Sunday, June 20, 2010

എന്തിന്നധീരത! ഇപ്പോള്‍ തുടങ്ങുവിന്‍ !!

´´ഇരുണ്ട കാലങ്ങളിലും പാട്ടുണ്ടാകുമോ?
ഉണ്ടാകും,
ഇരുണ്ടകാലങ്ങളെക്കുറിച്ചുള്ള പാട്ട്´´

-ബെര്‍തോള്‍ത് ബ്രെഹ്ത്

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്കാ ബാലവേദിയില്‍ നിന്നു കേട്ട ‘എന്തിന്നധീരത/ ഇപ്പോള്‍ തുടങ്ങുവിന്‍’ എന്ന പാട്ടാണ് ആദ്യമായി പാടിയതായി എന്റെ ഓര്‍മ്മയിലുള്ളത്. പാടിത്തന്നവരുടെ ശരീരഭാഷയനുകരിച്ച് കണ്ണുമിഴിച്ച്, കൈകള്‍ ചൂണ്ടി അര്‍ത്ഥമറിയാത്ത പ്രായത്തില്‍ ഈ പാട്ടു പാടിയപ്പോള്‍ ഉണ്ടായ ഒരു അനുഭവമായിരിക്കണം ഇതിനെ പാട്ടോര്‍മ്മയുടെയെന്നല്ല, ഓര്‍മ്മയുടെതന്നെ കയര്‍ കെട്ടിയ കുറ്റിയാക്കിയത്. പിന്നീട് ‘കാലി’ എന്ന കവിത പടുത്തത് ഈ ഓര്‍മ്മയുടെ അടിത്തറയിലാണ്.

അന്നേ കൂടെ കൊണ്ടു നടന്ന, വി.കെ. ശശിധരന്‍ ഈണം നല്‍കിയ ഈ പാട്ട്, ഞാന്‍ മുതിര്‍ന്നപ്പോള്‍ കൂടെ മുതിര്‍ന്നു. ശബ്ദത്തിന്റെയോ ആംഗ്യത്തിന്റേയോ, ഈണത്തിന്റെയോ കൌതുകത്താല്‍ മനസ്സില്‍ വേരൂന്നിയ, ബ്രെഹ്തിന്റെ കവിതയെ ആസ്പദമാക്കി പുനലൂര്‍ ബാലന്‍ എഴുതിയ ഉജ്ജ്വലമായ ഈ ആവിഷ്കാരം പിന്നീട് അര്‍ത്ഥമറിഞ്ഞു തുടങ്ങിയപ്പോള്‍ ആലംബവും ആശ്വാസവുമൊക്കെയായി വളര്‍ന്നു. പങ്കെടുത്തതും നേതൃത്വം കൊടുത്തതുമായ പുരോഗമനപ്രവര്‍ത്തനങ്ങളിലെല്ലാം, “നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക് / കാലം അമാന്തിച്ചു പോയില്ല” എന്ന് ആത്മവിശ്വാസം നല്‍കി.
സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തില്‍ കേരളത്തിന്റെ ഏതൊരു മുക്കിലും മൂലയിലുമെന്ന പോലെ, കടൂരെന്ന എന്റെ കൊച്ചുഗ്രാമത്തിലും “നിങ്ങള്‍ പഠിക്കുവിന്‍ /നിങ്ങള്‍ പഠിക്കുവിന്‍/ ആദ്യാക്ഷരം മുതല്‍ മേലോട്ട്”എന്ന് ഉച്ചത്തില്‍ മുഴങ്ങി. “ബാലപാഠങ്ങള്‍ പഠിച്ചോളിന്‍ /മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍” എന്ന് അക്ഷരങ്ങളുടെ മഹാസമുദ്രം ചൂണ്ടി ആവേശം പകര്‍ന്നു. മടിയും മടുപ്പും തോന്നിയ അവസരങ്ങളിലെല്ലാം “എന്തിന്നധീരത/ ഇപ്പോള്‍ തുടങ്ങുവിന്‍/ എല്ലാം നിങ്ങള്‍ പഠിക്കേണം” എന്ന് പുറത്തു തട്ടി. [ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ ‘എന്തിന്നധീരത’ തരുന്ന മനോവീര്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്തരമൊരു സന്ദര്‍ഭമാണ് ‘നീലക്കുറിഞ്ഞികള്‍ ’ എന്ന കവിതയില്‍ ഞാന്‍ അടക്കം ചെയ്തിട്ടുള്ളത്.]

