Monday, February 16, 2009

അയ്യേ...

ചെറുപഴശ്ശി എ.എല്‍.പി സ്കൂളില്‍ പഠിക്കുമ്പോള്‍
ഓഫീസ് റൂമിന്റെ ജനലില്‍
ചേടിമണ്ണുകൊണ്ട്
‘കുട്ടിരാമന്‍ പിട്ടയിട്ടു’
പിട്ടതട്ടി തോട്ടിലിട്ടു’ എന്ന്
വെറുതേ എഴുതിവെച്ചിരുന്നു ഞാന്‍.

കുട്ടിരാമന്‍ എന്നുപേരുള്ള
ഒരാളെ മാത്രമേ
എനിക്കറിയുമായിരുന്നുള്ളൂ.
പറഞ്ഞുവരുമ്പോള്‍ ഒരു വെല്ല്യച്ചനായി വരും.
അയാളുമായി
പറയത്തക്ക സ്നേഹമോ വെറുപ്പോ
ഒന്നും ഇല്ലായിരുന്നെങ്കിലും
വെറുതേ വെറുതേയങ്ങനെ എഴുതി വെച്ചു.
ആരാണിതെഴുതിയതെന്ന് ഞാന്‍ തന്നെ
കൂട്ടുകാരോട് ചോദിച്ചു.
പലരും പലരോടും ചോദിച്ചു.
നല്ല തമാശ തന്നെ, അല്ലേ എന്ന്
ഉറപ്പുവരുത്തി.

ഉസ്കൂളിന്റെ പണിക്കായി കിട്ടുന്ന ഗ്രാന്റ്
ദിനേശ് ബീഡി വാങ്ങാമ്പോലും തെകയൂല്ലെന്ന്
മാനേജര്‍ ബാലേട്ടന്‍ പറഞ്ഞിരുന്നതു കാരണം
വളരെക്കാലം
ഓഫീസ് റൂമിന്റെ ജനലില്‍
‘കുട്ടിരാമന്‍ പിട്ടയിട്ടു’.
ഇത് എയ്തിയത്
ഏത് നായീന്റെ മോന്റെ മോനാടാ എന്ന്
ബാലേട്ടന്‍ വല്ലപ്പോഴും അലറുമായിരുന്നെങ്കിലും
ചേടി മണ്ണ്
അതിനെയെല്ലാം അതിജീവിച്ചു.

ബാലേട്ടന്റെ ഒച്ച ഭയങ്കരമായിരുന്നു.
കുട്ടികള്‍ക്കെല്ലാം പേടിയായിരുന്നു.
ആറ്റംബോംബിന്റെ ഒച്ച
ഇതുപോലെയായിരിക്കുമെന്ന്
ഞങ്ങള്‍ കരുതിയിരുന്നു.
പിന്നീട്
ബാലേട്ടന്റെ ഒച്ചയെ മുഴുവന്‍
ഒരു തെളിവു പോലുമവശേഷിപ്പിക്കാതെ
തൊണ്ടയിലെ സൂക്കേട് മായ്ച്ചുകളഞ്ഞെങ്കിലും
ഓഫീസ് റൂമിന്റെ ജനലില്‍
കുട്ടിരാമന്‍ പിട്ടയിട്ടു

മാനേജര്‍ മാറിയപ്പോള്‍
ഓഫീസ് റൂം പുതുക്കിപ്പണിതു.
പുതിയ ജനലു വെച്ചു.
പഴയ ജനലു കീറി മുറിച്ചു
കുട്ടിരാമന്‍ പിട്ടയിട്ടു ആദ്യവും
പിട്ടതട്ടി തോട്ടിലിട്ടു രണ്ടാമതും
കൃത്യമായിത്തന്നെ അടുപ്പില്‍ മൂട്ടി,
ആ ഉസ്കൂളില്‍ കഞ്ഞിവെപ്പുകാരിയായ
എന്റെ അമ്മ
കഞ്ഞിയും പുഴുക്കും വെച്ചു.

