Thursday, February 23, 2017

അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും

ഞാൻ
ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ
കവിതയെഴുതിയതു കണ്ടാലുടൻ
അമ്മാവൻ
തുരുതുരാ വിളിക്കും

ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു
മറ്റൊരാളെക്കുറിച്ചുള്ള നിന്റെ മറ്റൊരു കവിത കണ്ടു
എന്നിങ്ങനെ
കുറേത്തവണ പറയും

ഇതിങ്ങനെ പതിവായപ്പോൾ
ഇന്നലെ
അമ്മാവനെന്നെ വിളിച്ചു
പുളിച്ച ചീത്ത പറഞ്ഞു.
നിനിക്ക് അമ്മോനെപ്പറ്റി ഒരു ബിജാരോമില്ല
അല്ലേ മോനേ.....
നീ എത്ര്യാളപ്പറ്റി കവിത എയ്തി....
അമ്മോനെപ്പറ്റി ഒറ്റ്യൊരെണ്ണം എയ്തീറ്റ്ല്ലല്ലോ
ഉം...ആയിക്കോട്ടപ്പാ....എന്ന് 
സങ്കടപ്പെട്ടു.

എനിക്കു കവിതയെഴുതാൻ പറ്റിയിട്ടില്ലാത്തവരുടെ
പ്രതിനിധിയായി വന്ന്
അമ്മാവനെന്നെ
കൊറേ നേരം കലമ്പി


എനിക്കറിയാം
അമ്മാവന്റെ ഒരു കാലിനു മറ്റേക്കാലിനേക്കാൾ
ഒരടി നീളം കൂടുതലുള്ളതുപോലെ
അമ്മാവനെന്നോട്
ഒരാൾക്കുള്ളതിനേക്കാൾ
ഒരു പിടി ഇഷ്ടം കൂടുതൽ

അമ്മാവനെക്കുറിച്ച് ഞാനെഴുതും.
പക്ഷെ ഒരു കാര്യം.
ഞാൻ കവിതയാക്കിയവരുടെ പ്രതിനിധിയായിവന്ന്
അമ്മാവനെന്നെ
കലമ്പരുത്!


വന്നുവന്ന്
ഇപ്പോളെനിക്ക്
അമ്മാവനെക്കുറിച്ചുമാത്രമേ എഴുതാൻ പറ്റൂ
എന്നായിട്ടുണ്ട്.
കാരണം
വാക്കുകളെ നേരിടാൻ
തോക്കുകൾ കാത്തിരിപ്പുണ്ട്.
അമ്മാവൻ പേടിക്കേണ്ട!
വെടിയേൽക്കാൻ പാകത്തിലുള്ള
ഒരു വാക്കോ വിഷയമോ
ഞാനെന്റെ കവിതയുടെയരികത്തുപോലും
കൊണ്ടുവരില്ല.
ഞാൻ നാടുവിടുന്നതിലും നല്ലതല്ലേ അമ്മാവാ
വാക്കുകളെ നാടുകടത്തുന്നത്!അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും’ എന്ന
ഈ കവിത
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ
ഇതാണോ കവിത?” എന്ന്
എന്റെ ഭാര്യ ചോദിച്ചു
എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു.
ഞാനന്ന് പട്ടിണികിടന്നു.

ഇതെന്തു കവിത?” എന്ന്
ഒരു ചങ്ങാതി ഇ-മെയിലയച്ചു.
ഞാനയാൾക്ക്
തിരിച്ചൊരു
തെറിമെയിലയച്ചു.

ആ കവിതയെവിടെ?
അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു”
എന്ന്
ആ കവിതയ്ക്കുതാഴെ
ഒരു കമന്റു വന്നു.
ആ കമന്റ് ഞാൻ
ലൈക്ക് ചെയ്തു!

അമ്മാവൻ പേടിക്കേണ്ട!
എഴുത്തിന്റെ പേരിൽ
ആരുമെന്റെ
കഴുത്തിനുപിടിക്കാൻ കൂടി വരില്ല.

