Wednesday, April 23, 2008

കല്യാണപ്പുരയിലെ വീഡിയോ

തലേന്നു മുതല്‍
ഉറങ്ങാതെ ഉത്സാഹിച്ചിരുന്ന
കുമാരേട്ടനോട്
പെട്ടെന്ന്
കൊറേ നേരായോ വന്നിറ്റ് എന്ന്
ചോദിക്കും
കല്യാണച്ചെക്കന്‍.
ചായപ്പൊടി കയിഞ്ഞു കെട്ടാ എന്നാവും
മറുപടി.

പായസം ഇളക്കുന്ന ബാലേട്ടനോട്
പൊടുന്നനെ
ഉപ്പൊക്കെ നല്ലോണം ഇട്ടിറ്റില്ലേ
എന്ന് ചോദിക്കും
അച്ഛന്‍.

എന്തെല്ലുണ്ട് മോളേ വിശേഷം എന്ന്
അമ്മയോട് ചോദിക്കും
ഒരാഴ്ച മുമ്പേ
വീട്ടില്‍ വന്ന് താമസിക്കുന്ന
അമ്മാവന്‍.

ഒന്നിച്ചിരുന്ന്
പച്ചക്കറിയരിയുന്നവര്‍
കത്തിയുയര്‍ത്തിപ്പിടിച്ച്
ഒരുമിനുട്ട് നേരത്തേക്ക്
സുഗം തന്ന്യല്ലേ എന്ന്
പരസ്പരം ചോദിച്ചുകൊണ്ടിരിക്കും.

നാരാണ്യേച്ചീ,
കൊറച്ച് തേങ്ങകൂടി ചെരവണം എന്ന
ആംഗ്യത്തോടെ
ചന്ദ്രേട്ടന്‍
‘അന്നു നിന്നെ
കണ്ടതില്‍പ്പിന്നെ’എന്ന്
പാടുന്നുണ്ടാവും
കാസറ്റില്‍
എ.എം.രാജയുടെ ഒച്ചയില്‍.

32 comments:

Thiramozhi said...

ഈ കവിത ഇങ്ങനെ വരിമുറിച്ചുതന്നെ എഴുതണമെന്നുണ്ടോ? ജസ്റ്റിഫൈ ചെയ്ത് ഖണ്ഡിക തിരിച്ചെഴുതിയാലെന്ത്? അതു കഥയോ അനുഭവക്കുറിപ്പോ ആകുമോ? എന്തുപറയുന്നു നിങ്ങള്‍?

Pramod.KM said...

രാമചന്ദ്രന്മാഷേ..ഖണ്ഡികതിരിച്ചെഴുതിയാലും കവിതക്ക് പ്രശ്നമൊന്നും പറ്റുമെന്ന് തോന്നുന്നില്ല.മാത്രമല്ല താഴത്തെ പോലെയും എഴുതാം.:)‌
തെല്ലുറങ്ങാതെയോടിനടക്കുന്ന
ശ്രീ കുമാരേട്ടനോട് ചോദിച്ചിടും
നിങ്ങള്‍ വന്നേറെ നേരമായോയെന്ന്
കല്യാണച്ചെക്കനയ്യോ!പൊടുന്നനെ.
ചായതീര്‍ന്നെന്ന് കിട്ടും മറുപടി!
പായസമിളക്കീടുന്ന ബാലേട്ട-
നോടു ചോദിക്കുമച്ഛന്‍,ഇതിലിട്ടോ
ഉപ്പു നന്നായി?യെന്ന് പൊടുന്നനെ.
എന്തെല്ലാമുണ്ട് മോളേ വിശേഷങ്ങള്‍
എന്ന് ചോദിക്കുമമ്മയോടമ്മാവന്‍
വീട്ടില്‍ വന്നു മരുവാന്‍ തുടങ്ങിയി
ട്ടഞ്ചാറു ദിനമായെങ്കിലും കൂടി.
കൂട്ടമായിരുന്നൂണിനു കൂട്ടുവാന്‍
ഉള്ളതായ കറിക്കു പച്ചക്കറി
വെട്ടിടുന്ന യുവാക്കളോ പെട്ടെന്ന്
കത്തിയൊക്കെയുയര്‍ത്തിയൊരു മിനി
റ്റെല്ലാര്‍ക്കും സുഖമല്ലേയെന്നോതിടും
ഓതിക്കൊണ്ടേയിരിക്കും പരസ്പരം.

