Thursday, January 31, 2008

അമ്മയ്ക്കൊരു കത്ത്

എത്രയും പ്രിയപ്പെട്ടൊരമ്മവായിക്കാന്‍,അമ്മേ
ദക്ഷിണകൊറിയയിലുണ്ടൊരു സവിശേഷ
സംവിധാനത്തില്‍ത്തീര്‍ത്ത കക്കൂസ്,ക്ലോസറ്റില്‍ നാം
ഇരിക്കും സ്ഥലത്തുണ്ട് സ്വിച്ചുകള്‍ നിരവധി

തൂറിക്കഴിഞ്ഞാലാദ്യം ടിഷ്യൂപേപ്പറുകൊണ്ട്
തുടയ്ക്കാം ബാക്കിപ്പണി ക്ലോസറ്റ് നോക്കിക്കോളും

ഇരുന്നോരിരിപ്പിലമര്‍ത്തുകയൊരു സ്വിച്ച്
വെള്ളവും ചീറ്റിക്കൊണ്ട് നീണ്ടുവന്നീടും പൈപ്പ്
പച്ചവെള്ളമോ ചൂടുവെള്ളമോ വേണ്ടതെന്ന്
തീരുമാനിക്കാനുള്ള സ്വിച്ചുകളുമുണ്ടിതില്‍
പിന്നൊരുസ്വിച്ചുള്ളതു ഞെക്കിയാലിളംചൂടു
ള്ളൊരുകാറ്റു വന്നാറ്റും ചന്തിക്കേ വെള്ളം,സുഖം!

(മലബന്ധമുണ്ടെങ്കില്‍ ‍, ആദ്യമേ വെള്ളംചീറ്റും
സ്വിച്ചമര്‍ത്തുക; അപ്പോള്‍ ശക്തിയിലകത്തേക്കു-
വെള്ളം കയറുമെന്നിട്ടുറച്ച മലമൊക്കെ
അലിയിച്ചുംകൊണ്ടൊരു വരവു വരാനുണ്ട്!)

കൊറിയന്‍ കക്കൂസിതില്‍ തൂറിത്തുടങ്ങ്യേപ്പിന്നെ
തൂറലിന്‍ സങ്കല്‍പ്പങ്ങളൊക്കെയും മാറിപ്പോയി

അമ്മയോര്‍ക്കുന്നോ പണ്ടുനമ്മുടെനാട്ടില്‍ കക്കൂസ്
അധികം പ്രചാരത്തിലില്ലാത്ത സമയം;ഞാന്‍
കുട്ടിയായിരുന്നപ്പോള്‍ ; വീട്ടിലെപ്പറമ്പിലെ
ഓരോരോ മരത്തിന്റെ ചുവട്ടില്‍പ്പോകുന്നത്!
എനിക്കു പുളിയന്‍ മാ,വച്ഛനു വരിക്കപ്ലാ-
വമ്മൂമ്മയ്ക്കങ്ങേപ്പുറത്തുള്ളൊരു കരിവീട്ടി
അമ്മ നേരത്തേയെണീക്കുന്നതിനാലെങ്ങാണു
പോകലെന്നറിയില്ല, അതൊക്കെയൊരു കാലം!
‘ഓരോ വീട്ടിലുമോരോ നല്ലൊരുകക്കൂസാണി
ന്നാദ്യം വേണ്ടതെ’* ന്നൊക്കെപ്പാടി കേരളാശാസ്ത്ര
സാഹിത്യപരിഷത്തിന്റാളുകള്‍ വീട്ടില്‍ വന്നാല്‍
അമ്മൂ‍മ്മയെല്ലാരേയും കലമ്പും:
‘ദാമോദരാ
എന്റച്ഛനെനിക്കേറെ പറമ്പും കുറ്റിക്കാടും
തന്നിട്ടുണ്ടെടാതൂറാന്‍
നിന്റെ പാട്ടിനു പോ നീ’

എങ്കിലുമവസാനം നമ്മുടെ വീട്ടിലുമായ്
നല്ലൊരുകക്കൂസ്, എല്ലാമിന്നലെക്കഴിഞ്ഞപോല്‍

അടുത്ത പ്രാവശ്യം ഞാന്‍ വരുമ്പോള്‍ കൊണ്ടുത്തരാ-
മീവിശിഷ്ടമാം ക്ലോസറ്റ്,അതു വരേക്കുമമ്മേ
വഴക്കു പറയാതെ
വാതത്തിലിടത്തേക്കൈ തളര്‍ന്നൊരമ്മൂമ്മയെ
ചന്തികഴുകിക്കുക

എന്തൊക്കെയുണ്ട് പിന്നെ വിശേഷം?
ഞാനയച്ച പണം വിദേശഫണ്ടെന്നൊക്കെ പറഞ്ഞച്ഛനെ
സസ്പെന്‍ഡു ചെയ്തോ പാര്‍ട്ടി? എലക്ഷനെപ്പോളാണ്‍?