Monday, March 21, 2016

തോന്നൽ


അമ്മമ്മ പോയി...

കുറേ കാലം  കെട്ടിപ്പിടിച്ചിരുന്നെങ്കിലും 
കുറച്ചുകൂടി നേരം തൊട്ടുനിൽക്കാമായിരുന്നുവെന്ന്  
തോന്നുന്നു, 
യാത്ര പറയുമ്പോളൊക്കെ
അമ്മമ്മയുടെ കൺപോളകളിൽ 
പിടിവിടാതെ ഉരുണ്ടുകൂടി നിൽക്കാറുള്ള 
തുള്ളികൾ പോലെ 

കുറേ കാലം വർത്താനം പറഞ്ഞിരുന്നെങ്കിലും 
കുറച്ചുകൂടി മിണ്ടാമായിരുന്നുവെന്ന്   
തോന്നുന്നു, 
വീടും മുറ്റവും വളപ്പുമെല്ലാം അടിച്ചുവാരിക്കഴിഞ്ഞ്
പോകുന്ന പോക്കിൽ 
അമ്മമ്മ മാച്ചികൊണ്ട്
വെറുതേ രണ്ടുമൂന്നു തവണ
അടിച്ചിടത്തുതന്നെ വീണ്ടും അടിച്ചിരുന്നതു പോലെ

കുറേ നാൾ ഉമ്മ വെച്ചിരുന്നെങ്കിലും 
ഒരുമ്മ കൂടി കൊടുക്കാമായിരുന്നുവെന്ന്   
തോന്നുന്നു, 
മതി മതിയെന്ന് പറഞ്ഞിട്ടും
അമ്മമ്മ വിളമ്പിത്തന്നിരുന്ന
ഒരു സ്പൂൺ പായസം പോലെ

കുറേ ഫോട്ടോകളും വീഡിയോകളും എടുത്തിരുന്നെങ്കിലും 
കുറച്ചുകൂടി ആവാമായിരുന്നുവെന്ന്  
തോന്നുന്നു.
അമ്മമ്മയുടെ ശരിക്കുള്ള ചിരിയും കുരയും കരച്ചിലുമൊന്നും  
കേമറയിൽ പതിയാത്തതു പോലെ.

കുറച്ചു നേരം കൂടി കൂടെയിരുന്ന് 
അമ്മമ്മയുടെ ഓർമ്മകൾ ഒപ്പിയെടുക്കാമായിരുന്നുവെന്ന്  
തോന്നുന്നു,
കുറേനേരം വെള്ളത്തിൽ കുതിർത്തു വെച്ചാൽ മാത്രം 
മുറിക്കാൻ പറ്റിയിരുന്ന 
അമ്മമ്മയുടെ നഖങ്ങൾ പോലെ.... 

മുറുക്കിത്തുപ്പും
മുറുക്കാനിടിക്കുന്ന ഉരലും ഉലക്കയുമൊക്കെ പോലെ 
അമ്മമ്മയല്ലാതെ വീട്ടിൽ മറ്റാരും ഉപയോഗിക്കാത്ത 
ചില വാക്കുകൾ ചീത്തകൾ ചൊല്ലുകൾ ചേഷ്ടകൾ...
എല്ലാം ഒന്നുകൂടി കേൾക്കാനും കാണാനും തോന്നുന്നു

അമ്മമ്മയെക്കുറിച്ച്
കുറേ എഴുതിയിട്ടുണ്ടെങ്കിലും  

ഒരു കവിതകൂടിയാവാമെന്ന്  തോന്നുന്നു,
മരിച്ചവരെക്കുറിച്ച്
അമ്മമ്മ പറഞ്ഞുകൊണ്ടിരുന്ന   
കഥകൾപോലെ

Friday, October 9, 2015

വെണ്ടയ്ക്കാ സാമ്പാർ

എന്റെ ഭാര്യയ്ക്കാണെങ്കിൽ 
വെണ്ടയ്ക്ക വേണ്ടേ വേണ്ട!

