Friday, May 23, 2008

പടം

തമ്പ്രാന്‍ തുണിയുരിഞ്ഞതിന്‍ തോറ്റം പാടി
ഉറഞ്ഞാടും
നാനാര്‍ത്ഥമുള്ളൊരു വാക്കുപോലെ
കുഞ്ഞിരാമന്റച്ഛന്‍ കെട്ടിയ
പുതിയോതി.

പുതിയോത്രക്കണ്ടത്തില്‍
വെളിച്ചംകുറഞ്ഞൊരു മൂലയില്‍
കുഞ്ഞിരാമനിരിപ്പുണ്ടാകും
തുണിയില്ലാത്തപെണ്ണുങ്ങളുടെ
ഫോട്ടംവില്‍ക്കാന്‍.

അന്നൊരിക്കല്‍
ഒരു പോലീസുകാരന്‍ തെക്കന്‍
പതുങ്ങിപ്പതുങ്ങിവന്ന്
‘പടമെടുക്കെടാ പടമെടുക്കെടാ’.
സംശയിച്ചു നില്‍ക്കുന്നതു കണ്ട്
‘എടുക്കെടാ പടം’എന്നുറക്കെ.

എഴുന്നേറ്റ് കാലുകള്‍ പിണച്ച്
കൈപ്പത്തി തലക്കുമീതെ കുടയാക്കി
മൂര്‍ഖനെപ്പോല്‍ പടമെടുത്ത്
ചീറ്റിയാടി കുഞ്ഞിരാമന്‍.

7 comments:

ജ്യോനവന്‍ said...

പടത്തിന്റെ ഈ നാനാര്‍ത്ഥങ്ങള്‍ ഒരേ പടത്തില്‍ കോര്‍ത്തിട്ടത് ഉഗ്രനായി.

ജ്യോനവന്‍ said...

സോറി
'ഒരേ' എന്നതിന് 'ഒരു' എന്ന് തിരുത്ത്

ടി.പി.വിനോദ് said...

‘നാനാര്‍ത്ഥമുള്ളൊരു വാക്ക്’ എന്ന സത്യമെഴുത്തിന് ഒരു സല്യൂട്ട്.

ഓ.ടോ : നമ്മുടെ നാട്ടില്‍ നിന്ന് ഒരാള്‍ തെക്കോട്ട് എവിടെയോ പോയിട്ട് ഹോട്ടലില്‍ ഊണ് കഴിച്ച ശേഷം ‘ഇലയെടുത്ത് ചാടണോ?’ എന്ന് അവിടെയുള്ളവരോട് ചോദിച്ചപ്പോള്‍ എച്ചിലില കയ്യില്‍ പിടിച്ച് തുള്ളുന്ന ആളിനെ മനസ്സിലാലോചിച്ച് ഹോട്ടലിലുള്ളവര്‍ അന്തംവിട്ട കാര്യം കേട്ടിട്ടുണ്ടോ? :)

Latheesh Mohan said...

കുഞ്ഞിരാമന്റെ പടം ആ തെക്കന്‍ എടുത്തു പോയിട്ടുണ്ടാവും. പടം എന്നതിന് പത്തി എന്നൊരര്‍ഥം തെക്കോട്ട് സഞ്ചരിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. പാമ്പിന്റെ പടം എന്നു പറഞ്ഞാല്‍ അതു പൊഴിച്ചു പോകുന്ന തോലാണ് ഞാന്‍ ജനിച്ച നാട്ടില്‍

പടം പോയ കുഞ്ഞിരാമനെ എന്തിനു കൊള്ളാം.

Unknown said...

അനന്തരം കുഞ്ഞിരാമന് എന്തു പറ്റിയോ ആവോ? ജയിലില്‍?കാഴ്ച്ചബംഗ്ലാവില്‍?ആ കണ്ടത്തിന്റെ ആഴത്തില്‍?
കുറ്റിക്കാട്ടിലേയ്ക്ക് വേച്ചുവേച്ചിഴയുന്ന കുഞ്ഞിരാമനെ പാപ്പിനിശ്ശേരിയിലെ കിണറ്റിലെ പാഠശാല ക്യാന്‍ വാസ് ചെയ്തോ?
ഒരു മിത്തിലേയ്ക്കും ആവാഹിക്കാനാകാത്ത ഓര്‍മകളെ തുറന്നു വിടുന്നത് ,ആ, കവിത തന്നെ!

സജീവ് കടവനാട് said...

അപ്പൊ നിങ്ങടെ നാ‍ട്ടില് പോട്ടത്തിന് പടംന്ന് പറയൂല്ലേ?

ലാപൂട പറഞ്ഞതിന്റെ തെക്കന്‍ വേര്‍ഷനാണ് ഞങ്ങടെ നാട്ടില്‍ പ്രചാ‍രം. വടക്കുള്ള ഹോട്ടലില്‍ ‘ഇലയെടുത്തു ചാടുക’ എന്നെഴുതിവെച്ചത് കണ്ട് ഇലയെടുത്തുചാടി(തുള്ളി)യയാളെക്കുറിച്ച്.

Unknown said...

ഹിഹി.