“തയ്യാറാകണമിപ്പോള്‍ തന്നെ/ആജ്ഞാ ശക്തിയായ് മാറീടാന്‍” എന്ന് അത് ആവോളം കരുത്തു തന്നു. ‘നാടു കടത്തപ്പെട്ടവരേ/ തടവിലടയ്ക്കപ്പെട്ടവരേ’ എന്ന് ചരിത്രത്തെ കണ്മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ‘വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും വന്ദ്യവയോധികരേ’ എന്നു കേട്ടപ്പോള്‍ ‘പെന്‍ശന് അപേക്ഷ കൊടുത്തിറ്റും കിട്ടീറ്റില്ലല്ലോ മോനേ’ എന്ന് പ്രതികരിച്ച നാരാണ്യേച്ചിമാര്‍ ഉണ്ടായി.
“പാര്‍പ്പിടമില്ലാത്ത പാവങ്ങളേ / മഞ്ഞില്‍ കോച്ചിയിരിപ്പവരേ/ വിദ്യാശാലയും വിജ്ഞാനങ്ങളും അന്വേഷിക്കുവിന്‍ കൂട്ടരേ” എന്ന് വഴികാട്ടിയായി . അതിനിടയില്‍ ഒരുവിഭാഗം പാര്‍പ്പിടമില്ലാത്തവരും പട്ടിണിക്കാരും ആയതെങ്ങനെയാണ് എന്ന് ആലോചിച്ചു. ‘എന്നും അടുക്കളക്കുള്ളില്‍ കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ’ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്കു നയിച്ചു. കരിയടുപ്പൂതി കലങ്ങിയിരുന്ന കണ്ണുകള്‍ പരിഷത്തിന്റെ പുകയില്ലാത്ത അടുപ്പും, ചൂടാറാപ്പെട്ടിയും കണ്ട് തിളങ്ങി.

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ” എന്ന് നാടായ നാടൊക്കെ ഉണര്‍ത്തുപാട്ടായി. “ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ / മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍ ” എന്ന് ശാസ്ത്രത്തെയും യുക്തിബോധത്തെയും നെഞ്ചിലേറ്റി. “തന്നത്താനെ പഠിക്കാതെയൊന്നും /അറിയില്ല നിങ്ങള്‍ സഖാക്കളേ...” എന്ന് വിമര്‍ശനവും ആത്മവിമര്‍ശനവുമായി.

ധൂര്‍ത്തിന്റെയോ, ചൂഷണത്തിന്റെയോ അംശങ്ങള്‍ നിത്യജീവിതത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നെന്ന് തോന്നിയ അവസരങ്ങളില്‍ “ഓരോ ചെറുചെറു വസ്തുവിലും/ വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ/എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്” എന്ന് ഉള്ളിന്റെയുള്ളില്‍ താക്കീതായി. കടൂരിലെ ആള്‍ദൈവത്തിന്റെ കയ്യില്‍ നിന്നും ശാസ്ത്രകലാജാഥയ്ക്ക് സംഭാവനയായി നല്ലൊരു തുക വാങ്ങിയതില്‍ പശ്ചാത്തപിച്ച് കാശ് തിരികെ കൊണ്ടുകൊടുക്കുകയും ആളെ രണ്ട് ചീത്ത പറയുകയും ചെയ്തു. പഠിക്കാനുള്ള അവകാശങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടിയല്ലാതെ പഠിപ്പുമുടക്കുന്ന സന്ദര്‍ഭങ്ങളില്‍ ജാഥയില്‍ നിന്നും ചെവിക്കു പിടിച്ച് ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി.