കണ്ടവരോടൊക്കെ ഞാന്‍
പ്രത്യേകമന്വേഷണമറിയിച്ചതായ്പ്പറ
തല്‍ക്കാലം നിറുത്തട്ടെ.
-----------------------------
* ഓരോവീട്ടിലുമോരോ നല്ലൊരു
കക്കൂസാണിന്നാദ്യം വേണ്ടത്
കൊട്ടാരത്തിലെ എയര്‍കണ്ടീഷന്‍
പിന്നെ മതി
മെല്ലെ മതി.

-ഒരു പഴയ ശാസ്ത്രസാഹിത്യ പരിഷത്ത് ഗാനം

29 comments:

വിഷ്ണു പ്രസാദ് said...

ഓ കൊറിയയില്‍ വന്ന് തൂറാണ്ട് ഒരു വിഷമം :)

രാജ് said...

ഫ്രാന്‍സ് നിന്റെ കവിത തട്ടിക്കൊണ്ടോയോന്ന് പേടിച്ചിരിക്ക്യാര്‍ന്നു :-)

Anonymous said...

ഛന്ദസ്സില്‍ എഴുതിയതുകൊണ്ട് അമ്മയ്ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെട്ടിട്ടുണ്ടാവും :)

വെള്ളെഴുത്ത് said...

ഇതെന്തൊരു ‘പ്രാഥമിക’ വിശേഷം!!!
ഇപ്പോഴാണ് പെരിങ്ങോടന്‍ ഒരു കവിത സ്വയം ഭോഗത്തേക്കുറിച്ചേയല്ല എന്നു പരഞ്ഞതിന്റെ പൊരുള്‍ മനസ്സിലായത്. ഇത് ‘ലതി‘നെപ്പറ്റിയേ അല്ലല്ലോ!!!

ഭൂമിപുത്രി said...

അമ്മയ്ക്കു തമാശതോന്നിയാലും,ഒരു 10-15 കൊല്ലം
കഴിയുമ്മ്പോള്‍,പോക്കുകണ്ടിട്ട്,
‘ഇതുക്കൂട്ടൊന്ന്’ഇല്ലാതെ കാര്യംനടക്കില്ലാന്നു നമ്മളൊക്കെ ചിന്തിച്ചുതുടങ്ങിയേക്കാം.
അഛ്നിപ്പോഴും മെമ്പറായിത്തുടരുന്നില്ലെ? :)

ജ്യോനവന്‍ said...

ന്നാലും ഈ കവിതയ്ക്കൊരു കമന്റിടാണ്ടു പോയാല്‍ ണ്ടാകാവുന്ന 'മലബന്ധ'ങ്ങളോക്കെ ഇതുകൊണ്ടല്ലേന്ന് ഒരു കുറ്റബോധം തോന്നും. ഹോ! അത്രേം 'നൊസ്റ്റാള്‍ജിക്കായ' കൂട്ടത്തില്‍ പണ്ട് മരച്ചുവട്ടില്‍ തൂറിവെടിപ്പാകാനിരുന്നപ്പോള്‍ 'കിണ്ണത്തിനു' കിട്ടിയ കൊതുകുകടിയെയും ആട്ടിയ ഈച്ചയെയും വരെ ഓര്‍‍ത്തുപോയി! ഓരോരോ രാഷ്ട്രീയങ്ങള്‍.....:)

:: niKk | നിക്ക് :: said...

:))

REMiz said...

hm
You are being watched




Remiz Rahnas
Makes people curious about...

ശ്രീലാല്‍ said...

ഗ്വേ..... എന്ന് രാവിലെ ഒച്ചയാക്കിയത് ഹരിതകത്തില്‍ ഇതിന്റെ ആദ്യത്തെ മൂന്നു ഭാഗം മാത്രം കണ്ടപ്പോഴാണ്. അല്ല പിന്നെ..ഇപ്പൊഴല്ലേ കാണുന്നത് ബാക്കി.. :)

കക്കൂസ് അവിടെ നില്‍ക്കട്ടെ. പുതിയോത്ര മകരം പത്തൊമ്പതിന്, ശനിയാഴ്ച. കാലത്താല്‍ നടത്തി വരുന്നതു പോലെ.

അപര്‍ണ്ണ said...

ചങ്കൂറ്റം ആവശ്യത്തിലും കൂടുതല്‍ നല്‍കിയാ ദൈവം ഇങ്ങോട്ട്‌ വിട്ടത്‌ അല്ലേ!

Sethunath UN said...

:)

ശ്രീ said...

സമ്മതിച്ചു പ്രമോദേ...