നാരാണിച്ചേച്ചീ തേങ്ങ ചിരവണം
അല്‍പ്പം കൂടി,യെന്നുള്ളതാമാംഗ്യത്തില്‍
ചന്ദ്രേട്ടന്‍ ചൊല്ലും രാജതന്‍ ശബ്ദത്തില്‍
പ്രേമസംഗീതമങ്ങനെ കാസറ്റില്‍.”
(ഇതിലുമേറെ ലളിതമായെങ്ങനെ
നമ്മളാവിഷ്കരിക്കും കവിതയെ)

പി.എന്‍.ഗോപീകൃഷ്ണന്‍ said...

കവിതയില്‍ പറയാത്ത വീഡിയോ ക്യാമറയാ‍ണ് ഇതിലെ കവിതയായി ഞാന്‍ അനുഭവിച്ചത്.തലക്കെട്ടില്‍ മാത്രം വാക്കായിരിക്കുന്ന ക്യാമറ.ഇത് പെട്ടെന്നു പറയാന്‍ തോന്നുമ്പോലെ അഭാവം അല്ല.ഒരു ശക്തമായ സാന്നിദ്ധ്യമാണ്.വാക്കില്‍ വരാന്‍ മടിക്കുന്ന ഒരു സാംസ്ക്കാരികഭീതിയെ അത് കാണിക്കുന്നുണ്ട്.നൂറ്റാണ്ടുകളുടെ ജൈ വതാളങ്ങള്‍ക്കു മേല്‍ യാന്ത്രികത ഒറ്റനിമിഷം കൊണ്ട് ഏകാധിപതിയാകുന്നതും..
കവിതയുടെ ദര്‍ശനത്തെ മാറ്റി വച്ച് രൂപത്തെക്കുറിച്ച് ചര്‍ച്ചചെയ്യാനൊരുങ്ങിയാല്‍ നാം എവിടെയാണെത്തുക?

വെള്ളെഴുത്ത് said...

പിറവിയ്ക്കു തന്നെ രൂപം ആവശ്യമാണെന്നതിനാല്‍ രൂപത്തെക്കുറിച്ചും ചര്‍ച്ച ചെയ്തുകൂടേ ഗോപീ? കവിതയിലെ വരികള്‍ മുറിക്കുന്ന വഴികളെപ്പറ്റി നേരത്തെയും ചിന്തിച്ചിട്ട് ഒരെത്തും പിടിയും ഇതുവരെ കിട്ടിയിട്ടില്ല. വസന്തതിലകകാലത്തിലെയല്ല.. നമ്മുടെ ഇപ്പോഴത്തെ. ക്യാമറയിലെ കവിത, വാക്കില്‍ വരാന്‍ മടിക്കുന്ന സാംസ്കാരിക ഭീതി.. കവിത വച്ച് ഗോപി മറ്റൊരു കവിത നിര്‍മ്മിച്ചു. പക്ഷേ ക്യാമരയില്‍ ഞാന്‍ കാണുന്ന കവിത ഇതെല്ലാം നോക്കി നില്‍ക്കുന്ന ആഖ്യാതാവാണെന്നുള്ളതല്ലേ? അയാളുടെ നിശ്ശബ്ദമായ ഒരു സാന്നിദ്ധ്യമല്ലേ ആ ‘മൂര്‍ത്തമാവുന്ന‘ കവിത?

കുഴൂര്‍ വില്‍‌സണ്‍ said...

