Monday, April 14, 2008

അനങ്ങാതെ കിടക്കുന്നത്

ഞാന്‍ കാണുമ്പോളേക്കും
കുഞ്ഞമ്പ്വേട്ടന്‍
കിടപ്പിലായിരുന്നു.
മിണ്ടാട്ടം മുട്ടിയിരുന്നു.

അമ്മമ്മ പറഞ്ഞുതന്നതിനാല്‍
ഓരോ കാണലിലും
ആറടിയിലധികമുള്ള ശരീരം
നീണ്ടു നിവര്‍ന്ന് നടക്കും.

ആറാമതും ആണ്‍കുട്ടിയെന്നറിയിക്കാന്‍
വെള്ളേരിക്ക പറിച്ചാല് കൂട്ടാനെന്ത്ന്നാന്നും
എന്റോള് പെറ്റാല് കുട്ട്യെന്ത്ന്നാന്നും ചോയിക്കണ്ടാ
എന്ന് പറയും.

‘നായിനാറേ, കളി കൂട്ന്ന്ണ്ട് കെട്ടാ
ഒരൊറ്റ പിട്ത്തമങ്ങ് പിടിച്ചാല്ണ്ടല്ലാ’ന്ന് പറഞ്ഞ്
മരിച്ചുപോയ അപ്പാപ്പനെ
ചങ്ങലക്കിടും.

തെയ്യം
നമ്പൂരീന്റെ വീട്ടില് പോന്ന്ണ്ടെങ്കില്
കടൂരിലെ എല്ലാ വീട്ടിലും പോണമെന്ന്
അടയാളം കൊടുപ്പിന്റന്ന്
ഒരം പിടിക്കും

ശവം ദഹിപ്പിക്കാന്‍
ഏതു വീതത്തിലെ മരംവേണമെന്ന്
ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെ
ഏറ്റവും വലിയ മാവിന്
വെട്ടു വീഴും.

വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു

22 comments:

Sanal Kumar Sasidharan said...

വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു

ഈ പ്രമാണത്തിനൊരു പ്രണാമം :)

Unknown said...

ഈ കമന്റ് താങ്കളുടെ ബ്ലോഗ്ഗിനാണ്. അനങ്ങതെ കിടക്കുന്നത് എന്ന കവിതയ്ക്കല്ല.. അതിനുള്ളത് വഴിയെ.. ഞാന്‍ ഒരു ബ്ലോഗില്‍ വായിച്ച ഏറ്റവും നല്ല കാച്ചിംഗ് വാചകം.
“അച്ഛനെ ‘പപ്പാ’ എന്നു വിളിക്കണം എന്ന എന്റെ ആദ്യത്തെ ആഗ്രഹം,വര്‍ഷങ്ങള്‍ക്കു മുമ്പേ അമ്മമ്മ അച്ഛന് പപ്പനെന്നു പേരിട്ടതു കാരണം നടന്നില്ല.അങ്ങനെ പൂവണിയാത്ത എത്രയെത്ര മോഹങ്ങള്‍!!!!”
അതുപോലെ മനോഹരമായ ഒരു പ്രൊഫൈല്‍.. മാഷെ ഇതു രണ്ടും വായിക്കുന്നവരാരായലും ബാക്കികൂടി വായിച്ചു പോകും...
ആശംസകള്‍....

Unknown said...

മാഷേ.. നിങ്ങടെ കവിതയും ഹൃദ്യം..

വിഷ്ണു പ്രസാദ് said...

അനക്കമില്ലാത്തവയെ വല്ലാതെ ബഹുമാനിക്കണ്ട..
ബഹുമനിക്കുന്നുണ്ടെങ്കില്‍ തന്നെ അത് മുന്‍ അനക്കങ്ങള്‍കൊണ്ടെന്ന് നിശ്ചയം.

ആറാമതും ആണ്‍കുട്ടിയുണ്ടായപ്പോള്‍
വെള്ളേരിക്ക പറിച്ചാല് കൂട്ടാനെന്ത്ന്നാന്നും
എന്റോള് പെറ്റാല് കുട്ട്യെന്ത്ന്നാന്നും ചോയിക്കണ്ടാ
എന്ന് പറയും.



ഇവിടെ എന്തോ ...
(നോക്കൂ)

Pramod.KM said...

വിഷ്ണുമാഷേ..ആ പിശക് തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.:)നന്ദി,സനാതനന്‍,പുടയൂര്‍:)

വിശാഖ് ശങ്കര്‍ said...

വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു

അതെ. ബഹുമാനിച്ചുപോകുന്നു.

