Saturday, June 2, 2007

കുഞ്ഞാക്കമ്മ

കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറയ്ക്കും,
കാറുപെയ്താല്‍ കരയും.

പുതുമഴയ്ക്കു മുമ്പ്
പുരമേയാന്‍ കിട്ടിയത്
പുല്ലിനു പകരം
പുലയാട്ട്.

അങ്ങനെയാണ്,
അധികാരിയുടെ പറമ്പില്‍ കയറി
ആണുങ്ങളും പെണ്ണുങ്ങളും
പുല്ലരിഞ്ഞത്..
പോലീസുകാര്‍
ആണുങ്ങളുടെ
പല്ല് പിഴുതത്...
ലാത്തിയടിയില്‍
അടുക്കളയിലെ
കലങ്ങള്‍ പൊളിഞ്ഞത്....

കുഞ്ഞാക്കമ്മയുടെ പിറകേ
പൊളിഞ്ഞ കലങ്ങള്‍
സംഘടിച്ചത്....

ചട്ടിക്കഷണത്തിലെ
ചുവന്ന കറ മണത്ത്
“അമ്മേ മീന്‍കറി” എന്ന്
ചിരുകണ്ടന്‍ കരഞ്ഞത്....

മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...

കുഞ്ഞാക്കമ്മ
ജയിലില്‍ നിന്നുംവന്നത്
പൊളിഞ്ഞ ഒരു
കലം പോലെ....

പക്ഷെ
ചുവപ്പുമണത്ത്
ഒരു ഗ്രാമം മുഴുവന്‍
നെയ്തു,
മീന്‍കറിയെക്കുറിച്ച്
ഒരു
സ്വപ്ന വല!!
----------------------
സമര്‍പ്പണം: കണ്ടക്കൈ പുല്ലുപറി സമരം,വിളവെടുപ്പുസമരം,കലംകെട്ട് സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത കുഞ്ഞാക്കമ്മ എന്ന സ്ത്രീരത്നത്തിന്.------------------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

ചരിത്രപശ്ചാത്തലം:
കണ്ടക്കൈ അധികാരിയുടെ പറമ്പില്‍ നിന്ന് പുരമേയാന്‍ പുല്ലു പറിച്ചതാണ് പുല്ലുപറി സമരം.അതിനു ശേഷം ജന്മിയുടെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് സഖാക്കളുടെ നേതൃത്വത്തില്‍ വിളവെടുത്ത് നാട്ടുകാര്‍ക്ക് വിതരണം നടത്തി. ഇതിനെയെല്ലാം ക്രൂരമായി നേരിടുകയായിരുന്നു അധികാരികളും പോലീസും.വിളവെടുപ്പുസമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ കയറി കലങ്ങളും ചട്ടികളും തകര്‍ത്തു നരാധമന്മാര്‍.കുഞ്ഞാക്കമ്മയുടെ നേതൃത്വത്തില്‍ 1947 ജനുവരി 22ന് പൊളിഞ്ഞ ചട്ടികളും കലങ്ങളും ശേഖരിച്ച് സ്ത്രീകള്‍ ജന്മിയുടെ വീട്ടിലേക്ക് ‘ജന്മിത്തം തുലയട്ടെ’തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജാഥനയിച്ചു.ഇതാണ് ഐതിഹാസികമായ കലംകെട്ട് സമരം.1947 ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 5 വരെ കുഞ്ഞാക്കമ്മ ജയിലില്‍ ആയിരുന്നു.പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളാണ് ആ സ്ത്രീക്ക് ഏല്‍ക്കേണ്ടി വന്നത്.
ഇതിനൊക്കെ ശേഷം 1950 ഇല്‍ ആണ് തൊട്ടുമുന്‍പത്തെ കവിതയില്‍ സൂചിപ്പിച്ചതു പോലെ ജന്മിയുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പയുടെയും മറ്റും നേതൃത്വത്തില്‍ നെല്ലെടുപ്പു സമരവും തുടര്‍ന്നുള്ള പാടിക്കുന്ന് വെടിവെപ്പും നടന്നത്.

42 comments:

Pramod.KM said...

കുഞ്ഞാക്കമ്മ: കണ്ടക്കയ്യിലെ സമരത്തിന്റെയും,സഹനത്തിന്റെ പ്രതീകം.

