Wednesday, March 31, 2010

കവിതയാണ് താരം-1

"I would like to thank my parents; they gave me the biggest gift POVERTY, and I want to thank them for the rest of my life" -Roberto Benigni (ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് 1999 ല്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)


ഉദയനാണ് താരമെന്ന സിനിമയില്‍ സരോജ് കുമാര്‍ അനുനാസികാധിക്യത്തോടെ നല്‍കുന്ന ടെലിവിഷന്‍ അഭിമുഖത്തെ പലപ്പോഴും ഓര്‍മ്മിപ്പിച്ചുവെങ്കിലും, എസ്. ജോസഫ് തന്റെ ധാരണകളെ അതേപടി പകര്‍ത്തിവെക്കുന്നതില്‍ സത്യസന്ധത കാട്ടിയെന്നതാണ് മാതൃഭൂമിയില്‍ വന്ന ‘എന്റെ കാവ്യജീവിതം’ എന്ന ലേഖനത്തിന്റെ ഒരു മേന്മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27). തന്റെ മനസ്സില്‍ വേരൂന്നിയ ചില നിലപാടുകളെ ഗൂഢമായി താലോലിക്കാനോ ചെറിയ സൌഹൃദവൃത്തത്തിനകത്ത് പരദൂഷണമായൊതുക്കാനോ ശ്രമിക്കാതെ പരസ്യമായി തുറന്നുപറഞ്ഞതുകൊണ്ടാണ് ‘ജോസഫേ,നിന്റേത് തെറ്റിദ്ധാരണയാണ്’ എന്ന് ജോസഫിനോട് പറയാന്‍ പി.രാമന് സാധിച്ചത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 4-10) . രാമനോടുതന്നെ രഹസ്യമായി ഈ വക വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ച് തിരുത്തുകയും, കവിതയെക്കുറിച്ചുമാത്രം പൊതുജനങ്ങളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു ഏറ്റവും അഭികാമ്യം. ജനസാമാന്യത്തിന് കവിതയെക്കാള്‍ കവിയുടെ വ്യക്തിജീവിതത്തിലും ദൌര്‍ബല്യങ്ങളിലുമൊക്കെയാണ് വലിയ താത്പര്യമെന്ന് കരുതിയതുകൊണ്ടോ, അങ്ങനെയെങ്കിലും ആള്‍ക്കാര്‍ കവിതയെപ്പറ്റി ചര്‍ച്ചനടത്തുകയും ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ചെയ്യട്ടെയെന്ന് വിചാരിച്ചോ ആവാം ജോസഫ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ‘ആര്‍ക്കും കവിതയെഴുതാം’ എന്ന വലിയ സത്യം തിരിച്ചറിയുന്ന ജോസഫ്, പക്ഷേ ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുത മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.

പല കലാകാരന്മാരുടെയും അസ്വസ്ഥതകള്‍ക്ക് കാരണം തങ്ങളുടെ സൃഷ്ടിയെ താന്‍ വിചാരിക്കുന്ന ഒന്നോ രണ്ടോ പേര്‍ തിരസ്കരിച്ചു എന്നതായതുകൊണ്ടാണ്, എത്രയേറെ അംഗീകാരവും അഭിനന്ദനവും മറ്റനേകം പേരില്‍ നിന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെയും അതൊന്നും അവര്‍ക്ക് ഒട്ടും തന്നെ ആശ്വാസമേകാത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളും, അവരുടെ കല്യാണം കഴിഞ്ഞ് അവര്‍ക്കും കുട്ടികള്‍ ഉണ്ടായ ശേഷവും ആള്‍ക്കാര്‍ ആദ്യത്തെ പ്രണയ പരാജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതുപോലുള്ള ഒരു മാനസികാവസ്ഥയാണിത്. ഇത് മനസ്സിലാക്കാം പക്ഷെ കവിതയെപ്പറ്റി പറയുന്നതിനിടയില്‍ കവിയുടെ ജാതിയും ജാതകവും നോക്കുന്നിടത്താണ് പ്രശ്നം ആരംഭിക്കുന്നത്.

കുറ്റാലത്തുപോയി കവിയാകുന്നത്, പൊന്നാനിയില്‍ പോയി സുന്നത്ത് ചെയ്യുന്നതു പോലെയുള്ള ഒരു ഏര്‍പ്പാടാണെന്നും, ജയമോഹന്‍ ആണ് സാധാരണമനുഷ്യരെ കവിയാക്കുന്ന ഒസ്സാനെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. അന്‍വര്‍ അലിയുടെയും ഗോപീകൃഷ്ണന്റെയും ടോണിയുടെയും പി.പി.രാമചന്ദ്രന്റെയുമൊക്കെ കവിതകള്‍ ഇഷ്ടമല്ലെന്ന് സി.ആര്‍ പരമേശ്വരന്‍ പറഞ്ഞാല്‍ , അവര്‍ പരമേശ്വരനൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് കവികളല്ലാതാകുമോ? ആറ്റൂര്‍ രവിവര്‍മ്മയും, ആറ്റൂരില്‍ നിന്ന് വഴികിട്ടുമെന്ന് ജോസഫ് പറയുന്ന രാമനും, വഴികിട്ടില്ലെന്ന് ജോസഫ് തന്നെ പറയുന്ന ജോസഫും എന്റെ കവിതകള്‍ കൊള്ളാമെന്ന് പറഞ്ഞെന്നു കരുതി ഞാനിനി എന്നില്‍ നിന്നും ഇവരിലേക്കെല്ലാം പൊതുവായി നീളുന്ന കവിതയുടേതല്ലാത്ത വഴിയന്വേഷിച്ച് തലപെരുപ്പിക്കണോ?