പ്രാഥമികാവശ്യങ്ങളിലും കൈ വച്ചൂല്ലേ?
:)

siva // ശിവ said...

some people are like this....they do not know what they do..

Sandeep PM said...

കക്കൂസ്സുകള്‍ക്ക്‌ സംഭവിച്ച മൂല്യച്യുതിയേ

വേണു venu said...

പ്രമോദേ, പറമ്പില്‍‍ നിന്നു തന്നെ ഞാന്‍‍ കാണുന്നു. ഈ പറമ്പിലിന്നും പ്രമോദുമുണ്ടെന്ന്. വിദേശ ഫണ്ടെന്നൊക്കെ പുച്ഛിക്കുന്നവരുടെ മക്കളൊക്കെ വിദേശത്താണ്‍ പഠിക്കുന്നത് എന്നത് അച്ഛന്‍ അറിയാമല്ലോ.:)

Sanal Kumar Sasidharan said...

പ്രമോദേ,
ഒന്നും പറയാനില്ല.എന്നാല്‍ ഒന്നും പറയാതിരുന്നാല്‍ അത് എന്തോ ഒരു മാനസികപ്രശ്നമാകും.നിങ്ങളെന്നെ ഒരു വല്ലാത്ത അവസ്ഥയില്‍ കൊണ്ടിടുന്നു.

Siji vyloppilly said...

പ്രമോദ്‌..സമ്മതിച്ചിരിക്കുന്നു.

Siji vyloppilly said...
This comment has been removed by the author.
അമതന്‍ said...

കൊള്ളാം ..നന്നായിട്ടുണ്ട് ........"മലബന്ധം" ഇല്ലാത്ത കവിത ....cheers :)

Unknown said...

പ്രമോദേ,ലൂയി ബ്യുനുവലിന്റെ ഒരു സിനിമയുണ്ട്..ഫാന്റം ഓഫ് ലിബര്‍ട്ടി(?)..അതില്‍ കൂട്ടമായിരുന്നു തൂറുന്നതും രഹസ്യമായിരുന്നു ഭക്ഷണം കഴിക്കുന്നതുമായ കാലം കാണിക്കുന്നുണ്ട്..സെന്‍സേഷണല്‍ മൂല്യത്തിനപ്പുറം ഇതിലെ കവിത പെട്ടെന്നു തെളിയിക്കുന്ന ഒരു ലോകം ഏതു പടിവാതില്‍ക്കലുമുണ്ട്..കാണാ‍ന്‍ കുറച്ചു സമയമെടുത്തേക്കും..പിന്നെയൊക്കെ പെട്ടെന്ന്...

[ nardnahc hsemus ] said...

ഹോ, ഇയ്യാളു പിന്നേം തൂറാന്‍ തൊടങ്ങ്യോ?

(കുളിമുറിയില്‍ പാടുന്നവര്‍, കക്കൂസ്സില്‍ വച്ച് ഘോരഘോരം ചിന്തിയ്ക്കുന്നവര്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും കക്കൂസില്‍ വച്ചെഴുതിയ ഒരു കവിത, ആദ്യമായിട്ടാ വായിയ്ക്കുന്നത്.)

“അകത്തുകേറിയിട്ട് മുക്കാമണിക്കൂറായി, ആരാടാ ദ്,മനുഷ്യനിവിടെ (കവിത) തലക്കടിച്ച് നിക്കാ..”

പ്രമോദേ.. കവിത കല കലക്കന്‍!!

G.MANU said...

പ്രമുവേ കലക്കി ..കലക്കി...
ഇതാ ഒരു മറുകവിത..(തമാശയാണേ)

എത്തുക മോനേവേഗം കൊറിയ കളഞ്ഞിട്ടു
വൃത്തിയായ് തൂറാം തോട്ടില്‍ വെള്ളത്തില്‍ കഴുകീടാം
തുടയ്ക്കാന്‍ പ്രിയമെങ്കില്‍ ഉണ്ടെടാ കമ്മ്യൂണിസ്റ്റ്
ചെടിത്താരിലകളും കയ്യൂന്നിയിത്തിരിയും
ചെന്നിണം മണക്കുന്ന കാറ്റിന്റെയിളം കയില്‍
ചന്തിയെ തണുപ്പിക്കാം മൂവന്തിനേരത്തോളം

ഏറുമാടം മാസിക said...

പുതുകവിത ഒന്നാം വാര്‍ഷികത്തോടനുബന്‍ധിച്ച് എഴുത്തുകാര്‍ക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു.പ്രായപരിധി ഇല്ല.1001രൂപയും,ശില്പവും,പ്രശസ്തി പത്രവുമാണു അവാര്‍ഡ്.കവിത നാല്‍പ്പത്തിഅഞ്ച് വരിയില്‍ കൂടുവാന്‍ പാടില്ല.