എനിക്കാണെങ്കിൽ വേണ്ട
വെണ്ടയ്ക്കയില്ലാസാമ്പാർ.

വെണ്ടയ്ക്ക കണ്ടാൽത്തന്നെ 
അവൾക്കോക്കാനം വരും
കഴിച്ചുവെങ്കിൽ‌പ്പിന്നെ 
കാര്യമേ പറയേണ്ട!

വെണ്ടയ്ക്കയിടാതുള്ള സാമ്പാറാ സാമ്പാറെന്ന്
തൊണ്ടകീറിക്കൊണ്ടവൾ പറയാറുണ്ടെപ്പോഴും.

വിശുദ്ധവെണ്ടയ്ക്കയെ മുറിച്ചു കറിവെക്കു-
ന്നതു പാപമെന്നവൾക്കായില്ല തെളിയിക്കാൻ
സാമ്പാറിൻ വിശുദ്ധിയെ വെണ്ടയ്ക്ക തകർത്തിടും
എന്നു വാദിച്ചെങ്കിലുമായില്ല ജയിക്കുവാൻ

അതിനാൽ വീട്ടിൽ നമ്മൾ 
സാമ്പാറുവെക്കുന്നേരം
വെണ്ടയ്ക്ക വേറെത്തന്നെ 
വേവിച്ചു വെക്കാറാണ്.

വെണ്ടയ്ക്ക കലരാത്ത സാമ്പാറവൾ കൂട്ടട്ടേ,
വെണ്ടയ്ക്ക വഴുക്കുന്ന സാമ്പാറു ഞാനും കൂട്ടാം.

Tuesday, January 6, 2015

തെഴുപ്പ്

അപ്പാപ്പന്‍ നട്ടിരുന്ന മരത്തൈകളൊക്കെ
ഒന്നുകില്‍ തല ചീഞ്ഞത്
അല്ലെങ്കില്‍ ആരെങ്കിലും തോട്ടിലെറിഞ്ഞത്
അതുമല്ലെങ്കില്‍ പൈ കടിച്ചു നശിപ്പിച്ചത്...

ബാക്കിയാവൂലെന്ന്
ആരു കണ്ടാലും പറയുന്ന മരത്തൈകള്‍ മാത്രം
അപ്പാപ്പന്‍ കൊണ്ടുവന്ന് നടും
അതിന്റെ മെരട്ടിലായി പിന്നെ
അപ്പാപ്പന്റെ നേരം.
പല്ലു തേച്ച് കുലുക്കുഴിയുന്നത്
കൈ കഴുകുന്നത്
കുളിക്കുന്നത്
എല്ലാം അതിന്റെ മെരട്ടില്‍

എല്ലാരും അപ്പാപ്പനെ കളിയാക്കും
പക്ഷെ ആ മരത്തൈകളെല്ലാം
വല്ലാത്തൊരു വാശിയോടെ വളരും.

ചിലര്‍ അപ്പാപ്പനെ വിളിച്ചുകൊണ്ടുപോയി
അവരുടെ വീട്ടുപറമ്പില്‍
മാവും പ്ലാവും തെങ്ങുമൊക്കെ നടീപ്പിക്കാന്‍ നോക്കി.
ജീവനില്ലെന്നു തോന്നുന്ന തൈകളുണ്ടെങ്കില്‍ മാത്രം
അപ്പാപ്പന്‍ എടപെട്ടു.

അപ്പാപ്പന്‍ മരിച്ചു.

ഇന്നാളൊരിക്കല്‍
അമ്മമ്മയ്ക്ക് പക്ഷാഘാതം വന്നു
ഇടതുവശം തളര്‍ന്നു കിടപ്പായി
വാതം വന്നതിനേക്കുറിച്ച്
അമ്മമ്മയുമായി നടത്തിയ അഭിമുഖ സംഭാഷണം:
അമ്മമ്മേ ”
എന്നാ?”
“അമ്മമ്മക്ക് വാതം വന്നിറ്റില്ലേ?”
ങേ? ങേ?“
ബാതം ബാതം ബന്നിറ്റില്ലേ”
ബന്നിന്"
എങ്ങന്യാന്ന് ബന്നത്, ഒന്നു പറയാ?”

