Tuesday, May 1, 2007

ചില യാത്രകള്‍

1
യാത്രക്കിടയില് പിടിക്കപ്പെട്ട്
സമാധാന സമ്മേളനത്തിനിടയില്
തുറന്നു വിടുന്ന
ശാന്തിപ്രാവ്
വീണ്ടും യാത്ര തുടരും.
അടുത്ത നിമിഷത്തിലെ
വെടിയൊച്ചക്കുശേഷം കാണുന്ന
ജഡമാണത്.
പൂ പറിക്കാന് പോകുന്ന
ആ പെണ്കുട്ടി
വഴിയില് വച്ച്
ആവിയായിപ്പോകും.
2
ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്ത്ത്
മെലിഞ്ഞവര് യാത്ര ചെയ്യും.
മറ്റുള്ളവരെന്തു വിചാരിക്കുമെന്നോറ്ത്ത്
വിപണികളിലേക്ക് യാത്ര ചെയ്യുന്നവരാണ്
കുത്തകപ്രഭുക്കന്മാരുടെ ശക്തി.
3
യാത്രക്കിടയില് കണ്ടുമുട്ടിയ
അടിമ പറഞ്ഞത്:
അവനെന്റെ ബലിഷ്ഠ പാദങ്ങള്ക്ക്
ആഴമേറിയ മുറിവേല്പ്പിച്ചെങ്കിലും
ഞാന് നടത്തം തുടര്ന്നു.
ശക്തമായ കാലടികളില് നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്
എന്റെകറുത്തു നഗ്നമായ ചന്തിയില് വരക്കുന്ന
ചുവപ്പു ചിത്രങ്ങള് കണ്ട്
അവന്
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
4
അവസാനമാണ്
അമ്പലങ്ങളിലേക്കുള്ള യാത്ര.
വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്
ഇറങ്ങി നടന്നു കാണും.
പ്രാര്ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
5
എല്ലാ നിലവിളികളുടെയും യാത്ര
കേള്ക്കാത്ത ചെവികളിലേക്കാണ്.
എല്ലാ ആയുധങ്ങളുറ്റേയും യാത്ര
നിരപരാധികളുടെ നെഞ്ചിലേക്കാണ്.
എല്ലാ മാലിന്യങ്ങളുടെയും യാത്ര
നമ്മുടെ വയറ്റിലോട്ടാണ്.
ചിലമ്പും ചിരിയും നഷ്ടപ്പെട്ട്
നമ്മുടെ സംസ്കാരങ്ങള് യാത്രയായത്
എങ്ങോട്ടേക്കാണ്?
6
നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
നമുക്ക് സഹതപിക്കാം.
പക്ഷെ പകരം
തീട്ടവും,മൂത്രവുമടച്ചുവച്ച
പഞ്ചദുഷ്ടന്മാരെ തെരഞ്ഞുപിടിക്കാന്
ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
നാം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
ഏത് ചങ്ങലക്കും തളക്കാന് കഴിയാത്ത വിധം
ഏത് പേപ്പട്ടിക്കും തടുക്കാന് കഴിയാത്ത വിധം
ഏതായുധത്തിനും തകറ്ക്കാന് കഴിയാത്ത വിധം.
-------------------------------------------------------
2003 ജനുവരി ആദ്യലക്കത്തില്‍,ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച എന്റെ കവിത.
ഒരിക്കല്‍ കൂടി മെയ്ദിനാശംസകള്‍.

19 comments:

വേണു venu said...

എല്ലാ നിലവിളികളുടെയും യാത്ര
കേള്ക്കാത്ത ചെവികളിലേക്കാണ്.
എല്ലാ ആയുധങ്ങളുറ്റേയും യാത്ര
നിരപരാധികളുടെ നെഞ്ചിലേക്കാണ്

പക്ഷേ അപ്പോഴൊക്കെയും.....

എന്റെകറുത്തു നഗ്നമായ ചന്തിയില് വരക്കുന്ന
ചുവപ്പു ചിത്രങ്ങള് കണ്ട്
അവന്
കിടുകിടാ വിറച്ചിട്ടുണ്ടാവണം.

തീര്‍ച്ചയായും, എന്നും.ഇനിയും!!!

ശിശു said...