രചനകള്‍ മാര്‍ച്ച് 25 നു മുമ്പായി,നാസര്‍ കൂടാളി,പി.ഒ.വാരം,കണ്ണൂര്‍,670594.എന്ന വിലാസത്തിലോ,അല്ലെങ്കില്‍ nazarkoodali@gmail.com എന്ന ഇ-മെയിലിലോ അയക്കുക.




കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക.
മൊബൈല്‍:9349424503

Pramod.KM said...

വായിച്ചവര്‍ക്കെല്ലാം നന്ദി:)

ജ്യോതിര്‍മയി /ज्योतिर्मयी said...

അമ്മയ്ക്കൊരു കത്ത്- അതാണെങ്കില്‍ എങ്ങനെവേണമെങ്കിലും എഴുതാം, അതില്‍ ആരും അഭിപ്രായം പറയേണ്ട കാര്യമില്ല.

എന്നാല്‍ ഇവിടെ, എഴുത്തുകാരന്‍ ഇതിനെ കവിതയായിക്കാണുന്നത് എന്തുകൊണ്ടാണെന്നു ഈ വായനക്കാരിയ്ക്കു മനസ്സിലായില്ല. ഇതില്‍ കലയുണ്ടോ എന്നൊന്നും ചോദിയ്ക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല, എന്നാലും പാവം കവിത, പാവം വൃത്തം, പാവം വൃത്തക്കക്കൂസ് എന്നു എന്റെ അഹങ്കാരം എന്നെക്കൊണ്ടു പറയിപ്പിക്കുന്നു.
മുന്‍പുള്ളവര്‍ പറഞ്ഞതുപോലെക്കെ പറഞ്ഞാല്‍ കവിതയാവില്ലായിരിയ്ക്കാം.
ആരും പറയാത്തതു പറഞ്ഞാല്‍ കവിതയാവുമോ?

[വിമര്‍ശനം-
ചൂണ്ടുവിരല്‍ നിന്നിലേയ്ക്കും
മൂന്നുവിരല്‍ എന്നിലേയ്യ്ക്കും
സാക്ഷി
തള്ളവിരല്‍...

അതുകൊണ്ടൂ് ഞാനിനീം കവിതയെഴുതും,
അല്ല, ഞാനിനീം എഴുതും.
മുന്‍‌കൂര്‍ ജാമ്യം ;)

ജ്യോതിര്‍മയി

chithrakaran ചിത്രകാരന്‍ said...

അമ്മക്കൊരു കത്തിലെ കക്കൂസ് വിശേഷം കലക്കി. നമുക്കെന്തും പറയാനാകുന്നവിധം ഭാഷയുടെ തീണ്ടാരിത്തം മാറ്റിയെടുക്കുകതന്നെയാണ് നമ്മുടെ ഭാഷക്കും,സംസ്കാരത്തിനും നല്‍കാനാകുന്ന ഏറ്റവും നല്ല സംഭാവന.
ഇംഗ്ലീഷ് ഉപയോഗിക്കാതെ മലയാളത്തില്‍ തന്നെ വാക്കുകള്‍ ഉപയോഗിക്കാനാകുന്നു എന്നത് നമ്മുടെ പാരംബര്യ പൊങ്ങച്ചത്തെ പൊളിച്ചു കളയുന്ന പ്രക്രിയകൂടിയാണ്.
നന്നായി!!!

ഫസല്‍ ബിനാലി.. said...

ഹും.....................കൊള്ളാം

Cartoonist said...

പ്രമോദത്തോടെ പറമ്പില്‍ പ്രക്രിയ പൂര്‍ത്തിയാക്കിയിരുന്ന പണ്ടത്തെ പുലര്‍കാലങ്ങള്‍ !

ചിത്രകാരനാണ് ഈ കവിതയെക്കുറിച്ച് ഇന്നലെ പറഞ്ഞത്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ അസ്സല്‍ !

നിസ്സാറിക്ക said...

എന്നാലും അമ്മയോട് ഇങ്ങനെയൊക്കെ സംസാ‍രിക്കാന്‍ പാടുണ്ടോ പ്രമോദേ..മോശമല്ലേ...
അപ്പോള്‍ ഫോണ് ചെയ്യുമ്പോള്‍ എന്തൊക്കെയാവും പറയുക...വ്ശ്വസിക്കാ‍ന്‍ പറ്റുന്നില്ല..
ഒരാള്‍ ചീത്തയാകുമ്പോള്‍ അയാളെ നേര്‍വഴിക്കു നയിക്കാനുള്ളതിനു പകരം സപ്പോര്‍ട്ട് ചെയ്യാന്‍ കുറേ പേരു വേറെയും....