ബാതം കാലിന്റെ അടീലേ...ക്കൂടി കേരി
മേത്തേക്ക് കേരിക്കേരി ഇങ്...ങ്ങനെ ബന്ന്
തലേന്റെ ഉള്ളില്‍ക്കേരി
പിന്നെ പൊറത്തേക്ക് പോയി.
അന്നേരം ഞാന്‍ വീണുപോയി”

അന്ന് ഞാന്‍ നാട്ടിലില്ല്ലായിരുന്നു
ഫോണിലൂടെ എന്റെ അനിയനോട് ഞാന്‍
അപ്പാപ്പന്‍ മരം നടുന്ന കഥ പറഞ്ഞുകൊടുത്തു.
മരുന്നിനൊപ്പം അമ്മമ്മയ്ക്ക്
മറ്റുചിലതുകൂടി കൊടുക്കാന്‍ പറഞ്ഞു.

നാട്ടിലുള്ള ചില മൂത്രത്തെറാപ്പിപ്രവര്‍ത്തകര്‍
അമ്മമ്മയെ മൂത്രം കുടിപ്പിക്കാന്‍ പറഞ്ഞു.
അവരെ അവന്‍
മുഴുത്ത തെറി പറഞ്ഞു.

അടുത്തുതന്നെ നിന്ന്
വീട്ടിലുള്ളവരെല്ലാം
കിടപ്പിലായ അമ്മമ്മയെ പരിചരിക്കാന്‍ തുടങ്ങി.
അവരുടെ തടവലിനിടെ
അമ്മമ്മ ഇടതുകൈയ്യനക്കാന്‍ തുടങ്ങി
വീണ്ടും വീണ്ടും തടവിക്കൊടുത്തപ്പോള്‍
ഒരു ദിവസം
അമ്മമ്മ എണീറ്റു നില്‍ക്കാന്‍ തുടങ്ങി.
മറ്റൊരു ദിവസം
ബാലന്‍സ് വീണ്ടെടുത്ത്
മുടന്തി മുടന്തി നടക്കാന്‍ തുടങ്ങി.

‘എനി ഇവറ്എണീക്കൂലപ്പാ’ എന്ന്
ആള്‍ക്കാര്‍ പറഞ്ഞ അമ്മമ്മ
ഇപ്പോള്‍
നന്നായി നടക്കുന്നു.

ഞാനാണെങ്കില്‍
തളര്‍ന്നു കിടക്കുന്നവയെ തളിര്‍പ്പിച്ചിരുന്ന
അപ്പാപ്പന്റെ കഥയില്‍ നിന്നും
ഊര്‍ജം ഉള്‍ക്കൊണ്ട്
‘സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവശതയനുഭവിക്കുന്നവരെയാണ്
നാം പരിഗണിക്കേണ്ടത് ’
ഏറ്റവും മോശം കുട്ടിയെയാണ് നാം പഠിപ്പിക്കേണ്ടത് ’
എന്നൊക്കെ
സന്ദര്‍ഭത്തിനനുസരിച്ച്
വായനശാലാ വാര്‍ഷികത്തിനോ
അദ്ധ്യാപക സംഗമത്തിനോ
വെച്ചു കാച്ചി
കയ്യടി നേടുന്നു.
ഒരു വകയ്ക്കും കൊള്ളാത്ത
പുറമ്പോക്കില്‍ കിടക്കുന്ന
വക്കുപൊട്ടിയ വാക്കുകളെ
പൊറുക്കിയെടുത്ത്
കവിതയുണ്ടാക്കുന്നു.

അപ്പാപ്പന്റെ കഥ ആത്മവിശ്വാസം തരുന്നുണ്ടെങ്കിലും
ഇതു വരെ
നല്ലൊരു കവിതയെഴുതാന്‍ പറ്റിയിട്ടില്ല.

