Friday, August 8, 2008

പോസ്റ്റര്‍

പോസ്റ്ററൊട്ടിക്കാന്‍ മടിച്ചു നിന്നപ്പോള്‍
കണ്ടക്കയ്യിലെ കവുങ്ങിന്‍തോപ്പുകള്‍ കണ്ടിട്ടുണ്ടോ
എന്നു ചോദിച്ചു
കുഞ്ഞിരാമേട്ടന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച സമയം
കണ്ടക്കയ്യിലെ ആളൊഴിഞ്ഞൊരു മൂലക്കെ
കവുങ്ങിന്റെ മണ്ടയില്‍ കയറി
ആടിയാടി മറ്റൊരു കവുങ്ങിലേക്ക് മാറി...
അടിയിലൂടെ നടക്കുന്ന
പെണ്ണുങ്ങളുടെയും പണിക്കാരുടെയും
പോലീസുകാരുടെയും മുകളിലൂടെ
ഒരു കിലോമീറ്ററോളം പറന്ന്
എം.എസ്.പിക്കാര്‍ കാവല്‍ നില്‍ക്കുന്ന
ജന്മിയുടെ വീട്ടുമുറ്റത്തെ
തെങ്ങിലെത്തി
മാളികയുടെ മൂന്നാം നിലയുടെ ചുവരില്‍
‘ജന്മിത്തം തുലയട്ടെ’ എന്ന പോസ്റ്ററൊട്ടിച്ച്
അതു പോലെ തിരിച്ചു വന്ന
ഗോപാലന്റെ* കഥപറഞ്ഞു.

കഥ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം
കടൂരിന്റെ മുക്കിലും മൂലയിലും പതിഞ്ഞു
പോസ്റ്ററുകള്‍.
വൈകുന്നേരം
കവുങ്ങിന്‍തോപ്പില്‍ക്കിടന്ന്
ഓലകള്‍ക്കിടയിലൂടെ
ചുവന്ന ആകാശം നോക്കി
ചിറകുകള്‍ സ്വപ്നം കണ്ടു
കുട്ടികള്‍.
--------------------------------
*പാടിക്കുന്ന് രക്തസാക്ഷികളിലൊരാള്‍

19 comments:

ടി.പി.വിനോദ് said...

വാക്കുകള്‍ക്കടിയില്‍ നിന്ന് മുകളിലേക്ക് നോക്കുമ്പോള്‍ കാണാവുന്ന കഥകളുടെ ചുവപ്പ്..:)

ശെഫി said...

കവിതക്കുമുണ്ടൊരു ചുവപ്പ്

സജീവ് കടവനാട് said...

അരുണകാല്പനികതപോലെ അരുണഗൃഹാതുരതയുടേയും കാലം കഴിഞ്ഞിട്ടില്ല അല്ലേ ഗൃഹാതുരതയെ തൂത്തെറിയേണ്ട ഉത്തരാധുനിക കവേ...?

എന്തായാലും കവിതയിലെ കഥ ഇഷ്ടായി.

Pramod.KM said...

കിനാവേ.. തൂക്കണമെന്നൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടല്ല.:)

നജൂസ്‌ said...

ഒരു കഥമാത്രമല്ല ഒരു കാലഘട്ടം തുറന്ന്‌ വെച്ചിരിക്കുന്നൂ ഈയൊരു കവിത. വളരെ മനോഹരമായിരിക്കുന്നൂ പ്രമോദ് ചുവന്ന ബാക്ക്ഗ്രൌണ്ടിനു താഴെ‍ ഒട്ടിച്ചു വെച്ച അക്ഷരങള്‍.....

നജൂസ്‌ said...
This comment has been removed by the author.
420 said...

ഇല്ല, ഇല്ല എന്ന്‌ എത്ര പറഞ്ഞാലും
ഉള്ളില്‍ ചുവപ്പുണ്ടെന്ന്‌ വീണ്ടും
ഓര്‍മിപ്പിക്കുന്നു ഈ വരികള്‍.

പ്രമോദേ, നല്ല കവിത.

വിശാഖ് ശങ്കര്‍ said...

ഇത്തരം കുറേയേറെ പോസ്റ്ററുകള്‍ തയ്യാറാക്കി വയ്ക്കണം പ്രമോദ്.നാട്ടില്‍ വരുമ്പോള്‍ ചില നാറിയ സഖാക്കന്മാരുടെ നെറ്റിയില്‍ ഒട്ടിക്കാനാ..

(രണ്ടാം ഭൂപരിഷ്കരണം ചില തീവ്രവാദി സംഘടനകളുടെ വെറും വാചകമടിയാണത്രേ....)

അനിലൻ said...

നക്ഷത്രമുണ്ടായിരുന്നല്ലോ ആ ചുവന്ന ആകാശത്ത്!

Mahi said...

ചരിത്ര പാഠപുസ്തകങ്ങളില്‍ വയിക്കാന്‍ കഴിയാതെ പോയ തൊഴിലാളി വര്‍ഗത്തിന്റെ ഒരുപാട്‌ കഥകളെ, ചരിത്രങ്ങളെ, ആ ഭാഷയെ നിങ്ങളുടെ കവിതയില്‍ വീണ്ടും വീണ്ടും വായിക്കുന്നു.ഒരുപാട്‌ നന്ദി

Raji Chandrasekhar said...

കാലഘട്ടത്തിന്റെ ആവശ്യാനുസരണം കരുത്തുള്ളവര്‍ കടന്നു വരുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്യുന്നു.

കവിത പോസ്റ്ററുകളുടെ പോസ്റ്ററാണ്.

Raji Chandrasekhar said...

കാലഘട്ടത്തിന്റെ ആവശ്യാനുസരണം കരുത്തുള്ളവര്‍ കടന്നു വരുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും ചെയ്യുന്നു.

കവിത പോസ്റ്ററുകളുടെ പോസ്റ്ററാണ്.

Unknown said...

ആ ചിറകുകള്‍ എവിടേയ്ക്കു പോയി?മനുഷ്യരെല്ലാം പുഴുക്കളായെന്ന് സ്വകാ‍ര്യം പറയുന്നുണ്ടാകുമോ ആ കവുങ്ങുകള്‍?

siva // ശിവ said...

കഥ പോലെ സുന്ദരമായ കവിത....

nalan::നളന്‍ said...

കവുങ്ങുകള്‍ എവിടെപ്പോയെന്നോ ? പാര്‍ട്ടി ഓഫീസിന്റെ ടെറസ്സു വാര്‍പ്പിനിടയില്‍ മേല്‍ക്കൂരതാങ്ങികളായി രണ്ടു മൂന്നെണ്ണം കണ്ടതോര്‍ക്കുന്നു.

മനോജ് കാട്ടാമ്പള്ളി said...

എനിക്ക് പരിചയമുള്ള ഇടങ്ങള്‍ കവിതയിലൂടെ ചോര വീഴ്ത്തുന്നല്ലോ....നല്ല അനുഭവം...

Ranjith chemmad / ചെമ്മാടൻ said...

ചുവന്ന് മെലിഞ്ഞ്, കവിത പോലെ..........

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അനുഭവം കവിതയാവുന്നതിന്റെ തീക്ഷണത ഇവിടെനിന്നും വായിച്ചറിഞ്ഞു

B Shihab said...

നല്ലൊരുചുവപ്പ്
കവിത