ആര്‍ക്കും കവിയാകാം, എന്തും കവിതയാകാം എന്നതരത്തില്‍ മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയും,നിന്റെ കവിത ഒരു മണ്ണിനും പുണ്ണാക്കിനും കൊള്ളില്ല’ എന്ന് വേണമെങ്കില്‍ അനോണിമിറ്റിയുടെ മറയുപയോഗിച്ചുപോലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ലോഗുകളും നിലവിലുള്ള ഈ കാലത്ത്, ഇന്നയാള്‍ തന്റെ കവിത മോശമെന്നു പറഞ്ഞുവെന്ന്‍ ചൊല്ലി സങ്കടപ്പെടുന്നതിലുള്ള വിഡ്ഢിത്തമോര്‍ത്ത് ഒരു നിമിഷം കണ്ണടച്ചുപിടിക്കുന്നതായിരിക്കും, ചിലപ്പോള്‍ അസംതൃപ്തിയില്‍ നിന്നു കരകയറാന്‍ കവികള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ഏകമാര്‍ഗം.

നിഴല്‍

തന്മക്കള്‍ വിവാഹം ചെയ്തവര്‍ക്കുമുണ്ടായ് മക്കള്‍
എങ്കിലും ആദ്യപ്രേമപരാജയം പോല്‍ നമ്മെ
പിന്തുടര്‍ന്നീടാം പല പുരസ്കാരങ്ങള്‍ക്കിട-
യ്ക്കാകിലും പഴയൊരു തിരസ്കാരത്തിന്‍ നിഴല്‍

Tuesday, March 16, 2010

യോഗം

കേരളാശാസ്ത്രസാഹിത്യ-
പരിഷത്തിന്റെയോഗം.
ഭാരവാഹികളല്ലാതെ
ആ‍രും വന്നില്ലിതേവരെ.

എന്ത് പറ്റി പരിഷത്തി-
ന്നെന്താണാളു വരാത്തത്?
ചിന്തിച്ചങ്ങനെ നോക്കുമ്പോള്‍
അന്തമില്ലൊരു കുന്തവും

‘നാട്ടുകാരോട് നേരിട്ട്
നമ്മള്‍ക്കൊന്നു തിരക്കിടാം’
‘നമ്മള്‍ക്കെല്ലാം തിരക്കാണ്
നീപോയിട്ടു തിരക്കെടോ’

‘നാരാണ്യേച്ചീ നിങ്ങളൊക്കെ
പരിഷത്തിനെ വെറുക്കയോ?’

“അയ്യോന്റെ മോനേ തീരെ വെറുപ്പില്ലെടാ, പണ്ട്
നീയൊക്കെ പറയുന്നതെല്ലാം മനസ്സിലാവും
ഒന്നുവെട്ടുമ്പോള്‍ രണ്ടല്ലഞ്ചുമരങ്ങള്‍ വെച്ചൂ
ഒന്നാന്തരം കക്കൂസൊന്നുണ്ടാക്കി തൂറീംവെച്ചൂ

ചെക്കന്റെയച്ഛന്‍ തീരേ സമ്മതിച്ചില്ലെന്നാലും
മുക്കല്ലടുപ്പ് കുത്തിപ്പൊളിച്ച് കളഞ്ഞിട്ട്
പുകയില്ല്ലാത്ത നല്ല പരിഷത്തടുപ്പാക്കി
പുകയുമില്ലാ, വെറകാണേല്‍ കൊറവേ വേണ്ടൂ

നോക്കെടാ വീട്ടിന്റാത്തുള്ളലമാരേല്‍ക്കാണുന്ന
ബുക്കെല്ലാം നിങ്ങള്‍ പണ്ട് തന്നതാണോര്‍ക്കുന്നില്ലേ?

നിങ്ങടെ കലാജാഥേം പാട്ടുമൊക്കെയെന്തൊരു
പാങ്ങായിരുന്നൂ മോനേ കാണാനും കേള്‍ക്കാന്വൊക്കെ

ഭോപ്പാല്‍ ദുരന്തത്തിന്റെ നാടകം കണ്ടേപ്പിന്നെ
ഇപ്പോഴും വാങ്ങാറില്ല ബാറ്ററിയെവറഡി

യോഗത്തിലിപ്പോള്‍ നിങ്ങള്‍ പറയുന്നതുമൊത്തം
ആഗോളീകരണവും ആഗോളസമ്മര്‍ദ്ദവും
ഇത്രയും പറയുന്ന നിങ്ങളും വാങ്ങുന്നത്
കുത്തകട്ടോര്‍ച്ചും വാച്ചും കോപ്പുമല്ലേടാ മോനേ?
നമ്മളാല്‍ സാധിക്കാത്ത കാര്യമിങ്ങനെ നിങ്ങള്‍
നമ്മളോടോതീട്ടെന്തു കാര്യാണ് പറയൂ നീ”

‘നാരാണ്യേച്ചീ ശരിയെന്നാല്‍
നേരമായ്,പോകയാണു ഞാന്‍’