1982ല്‍ കണ്ണൂരിലെ കടൂരില്‍ ജനിച്ചു.ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി.വയറിളക്കം പിടിച്ച ഒരു ദിവസം ഡോക്ടറുടെ അടുത്തേക്കു പോയതാണ് ഓര്‍മ്മയിലെ ആദ്യ ബസ് യാത്ര.2002 ആഗസ്ത് 6നു ആദ്യമായി ട്രെയിനില്‍ കയറി കൊച്ചി സര്‍വകലാശാലയില്‍ എം.എസ്.സി.അപ്ലൈഡ് കെമിസ്ട്രിക്ക് ചേരാന്‍ പോയപ്പോള്‍ അവിടെ ഹിരോഷിമദിനാഘോഷം ആയിരുന്നു.2005 ജൂലൈ27 നു ആദ്യമായി വിമാനത്തില്‍ കയറി ‘ഗവേഷണം’എന്നൊക്കെ പറഞ്ഞു ദക്ഷിണ കൊറിയയില്‍ വന്നു കൂലിവേല ചെയ്തു കുടുംബം പുലര്‍ത്തുന്നു. പറയൂ സഹോദരാ..ഇനി ഞാന്‍ എവിടേക്കാണ് കപ്പല്‍ കയറേണ്ടത്??
f

നസീര്‍ കടിക്കാട്‌ said...

വാക്കില്‍ വരാന്‍ മടിക്കുന്ന ഒരു സാംസ്ക്കാരികഭീതിയെ....

മറ്റൊന്നുമില്ല!!!

ലാപുട said...

നല്ല സൂക്ഷ്മത പ്രമോദേ..

സ്വാഭാവികതകളെ,മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കുള്ള വിനിമയങ്ങളെ പോസുകളാക്കി ചിട്ടപ്പെടുത്തുന്ന ക്യാമറയുടെ സാന്നിധ്യം കവിതയില്‍ നിറയുന്നുണ്ട്. നമ്മുടെ സാന്നിധ്യങ്ങളെ തന്നെ അത് എത്രത്തോളം തീരുമാനിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നുണ്ട് എന്ന് തിരിച്ചറിയുന്നുമുണ്ട്.

ഇത്രയും Explicit ആയ തലക്കെട്ട് വേണ്ടിയിരുന്നില്ല എന്ന് തോന്നി. ക്യാമറ നമ്മളില്‍ നടത്തുന്ന അടിച്ചേല്‍പ്പിക്കലുകളുടെ Crooked സ്വഭാവത്തിലേക്ക് ചൂണ്ടുന്ന ഒരു സാധ്യതയെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ Subtle ആയ ഒന്നു മതിയായിരുന്നു തലക്കെട്ട് ..

ഈ കവിത ഇതു പോലെ വരിമുറിച്ച് അല്ലായിരുന്നു എഴുതിയിരുന്നതെങ്കില്‍ ഞാന്‍ വെറൊരു കവിതയായിരുന്നു വായിക്കുക എന്നും തോന്നി.
‘ചോദിക്കും’, ‘ചോദിക്കും’, ‘ചോദിക്കും’ ,‘ചോദിച്ചുകൊണ്ടിരിക്കും’ എന്നിങ്ങനെ ആദ്യത്തെ നാലു ഖണ്ഡങ്ങളില്‍ എഴുതിയ Predictability അഞ്ചാമത്തെ ഖണ്ഡത്തില്‍ ‘പാടുന്നുണ്ടാവും’ എന്ന് അവസാനിക്കുന്നതിലൂടെ ജീവിതം സിനിമപ്പെടുന്നതിന്റെ വേഗതയും അതിലെ പരിഹാസ്യതയും ചടുലമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്. ഇത് എനിക്ക് മിസ് ചെയ്യുമായിരുന്നു ഇത് ഖണ്ഡികതിരിച്ച് അലൈന്‍ ചെയ്ത് എഴുതിയിരുന്നെങ്കില്‍.

‘പാടുന്നുണ്ടാവും’എന്ന വാക്ക് വീഡിയോപിടുത്തവും കല്യാണവും കഴിഞ്ഞ് കാസറ്റ് തയ്യാറായി കിട്ടുന്നതു വരെയുള്ളതും, കാസറ്റ് കണ്ടു തീര്‍ന്നതിനുശേഷമുള്ളതുമായ കാലങ്ങളെ കൂടി കവിതയില്‍ ചേര്‍ക്കുന്നുണ്ട്. ആ കാലങ്ങളാണ് കാസറ്റില്‍ കാണാത്ത തരം ജീവിതത്തിന്റെ വെളിച്ചം നമുക്ക് വേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതും.

Pramod.KM said...