ടി.പി.വിനോദ് said...

കവിതയില്‍ നിന്ന് വിട്ടുപോവേണ്ടതല്ല ജീവിതം, ചരിത്രം, ചരിത്രമാവാതെപോയവയുടെ ജീവിതം എന്ന് നിന്റെ ഒരം പിടിക്കലിന് എന്റെ സല്യൂട്ട്..

വെള്ളെഴുത്ത് said...

ചരിത്രമറിയാതെ എങ്ങനെ നിഷ്ക്രിയമായതുകളെ ബഹുമാനിക്കും? എന്തിന്? ഇക്കൂട്ടത്തില്‍ ചത്തുമലച്ച വാക്കെങ്ങനെ വന്നു. ചുരുക്കത്തില്‍ ഇവയെല്ലാം എന്താണെന്ന് എനിക്കറിയാം എന്നാകുന്നു കവി പറയുന്നത്. അതറിഞ്ഞുകൂടാത്തവരേ, മഹാഭൂരിപക്ഷമേ, അതറിഞ്ഞുകൂടെങ്കിലും നിങ്ങള്‍ ബഹുമാനിച്ചുകൊള്ളുക എന്നു ചുരുക്കം. അതിനുവേണ്ടി ഒരു വിനയം ‘എനിക്കറിഞ്ഞുകൂടായെന്ന്..” ജീവിതത്തിന്റെ വൈരുദ്ധ്യങ്ങളെ ആവിഷ്കരിക്കാന്‍ കഴിയുന്നതു കൊണ്ടാണ് കവിത........

Unknown said...

ശവം ദഹിപ്പിക്കാന്‍
ഏതു വീതത്തിലെ മരംവേണമെന്ന്
ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെ
ഏറ്റവും വലിയ മാവിന്
വെട്ടു വീഴും.
നമ്മുടെയൊക്കെ പല തറവാടുക്കളില്‍ നിന്നും നല്ല രുചിയുള്ള പല നാടന്‍ മാവുക്കളും അപ്രത്യക്ഷമായത് ഈ ദുരാചാരത്തിന്റെ പേരിലാണു മരം ഒരു ധനമാണു.അത് മരിച്ചവന്റെ ഒപ്പം പോകാനുള്ളതല്ല എത്രയൊ തലമുറക്കള്‍ക്കു അശ്വാസമേകാനുള്ളതാണു

Jayasree Lakshmy Kumar said...

പ്രമോദിന്റെ ബ്ലോഗില്‍ ആദ്യം. പലരും പറഞ്ഞ പോലെ വാക്കുകള്‍ നഷ്ടപ്പെട്ട് അന്തം വിട്ടിരിപ്പാണ്. 26 വയസ്സും 60 വയസ്സിന്റെ പക്വതയുള്ള എഴുത്തും. അടിയന്തിരാവസ്ഥക്കാലത്ത് നഷ്ടപ്പെട്ടുപോയ ആ 6 വര്‍ഷങ്ങളെ കുറിച്ചോര്‍ത്ത് എന്തിനു ഖേദിക്കണം. പ്രമോദിനെക്കാള്‍ കൂടുതല്‍ വര്‍ഷങ്ങള്‍ ജീവിച്ചെങ്കിലും അതെല്ലാം വെറും വെയിസ്റ്റ് എന്ന് ഈ ബ്ലോഗ് കണ്ടപ്പോള്‍ തോന്നിപ്പോകുന്നു

Pramod.KM said...

വിശാഖ് മാഷ്,ലാപുട നന്ദി.വെള്ളെഴുത്തേ,എഴുതിയതിനപ്പുറവും എഴുതാത്തതും കാണുന്നത് നിങ്ങളുടെ സ്വഭാവമാണല്ലോ! നന്ദി:)അനൂപ്,പരിസ്ഥിതിബോധത്തിന് നന്ദി.ലക്ഷ്മി,അത്രയ്ക്കൊന്നും വേണ്ടിയിരുന്നില്ല:)

ശ്രീനാഥ്‌ | അഹം said...

കൊള്ളാം...

Rasheed Chalil said...

ഒറ്റവയനയ്ക്കപ്പുറം ചരിത്രത്തെ പുകഴ്ത്തി നിസംഗതയോടെ നില്‍ക്കുന്ന വര്‍ത്തമാന കാലം കാണുന്നു...

പ്രമോദ് നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... :)

Anonymous said...