മൂര്‍ത്തി said...

കൊള്ളാം...പ്രമോദ്..കുഞ്ഞാക്കമ്മ സംഘബോധത്തിലൂടെ പെരിയാക്കമ്മയായി.. :)

വല്യമ്മായി said...

കുഞ്ഞക്കാമ്മയ്ക്ക് അഭിവാദ്യങ്ങള്‍.കവിത ഇഷ്ടമായി.

വിഷ്ണു പ്രസാദ് said...

വ്യക്തമായ ദിശാബോധമുള്ള ഈ രചനകള്‍ മലയാളത്തെ സംബന്ധിച്ച് ഒരു പുതുവഴിയാവണം.തമസ്കരിക്കപ്പെട്ട മനുഷ്യ ചരിത്രങ്ങള്‍ക്ക് അമ്പലവും കീര്‍ത്തനവും ഉണ്ടാക്കുന്നവന്‍ എന്ന ചീത്തപ്പേര് നീ സമ്പാദിക്കും.

Sona said...

കുഞ്ഞാക്കമ്മയ്ക്ക് അഭിവാദ്യങ്ങള്‍,അവരെ കുറിച്ചെഴുതിയ പ്രമോദിനു അഭിനന്ദനങ്ങള്‍...

vishak sankar said...

പ്രമോദ്,
“മുഷ്ടിചുരുട്ടി
ആദ്യം ഇടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്..”
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹം അതിന്റെ സഹനശേഷിയുടെ അങ്ങേ മൂല വരെ നെഞ്ചിലടിച്ച് ഒതുങ്ങിക്കൊടുത്തിട്ടും വീണ്ടും തങ്ങള്‍ക്ക് നേരെ ഉയര്‍ന്ന കൈകളെ ഒടുവില്‍ വെട്ടിവീഴ്ത്തിയ കഥ..

സ്വന്തം നെഞ്ചിലേയ്ക്ക് വീണുകൊണ്ടിരുന്ന നിസ്സഹായതയുടെ കൈ ,കരുത്തിന്റെ കൂട്ടായ്മയുടെ ആത്മാഭിമാനത്തിന്റെ ആകാശത്തിലേയ്ക്ക് കൂട്ടമായ് ഉയര്‍ന്ന കഥ...

നിന്റെ ഈ നാലു വരി മതി പ്രമോദേ ആ കഥ മുഴുവന്‍ ധ്വനിപ്പിക്കാന്‍!

Pramod.KM said...

മൂറ്ത്തിച്ചേട്ടാ..അക്ഷരംപ്രതി ശരിയാണ്‍.വല്യമ്മായി,സോന,അഭിവാദ്യങ്ങള്‍ക്ക് നന്ദി.
വിഷ്ണുമാഷേ..ആ ചീത്തപ്പേര്‍ ആയിരിക്കും എനിക്കു കിട്ടിയേക്കാവുന്ന ഏറ്റവുംവലിയ ബഹുമതി.:)
വിശാഖ്മാഷേ..നെഞ്ചത്തടി സഹിക്കാഞ്ഞു തന്നെ ആവണം മാനത്തേക്ക് മുഷ്ടിചുരുട്ടാന് മനുഷ്യറ് തുനിഞ്ഞത്.:)
നന്ദി.

അനിലന്‍ said...

നല്ല ചൂടുണ്ട്. പൊള്ളുന്നു.
തകര്‍ത്തു!!!

ലാപുട said...

പ്രമോദേ,
നന്നായിരിക്കുന്നു....

ചരിത്രം കണ്ണടക്കുന്നിടത്തേക്ക് കവിതയുടെ ചൂട്ടുവെളിച്ചം വീശുന്നു നീ..മുദ്രാവാക്യങ്ങളോ കഥാകഥനമോ ആയി മങ്ങിപ്പോവാത്തവിധം ഇത്തരം ആവിഷ്കാരങ്ങളെ കത്തിച്ച് തന്നെ നിര്‍ത്തുന്ന ചൂടുമുണ്ട് നിന്റെ കാവ്യസങ്കേതങ്ങള്‍ക്ക്.

അഭിവാദ്യങ്ങള്‍‍...

