Tuesday, January 15, 2013

അച്ഛന്‍

‘പുകവലിച്ചു ജീവിതം തുലച്ചിടൊല്ല സോദരാ!
പുകമറയ്ക്കു പിന്നിലുണ്ട് തീക്കനലെന്നറിയുക’ എന്ന്‍ വിളിച്ചുപറഞ്ഞ്
‘പുകവലി കൊണ്ട് എന്തു നേടാം?
പതിനഞ്ചുവര്‍ഷം നേരത്തേ മരിക്കാം’ എന്ന് പോസ്റ്ററൊട്ടിച്ച്
വീട്ടില്‍ വരുമ്പോള്‍
അച്ഛന്‍ ബീഡി വലിച്ചൂതുന്നുണ്ടാവും.
ഞാനും അച്ഛനും കലമ്പാവും.
ആപ്പന്‍ അച്ഛന്റെ കൂടെ കൂടും.
അമ്മ എന്റെകൂടെയും
‘ബൌസുള്ള ബീഡ്യാന്ന്, ബൌസുള്ള ബീഡി’

അത് പോട്ട്,
അച്ഛനിപ്പോള്‍
എന്തുകൊടുക്കും?

ബീഡിയോ ചോറോ പായസമോ
പുസ്തകമോ പത്രമോ പരദൂഷണമോ
ചായയോ വെള്ളമോ മരുന്നോ വേണ്ട.
അച്ഛന് തീര്‍ച്ചയായും വേണ്ടുന്നതെന്ന്
അച്ഛനോ ആര്‍ക്കെങ്കിലുമോ
എന്നെങ്കിലും തോന്നിയിരുന്നതൊന്നും വേണ്ട.
കാലോ നെഞ്ചോ പുറമോ
തടവിക്കൊടുക്കേണ്ട.
എന്തു ചെയ്തുകൊടുക്കും?
കണ്ണിടുങ്ങി, കാഴ്ച മങ്ങി
അച്ഛനെന്നെ കാണാന്‍ വയ്യ.
ഒച്ചയൊന്നും കേള്‍ക്കാന്‍ വയ്യ.
വെളിച്ചം കണ്ടാല്‍ ദേഷ്യം സഹിക്കാന്‍ വയ്യ.
കത്തിച്ചുകഴിഞ്ഞാല്‍ പിന്നെ
കുഴിമൂടേണ്ട, ബലിയിടേണ്ട.
ആത്മാവിനെപ്പിടിച്ച് കുപ്പിയിലാക്കി
എവിടേക്കോകൊണ്ടുപോയ് കളയുകപോലും വേണ്ട.

അച്ഛന് എന്തു ചെയ്തുകൊടുക്കും?

ഞരങ്ങലിന്റെയും മൂളലിന്റെയും വാദ്യഘോഷങ്ങളോടെ
മൌനത്തിന്റെ മാലയുമായി
അച്ഛന്‍ കട്ടിലില്‍ കാത്തിരിക്കുന്നു.
തകര്‍ന്ന ശ്വാസകോശം പോലെ
അരികിലിരിക്കുന്നു, വീട്.
അച്ഛന്റെ തൊണ്ടയിലെ കഫം പോലെ
എവിടേക്കും പോകാതെ
അരികിലിരിക്കുന്നു, നമ്മള്‍.

3 comments:

ശ്രീ said...

‘പുകവലി കൊണ്ട് എന്തു നേടാം?
പതിനഞ്ചുവര്‍ഷം നേരത്തേ മരിക്കാം’

ഇതിന് ഒരു അടിവരയിടുന്നു...


ajith said...

കവിത പ്രമാദം

RATHEESAN CHEKKIKKULAM said...

ബഊസുള്ള കവിത