Saturday, September 22, 2007

*കൊറിയയിലെ അമ്മമ്മേ...


കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...

എനിക്കുമുണ്ടൊരമ്മമ്മ.

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.

ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.

29 comments:

കുഞ്ഞന്‍ said...

കൊറിയയിലെ അമ്മൂമ്മ നല്ല അമ്മൂമ്മ...

ഇഷ്ടായി...

മനോജ് കുമാർ വട്ടക്കാട്ട് said...

അച്ഛമ്മയെയും അമ്മമ്മയെയും ഓര്‍ത്തുപോയി.

ടി.പി.വിനോദ് said...

കാക്കയില്ലാത്ത നാട്ടില്‍ കലിപ്പുകുറഞ്ഞ ആളുകളുടെ ഇടയിലിരുന്ന് ഞാന്‍ കവിതയ്ക്ക് കൈയടിക്കുന്നു...:)
നന്നായി...

Sethunath UN said...

ഇവിടെ സിംഹപുരിയിലും ഉണ്ട് ഇങ്ങനെയുള്ള അമ്മൂമ്മമാരും അപ്പൂപ്പന്മാരും.. വീട്ടില്‍ നോക്കാനാളുണ്ടായിട്ടും കൂടി .
ന‍ന്നായി പ്രമോദ്

Sanal Kumar Sasidharan said...

ഇതിലെ വിപരീതദര്‍ശനം നന്നായിരിക്കുന്നു.നമ്മുടെ നാട്ടില്‍ വീട്ടിലിരുത്തുന്നത് അത്രകുറ്റപ്പെടുത്തലായി പറഞ്ഞുകേള്‍ക്കാറില്ല ജോലിയെടുക്കാന്‍ വൃദ്ധര്‍പോകുന്നു എങ്കില്‍ മക്കള്‍ക്കത് കുറച്ചിലാണ്.അതിന്റെ ഭാഗമായിട്ടാണ്.അനങ്ങിപ്പോകരുത് എന്ന വെടിയൊച്ച.

വിഷ്ണു പ്രസാദ് said...

പ്രമോദ്,ഈ താരതമ്യം നന്നായി.നിന്റെ കവിതയിലെ അമ്മ/അമ്മമ്മ...തുടങ്ങിയവരുടെ കണക്കിലേക്ക് ഞാനൊന്ന് നോക്കിപ്പോ‍ായി...

Pramod.KM said...

കുഞ്ഞന്‍,പടിപ്പുര,ലാപ്പുട,നിഷ്കളങ്കന്‍,നന്ദി:)
സനാതനന്‍,ഇവിടെ കൊറിയയില്‍ പണമുള്ളവര്‍,പാവങ്ങള്‍ എന്നീ ഭേദമില്ലാതെ പ്രായമേറിയവരെല്ലാം എന്തെങ്കിലും കായികപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നു.ഇത് ഒരു വ്യായാമത്തിന്റെയോ സംസ്കാരത്തിന്റെയോ ഭാഗമായാണ്.മാത്രവുമല്ല എല്ലാ തൊഴിലിനും മികച്ച മാന്യത നല്‍കുന്ന ഒരു സമൂഹമാണ് കൊറിയയിലേത്.അതുകൊണ്ടാവണം നാച്ചുറല്‍ റിസോഴ്സസും കാലാവസ്ഥയും പ്രതികൂലമായിട്ടും ഒരുകാലത്ത് പട്ടിണീയുടെയും യുദ്ധങ്ങളുടെയും പിടിയില്‍ ഞെരിഞ്ഞമര്‍ന്നിട്ടും,കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഈ നാട് അത്ഭുതകരമാംവണ്ണം വികസിച്ചത്. നന്ദി:)
വിഷ്ണുമാഷെ,നന്ദി:).നമ്മളുടെ നാട്ടില്‍ വയസ്സാകുന്നത് ശരീരത്തിനേക്കാളേറെ മനസ്സിനാണെന്ന് തോന്നിയിട്ടുണ്ട്.
അമ്മമാരുടെയും അമ്മമ്മമാരുടെയും നന്മകളോടും സഹനങ്ങളോടുമുള്ള കടപ്പാടുകളുടെ കണക്കുകള്‍ എങ്ങനെ എപ്പോള്‍ തീര്‍ക്കാനാണ്!!

സു | Su said...

