Sunday, October 21, 2007

വസന്തം


പടിഞ്ഞാറേ
പൊട്ടക്കിണറ്റിന്റെ കരയിലുള്ള
ചെമ്പകത്തിന്
നീണ്ട ഇലകളുണ്ടായിട്ടു പോലും
തീരില്ല നാണം.

ഇലകള്‍ക്കിടയിലൂടെ
കാണാതെയൊന്നു
തട്ടിയോ മുട്ടിയോ പോയാല്‍
മുള്ളുവെച്ചൊരു നോട്ടമുണ്ട്
അപ്പറത്തെ വീട്ടിലെ പനിനീരിന് .

വളര്‍ച്ചയില്ലാത്തതിനാല്‍
തോട്ടിനക്കരെയുള്ള
കാക്കപ്പൂവിനും,കിണ്ടിപ്പൂവിനും
ചെറിയ ഇലകള്‍ മതി
ചെറുപ്പം മുതലേ...

കൊറിയന്‍ വസന്തത്തിലെ
ചെടികളേ...
നിങ്ങള്‍ക്കിങ്ങനെ
ഒരില പോലുമില്ലാതെ
വഴിയരികില്‍
പൂവും കാണിച്ചു നിന്നാല്‍ മതിയല്ലോ!

36 comments:

ശ്രീ said...

ഈ ചെടികളുടെ ഒക്കെ ഒരു കാര്യം!
:)

Kuzhur Wilson said...

ഈ പൂക്കളുടെ ഒരു കാര്യം

പൂവേ,
പൂ എന്നൊക്കെയല്ലാതെ
എന്ത് വിളിക്കാന്‍

പൂക്കടയിലെ കാര്യമാണു കഷ്ടം.

un said...

ഞാന്‍ കൊറിയയിലൊന്നുമല്ലാത്തത് ഭാഗ്യം!!
കവിത ഇഷ്ടമായി!

ടി.പി.വിനോദ് said...
This comment has been removed by the author.
ടി.പി.വിനോദ് said...

സംഗതികളെല്ലാം ശരിക്ക് വീണിട്ടുണ്ട്. കൊടുകൈ.:)

അക്കരെപ്പച്ച കവിതയുടെ ഹോര്‍‌മോണാണോ?

ഇലവെച്ചുമൂടിയ പൂവുകളെല്ലാം വെട്ടത്തിറക്കൂ സര്‍ക്കാരേ...എന്നൊരു മുദ്രാവാക്യമുണ്ടോ? :)

കണ്ണൂരാന്‍ - KANNURAN said...

കൊള്ളാം..

പ്രയാസി said...

കൊറിയന്‍ വസന്തത്തിലെ
ചെടികളേ...
നിങ്ങള്‍ക്കിങ്ങനെ
ഒരില പോലുമില്ലാതെ
വഴിയരികില്‍
പൂവും കാണിച്ചു നിന്നാല്‍ മതിയല്ലോ!

അയ്യേ..

രാജ് said...

നീ തകര്‍ക്കും ഉണ്ണ്യേ.

സുല്‍ |Sul said...

പൂ.... നന്നായിരിക്കുന്നു.
-സുല്‍

Sanal Kumar Sasidharan said...

നമുക്കു നാട്ടില്‍നിന്ന് ഒരു വാഴയില വെട്ടിക്കൊണ്ടു ചെല്ലാം.

അനിലൻ said...

പടിഞ്ഞാറേ
പൊട്ടക്കിണറ്റിന്റെ കരയിലുള്ള
ചെമ്പകത്തിന്
നീണ്ട ഇലകളുണ്ടായിട്ടു പോലും
തീരില്ല നാണം.

ഈ വരികളില്‍ വന്നിരിക്കുന്ന വണ്ടുകളെ കാണുന്നില്ലേ
അത്തറ്‌ വില്പനക്കാരനെപ്പോലെ കാറ്റിന് പിന്നെ എവിടെനിന്ന് കിട്ടി പൂമണം?‍

ആരു പറഞ്ഞു കവിതയുടെ വസന്തകാലമൊക്കെ കഴിഞ്ഞു പോയെന്ന്?

Asmo Puthenchira said...

akkarey nilkkunna malayaaliyudey thurannuvecha kannu pamodinudu.
epozhum thurannirikkattey.
nanmakal nerunnu.

സാജന്‍| SAJAN said...

പ്രമോദേ,:)
ചുവന്ന പൂവില്ലാത്ത പൂക്കവിത നന്നായി...

സജീവ് കടവനാട് said...

നാണമുള്ള നാടന്‍ പൂക്കളും നാണമില്ലാത്ത ഫോറിന്‍ പൂക്കളും ഇഷ്ടായി.

Satheesh said...

ഗ്രാന്റ്..അടുത്ത ഫ്ലൈറ്റിന്‍ ഇങ്ങോട്ട് വന്നാല്‍ സ്പൈസ് ജംക്‍ഷനില്‍ ഒരു മലബാര്‍ ബിരിയാണി നമ്മടെ വക! :)

വിഷ്ണു പ്രസാദ് said...

ആ പൂവും കാട്ടിയുള്ള നില്‍പ്പ്(ന്റെ പ്രമോദേ നിന്റൊരു കാര്യം).. :)
------------------------

വാളൂരാന്‍ said...

നല്ല വരികള്‍ പ്രമോദേ....:)

simy nazareth said...