പറ്റുമായിരിക്കും.

Thursday, November 21, 2013

കല്ലുകള്‍

എന്റെ അമ്മ ശാരദയും
ശാരദയുടെ അമ്മ ദേവിയും
ദേവിയുടെ അമ്മ ഉപ്പാട്ടിയും
ഉപ്പാട്ടിയുടെ  അമ്മ തേമനുമൊക്കെ...
എന്റെ അച്ഛന്റെ അമ്മ ചെറിയയും
ചെറിയയുടെ അമ്മ കാക്കിയും
കാക്കിയുടെ അമ്മ തേനുവുമൊക്കെ...
വീട്ടിലേക്ക് വന്നുകയറുന്ന
പുതിയ പെണ്ണിനെയെറിയാന്‍
സൂക്ഷിച്ചുവെച്ച
ചില ചൊല്ലുകളുണ്ട്

“അമ്മേന്റെ ചോറ് ഉറീലാന്ന്
പെങ്ങളെ ചോറ് കലത്തിലാന്ന്
ഓളെ ചോറ് ഒരലിലാന്ന്”*

വീട്ടിലെ ആണുങ്ങള്‍ക്ക്
ഇതൊരു പഞ്ഞിക്കെട്ടായി തോന്നും
അവര്‍ അതില്‍ തലവെച്ച് കിടന്നുറങ്ങുകയും
ചോറു വാരിത്തിന്നുന്ന ഒരു സ്വപ്നം കാണുകയും ചെയ്യും.
ഓളായി വന്നുകയറുന്നോള്‍ക്ക്
ഇതിന്റെ കുപ്പിച്ചില്ലുപോലുള്ള മുനകൊണ്ട്
മുറിവേല്‍ക്കും.
ഓള്‍ അമ്മയാകുമ്പോള്‍
മുന തേഞ്ഞ് മിനുസപ്പെട്ടതായി തോന്നും
തോന്നിപ്പിക്കും.

എന്നാല്‍
പുതിയ കാലത്ത്
പുതുതായി വരുന്നോള്‍ക്ക്
ഇതിന്റെ മൂര്‍ച്ച
ഉള്ളതിനേക്കാളധികമായി തോന്നുന്നു
“ഓളെ  വീട്ടില്‍പ്പോയി നിന്നാല്‍
നാലാന്നാള്‍ നായ്ക്ക് സമം” എന്നു കേട്ടാലുടനെ
നാലുനാളിലധികം വീട്ടില്‍പ്പോയി നിന്നാല്‍ മാത്രം മാറുന്ന
ഒരു സൂക്കേട് പിടിപെടുന്നു
വേദന സഹിക്കാന്‍ പറ്റാതാകുന്നു

ചിലപ്പോള്‍
അവളുടെ വേദനയേറ്റെടുത്ത്
നമ്മുടെ വീട് പെറുമായിരിക്കും
പുതിയ വീടിനെ അവള്‍
മനുഷ്യരേക്കാളും നന്നായി വളര്‍ത്തുമായിരിക്കും.
------------------------
* അമ്മയാണെങ്കില്‍ മകനുള്ള ചോറ്, നേരത്തേ തന്നെ ഉറിയില്‍ കരുതിവെച്ചിട്ടുണ്ടാകും. പെങ്ങളാണെങ്കില്‍ ആങ്ങളയ്ക്കുള്ള ചോറ്  കലത്തില്‍ നിന്നും എടുത്തുകൊടുത്താല്‍ മതി. എന്നാല്‍ ഭാര്യയുടെ ചോറ് ഉരലില്‍ ആണ്, നെല്ലു കുത്തുന്നേയുള്ളൂ, അത് അരിയാക്കിയിട്ടു വേണം ചോറുവെച്ചു വിളമ്പാന്‍.

