Monday, January 21, 2013

കൊറിയ ഏസോ കടൂര്‍ കാചി

‘വാ... വാ’ എന്നതിന്
‘വാ... വാ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കാ....കാ’ എന്നതിന്
‘പോ.....പോ’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

‘അയ്യോ.... പാമ്പ്’എന്നതിന്
‘ഐഗോ....പേം’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കേ.... കേ’ എന്നതിന്
‘പട്ടി....പട്ടി’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

‘പുല്ല്...പുല്ല്’ എന്നതിന്
'ഭുല്ല് ...ഭുല്ല് ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
'നാമു....നാമു’ എന്നതിന്
‘മരം....മരം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

'പള്ളി...പള്ളി’ എന്നതിന്
‘ക്യോഹെ...ക്യോഹെ’  എന്നു പറയുന്ന നാട്ടില്‍ നിന്നും
‘പള്ളി...പള്ളി’ എന്നതിന്
‘വേഗം...വേഗം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

കൈകൂപ്പുന്നതിനു പകരം
കുനിയുന്ന നാട്ടില്‍ നിന്നും
ചൊക്കാരക്കുപകരം
കൈകൊണ്ട് തിന്നുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

പൂവിനുശേഷം ഇലവരുന്ന നാട്ടിലെ
അല്‍മോണിയെ വിട്ട്
അമ്മൂമ്മയെ കാണാന്‍ ഞാന്‍ പോകുന്നു.

സോജുവും തേജും വിട്ട്
കൂട്ടുകാരായ സോജുവിനെയും തേജിനെയും കാണാന്‍
ഞാന്‍ പോകുന്നു

ഒരു ചിരിയാല്‍
ആംഗ്യത്താല്‍
ശബ്ദത്താല്‍
അതിരുകള്‍ മായ്ച്ചവരേ...
ഞാന്‍ പോകുന്നു.

പുലര്‍ച്ചെ ഒന്നോ രണ്ടോ മണിക്ക്
ലബോറട്ടറിയില്‍ നിന്നും
പുസ്തകങ്ങളെയും രാസപ്രവര്‍ത്തനങ്ങളെയും
താരാട്ടിയുറക്കി മടങ്ങുമ്പോള്‍
വീടുകളുടെയും കടകളുടെയും മുന്നില്‍ കൂട്ടിവെച്ച
പാഴ്വസ്തുക്കള്‍ പെറുക്കുന്ന
‘കിം അമ്മാവനെ’ കാണും.
അറിയാത്ത ഭാഷയുടെ കട്ടിക്കമ്പിളിക്കുപ്പായത്തിന് തടുക്കാനാവാത്ത
ആ സ്നേഹത്തിന്റെ തണുപ്പില്‍
പലപ്പോഴും നമ്മള്‍
തുറന്നിരിക്കുന്ന ഏതെങ്കിലും ഒരു കടയില്‍പ്പോയി
സോജുവോ മറ്റെന്തെങ്കിലുമോ കഴിക്കും.
കിം അമ്മാവാ...ഞാന്‍ നാ‍ട്ടിലേക്കു പോകുന്നു.

ദേജിയോണിലെ ചൊന്മിന്‍ദോങ്ങില്‍
അഞ്ചുദിവസം കൂടുമ്പോള്‍ വരുന്ന ചന്തകളില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുമ്പോള്‍
പുറംനാട്ടുകാരനായതിനാലോ എന്തോ
മൂന്നോ നാലോ
ഉള്ളിയോ ഉരുളക്കിഴങ്ങോ അധികം തരുന്ന
അജശിമാരേ, അജുമമാരേ....
ഞാന്‍ പോകുന്നു.

എന്റെ വര്‍ഷങ്ങളെ
പോറ്റുകയും പഠിപ്പിക്കുകയും പീഡിപ്പിക്കുകയും
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത
തേഹന്‍മിന്‍കൂക്.....
ഞാന്‍ പോകുന്നു.

അങ്ങ് ദൂരെ
എനിക്ക്
എന്റെ നാടുണ്ട്.
അവിടെ
ഇവിടത്തേക്കാള്‍ അഴുക്കുണ്ട്
കളവുണ്ട്
രോഗമുണ്ട്
പട്ടിണിയുണ്ട്...


പക്ഷേ...
എനിക്ക് കവിതതോന്നുന്ന ഭാഷയുണ്ട്.
ആ ഭാഷയ്ക്ക്
വട്ടങ്ങളും വരകളും കൊണ്ടുണ്ടാക്കിയ
24 കൊറിയന്‍ അക്ഷരങ്ങള്‍ക്കു പകരം
വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ
51 മലയാളം അക്ഷരങ്ങള്‍ ഉണ്ട്.

ഞാന്‍ പോകുന്നു....

 --------------------------

സോജു: കൊറിയന്‍ മദ്യം, തേജ്: പന്നിയിറച്ചിയുടെ കൊറിയന്‍ പദം.
തേഹന്‍മിന്‍കൂക്: ദക്ഷിണകൊറിയയുടെ കൊറിയന്‍ പേര്.

14 comments:

വിഷ്ണു പ്രസാദ് said...

പ്രമോദ്,നല്ല കവിത.സന്തോഷം തോന്നുന്നു.കവിതയുടെ ഉറവ വറ്റിയിട്ടില്ലെന്ന് അറിയുന്നതില്‍...

ശ്രീ said...

നന്നായെഴുതി, പ്രമോദ്.

അപ്പോള്‍ വീണ്ടും തിരിച്ചു നാട്ടിലേയ്ക്ക് വരുവാണല്ലേ? ലീവിലാണോ അതോ...

ഭാനു കളരിക്കല്‍ said...

ഭാഷക്കുള്ളില്‍ മനുഷ്യ ഹൃദയമുണ്ട്. രണ്ടു ഭാഷയും മിടിക്കുന്നത്‌ ഒരേ താളത്തില്‍, ഒരേ വികാരത്തില്‍.

ajith said...

നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു......

ലേഖാവിജയ് said...

വരൂ വരൂ..സ്വാഗതം..:)

ചിത്ര said...

good one..

Anonymous said...

Korea has got an enamouring aura. . pakshe nammude naatile mannum manavum onavum vishuvum kaniyum sadhayayumillatha naalukal orkkan thanne padanu . . manoharamayrikkunnu ee varikal ..

രാജേഷ്‌ ചിത്തിര said...

good one ...:)

പൊന്നപ്പന്‍ - the Alien said...

ഉമ്മ ഉമ്മ ഉമ്മുമ്മ.. എനിക്ക് പുതിയ കണ്ണുകളും ചെവികളും മുളച്ചു വന്നതു പോലെ തോന്നുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അല്പം താമസിച്ചെങ്കിലും സ്വാഗതം നാട്ടിലേക്ക്. :)

Anonymous said...

സന്തോഷം പ്രമോദ്..
Smitha pannian

Kunnimani said...

കവിത നന്നായിട്ടുണ്ട്...

Abhilash k. v said...

Verrittu vayikkunnu....puthuvazhi vettunnu...

ധ്വനി | Dhwani said...

ന്നിട്ടു ഒരുപാടു കവിതയൊന്നും തോന്നിയില്ലല്ലോ!ഇവിടെ ഒന്നും കാണുന്നില്ലല്ലോ!