അമ്മൂമ്മയ്ക്ക്, ഇഷ്ടമുള്ളത് ചെയ്യാന്‍ വിടണമെന്ന് എന്റെ അഭിപ്രായം. പിന്നെ സംരക്ഷിക്കാന്‍ ആളുണ്ടെങ്കില്‍ ചാരുകസേരയില്‍ ഇരിക്കുന്നതിന്റെ സുഖം അനുഭവിക്കുന്നതാണോ അവര്‍ക്കിഷ്ടം എന്നറിയില്ല. ചില അമ്മൂമ്മമാര്‍, ജോലിയെടുക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്നുണ്ടോയെന്നും അറിയില്ല.

എനിക്കീ വരികള്‍ ഇഷ്ടമായി. രണ്ട് അമ്മൂമ്മമാരുടെ വ്യത്യസ്ത അനുഭവങ്ങള്‍.

ഇനീം കുറേ പറയണമെന്നുണ്ട്. ഇപ്പോ...പറ്റില്ല.

Satheesh said...

മുന്‍പത്തെ കവിതകളുടെ വായനാസുഖം ഇത് തരുന്നില്ല! പക്ഷെ ഉള്ളടക്കത്തിന്റെ കാമ്പ് കൊണ്ട് മഹത്തരമാണിത്!
നിഷ്കളങ്കന്‍ പറഞ്ഞത് പോലെ സിംഹപുരിയിലും കാണാം പ്രായമേറിയവര്‍ പലയിടത്തും ജോലി ചെയ്യുന്നതായി. പക്ഷെ നേരിട്ടൊരു അമ്മൂമ്മയെ പരിചയപ്പെട്ട അന്ന് തീര്‍ന്ന് കിട്ടി ഈ സമൂഹത്തോടുള്ള ആദരവ്. കൂടുതല്‍ പിന്നൊരിക്കല്‍ പറയാം.
കണ്ണൂരിന്റെ ഭാഷ കവിതക്കും വണങ്ങും എന്ന് പ്രമോദ് വീണ്ടും വീണ്ടും തെളിയിക്കുന്നു! :)

സജീവ് കടവനാട് said...

നമ്മുടെ നാട്ടില്‍ തൊണ്ണൂറുകഴിഞ്ഞ അമ്മൂമമാര്‍ എഴുന്നേറ്റുനടന്നാല്‍ തന്നെ അത്ഭുതമാണ് പ്രമോദേ.
കവിത നന്നായി.

വേണു venu said...

കൊറിയയിലെ അമ്മൂമ്മയേയും നാട്ടിലെ അമ്മൂമ്മയേയും ഇഷ്ടപ്പെട്ടു.:)

വിശാഖ് ശങ്കര്‍ said...

നമ്മുടെ നിര്‍വചനങ്ങള്‍ക്കപ്പുറം ബാല്യമോ,കൌമാരമോ,യൌവ്വനമോ,വാര്‍ദ്ധക്ക്യമോ ഒന്നും കടക്കാന്‍ പാടില്ലെന്ന് ശഠിക്കുന്ന ഒരു സമൂഹത്തില്‍ മനുഷ്യര്‍ എല്ലയ്പ്പൊഴും മറ്റാരുടെയെങ്കിലും നോക്കുകുത്തിയായ് ഇരുന്ന് കൊടുക്കേണ്ടിവരും..

മറക്കുകില്ല , അത്ര പെട്ടന്നൊന്നും..ഈ കൊറിയയിലെ അമ്മൂമ്മയെ..

സാല്‍ജോҐsaljo said...

പ്രമോദേ,തന്റെ പ്രമേയങ്ങള്‍ തകര്‍പ്പനാണ്. ഈ ജനറേഷന്‍ ഗ്യാപ്പ് കേരളത്തിലും വന്നോളും, അന്നീ കാക്കകളെ എന്തു ചെയ്യും?

കവിത കൊള്ളാം.

ശ്രീ said...

പ്രമോദ്...
നന്നായിരിക്കുന്നു.

പ്രായമായവരെ ചെറിതായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍‌ വിടുന്നതാണ്‍ നല്ലത് എന്ന അഭിപ്രായം തന്നെയാണ്‍ എനിക്കും
:)

സാജന്‍| SAJAN said...

ഈ കവിത ശരിക്കും ഇഷ്ടമായി!

Siji vyloppilly said...

nannaayirikkunnu...

ഹരിയണ്ണന്‍@Hariyannan said...

തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥിജീവിതത്തില്‍ കണ്ടതും കൊറിയന്‍ അമ്മൂമ്മമാരെപ്പോലെ ജോലിയെടുക്കുന്ന അല്ലെങ്കില്‍ എടുക്കേണ്ടിവരുന്ന അമ്മൂമ്മമാരെയായിരുന്നു.
നമ്മുടെ അമ്മൂമ്മമാര്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുകയും കുറച്ചൊക്കെ സ്നേഹം വീണുകിട്ടുകയും ചെയ്യുന്നു.
അവിടെ കണ്ടത് മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട്,മുറ്റത്ത് പനയോലകൊണ്ട് ഉണ്ടാക്കിക്കൊടുത്ത കൂരയില്‍ ഒറ്റപ്പെട്ടുകഴിയുന്ന അമ്മൂമ്മമാ‍ാരെ!!
..കാലത്ത് ചെത്തിയിറക്കിയ പനങ്കള്ളും എരുമപ്പാലും അയല്‍‌വീടുകളില്‍ കൊണ്ടുക്കൊടുത്ത് മകനുവേണ്ടി വയസ്സാംകാ‍ലത്തും ശമ്പളമില്ലാതെ പണിയെടുക്കുന്ന ഒരമ്മൂമ്മയുണ്ട് അവിടുത്തെ ഓര്‍മ്മകളില്‍...
അമ്മയേയും അമ്മൂമ്മയേയും നാളത്തെ നമ്മളേയും ഓര്‍മ്മിപ്പിക്കുന്ന കവിത.അസ്സലായി പ്രമാദം തന്നെ!!

ശ്രീലാല്‍ said...

ഒരു പാവം അമ്മൂമ്മയെക്കണ്ട ഒരു കൊച്ചുകുട്ടിയുടെ മനസ്സില്‍ നിറഞ്ഞ വികാരങ്ങള്‍ അതുപോലെ കവിതയായ്‌ എഴുതിയതുപോലെ. ഇഷ്ടപ്പെട്ടു.
'അമ്മമ്മ'യല്ലെ 'അമ്മൂമ്മ'യെക്കാള്‍  ചേര്‍ന്ന വാക്ക്‌ ?
-കവിതയിലെ മറ്റു നാട്ടു മൊഴികളോട്‌ ചേര്‍ന്നത് ?
കലയില്‍ അമ്മമ്മയായായിരുന്നല്ലൊ ?

Pramod.KM said...

സൂവേച്ചി,പറഞ്ഞാല്‍ തീരില്ല:)സതീഷേട്ടന്‍,കിനാവ്,വേണുവേട്ടന്‍,വിശാഖ്മാഷ്,സാല്‍ജോ,ശ്രീ,സാജേട്ടന്‍,സിജിചേച്ചി,ഹരിയണ്ണന്‍, നന്ദി.:)
ശ്രീലാല്‍ ഭായ്,നന്ദി അഭിപ്രായത്തിന്.അമ്മമ്മ തന്നെ അനുയോജ്യം:)

Roby said...

ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,

പ്രമോദേ,
കവിതകളെല്ലാം വായിക്കാറുണ്ട്‌. കമന്റാറില്ലെന്നു മാത്രം...
ഒരുതരം ഗൃഹാതുരത നിറഞ്ഞ ഇമേജുകള്‍ എനിക്ക്‌ ഇവിടെ നിന്നു കിട്ടാറുണ്ട്‌.
കെ ജി എസിന്റെ കഷണ്ടി ഓര്‍മ്മ വരുന്നു പലപ്പോഴും...
കാവും കുളവും കൊച്ചമ്മിണിയും,
പട്ടാളത്തില്‍ പോയി മരിച്ച ഗോവിന്ദേട്ടനും
തുടങ്ങിയ വരികള്‍.
(Take it in the positive sense)
കൊള്ളാം..വളരെ ഇഷ്ടപ്പെട്ടു.

Pramod.KM said...

റോബി നന്ദി ഇതുവഴിവന്നതിന്.:)
പോസിറ്റീവായേ ഏതഭിപ്രായങ്ങളും കാണുകയുള്ളൂ.:)കെ.ജി.എസ്സിനെ കൂടുതല്‍ വായിച്ചിട്ടില്ല.കഷണ്ടിയും വായിക്കേണ്ടിയിരിക്കുന്നു.

[ nardnahc hsemus ] said...

എനിയ്ക്കുമുണ്ടായിരുന്നു ഒരമ്മൂമ്മ. മരിയ്ക്കുംവരെ വിശ്രമിച്ചിട്ടില്ല...