Anonymous said...

:)

Anonymous said...

വിഷ്ണു മാഷ്‌ പറഞ്ഞ ആ ചീത്തപ്പേര് ഞാനും വിളിച്ചിരിക്കുന്നു നിന്നെ.

അജി said...

നിന്നെ എനിക്കിഷ്ടമല്ലായിരുന്നു,(എന്തുകൊണ്ടെന്നത് പിന്നീട് സ്വകാര്യമായി പറയാം)ഈ കവിതകള്‍ ഒരുവട്ടം വായിച്ചപ്പോള്‍, പൊതുവെ കവിത ദഹിക്കാത്ത എന്റെ മനസ്സില്‍, നിന്നോടുള്ള ഇഷ്ടക്കേടിന്റെ ഒരായിരമിരട്ടി ഇഷ്ടം അറിയാതെ വന്നണഞ്ഞു. അഭിവാ‍ദ്യങ്ങള്‍ നിനക്കും, കുഞ്ഞാക്കമ്മയ്ക്കും.

വേണു venu said...

AbhivaadyangngaL,
കുഞ്ഞാക്കമ്മ ykkum PramOdinum.:)

തറവാടി said...

:)

Pramod.KM said...

അനിലേട്ടന്‍,ലാപുട,തുളസി,അജി,വേണുവേട്ടന്‍,നവന്‍,തറവാടിയേട്ടന്‍..നന്ദി:)

അനില്‍ശ്രീ... said...

പ്രമോദേ.. അനക്കും കുഞ്ഞാക്കമ്മക്കും “അഭിവാദ്യങ്ങള്‍”...

ദില്‍ബാസുരന്‍ said...

കൊള്ളാം. (ആര്‍ക്ക് കൊള്ളും എപ്പൊ കൊള്ളും എന്നൊന്നും ചോദിക്കരുത്) :-)

പൊതുവാള് said...

പ്രമോദേ,
വിഷ്ണു പ്രസാദ്, വിശാഖ്, ലാപുട,തുളസി എന്നിവരുടെ വാക്കുകള്‍ക്ക് ഞാനും അടിവരയിടുന്നു.

അഗ്രജന്‍ said...

മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...

പ്രമോദ്... വളരെ ഇഷ്ടമായി‍

അനിയന്‍കുട്ടി said...

അസ്സലായിരിക്കുന്നു പ്രമോദ്... ശക്തിയുള്ള വരികള്‍.. തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

Pramod.KM said...

അനില്‍ശ്രീ,ദില്‍ബാസുരന്‍,പൊതുവാളേട്ടന്‍,അഗ്രജേട്ടന്‍,അനിയന്‍ കുട്ടി..നന്ദി.
സീരിയല്‍ ചറ്ച്ചകളും ചൊറികുത്തലുകളും മാത്രമായി അധ:പതിക്കുകയാണ്‍ ഇന്ന് കുഞ്ഞാക്കമ്മയുടെ പല പിന്മുറക്കാരും..:(:(.

Inji Pennu said...

കുഞ്ഞാക്കമ്മമാര് സീരിയല്‍ കാണട്ടെ പ്രമാദമേ, അവര്‍ കുറച്ച് റെസ്റ്റ് എടുക്കട്ടെ. വീണു കിട്ടുന്ന ഈ നിമിഷങ്ങള്‍ ഇപ്പോഴെങ്കിലും എന്‍ജോയ് ചെയ്യട്ടെ. ആവശ്യം വരുമ്പോള്‍ അവര്‍ വരും! എത്ര സീരിയല്‍ ചര്‍ച്ച ചെയ്താലും അവര്‍ വരും.

നല്ല രസമുണ്ട് വായിക്കാന്‍....എനിക്ക് ഭയങ്ക്ര ഇഷ്ടായി...ഇത്..

പോലീസുകാറ് - ഇതെന്തുവാണ്? പോലീസിന്റെ കാറ് എന്നാണൊ? അതൊ പോലീസുകാര് എന്നുള്ളത് തെറ്റി എഴുതിയതാണൊ?

ഉണ്ണിക്കുട്ടന്‍ said...

കവിത കൊള്ളാം ..നിന്റെ ശൈലിയും ..