എല്ലാ നിലവിളികളുടെയും യാത്ര
കേള്ക്കാത്ത ചെവികളിലേക്കാണ്.
എല്ലാ ആയുധങ്ങളുറ്റേയും യാത്ര
നിരപരാധികളുടെ നെഞ്ചിലേക്കാണ്
എല്ലാ മാലിന്യങ്ങളുടെയും യാത്ര
നമ്മുടെ വയറ്റിലോട്ടാണ്,
ചിലമ്പും ചിരിയും നഷ്ടപ്പെട്ട്
നമ്മുടെ സംസ്കാരങ്ങള് യാത്രയായത്
എങ്ങോട്ടേക്കാണ്

ഇഷ്ടപ്പെട്ട വരികള്‍.
പിറക്കാന്‍ ആറാണ്ട്‌ വൈകിപ്പോയ, സഖാവിന്റെ, മകന്‌ മെയ്ദിനാശംസകള്‍.

അനോമണി said...

ഹും..ഇവന്‍ സാമ്രാജ്യത്വ ചാരന്‍ തന്നെ!! അടിമ, തോക്ക്, ചങ്ങല എന്നൊന്നും പറഞ്ഞത്കൊണ്ടായില്ല!! ഇവര്‍ക്കൊന്നും വിപ്ലവത്തിനെക്കുറിച്ചൊരു ചുക്കും അറിയില്ല!! പു. ക. സ. യില്‍ നിന്നും പുറത്താക്കി പിണ്ടം വെച്ചിരിക്കുന്നു.

Pramod.KM said...

വേണുവേട്ടനും ശിശു ഏട്ടനും നന്ദി.
അനോമണി..പുകസ യില്‍ നിന്നും കടമ്മനിട്ടയെ വരെ പുറത്താക്കാന്‍ നോക്കുന്നു.പിന്നെ അല്ലെ മറ്റുള്ളവറ്!!

സാരംഗി said...

നല്ല കവിതകള്‍..ഇഷ്ടമായി..പു.ക.സ. യില്‍ നിന്നു പോയാലെന്ത്‌..ബൂലോകം അങ്ങനെ വിശാലമായി കിടക്കുവല്ലേ..:-)

പിന്നെ, കടമ്മനിട്ടയെ ആരു പുറത്താക്കിയാലും അദ്ദേഹത്തിന്റെ 'കോഴി','ചക്കാല' ഇതൊക്കെ, കവിതകള്‍ ഇഷ്ടപ്പെടുന്ന ഏതെങ്കിലും മലയാളി മറക്കുമോ?

Pramod.KM said...

സാരംഗിച്ചേച്ചീ.നന്ദി.
അതു ശരിയാണ്‍.കുറത്തി,കോഴി എന്നീ കവിതകളെയൊന്നും മലയാളീക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.പോയി തുലയട്ടേ പു.ക.സ. മണ്ണാങ്കട്ട.

mumsy-മുംസി said...

നല്ല കവിത പ്രമോദ് ...
കവിതക്ക് ഒരു പ്രത്യക്ഷ രാഷ്ട്രീയമുണ്ടെങ്കില്‍, അത് ഇടതുപക്ഷമാണെങ്കില്‍ (വലത്തോട്ട് ചായാത്തത്‌) , അത്‌ മനുഷ്യപക്ഷത്താണെങ്കില്‍ എന്താണ്‌ കുഴപ്പം?

Pramod.KM said...

മുംസിച്ചേട്ടാ..കവിത വായിച്ചതിനും അഭിപ്രായമറിയിച്ചതിനും നന്ദി.
“കവിതക്ക് ഒരു പ്രത്യക്ഷ രാഷ്ട്രീയമുണ്ടെങ്കില്‍, അത് ഇടതുപക്ഷമാണെങ്കില്‍ (വലത്തോട്ട് ചായാത്തത്‌) , അത്‌ മനുഷ്യപക്ഷത്താണെങ്കില്‍ എന്താണ്‌ കുഴപ്പം?“
ഒരു കുഴപ്പവുമില്ല, മാത്രമല്ല, ഇടതുപക്ഷമാണെങ്കില്‍ അതെന്നും മനുഷ്യപക്ഷത്തായിരിക്കും.അല്ലാത്തത് ഇടതുപക്ഷമല്ല.

padmanabhan namboodiri said...

നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
നമുക്ക് സഹതപിക്കാം.
പക്ഷെ പകരം
തീട്ടവും,മൂത്രവുമടച്ചുവച്ച
പഞ്ചദുഷ്ടന്മാരെ തെരഞ്ഞുപിടിക്കാന്
ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
നാം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
ഏത് ചങ്ങലക്കും തളക്കാന് കഴിയാത്ത വിധം
ഏത് പേപ്പട്ടിക്കും തടുക്കാന് കഴിയാത്ത വിധം
ഏതായുധത്തിനും തകറ്ക്കാന് കഴിയാത്ത വിധം.

പ്രമോദ്, നല്ല കണ്ക്ലൂഷന്‍. നല്ല ഒതുക്കം.