ഗോപിയേട്ടന്‍,വെള്ളെഴുത്ത്,കുഴൂര്‍,നസീര്‍ കടിക്കാട്,ലാപുട നന്ദി.:)ലാപുട പറഞ്ഞ തലക്കെട്ടിന്റെ പോരായ്മ എനിക്കും തോന്നി. ‘യാന്ത്രികം’ എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി നന്നാവുമായിരുന്നു അല്ലേ.

ശ്രീനാഥ്‌ | അഹം said...

ha ha..

കുതിരവട്ടന്‍ :: kuthiravattan said...

:-)

പി.എന്‍.ഗോപീകൃഷ്ണന്‍ said...

കേവല രൂപനിഷ്ഠതയുടെ പീഡനം മലയാളത്തില്‍ എന്ന പോലെ മറ്റൊരു ഭാഷയിലെ കവിതയും സഹിച്ചിട്ടുണ്ടാകില്ല..രൂപം ചര്‍ച്ച ചെയ്യേണ്ട എന്നല്ല എന്റെ നിലപാട്..കവിതയുടെ ദര്‍ശനമാണ് രൂപത്തെ നിര്‍ണ്ണയിക്കേണ്ടത് എന്നാണ്..അല്ലെങ്കില്‍ കേകയില്‍ എഴുതപ്പെട്ട എല്ലാകവിതകള്‍ക്കും ഒരേ നിലവാരമാകില്ലേ?എല്ലാ പറച്ചില്‍ കവിതകളും ഒരു ബ്രാന്‍ഡ് നെയിമിനു കീഴില്‍ ഒതുങ്ങേണ്ടി വരില്ലേ, വെള്ളെഴുത്തേ?

തണല്‍ said...

ഒരു വല്ലാത്തകാഴ്ചപ്പാടു തന്നെ പ്രമോദേ..
മറ്റൊന്നും എന്റെ ക്യാമറയില്‍ വിരിയുന്നില്ലാ മോനേ.(സ്നേഹം കൂടിപ്പോയതിനാല്‍ മാത്രം.)

വെള്ളെഴുത്ത് said...

ഗോപീ, പല ‘കേകകള്‍‘ എന്നൊക്കെ ചില മുടന്തന്‍ ന്യായങ്ങളൊക്കെ ഉദ്ധരിക്കാം, വേണ്ട, ഞാന്‍ കസേര വലിച്ച് ലാപുടയുടെ പിന്നിലിട്ട് ഇരിയ്ക്കാം. കക്ഷി പറഞ്ഞു കാര്യം. പക്ഷേ അപ്പോള്‍ മറ്റൊരു സംഗതി ലാപുടയോട് ചോദിക്കേണ്ടതുണ്ട് -
‘ചോദിക്കും’, ‘ചോദിക്കും’, ‘ചോദിക്കും’ ,‘ചോദിച്ചുകൊണ്ടിരിക്കും’ എന്നിങ്ങനെ ആദ്യത്തെ നാലു ഖണ്ഡങ്ങളില്‍ എഴുതിയ Predictability അഞ്ചാമത്തെ ഖണ്ഡത്തില്‍ ‘പാടുന്നുണ്ടാവും’ എന്ന് അവസാനിക്കുന്നതിലൂടെ ജീവിതം സിനിമപ്പെടുന്നതിന്റെ വേഗതയും അതിലെ പരിഹാസ്യതയും ചടുലമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.
ഒരേ കാലത്തില്‍ നടന്ന ക്രിയകള്‍ അതിലൊന്നു മാത്രം ജീവിതം സിനിമപ്പെടുന്നതിന്റെ വേഗതയും പരിഹാസ്യതയുമായി മാറുന്നതെങ്ങനെ? തന്റെയുള്ളില്‍ കവി റിക്കോഡു ചെയ്ത കല്യാണപ്പുരയിലെ കാഴ്ചകള്‍ എന്നമട്ടിലാണ് (ഞാന്‍ പിടിച്ച മുയലിന്റെ കൊമ്പുകളുടെ എണ്ണത്തില്‍ മാറ്റമില്ലാ‍ാ!!!) കവിത വായിച്ചെടുത്തത്. സാക്ഷാല്‍ പ്രമോദു തന്നെ പേരുമാറ്റാം എന്നു സാക്ഷിപറയുമ്പോള്‍, പിണങ്ങി അവിറ്റുന്നെഴുന്നേറ്റ്, കവിതയില്‍ പറയാത്ത വീഡിയോ ക്യാമറയാ‍ണ് ഇതിലെ കവിതയായി ഞാന്‍ അനുഭവിച്ചത് എന്നു പറഞ്ഞ ഗോപിയുടെ പിന്നില്‍ കസേരയില്‍ വന്നിരിക്കാനാണു തോന്നുന്നത് . അല്ലാ നമ്മുക്കിഷ്ടമുള്ളിടത്തല്ലേ ചെന്നിരുന്ന് നാലു ഞായം പറയാനൊക്കൂ..എങ്കിലും കുഴൂര്‍ വിത്സണ്‍ പറഞ്ഞതെന്താണെന്ന് തീരെ പിടിക്കിട്ടിയിട്ടില്ലാട്ടാ.......