[അടുത്തത് പുന്നപ്ര-വയലാര്‍ സമരമാണോ..?]

ധ്വനി said...

കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറക്കും,
കാറുപെയ്താല്‍ കരയും.

കൊടു കൈ കുഞ്ഞാക്കമ്മയ്ക്ക്!

Manu said...

പ്രമോദേ...
കവിതയ്ക്ക് മാര്‍ക്കിടാന്‍ ഞാനളല്ല...
എങ്കിലും ഇതുവരെ ഞാന്‍ വയിച്ചതില്‍ ഏറ്റവും മികച്ച പ്രമാദ കവിതയാണിത്...
ബ്ലോഗില്‍ കണ്‍ട മികച്ച രചനയില്‍ ഒരെണ്ണം...

ചരിത്രപശ്ഛാത്തലം ഒന്നെഴുതുമോ അല്പം കൂടി വിശദമായി...
കണ്ണൂരിന്റെ സമരചരിത്രങ്ങള്‍ ഏറെയൊന്നും അറിയില്ല. ക്ഷമിക്കുക.

സാരംഗി said...

സമരത്തിന്റെ തീപ്പൊരികള്‍ ഇല്ലാത്ത മനസ്സുകളില്‍ അതു ഉണര്‍ത്താനും, ഉള്ളവയെ ആളിക്കത്തിക്കാനും പോന്ന കവിത..അസാദ്ധ്യമായി ഒന്നുമില്ല എന്നത് വീണ്ടുംവീണ്ടും ഓര്‍മ്മിപ്പിക്കുന്നു കുഞ്ഞാക്കമ്മയുടെ കഥ. ഈയടുത്ത് വായിച്ചവയില്‍ നല്ലൊരു പ്രമേയം..പ്രമോദിനു അഭിനന്ദനങ്ങള്‍...ചരിത്രത്താളുകളില്‍ പൊടിപിടിച്ചുകിടക്കുന്ന ഇത്തരം വീരകഥകളെ ഇനിയും പരിചയപ്പെടുത്തൂ.

SAJAN | സാജന്‍ said...

പ്രമോദേ, കുഞ്ഞാക്കമ്മ കലകലക്കന്‍, കിടുകിടുക്കന്‍:)

Reshma said...

ഇഷ്ടമായി.

qw_er_ty

ശ്രീ said...

കുഞ്ഞാക്കമ്മ ഉഗ്രനായി...

Pramod.KM said...

