ എന്ന് അവളോട് ചോദിക്കുന്നു.
‘സൂപ്പര്‍’ എന്ന് അവള്‍ പറയുന്നു.
ഞാന്‍ അവള്‍ക്ക് ചായ വെച്ചുകൊടുക്കുന്നു.
അവള്‍ ചായ കുടിക്കുന്നു, എന്നിട്ട്
‘ചായ എപ്പടി?’ എന്ന് എന്നോട് ചോദിക്കുന്നു.
‘അടിപൊളി അടിപൊളി’ എന്ന് ഞാന്‍ പറയുന്നു.

അവളുടെ വിരല്‍ മുറിയുമ്പോള്‍
നമ്മള്‍ക്ക് വേദനിക്കുന്നു.
എന്റെ കാലുളുക്കുമ്പോള്‍
നമ്മള്‍ ഒരുമിച്ചു കരയുന്നു.

Tuesday, March 13, 2012

വഴി

ഞാനും എന്റോളും
ഓനേം ഓന്റോളേം കാണാന്‍ പോകുന്നു.
മയ്യിലേക്ക് ബസ്സിന്
ചെക്കിക്കടവിലേക്ക് ജീപ്പിന്
കൊയ്യത്തേക്ക് തോണിക്ക്.

തോണീന്നെറങ്ങി
ഓന്റെ വീട്ടിലേക്ക്
ബസ്സുണ്ടോ എന്നന്വേഷിച്ചപ്പോള്‍
ഒരമ്മമ്മ പറയുന്നു:
“ഈട്ന്ന് നേരെ നടക്ക്വാ
അന്നേരം ഒരു വാര്‍പ്പ് പാലം കാണും.
അത് കടന്നിറ്റ് കണ്ടത്തിലൂടന്നെ പോകുമ്പം
ആരെങ്കിലും ഇണ്ടാവും.
ചോയിച്ചാ പറഞ്ഞ് തരും.
ബസ്സൊന്ന്വല്ലല്ലോ,
വായീലെ നാവല്ലേ മോനേ നമ്മക്ക് വയി”