Pramod.KM said...

വെള്ളെഴുത്തേ, പേരുമാറ്റാം എന്നു പറഞ്ഞത് ആ പേരിട്ടില്ലെങ്കിലും ക്യാമറ അവിടെ കടന്നുവരും എന്നതു കൊണ്ടാണ്. ഗോപിയേട്ടന്റെ കമന്റും ,തലക്കെട്ടില്‍ കൂടെ ഉണ്ടാകുന്ന ക്യാമറയുടെ അഭാവം കൂടുതല്‍ ശക്തമായ സാന്നിദ്ധ്യമറിയിക്കുമെന്ന തരത്തിലേക്ക് ചിന്തിപ്പിച്ചു.
കുഴൂരിന്റെ കമന്റിന്റെ അവസാനം ഉള്ള ‘f’ എന്നതിന്റെ തുടര്‍ച്ചയായ മറ്റ് അക്ഷരങ്ങളുടെ അഭാവം മറ്റെന്തെങ്കിലുമൊന്നിന്റെ ശക്തമായ സാന്നിദ്ധ്യമാണോ എന്നു ഞാനും ചിന്തിക്കായ്കയില്ല:)

lakshmy said...

വീഡിയോ കാമറ കാണുന്ന നാടകമാണ് വിഷയം. അസ്സലായി

ജ്യോനവന്‍ said...

ആരിലുമാരിലും ഒളിഞ്ഞിരിക്കുന്ന അഭിനയത്വര ഉണരുന്ന സാഹചര്യങ്ങളിലെ പൊള്ളയല്ലാത്ത
ഭാവങ്ങള്‍ കാട്ടിത്തന്ന ക്യാമറയ്ക്കു നന്ദി.

ലാപുട said...

വെള്ളെഴുത്തേ, ‘ചോദിക്കും’ എന്നല്ലേ ‘ചോദിച്ചു’ എന്നല്ലല്ലോ? അതു പോലെ ‘പാടുന്നുണ്ടാവും’ എന്നല്ലേ ‘പാടുന്നുണ്ടായിരുന്നു’ എന്നല്ലല്ലോ? വീഡിയോ പിടുത്തത്തിനിടയില്‍ ഇന്നയിന്നപോലെയൊക്കെയാവും നടക്കുക എന്ന അനുമാനം(കാലം-ഭാവി) അല്ലേ കവിതയിലുള്ളത്? വീഡിയോ പിടുത്തം കാസറ്റായി കിട്ടുമ്പോഴുള്ളത് അല്പം കൂടി വിദൂരഭാവിയിലായേ പറ്റൂ. അതുകൊണ്ട് എല്ലാ ക്രിയകളും ഒരേ കാലത്ത് നടക്കുന്നു എന്നു പറഞ്ഞാല്‍ ശരിയാവില്ല. ഭാവിയിലെ തന്നെ ഒന്നല്ലാത്ത രണ്ടു സമയബിന്ദുക്കളിലാണ് കവിതയിലെ ക്രിയാംശം.