ഇഞ്ചിയേച്ചി,എങ്കില്‍ നല്ലത്. R എന്നചില്ലക്ഷരം.മൊഴിയില്‍ പോലീസുകാ'റ്'എന്നേ വരൂ..ഉണ്ണിക്കുട്ടന്‍,നന്ദി.ധ്വനിചേച്ചി,കൈ കൊടുത്തു,കുഞ്ഞാക്കമ്മ.
മനുചേട്ടാ..ചരിത്രങ്ങളില്‍ ഏറേ ഒന്നും എഴുതപ്പെട്ടിട്ടില്ല ഇവരുടെയൊന്നും കഥകള്‍.എങ്കിലും എ.കെ.ജി തന്റ്റെ ആത്മകഥയില്‍ കുഞ്ഞാക്കമ്മയെകുറിച്ചും കലംകെട്ട് സമരത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്.
കണ്ടക്കൈ അധികാരിയുടെ പറമ്പില്‍ നിന്ന് പുരമേയാന്‍ പുല്ലു പറിച്ചതാണ്‍ പുല്ലുപറി സമരം.ഇതിന്റെ പ്രതികാരം എന്നോണം,ആ
ണുങ്ങളെ പിടിഛ്കു കൊണ്ടു പോയി രോമം പിഴുതു,ഗുണ്ടകള്‍.അതിനു ശേഷം ജന്മിയുടെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് സഖാക്കളുടെ നേതൃത്വത്തില്‍ വിളവെടുത്ത് നാട്ടുകാറ്ക്ക് വിതരണം നടത്തി.ഇതിനും കിട്ടി ക്രൂര പീഢനങ്ങള്‍.വിളവെടുപ്പ്സമരത്തില്‍ പങ്കെടുത്ത വീടുകളില്‍ കയറി കലങ്ങളും ചട്ടികളും തകറ്ത്തു നരാധമന്മാറ്.കുഞ്ഞാക്കമ്മയുടെ ന്രേതൃത്വത്തില്‍ 1947 ജനുവരി 22ന്‍ പൊളിഞ്ഞ ചട്ടികളും കലങ്ങളും ശേഖരിച്ച് സ്ത്രീകള്‍ ജന്മിയുടെ വീട്ടിലേക്ക് ‘ജന്മിത്തം തുലയട്ടെ‘തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജാഥയായി പോയി.1947 ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 5 വരെ കുഞ്ഞാക്കമ്മ ജയിലില്‍ ആയിരുന്നു.പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളാണ്‍ ആ സ്ത്രീക്ക് ഏല്‍ക്കേണ്ടീ വന്നത്.
ഇതിനൊക്കെ ശേഷം 1950 ഇല്‍ ആണ്‍ കഴിഞ്ഞ കവിതയില്‍ സൂചിപ്പിച്ചതു പോലെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പയുടെ നേതൃത്വത്തില്‍ നെല്ലെടുപ്പു സമരവും തുടറ്ന്നുള്ള പാടിക്കുന്ന് വെടിവെപ്പും നറ്റന്നത്.
1952 ല്‍ നടന്ന ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ സഖാവ് ഏ.കെ.ജി യോടൊപ്പം കേരളം മുഴുവന്‍ പ്രചാരണത്തിന്‍ കുഞ്ഞാക്കമ്മയും, ചെറിയമ്മയും ഉണ്ടായിരുന്നു,കണ്ടക്കൈയില്‍ നിന്നും.ഇതാണ്‍ ചരിത്ര പശ്ചാത്തലം.കണ്ണൂരിന്റെ സമരചരിത്രങ്ങള്‍ ചിലപ്പോള്‍ പുസ്തകത്താളുകളില്‍ കണ്ടെന്നു വരില്ല.പക്ഷെ ഓരോ അവിടത്തെ ഓരോ കുട്ടിയും കേട്ടുവളരുന്നത് ഇത്തരം കഥകളാണ്‍.ജനമനസ്സുകളിലാണ്‍ അവ എഴുതപ്പെട്ടിട്ടുള്ളത്.
സാരംഗിചേച്ചീ,അഭിനന്ദനങ്ങള്‍ക്ക് നന്ദി.
സാജേട്ടന്‍,രേഷ്മേച്ചി,ശ്രീ..നന്ദി.:)

ദീപു : sandeep said...

വളരെ ഇഷ്ടായി... അതിന്റെ ചരിത്ര പശ്ചാത്തലം വളരെ ഇന്‍‌ഫൊര്‍‌മാറ്റീവ് ആയി.qw_er_ty

Anonymous said...

word by word and verse by verse Pramod re-creates the lost histories of generations.
This is subaltern history of a kadoor in verses

Pramod.KM said...

ദീപുസന്ദീപ്,നന്ദി.
അനോണിമസ്..ആരാണ്‍ താങ്കള്‍?:).സബാള്‍ട്ടേണ്‍ ഹിസ്റ്ററി എന്ന പദം പരിചയപ്പെടുത്തിയതിന്‍ നന്ദി.:)

Manu said...

പ്രമോദെ വിശദീകരണം ചേര്‍ത്തതിനു നന്ദി.... കവിതകള്‍ മാത്രമല്ലാതെ ഇത്തരം വിയ്സരിക്കപ്പെട്ട സമരചരിത്രങ്ങളെക്കുറിച്ച് പ്രത്യേകിച്ചും വിപ്ലവപ്രസ്ഥാനം തന്നെ മറന്നുപോയ സ്ത്രീകളെക്കുറിച്ച് കൂടുതല്‍ എഴുതുന്നത് നല്ലതായിരിക്കും എന്ന് ഒരു അഭിപ്രായമുണ്ട്..

അചിന്ത്യ said...

