ഗോയിന്നേട്ടൻ
വീട്ടിൽ പണിക്കു വന്നാൽ
ചായയുടെ
കൂടെ കൊടുക്കുന്നത്
കൊട്ടൻ
അവിൽ ആയിരുന്നു
അതാണ്
അയാൾക്ക്
ഏറ്റവുമിഷ്ടപ്പെട്ട
ഭക്ഷണം
ചാര
നിറത്തിലുള്ള
കുറച്ച്
കൊട്ടനവില്
ഒരു
തേങ്ങാപ്പൂള്
ഒരു
വെല്ലക്കഷ്ണം
കൊട്ടനവിൽ
വായിലിട്ട്
ഒരഞ്ചുമിനിട്ട്
നേരം ചവയ്ക്കുമ്പോൾ
അയാളുടെ
കീഴ്ത്താടി
വേദനിക്കാൻ
തുടങ്ങും
അപ്പോൾ
കുറച്ചു
നേരം ചവയ്ക്കൽ നിർത്തിവെച്ച്
അയാൾ താടി
തടവും
വീണ്ടും
ചവയ്ക്കും
വീണ്ടും
വേദനിക്കും
വീണ്ടും
തടവും
വീണ്ടും
തിന്നും
അയാളുടെ
തിന്നലും
താടിയിലെ
വേദനയും
കൊട്ടനവിലിന്റെ
ഒച്ചയുമെല്ലാം കൂടി
‘പ്രാതൽ’
എന്ന വാക്കിനെ ഓർമ്മിപ്പിക്കും
ഞാൻ
ഒച്ചയില്ലാതെ
പലവട്ടം
പറഞ്ഞുനോക്കും
‘പ്രാതൽ’
പതുപതുത്ത
പുട്ടോ
ഇഡ്ഡലിയോ
ദോശയോ ഒന്നും
അയാൾക്ക്
ഇഷ്ടമല്ല.
ഇഷ്ടം,
കഷ്ടപ്പാട്,
കാഴ്ചപ്പാട് തുടങ്ങിയ
വാക്കുകൾക്കൊക്കെ
ആഴത്തിലുള്ള
അർത്ഥങ്ങളുണ്ടെന്ന്
എന്നോട്
പറഞ്ഞു
ആ കൊട്ടനവിൽ
No comments:
Post a Comment