ഞാന്‍ ഇപ്പോള്‍
ഒരുഗ്രന്‍ കവിയായി.
പുസ്തകമുടനെയിറക്കും.
അവാര്‍ഡ് കിട്ടും.
വേദിയില്‍ വെച്ച്
ഞാന്‍ ജീവിതത്തില്‍ ആദ്യമായി
‘കുട്ടിരാമന്‍ പിട്ടയിട്ടു’ എന്ന
ആദ്യകവിതയുടെ പിതൃത്വം
ഏറ്റെടുക്കും.
നായീന്റെ മോന്റെ മോനെന്നു പറയിപ്പിച്ച
അതേവരികള്‍
ജനങ്ങളെ കയ്യടിപ്പിക്കും.
അയ്യേ...

13 comments:

കുഴൂര്‍ വില്‍‌സണ്‍ said...

ഉസ്ക്കൂളിനെക്കുറിച്ചുള്ള കൂടുതല്‍ കവിതകള്‍ ഈയിടെ വായിക്കാന്‍ കഴിയുന്നു. കരിയാട് ഒരു പരമ്പര തന്നെ തുടങ്ങി.

ഉസ്ക്കൂളിനെക്കുറിച്ച് എഴുതുന്നതിലൂടെ നിന്നെ കുറെക്കൂടി വെളിപ്പെടുത്തുന്നുണ്ട് ഇത്

ഗുപ്തന്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

ഇതിനെ കൂടെ കൊണ്ടു നടക്കുന്നതുകണ്ടാല്‍ ആരും 'അയ്യേ' എന്നു പറയില്ല.
nalla kavitha

ജ്യോനവന്‍ said...
This comment has been removed by the author.
prabha said...

pramaadam pramaadam!!!

ലാപുട said...

കുരുത്തംകെട്ട കോറിവരപ്പുകള്‍ അതിജീവിക്കും...അയ്യേ എന്ന നാണത്തിലേക്ക് വയസ്സാവുന്നത് നോക്കണ്ട...

പി.അനൂപ് said...

അങ്ങനെ ‘കുട്ടിരാമന്‍ പിട്ട ഇട്ട കഥയിലെ‘ നായകനെ മനസിലായി. പാവം ബാലേട്ടന്‍ ....

ഇനി ജനാര്‍ദ്ദനനന്‍ മാഷിന്റെ ഹിന്ദി ക്ലാസിന്റെ പിന്‍ബെഞ്ചിലിരുന്ന് ഡെസ്കിലടിച്ച് ഒച്ചയുണ്ടാക്കി എല്ലാവരെയും എണീപ്പിച്ചു നിര്‍ത്തിയതും , ‘‘കോളേജിലേത്തിയാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ‘തീറ്റ’യാണോ മാഷേ’‘ എന്നു ചോദിച്ച തിനെപറ്റിയും ഒക്കെ കവിതകള്‍ വരട്ടെ പ്രമോദേ.... :)

Mahi said...

കവിതയിലെ ഹ്യൂമര്‍ സെന്‍സുണ്ടല്ലൊ പ്രമോദെ പ്രമാദം തന്നെ

സാല്‍ജോҐsaljo said...

അയ്യേ...


നിന്റെ കവിതകൾ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ... ഇതും അങ്ങനെ പെടുത്തു. ;)


സൂപ്പർ

S.V.Ramanunni said...

അവാർഡ് കിട്ടും...എല്ലാ കവികളും ഇപ്പോൾ വെളിപ്പെടുത്തുന്നതു ഇത്തരം ചുവരെഴുത്തുകളാണു..സ്ക്കൂൾ ചുവർ, അമ്പലച്ചുവർ..കുളപ്പുര ച്ചുവർ, കക്കൂസ് ചുവർ, ..
മാത്രമല്ല ‘ഒരു പ്രമാദം’ ആണു എല്ലാ കാവ്യങ്ങൾക്കും അടിക്കല്ല്.കിട്ടും...കിട്ടട്ടെ.

ReshmiR said...

kurutham ketta payya..assal ayi.

Shaivyam...being nostalgic said...

Are you stationed in S.Korea now? I have fond memories of Seoul & Busan when I visited there. Would like to know more..

മുരളിക... said...

പ്രമാദം മാഷെ,,,, നല്ല കവിത. ആദ്യയിട്ടന് ഇവിടെ, ഇനീം വരാനുണ്ട്.