ഈ മദാമ്മകളുടെ ഒരു കാര്യമേ അല്ലേ :-) നാണോം മാനോം ഇല്ലാത്ത വഹ

നന്നായീന്നു പറയണ്ടല്ലോ അല്ലേ.

ശ്രീലാല്‍ said...

എന്ത് രസാന്നെടാ നിന്റെ കവിതകള്‍ വായിക്കാന്‍... സത്യം.

Mr. K# said...

കൊറിയന്‍ പൂക്കളെക്കുറിച്ചുള്ള കവിത ഇഷ്ടമായി. നാടന്‍ പൂക്കള്‍ക്കെന്താ ജാട, അല്ലേ :-)

Inji Pennu said...

ഹും...പെങ്ങന്മാര്‍ക്കും അമ്മായിമാര്‍ക്കും പ്രമോദിന്റെ അടുത്ത വേക്കേഷനില്‍ പണിയായല്ലോ ;)

Tripodyssey said...

പ്രമോദേ, എല്ലാ കവിതകളും നന്നാവണുണ്ട്......

vimathan said...

പ്രമോദേ, ഇത് തകര്‍ത്തു. ലാപുടയുടെ കമെന്റും സൂപ്പര്‍

Anonymous said...

വസന്തങ്ങള്‍ ഇങ്ങനെ കുറേ കണ്ടാല്‍ തിരിച്ചു വരുമ്പോഴേക്കും നീയൊരു കിംകിഡുക്ക് ആയിതീരുമല്ലോ :)

Santhosh said...

പറയാനുള്ളത് പറയേണ്ട പോലെ പറഞ്ഞാല്‍, ദാ ഇങ്ങനെയിരിക്കും. അസ്സലായി, പ്രമോദേ.

വേണു venu said...

പ്രമോദേ,
ഹാഹാ...
പൂവുകള്‍‍ക്കു് പൂണ്യ കാലം,
കൊറിയയില്‍‍.....
രസിച്ചു കേട്ടാ.:)

Raji Chandrasekhar said...

സമ്മതിച്ചു പ്രമോദേ,
കൊറിയയില്‍ നിന്നും ചുടുചൂടന്‍ കവിതകള്‍ വരുന്നതിന്റെ രഹസ്യം ഈ പൂക്കളാണോ !

ഡാലി said...

വെറ്തെയല്ലാ കൊറിയന്‍ വസന്തത്തില്‍ കണ്ണുകെട്ടി നടക്കണമെന്ന് പറയാറുള്ളത്. ചെടികള്‍ക്ക് നാണമില്ലെങ്കില്‍ നോക്കുന്നവര്‍ക്കെങ്കിലും വേണം ;)
മറന്ന് പോകാന്‍ സാദ്ധ്യതയേയില്ലാത്ത അന്റെ മറ്റൊരു കവിത.
[ഇലകളാല്‍ നാണം മറയ്ക്കാത്ത (കൊറിയന്‍ വസന്തത്തിലെ) പൂക്കളാണ് പുതുകവിതകള്‍ എന്നൊരു മുദ്രാവാക്യം ആലോച്ചിക്കാവുന്നതാണ്.]

[ nardnahc hsemus ] said...

ഇവിടെ മുംബൈയില്‍, എല്ലാത്തരം പൂക്കളും കിട്ടാറുണ്ട്! പക്ഷെ, ഫയങ്കര വിലയായതുകൊണ്ട് നുമ്മക്കൊന്നും വാങാന്‍ പോയിട്ട്, കാണാന്‍ കൂടി പറ്റൂല്ല!

ഇത്, പ്രമോദിനുള്ള കമന്റല്ല:
“പപ്പേട്ടാ, ചെക്കന്‍ പെരനെറഞ് നിക്കണ കണ്ടില്ലേ?? അപ്പൊ,അടുത്ത വരവിന് തന്നെ ആവാം ല്ലെ?”

ചീര I Cheera said...

കവിതകളുടെ ഈ ഒഴുക്ക് കാണാനും വായിയ്ക്കാനും നല്ല രസം!

സാല്‍ജോҐsaljo said...

ഒരു പൂ ചോദിച്ച പ്രമോദിന് ഒരു പൂക്കാലം കിട്ടി അല്ലേടോ! ;)

കസറി.. ഒരു വാക്കുപോലും അനാവശ്യമില്ല...

സാല്‍ജോҐsaljo said...

നീയൊരു നിത്യവസന്തമാകുന്നു...!

Vanaja said...

ഒന്നുമല്ലേലും ഇവരു ഏഷ്യന്‍ പൂക്കളാണല്ലോ.
അപ്പോ സായിപ്പു ചെടികളുടെ കാര്യം എന്താരിക്കും?

അയ്യേ!!!

Roby said...

താങ്കളുടെ ഓരോ പുതിയ കവിതയ്ക്കും ഞാന്‍ ഒന്ന്‌ കേരളത്തില്‍ പോയി വരും...

Pramod.KM said...

ഗൃഹാതുരത്വത്തില്‍ പൊതിഞ്ഞ ഈ അസ്വസ്ഥത ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി.

നിസ്സാറിക്ക said...

കൊറിയന്‍ വസന്തത്തിലെ
ചെടികളേ...
നിങ്ങള്‍ക്കിങ്ങനെ
ഒരില പോലുമില്ലാതെ
വഴിയരികില്‍
പൂവും കാണിച്ചു നിന്നാല്‍ മതിയല്ലോ!


വളരെ നല്ല ഭാവന..മറക്കില്ല ഒരിക്കലും...