Monday, March 21, 2016

തോന്നൽ


അമ്മമ്മ പോയി...

കുറേ കാലം  കെട്ടിപ്പിടിച്ചിരുന്നെങ്കിലും 
കുറച്ചുകൂടി നേരം തൊട്ടുനിൽക്കാമായിരുന്നുവെന്ന്  
തോന്നുന്നു, 
യാത്ര പറയുമ്പോളൊക്കെ
അമ്മമ്മയുടെ കൺപോളകളിൽ 
പിടിവിടാതെ ഉരുണ്ടുകൂടി നിൽക്കാറുള്ള 
തുള്ളികൾ പോലെ 

കുറേ കാലം വർത്താനം പറഞ്ഞിരുന്നെങ്കിലും 
കുറച്ചുകൂടി മിണ്ടാമായിരുന്നുവെന്ന്   
തോന്നുന്നു, 
വീടും മുറ്റവും വളപ്പുമെല്ലാം അടിച്ചുവാരിക്കഴിഞ്ഞ്
പോകുന്ന പോക്കിൽ 
അമ്മമ്മ മാച്ചികൊണ്ട്
വെറുതേ രണ്ടുമൂന്നു തവണ
അടിച്ചിടത്തുതന്നെ വീണ്ടും അടിച്ചിരുന്നതു പോലെ

കുറേ നാൾ ഉമ്മ വെച്ചിരുന്നെങ്കിലും 
ഒരുമ്മ കൂടി കൊടുക്കാമായിരുന്നുവെന്ന്   
തോന്നുന്നു, 
മതി മതിയെന്ന് പറഞ്ഞിട്ടും
അമ്മമ്മ വിളമ്പിത്തന്നിരുന്ന
ഒരു സ്പൂൺ പായസം പോലെ

കുറേ ഫോട്ടോകളും വീഡിയോകളും എടുത്തിരുന്നെങ്കിലും 
കുറച്ചുകൂടി ആവാമായിരുന്നുവെന്ന്  
തോന്നുന്നു.
അമ്മമ്മയുടെ ശരിക്കുള്ള ചിരിയും കുരയും കരച്ചിലുമൊന്നും  
കേമറയിൽ പതിയാത്തതു പോലെ.

കുറച്ചു നേരം കൂടി കൂടെയിരുന്ന് 
അമ്മമ്മയുടെ ഓർമ്മകൾ ഒപ്പിയെടുക്കാമായിരുന്നുവെന്ന്  
തോന്നുന്നു,
കുറേനേരം വെള്ളത്തിൽ കുതിർത്തു വെച്ചാൽ മാത്രം 
മുറിക്കാൻ പറ്റിയിരുന്ന 
അമ്മമ്മയുടെ നഖങ്ങൾ പോലെ.... 

മുറുക്കിത്തുപ്പും
മുറുക്കാനിടിക്കുന്ന ഉരലും ഉലക്കയുമൊക്കെ പോലെ 
അമ്മമ്മയല്ലാതെ വീട്ടിൽ മറ്റാരും ഉപയോഗിക്കാത്ത 
ചില വാക്കുകൾ ചീത്തകൾ ചൊല്ലുകൾ ചേഷ്ടകൾ...
എല്ലാം ഒന്നുകൂടി കേൾക്കാനും കാണാനും തോന്നുന്നു

അമ്മമ്മയെക്കുറിച്ച്
കുറേ എഴുതിയിട്ടുണ്ടെങ്കിലും  

ഒരു കവിതകൂടിയാവാമെന്ന്  തോന്നുന്നു,
മരിച്ചവരെക്കുറിച്ച്
അമ്മമ്മ പറഞ്ഞുകൊണ്ടിരുന്ന   
കഥകൾപോലെ