പ്രമോദ് മാഷേ, അപ്പൊ അച്ഛന് 90 ആയാല്‍ ആള്‍ടെ കാര്യം പോക്കാണല്ലേ?
;)

Cartoonist said...

പ്രമോദേ,
പടത്തിന്റെ ഏതാണ്ടവ്യക്തത
കവിതയെ പ്രകാശിപ്പിച്ചപോലെ..
ആശംസകള്‍ !
സജ്ജീവ്

Sona said...

കൊറിയയിലെ ആയാലും,നാ‍ട്ടിലെ ആയാലും അമ്മുമ്മ എന്ന ആ വാക്കിനു തന്നെ ഒരു വാത്സല്യം ഉണ്ട്.ആരോഗ്യം ഉണ്ടെങ്കില്‍ ഏതുപ്രായത്തിലും സ്വന്തമായുള്ള അദ്ധ്വാനം ആത്മവിശ്വാസം കൂട്ടുകയെ ഉള്ളു.നല്ല മിടുക്കി അമ്മുമ്മ..

ജ്യോതിര്‍മയി /ज्योतिर्मयी said...

ഇതും നല്ല ഇഷ്ടമായി.
പ്രമോദിന്റെ ചില രചനകളേ ഞാന്‍ വായിച്ചിട്ടുള്ളൂ.
ഉള്ളടക്കം അതിഗംഭീരമാവുമ്പോഴും അതുഹൃദയത്തിലേയ്ക്കാവാഹിക്കാന്‍ വിഷമം അനുഭവപ്പെടുന്നില്ലതന്നെ.

കൂട്ടത്തില്‍ ഒരു കാര്യം കൂടി തോന്നി-

ഇതേ ആശയം നല്ല താളമുള്ള വരികളില്‍ ആക്കാന്‍ സാധിച്ചാല്‍ ഇതിനേക്കാള്‍ നന്നാവില്ലേ? വായിച്ചുമറന്നു കളയാതെ, ഈണത്തില്‍, താളത്തില്‍ ചൊല്ലിനടക്കാമായിരുന്നു... അതിനായി ഒരു കവിതകൂടി ആവുമായിരുന്നു, എന്ന്. ബ്ലോഗു തുറന്നുവെയ്ക്കാത്തപ്പോള്‍ കണ്ടുമുട്ടുന്ന അമ്മൂമ്മമാര്‍ക്കും ചൊല്ലിക്കേള്‍പ്പിക്കാമായിരുന്നു...

(എന്റെ മനസ്സില്‍ തോന്നിയതു പറഞ്ഞെന്നേയുള്ളൂ. ആരും സ്വന്തം ശൈലി മാറ്റണമെന്നു ഞാന്‍ പറഞ്ഞില്ല :). പദ്യമല്ലാത്തതിനെ കവിതയെന്നു വിളിക്കരുതെന്നൊന്നും ഞാന്‍ ഉദ്ദേശിച്ചതേയില്ല :)

Pramod.KM said...

സുമേഷ് ഭായ്,സജ്ജീവേട്ടന്‍,സോന,ജ്യോതിട്ടീച്ചര്‍ നന്ദി.:)
ജ്യോതിട്ടീച്ചറേ..മെയില്‍ ചെക്ക് ചെയ്യൂ...മഞ്ജരിവൃത്തത്തില്‍ ഒരു സാധനം അയച്ചിട്ടുണ്ട്. അമ്മൂമ്മമാരെ കേള്‍പ്പിക്കൂ..ഹഹ

Rajeeve Chelanat said...

കവിതയുടെ തലക്കെട്ടിലെ ആ വിളി മാത്രം മതി, ഏത് അമ്മമ്മമാരേയും ചാരുകസേരകളില്‍നിന്നും എഴുന്നേല്‍പ്പിക്കാന്‍. പുതിയ തലമുറയുടെ മറവികള്‍ക്കുനേരെയുള്ള ഒരു കലാപമായിരിക്കുന്നു '‘കൊറി’ക്കാന്‍ പറ്റിയ ഈ ഓര്‍മ്മയും, വിളിയും, കവിതയും.

Sathees Makkoth | Asha Revamma said...

അമ്മൂമ്മയെ ഇഷ്ടായി

Pramod.KM said...

രാജീവേട്ടന്‍,സതീശേട്ടന്‍,നന്ദി:)