Pramod.KM said...

പത്മനാഭന്‍ മാഷേ.നന്ദി.വീണ്ടും വരിക.;)

വിഷ്ണു പ്രസാദ് said...

പ്രമോദ്,കവിത ഇഷ്ടമായി.

പൂ പറിക്കാന് പോകുന്ന
ആ പെണ്കുട്ടി
വഴിയില് വച്ച്
ആവിയായിപ്പോകും...
സിറാജുന്നിസയെ ഓര്‍ത്തു...

രണ്ടാം ഖണ്ഡം ഉയര്‍ത്തുന്ന ചിന്ത ഇവിടെ മറ്റു നടപ്പുകള്‍ക്കിടയില്‍ മറഞ്ഞു പോവേണ്ടതല്ല.
പ്രതിരോധത്തിന്റെ കുപ്പായം തുന്നാനുള്ള ആഹ്വാനം എല്ലാ ചെവികളിലുമെത്തട്ടെ.

റീനി said...

പ്രമോദെ, കവിത നന്നായിരിക്കുന്നു.
വിഷുവിന്‌ അമ്പലത്തില്‍ പോയത്‌ വെറുതെയായോ? ദൈവങ്ങള്‍ ഫിറ്റ്‌ ആന്‍ഡ്‌ ട്രിം ആയി വിഗ്രഹങ്ങളിലേക്ക്‌ മടങ്ങുന്നതുവരെ ഇനി അമ്പലത്തില്‍ പോകേണ്ടല്ലോ.

Pramod.KM said...

വിഷ്ണു മാഷേ,നന്ദി.വായനക്കും അഭിപ്രായത്തിനും.
പ്രതിരോധത്തിന്റെയും ഒരു പടികൂടി കടന്ന് പ്രതികാരത്തിന്റെയും കുപ്പായം നമുക്ക് തുന്നേണ്ടിയിരിക്കുന്നു.
റിനി ചേച്ചീ നന്ദി.
ഇനി അങ്ങോട്ടു അമ്പലത്തിലോട്ട് പോയിട്ട് ഒരു കാര്യവുമില്ല.അമ്പലത്തില്‍ കിടന്ന് മടുത്ത് പുറത്തിറങ്ങി പുറത്തെ ഭംഗിയാസ്വദിക്കുന്ന ദൈവം എപ്പോള്‍ മടങ്ങുമെന്ന് എനിക്കറിയില്ല;)

ഞാന്‍ ഇരിങ്ങല്‍ said...

പ്രമോദേ.. ഇ-മെയില്‍ വിലാസം തരൂ...

Pramod.KM said...

pramodcusat@gmail.com

അനിലൻ said...

വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്
ഇറങ്ങി നടന്നു കാണും.

ദൈവങ്ങളൊക്കെ അതിനെത്ര മുന്‍പേ ഇറങ്ങി നടന്നു.
പ്രതിരോധത്തിന്റെ കുപ്പായങ്ങള്‍ തുന്നുന്നവര്‍ ഇപ്പോഴും ഉണ്ടോ വിഷ്ണൂ?
ഉണ്ടാവുമല്ലേ!!!

നല്ല കവിത പ്രമോദ്.

Pramod.KM said...

നമ്മുടെ രാഷ്ട്രീയത്തിനും,വ്യവഹാരത്തിനും,ഭക്തിക്കും ദിശാബോധം നഷ്ടമാവുമ്പോള്‍, കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് ബോധപൂറ്വ്വമുള്ള ഒരു യാത്രക്ക് കോപ്പുകൂട്ടുകയെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.ചിലപ്പോള്‍ നമുക്ക് പുറപ്പെടാന്‍ പറ്റിയില്ലെങ്കിലും..;)
അനിലേട്ടന്‍ നന്ദി.

[ nardnahc hsemus ] said...

"ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്ത്ത്
മെലിഞ്ഞവര് യാത്ര ചെയ്യും."

ഇതു പണ്ട്‌ "കമ്പോളത്തില്‍" പറഞ്ഞതല്ലെ?

anyway, i really like ur style..
keep it up...

Pramod.KM said...

സുമേഷ് ചന്ദ്രന്‍,ആ ചോദ്യത്തിന്റെ ഉത്തരം,ഈ കവിതയുടെ ആദ്യത്തെ കമന്റില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.:)
ഈ കവിത കഷണങ്ങളാക്കി ആണ്‍ കമ്പോളവും,അടിമപറഞ്ഞതുമൊക്കെ ആദ്യം ചേറ്ത്തിരിക്കുന്നത്.:)
പിന്നെ അഭിനന്ദനത്തിനു നന്ദി.:)