കണ്ടത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ ഇപ്പോഴും കേള്‍ക്കാറുണ്ട് ഒരു വെടിയോച്ച.ആ വരമ്പിലെ ചളിയിലൂടെ നടന്നു ശീലിച്ചവരെ ഓര്‍മ്മകളുണ്ടായിരിക്കാന്‍ വടികാട്ടി പേടിപ്പിച്ച് ചരിത്രം പഠിപ്പിക്കേണ്ടതുണ്ടോ,അല്ലേ പ്രമോദേ?

അഭിവാദ്യങ്ങള്‍.

നജൂസ്‌ said...

വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു

ഇതുതന്നെയാണെന്നെയും ഉലക്കുന്നത്‌.
കവിക്ക്‌ കൂപ്പുകൈ..

സജീവ് കടവനാട് said...

അനങ്ങാതെ കിടക്കുന്നവയെ അവ അനങ്ങാതെ കിടക്കുന്നു എന്ന കാരണം കൊണ്ടാണോ പ്രമോദേ ബഹുമാനിക്കുന്നത്?

വിപ്ലവം ജയിക്കട്ടെ!

siva // ശിവ said...

നല്ല വരികള്‍...

Roby said...

ചരിത്രം, ചരിത്രമാവാതെപോയവയുടെ ജീവിതം

ഓര്‍മ്മകളുണ്ടായിരിക്കണം, ഡാനി

ചിലയിടത്ത് പുതിയ ലിപി പ്രശ്നമാക്കുന്നെന്നു തോന്നി.

നല്ല കവിത..:)

ജ്യോനവന്‍ said...

ഭാഷ, കവിത, ശൈലി
ഇവിടെമാത്രം കാണുന്നത്......

ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെനിന്ന് ബഹുമാനിക്കുന്നു.

ശ്രീലാല്‍ said...

ഇതൊന്നും ഇല്ലാതെ ഇവരൊന്നും ഇല്ലാതെ എന്ത് ചരിത്രമാണ് ഒരു നാടിനു പറയാനുണ്ടാവുക ? ഇവിടെയല്ലാതെ മറ്റെവിടെ എഴുതപ്പെടാന്‍ ഇതെല്ലാം. ഒരു നാടിന്റെ ധൈര്യമായിരിക്കും കുഞ്ഞമ്പ്വേട്ടനെപ്പോലുള്ളവര്‍. ഇവരൊന്നും ഇല്ലാത്ത കാലത്ത് ഒറ്റയ്ക്കൊറ്റയ്ക്ക് ജീവിച്ചു തുടങ്ങാം.


പിന്നെ കുഞ്ഞമ്പ്വാട്ടനോട് ഒരു കാര്യം പറയാന്‌ണ്ടേനും.

കുഞ്ഞമ്പ്വാട്ടാ ഈ ചെക്കന്‍ കൊറച്ചായിറ്റ് ബെറും ഒലപ്പാന്ന്. ങ്ങള് ഒര് പ്‌ട്‌ത്തങ്ങ് പ്‌ടിക്ക്വാ ?

Unknown said...

പ്രമോദേ,സങ്കടപ്പെടലിനെ കവിതയില്‍ ആയതുകൊണ്ടാണോ ബഹുമാനമാക്കിയത്?

Pramod.KM said...

ഗോപിയേട്ടാ.. ആ വിമര്‍ശനം ഉള്‍ക്കൊള്ളുന്നു.കുഞ്ഞമ്പുവേട്ടനില്‍ നിന്നും കവിത പരക്കട്ടെ എന്നായിരുന്നു കരുതിയത്. അവസാനത്തെ ഖണ്ഡിക ഒഴിവാക്കി,പകരം ആദ്യ ഖണ്ഡികയില്‍,
“ഞാന്‍ കാണുമ്പോളേക്കും
കുഞ്ഞമ്പ്വേട്ടന്‍
കിടപ്പിലായിരുന്നു.
മിണ്ടാട്ടം മുട്ടിയിരുന്നു.
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബിന്റെ മുന്നില്‍
വീണുകിടക്കുന്ന കൊടി പോലെ
ചത്തുമലച്ച വാക്കു പോലെ."
എന്ന് എഴുതിയാല്‍ കവിത പൂര്‍ണ്ണമായും കുഞ്ഞമ്പുവേട്ടനില്‍ ഒതുക്കാം.
കിനാവേ,അതൊരു കുഴപ്പം പിടിച്ച ചോദ്യമാണല്ലോ:))
ശ്രീനാഥ്,ഇത്തിരി,തുളസി,നജൂസ്,ശിവകുമാര്‍,റോബി,ജ്യോനവന്‍,ശ്രീലാല്‍,നന്ദി:)