പിന്നെ , സുഖമല്ലേ എന്ന് ചോദിക്കുക, എപ്പോ വന്നു എന്നു ചോദിക്കുക, ഉപ്പിടാന്‍ മറന്നില്ലല്ലോ എന്ന് ചോദിക്കുക തുടങ്ങിയ ചോദ്യങ്ങള്‍ സിനിമയിലല്ലാതെയും സംഭവിക്കാമല്ലോ? നാരായണ്യേച്ചിയോട് ചന്ദ്രേട്ടന്‍ പാട്ട് പാടുന്നത് സിനിമയില്‍/സിനിമപ്പെടുത്തിക്കാണിക്കുന്ന വീഡിയോയില്‍ മാത്രമേ സംഭവിക്കുകയുമുള്ളൂ. ഒന്നിന് അതല്ലാതെ ആവാന്‍ സിനിമ അനുവദിക്കുന്നത്ര വേഗത ജീവിതത്തില്‍ ഇല്ലല്ലോ?

ഞാന്‍ പിന്നേം പറഞ്ഞ് കണ്‍ഫ്യൂഷനാക്കിയോ? :)

Pramod.KM said...

വെള്ളെഴുത്തേ,ആദ്യം പറഞ്ഞ ‘ചോദിക്കും, ചോദിക്കും, ചോദിച്ചുകൊണ്ടിരിക്കും ‘എന്നത് സംഭവിക്കുന്നത് വീഡീയോ കാമറക്ക് മുന്നിലും,പാട്ടു പാടല്‍ വരുന്നത് അതിനുശേഷം എഡിറ്റിങ്ങിലുമാണല്ലോ.അതിനാല്‍ ലാപുട പറഞ്ഞ പോലെ 2 കാലങ്ങള്‍ ഈ കവിതയിലുണ്ടെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല.:)

കിനാവ് said...

കല്ല്യാണപ്പുരയിലെ കാമറക്കുമുന്നില്‍ എന്തു പറഞ്ഞാലെന്താ? പാട്ടല്ലേ കേള്‍ക്കൂ... പുഞ്ചിരിച്ചുകൊണ്ട് തെറിവിളിച്ചാലും പുഞ്ചിരി മാത്രം കാണുന്ന ക്യാമറ . കാമറ ബിംബമാകുന്നുണ്ട്.

പി.എന്‍.ഗോപീകൃഷ്ണന്‍ said...

കേകയുടെ കാര്യം,എന്റെ മനസ്സില് തീരെ മുടന്തുന്നില്ല വെള്ളെഴുത്തേ.സുന്ദരന്മാരേയും സുന്ദരികളേയും കണ്ട് മുഖമടച്ചു വീഴാനുള്ള ഒരു കൊതി എന്ന നിലയിലല്ലാതെ കേവല രൂപവാദവും മനസ്സില് ഉലാത്തുന്നില്ല.മൈക്കലാഞ്ജലോവിലും മറ്റും രൂപഭംഗി ഒരു ദര്ശനമായിമാറുന്നത് കണ്ടിട്ടുണ്ട്.
പ്രമോദേ,തലക്കെട്ട് മാറിയിരുന്നെങ്കില് ഇത് ,തലക്കെട്ടിന്റെ പ്രസക്തി പഠിപ്പിക്കാന് പാഠശാലകളില് ഉപയോഗിക്കാമായിരുന്നു.മനുഷ്യര് യാന്ത്രികമായി പെരുമാറുന്നതിനെക്കുറിച്ചുള്ള ഒരു അനുഭവാത്മക വിവരണം ആയേനേ അത്..എങ്കില് തിരമൊഴിയുടെ കുറിപ്പിനു കീഴെ ഞാന് രണ്ട് ഒപ്പ് ഇട്ടേനെ:)

പി.എന്‍.ഗോപീകൃഷ്ണന്‍ said...

കേകയുടെ കാര്യം,എന്റെ മനസ്സില്‍ തീരെ മുടന്തുന്നില്ല വെള്ളെഴുത്തേ.സുന്ദരന്മാരേയും സുന്ദരികളേയും കണ്ട് മുഖമടച്ചു വീഴാനുള്ള ഒരു കൊതി എന്ന നിലയിലല്ലാതെ കേവല രൂപവാദവും മനസ്സില്‍ ഉലാത്തുന്നില്ല.മൈക്കലാഞ്ജലോവിലും മറ്റും രൂപഭംഗി ഒരു ദര്‍ശനമായിമാറുന്നത് കണ്ടിട്ടുണ്ട്.
പ്രമോദേ,തലക്കെട്ട് മാറിയിരുന്നെങ്കില്‍ ഇത് ,തലക്കെട്ടിന്റെ പ്രസക്തി പഠിപ്പിക്കാന്‍ പാഠശാലകളില്‍ ഉപയോഗിക്കാമായിരുന്നു.മനുഷ്യര്‍ യാന്ത്രികമായി പെരുമാറുന്നതിനെക്കുറിച്ചുള്ള ഒരു അനുഭവാത്മക വിവരണം ആയേനേ അത്..എങ്കില്‍ തിരമൊഴിയുടെ കുറിപ്പിനു കീഴെ ഞാന്‍ രണ്ട് ഒപ്പ് ഇട്ടേനെ:)

Pramod.KM said...