പ്രിയപ്രമോദ് ,
ഏറെ നാളുകള്‍ക്ക് ശേഷം തപ്പിത്തിരഞ്ഞ് ഇവടെ എത്ത്യേതാ.എത്ത്യേപ്പൊ മനസ്സിലായി തിരഞ്ഞോണ്ടിരുന്നത് എന്താന്ന്.ചരിത്രത്തിന്‍റെ ആവശ്യമായിരുന്ന , ആവേശമായിരുന്ന കുഞ്ഞാക്കമ്മ ചരിത്രകാരന്മാരുടെ താല്പര്യമല്ലാണ്ടെ പോയീ , ല്ലെ.
പൊട്ട്യേ ചട്ടീം , കലങ്ങ്യേ നെഞ്ചും,മീങ്കറിയ്ക്ക് വേണ്ടി ചിണുങ്ങ്യേ ചിരുകണ്ടനും ഒക്കെ ദൃശ്യങ്ങളായി അടഞ്ഞ കണ്ണില്‍.
നന്ദി
സ്നേഹം

Pramod.KM said...

അചിന്ത്യ ചേച്ചീ..എനിക്കോറ്മ്മയുണ്ട് എന്റെ നെരൂദപ്പെടലിനും,ആറുവറ്ഷത്തെ നഷ്ടപ്പെടലിനും ഇടയില്‍ താങ്കള്‍ ഇടപെട്ടത്.:)...
ഇപ്പോള്‍ ഇവിടെ വെച്ചു വീണ്ടും കണ്ടതില്‍ സന്തോഷം.ആറ്ക്കു വേണം ചരിത്രകാരന്മാരെ.വായ്മൊഴികളായി പകരുന്നത് വായനയെക്കാള്‍ തീവ്രതയോടെ തലമുറകളിലേക്ക് നീണ്ടു നില്‍ക്കും എന്നാണ്‍ എന്റെ വിശ്വാസം.
ദൃശ്യങ്ങള്‍ മായാതെ ഇരിക്കട്ടെ എന്ന് മാത്രം ആഗ്രഹം.
നന്ദി:)

Sumesh Chandran said...

ചരിത്രകഥ കൂടുയായപ്പോള്‍ വളരെ നന്നായി...

പണ്ട് അങ്‌ ഉത്തര യു പി യിലെ, തെഹ്രി ഗഢ് വാളില്‍, "ചിപ്കോ മൂവ്മെന്റ്" എന്ന പ്രസ്ഥാന്ത്തിന്‌ തുടക്കം കുറിച്ചത് ചമോലി ഗ്രാമത്തിലെ സാധാരണക്കാരായ അക്ഷരാഭ്യാസമില്ലാത്ത ഒരു ഗോരിദേവിയും ബോണിദേവിയും ആയിരുന്നു.. പിന്നീടാണ്‌, സുന്ദര്‍ലാല്‍ ബഹുഗുണയും മറ്റും അവിടെ എത്തിപ്പെടുന്നത്... ശേഷം, ഈ സ്ത്രീകളുടെ പേരുകള്‍ അധികമാരും കേട്ടിട്ടില്ല...

ചക്കര said...

നന്നായിരിക്കുന്നു :)

കിനാവ്‌ said...

സമരകവിത നന്നായി.

Soji said...

I can cognizant de daring & persistence f each words!!!
kaalam kadannu poyittum...charithram marannittum innum jeevikkunna
kunjakkamaykku abhivaadyangal!

Pramod.KM said...

സുമേഷ്ചന്ദ്രന്‍,ചക്കര,കിനാവ്,സോജി..വായനക്ക് നന്ദി.:)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രമോദ്,

ഈ പോസ്റ്റ് നേരത്തെ കാണാതെ പോയതില്‍ ഒരു നഷ്ടബോധം തോന്നുന്നു.പാടിക്കുന്നില്‍ വന്നിട്ടില്ല..ഇനി വരുമ്പോള്‍ അവിടെയും വരാം.

ഈ പോസ്റ്റിലെ വിവരങ്ങള്‍ ഭാവിയിലെ ഉപയോഗത്തിനായി അടിച്ചു മാറ്റിയിരിക്കുന്നു..

കുഞ്ഞാക്കമ്മയെപ്പോലെ ഒരു പക്ഷേ എഴുതപ്പെട്ട ചരിത്രങ്ങളിലൊന്നും ഇടം നേടാനാവാതെ പോയ എത്ര എത്ര ധീര വനിതകള്‍..അഭിവാദനങ്ങള്‍ !