Friday, October 11, 2013

എന്തോ ഒന്ന്

പണ്ട് അമ്മമ്മ
പിറന്നാളിനോ പാലുകാച്ചലിനോ പോയി മടങ്ങുമ്പോള്‍
നെയ്യപ്പത്തിന്റ്യോ
മൈസൂര്‍പ്പഴത്തിന്റ്യോ
പപ്പടക്കഷ്ണത്തിന്റ്യോ, അല്ലെങ്കില്‍
ഉപ്പേരീന്റ്യോ ഒപ്പരം
കോന്തലയില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന
എന്തോ ഒന്നുണ്ട്.

എന്റെ അമ്മയും, ഭാര്യയും, അവളുടെ വീട്ടുകാരും,
ആപ്പനും, ഭാര്യയും, അവരുടെ മക്കളുമൊക്കെ
വീതം വെച്ചാല്‍ കുറഞ്ഞുപോകുമോ എന്ന് പേടിക്കുന്ന
എന്നാല്‍ വീതിച്ചില്ലെങ്കില്‍ കെട്ടുപുളിക്കുന്ന
എന്തോ ഒന്ന്.

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍
ഒപ്പം കിടന്നുറങ്ങിയ പൈക്കള്‍ക്കും മക്കള്‍ക്കും ഭര്‍ത്താവിനും
ഭര്‍ത്താവിന്റെ ഭ്രാന്തിനും,
മുറിച്ച മരങ്ങള്‍ക്കും മരിച്ചവര്‍ക്കും
പൂച്ചകള്‍ക്കുമൊക്കെ കൊടുത്തിട്ടും ബാക്കിയാകുന്ന
എന്തോ ഒന്ന്.

ഇന്ന് ഞാന്‍
അമ്മമ്മയ്ക്ക് വാങ്ങിക്കൊടുക്കുന്ന സാധനങ്ങള്‍ക്കൊപ്പം
അതുണ്ടോ, അതില്ലേ എന്ന സംശയത്താല്‍
കെട്ടിപ്പിടിക്കുന്നു.
ചുളിവുവീണ കൈകളിലും
എന്നോടൊപ്പം കഥകേട്ടു വളര്‍ന്ന
മുഖത്തെ വലിയ കരുവാറ്റയിലും
തലോടുന്നു.
കെട്ടിവെച്ച മുടി അഴിച്ച്
വീണ്ടും കെട്ടിക്കൊടുക്കുന്നു.
ഉമ്മവെക്കുന്നു.

‘എന്റെ മോന്‍ ചാകുന്നതുവരെ എന്നെ നോക്കും
മോന്‍ ചത്താല്‍ പിന്നെ ആരാ നോക്ക്വാ’എന്ന കഥയോടൊപ്പം
അമ്മമ്മ കരച്ചലില്‍ പൊതിഞ്ഞു തന്ന
എന്തോ ഒന്ന് വാങ്ങി
ഞാന്‍ തിരിച്ചു പോകുന്നു.

Monday, January 21, 2013

കൊറിയ ഏസോ കടൂര്‍ കാചി

‘വാ... വാ’ എന്നതിന്
‘വാ... വാ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കാ....കാ’ എന്നതിന്
‘പോ.....പോ’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

‘അയ്യോ.... പാമ്പ്’എന്നതിന്
‘ഐഗോ....പേം’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കേ.... കേ’ എന്നതിന്
‘പട്ടി....പട്ടി’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

‘പുല്ല്...പുല്ല്’ എന്നതിന്
'ഭുല്ല് ...ഭുല്ല് ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
'നാമു....നാമു’ എന്നതിന്
‘മരം....മരം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

'പള്ളി...പള്ളി’ എന്നതിന്
‘ക്യോഹെ...ക്യോഹെ’  എന്നു പറയുന്ന നാട്ടില്‍ നിന്നും
‘പള്ളി...പള്ളി’ എന്നതിന്
‘വേഗം...വേഗം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

കൈകൂപ്പുന്നതിനു പകരം
കുനിയുന്ന നാട്ടില്‍ നിന്നും
ചൊക്കാരക്കുപകരം
കൈകൊണ്ട് തിന്നുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

പൂവിനുശേഷം ഇലവരുന്ന നാട്ടിലെ
അല്‍മോണിയെ വിട്ട്
അമ്മൂമ്മയെ കാണാന്‍ ഞാന്‍ പോകുന്നു.