ഹഹ. അങ്ങനെയോ?എങ്കില്‍ ലാപുടയുടെ അഭിപ്രായം മുഖവിലക്കെടുത്തില്ല എന്ന പരാതി വേണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സൌഹാര്‍ദപൂര്‍വ്വം ഇട്ട ഒരു കമന്റായി തലക്കെട്ട് മാറ്റത്തെസംബന്ധിച്ച ആലോചനകളെ മാറ്റിയേക്കാം.കാരണം അതാവും രണ്ടൊപ്പുകളെക്കാള്‍ കരണീയം:)

ഗീതാഗീതികള്‍ said...

വീഡിയോ എടുത്തുകൊണ്ടിരിക്കയല്ലേ. ഒരു സ്വാഭാവികതയ്ക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചോദിക്കേം പറയേം വേണ്ടേ....
പായസത്തില്‍ ഉപ്പിട്ടോ എന്നു ചോദിക്കുന്നയാളും അതു കേള്‍ക്കുന്നയാളും ഒന്നും അറിയുന്നില്ലാ, എന്താണ് ചോദിച്ചതെന്നും, എന്താണ് കേട്ടതെന്നും....
മനസ്സു മുഴുവന്‍, വീഡിയോയില്‍ തന്റെ മുഖം എത്ര സുന്ദരമാക്കാം എന്നല്ലേ ആലോചിക്കുക ?
അതിപ്പൊള്‍ ഞാനാണെങ്കിലും, പ്രമോദാണെങ്കിലും .....

അപര്‍ണ്ണ said...

കവിത ഇഷ്ടമായി. അതിങ്ങനെ എല്ലാരും കൂടെ കീറി മുറിക്കണെ എന്തിനാണോ ആവോ?

എന്തായാലും യ്യ്‌ പോയി റിസര്‍ച്ച്‌ ചെയ്തോട്ടാ, ഇവരിങ്ങനെ പലതും പറയും. :)

കുഴൂര്‍ വില്‍‌സണ്‍ said...

ഞാന്‍ കവിയല്ല കവിതയാണ് എന്ന് പറയാന്‍ ചിലര്‍ക്കേ കഴിയൂ. അക്കൂട്ടത്തില്‍ ചുരുക്കം ചിലരില്‍ ഒരാളാണ് പ്രമോദ് എന്ന് പറയാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു ഞാന്‍. പരാജയത്തിന്റെ f ആയി അത് കൂട്ടിക്കോളൂ.

മറ്റേതില്‍ താത്പര്യക്കുറവ് ഉണ്ടായിട്ടല്ല. ആ വാക്ക് അധികം ശീലമല്ല.

ചീടാപ്പി said...

പ്രമോദെ മെയിലാഞ്ചി കല്യാണങ്ങളാണെനിക്കോര്‍മ്മ വരുന്നത്‌. ക്യാമറയുടെ കുഴല്‌ തിരിച്ചുപിടിക്കുംബൊ അടിവയറ്റീന്നൊരു കേറ്റമുണ്ട്‌. :)

വല്യമ്മായി said...