സോജുവും തേജും വിട്ട്
കൂട്ടുകാരായ സോജുവിനെയും തേജിനെയും കാണാന്‍
ഞാന്‍ പോകുന്നു

ഒരു ചിരിയാല്‍
ആംഗ്യത്താല്‍
ശബ്ദത്താല്‍
അതിരുകള്‍ മായ്ച്ചവരേ...
ഞാന്‍ പോകുന്നു.

പുലര്‍ച്ചെ ഒന്നോ രണ്ടോ മണിക്ക്
ലബോറട്ടറിയില്‍ നിന്നും
പുസ്തകങ്ങളെയും രാസപ്രവര്‍ത്തനങ്ങളെയും
താരാട്ടിയുറക്കി മടങ്ങുമ്പോള്‍
വീടുകളുടെയും കടകളുടെയും മുന്നില്‍ കൂട്ടിവെച്ച
പാഴ്വസ്തുക്കള്‍ പെറുക്കുന്ന
‘കിം അമ്മാവനെ’ കാണും.
അറിയാത്ത ഭാഷയുടെ കട്ടിക്കമ്പിളിക്കുപ്പായത്തിന് തടുക്കാനാവാത്ത
ആ സ്നേഹത്തിന്റെ തണുപ്പില്‍
പലപ്പോഴും നമ്മള്‍
തുറന്നിരിക്കുന്ന ഏതെങ്കിലും ഒരു കടയില്‍പ്പോയി
സോജുവോ മറ്റെന്തെങ്കിലുമോ കഴിക്കും.
കിം അമ്മാവാ...ഞാന്‍ നാ‍ട്ടിലേക്കു പോകുന്നു.

ദേജിയോണിലെ ചൊന്മിന്‍ദോങ്ങില്‍
അഞ്ചുദിവസം കൂടുമ്പോള്‍ വരുന്ന ചന്തകളില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുമ്പോള്‍
പുറംനാട്ടുകാരനായതിനാലോ എന്തോ
മൂന്നോ നാലോ
ഉള്ളിയോ ഉരുളക്കിഴങ്ങോ അധികം തരുന്ന
അജശിമാരേ, അജുമമാരേ....
ഞാന്‍ പോകുന്നു.

എന്റെ വര്‍ഷങ്ങളെ
പോറ്റുകയും പഠിപ്പിക്കുകയും പീഡിപ്പിക്കുകയും
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത
തേഹന്‍മിന്‍കൂക്.....
ഞാന്‍ പോകുന്നു.

അങ്ങ് ദൂരെ
എനിക്ക്
എന്റെ നാടുണ്ട്.
അവിടെ
ഇവിടത്തേക്കാള്‍ അഴുക്കുണ്ട്
കളവുണ്ട്
രോഗമുണ്ട്
പട്ടിണിയുണ്ട്...


പക്ഷേ...
എനിക്ക് കവിതതോന്നുന്ന ഭാഷയുണ്ട്.
ആ ഭാഷയ്ക്ക്
വട്ടങ്ങളും വരകളും കൊണ്ടുണ്ടാക്കിയ
24 കൊറിയന്‍ അക്ഷരങ്ങള്‍ക്കു പകരം
വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ
51 മലയാളം അക്ഷരങ്ങള്‍ ഉണ്ട്.

ഞാന്‍ പോകുന്നു....

 --------------------------

സോജു: കൊറിയന്‍ മദ്യം, തേജ്: പന്നിയിറച്ചിയുടെ കൊറിയന്‍ പദം.
തേഹന്‍മിന്‍കൂക്: ദക്ഷിണകൊറിയയുടെ കൊറിയന്‍ പേര്.