ആദ്യത്തെ നാലു ഖണ്ഡികയിലും മനഃപ്പൂര്‍‌വ്വം എല്ലാവരും അഭിനയിക്കുമ്പോള്‍ അഞ്ചാമത്തെ ഖണ്ഡികയില്‍ അഭിനേതാക്കളറിയാത്ത സംഭാഷണമാണ് കൂട്ടി ചേര്‍ത്തിരിക്കുന്നത്.അറിയാതെയെങ്കിലും ഒഴുക്കിനൊത്ത് നീന്തേണ്ടി വരുന്നു,മറ്റുള്ളവരെ രസിപ്പിക്കാന്‍ വേണ്ടി.എന്റെ അഭിപ്രായത്തില്‍ കാമറയല്ല,ഇതെല്ലാം ടിവിയില്‍ കാണുന്ന നാം മനസ്സിലാക്കുന്നതാണ് കവിത,അവരുടെ കണ്ണില്‍ ആ ചിത്രത്തിനു ഒരു കാലമേ ഉള്ളൂ,സംഭാഷണം സ്വാഭാവികമാണോ കൂട്ടിചേര്‍ത്തതാണോ എന്നത് അവിടെ പ്രസക്തമല്ല.


എണ്‍പതുകളുടെ ആദ്യപകുതിയില്‍ വീഡിയോ കാമറ കാണുമ്പോള്‍ ശ്വാസം പിടിച്ച് നില്‍ക്കുമായിരുന്നു ആളുകള്‍,ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ പുരോഗമിച്ചിരിക്കുന്നു :)

രൂപവും ഭാവവുമല്ല ഞാന്‍ കവിത മാത്രമേ കണ്ടുള്ളൂ.

റോബി said...

പോസ്റ്റിട്ട അന്ന് വന്നു നോക്കുമ്പോള്‍ ഇവിടെ കവിസമ്മേളനം നടക്കുന്നു. ഇടയ്ക്ക് കയരി അലമ്പണ്ട എന്നു കരുതി തിരിച്ചു പോയി...:)


കവിതവായിക്കുമ്പോള്‍ ഞാ‍ന്‍ ചിരിച്ചു പോയി, ആ വിഷ്വല്‍‌സ് ഓര്‍ത്ത്.

സുമേഷ് ചന്ദ്രന്‍ said...

ദെനിയ്ക്കിഷ്ടായിഷ്ടാ.. ഈ കാമറ ഇങ്ങനെ പിടിച്ചോണ്ട് നിക്കണ കാരണം ബാക്ക്യൊള്ള വശങ്ങളൊന്നും കാണാന്‍ പറ്റീല്യ..കാമറകമ്പം ശ്ശി ണ്ടെയ്..

മോളില് നിന്നെയറ് പിടിക്കണ ജെയന്മാരൊക്കെ കാമറ കാണുമ്പോ “ശൊ ഈ ലൈറ്റ്..“ എന്നും പറഞ്ഞ് കണ്ണു ചുളുക്കണ ചുള്ളാപ്പീസാ ട്ടാ..

:)

(കുളിപ്പൊരേലെ വീഡിയോ വല്ലോം ണ്ടാ..?) :P

അനിലന്‍ said...

കവിതയിലെ വരികള്‍ മുറിക്കുന്ന വഴികളെപ്പറ്റി നേരത്തെയും ചിന്തിച്ചിട്ട് ഒരെത്തും പിടിയും ഇതുവരെ കിട്ടിയിട്ടില്ല.

അതങ്ങനെ മുറിയുന്നതല്ലേ വെള്ളെഴുത്തേ?
വരിയുടെ നീളവും വീതിയും നോക്കാന്‍ പോകുന്നതില്‍ കാര്യമുണ്ടോ.

ഗോപീ

നൂറ്റാണ്ടുകളുടെ ജൈവതാളങ്ങള്‍ക്കു മേല്‍ യാന്ത്രികത ഒറ്റനിമിഷം കൊണ്ട് ഏകാധിപതിയാകുന്നതും..

ഒപ്പ്!

പ്രമോദേ,
ഇവരൊക്കെ വീഡിയോയില്‍ പതിയുന്നുണ്ടല്ലോ എന്നതുതന്നെ വലിയ കാര്യം!

സാല്‍ജോҐsaljo said...

ഓടിനടന്നു ഷൂട്ട് ചെയ്തു അല്ലേ. ഭംഗിയായി മുറിച്ച ഷോട്ടുകള്‍. 1961-ലെ പ്രിന്റും!

Anonymous said...

കൊറിയയിലിരുന്നു കവിതയിറക്കുന്ന കടൂരുകാരാ ,അകലെനിന്നും ഈ അറിയാത്ത കുട്ടിയുടെ അഭിനന്ദനങ്ങള്‍