കണ്ണൂരിലെ ഒരു തലമുറയ്ക്ക് നാടകമെന്നു കേള്‍ക്കുമ്പോഴും ബ്രെഹ്ത് എന്നു കേള്‍ക്കുമ്പോഴുമൊക്കെ ഓര്‍മ്മ വരുന്ന ഒരു പേരാണ് കരിവെള്ളൂര്‍ മുരളി. ബ്രെഹ്തിന്റെ കവിതകളെ കലാജാഥകളിലൂടെയും മറ്റും പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. മുരളിയേട്ടന്‍ എഴുതി ചിട്ടപ്പെടുത്തിയ “ഒരു ചോദ്യം മറുചോദ്യം പലചോദ്യങ്ങള്‍ / പലപല ചോദ്യങ്ങള്‍ / ഈ പ്രപഞ്ചശക്തിയാര്‍?/ സൌന്ദര്യങ്ങള്‍ തന്‍ സ്രഷ്ടാവാര്?/ ഉത്തരം / അതിനൊറ്റയുത്തരം/ അദ്ധ്വാനിക്കുന്ന മനുഷ്യന്‍ / ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യന്‍/, ” അതു പോലെ തന്നെ “എതിരുകളോടേറ്റുമുട്ടിയേറ്റുമുട്ടി/ അവനവന്റെ പ്രതിരോധം പലകാലം കൊണ്ടുവളര്‍ത്തി / ഇരുളടഞ്ഞ ഭൂതകാല ഗഹ്വരത്തില്‍ നിന്നുമവന്‍ / അറിവുകളുടെ പുതിയവെട്ടമെങ്ങുമുയര്‍ത്തീ” തുടങ്ങിയ വരികള്‍ എങ്ങനെയാണ് മറക്കാന്‍ കഴിയുക!. ബ്രെഹ്തിന്റെ രചനയെ ആസ്പദമാക്കി മുല്ലനേഴി എഴുതിയ ‘ഡോക്ടറോട്’ എന്ന സംഗീത ശില്‍പ്പവും ഇവിടെ എടുത്തുപറയട്ടെ. ‘ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക’ എന്ന് പാടിയ ഒരു തലമുറ തന്നെയാണോ, അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ‘ഷര്‍ട്ടിനുപിടിക്കാനും’, ‘പെരടിക്കടിക്കാനും’ പയ്യന്നൂരും പാലേരിയിലുമൊക്കെ ശ്രമിച്ചത് എന്ന സങ്കടകരമായ ആശങ്കയും ഇവിടെ പങ്കുവെക്കട്ടെ.

ഇന്ന് ഞാന്‍ , അച്ചടിയന്ത്രം കണ്ടുപിടിച്ച ഗുട്ടന്‍ബര്‍ഗിന്റെ നാടായ ജര്‍മ്മനിയിലെ മൈന്‍സ് എന്ന സ്ഥലത്ത് നില്‍ക്കുന്നു. ഇവിടെയുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണാര്‍ത്ഥം വന്നത്. ബ്രെഹ്ത് ജനിച്ച ഔഗ്സ്ബര്‍ഗിലേക്ക് പോയിവരാന്‍ 200 യൂറോ കരുതണം. കേരളാശാസ്ത്ര സാഹിത്യപരിഷത്തിന്റെ കലാജാഥകളെല്ലാം മനസ്സില്‍ തെളിയുന്നു. തെരുവുനാടകങ്ങളും സംഗീതശില്‍പ്പങ്ങളും, എല്ലാ അവയവങ്ങളും പ്രവര്‍ത്തനക്ഷമമായ ബ്രെഹ്തിന്റെ കവിതകളും ഒന്നൊഴിയാതെ ഓര്‍മ്മവരുന്നു. ബ്രെഹ്തിന്റെ നാട്ടിലേക്കുള്ള യാത്ര ഞാന്‍ മാറ്റിവെയ്ക്കുന്നു. പകരം ജര്‍മ്മനിയിലെ അഞ്ച് തെരുവുതെണ്ടികള്‍ക്ക് ഡോണര്‍ കെബാബും സോഡയും വാങ്ങി ക്കൊടുക്കുന്നു. ഒരു ഡയറിയും പേനയും കൊടുക്കുന്നു. അവരിലൊരാള്‍ വോജ്ടെക് പിസുല; സോവിയറ്റ് റഷ്യയെയും, നാസി ജര്‍മ്മനിയെയും ഒരു പോലെ വെറുക്കുന്ന ഒരു പോളിഷ് കുടിയേറ്റക്കാരന്‍.
(പാട്ടോര്‍മ്മ, മാധ്യമം ആഴ്ചപ്പതിപ്പ്, June 28, 2010)

16 comments:

Unknown said...

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ”

വീകെ. said...

കവിതയുടെയും പാട്ടിന്റെയും ആശയത്തിന്റേയുമൊക്കെ വീര്യം ചോർന്നൊലിക്കുമ്പോൾ, പഴയ വിപ്ലവാവേശം ചിതലിരിച്ച്‌ ഭൗതികതയുടെയും മുതലാളിത്തത്തിന്റേയും സമവാക്യം തീർക്കുമ്പോൾ, കീഴാള പക്ഷം മാറ്റിപ്പിടിക്കുമ്പോൾ, തുറന്നുകാണിക്കുന്നവരുടെ കഴുത്തിനു പിടിക്കുകയല്ലാതെ വേറെന്തു വഴി....

Muhammed Shan said...

പ്രമോദ്‌..,

പഴയൊരു കാലം തിരികെ തന്നതിന് നന്ദി.

Manoraj said...

പഴയ കാല പരിഷത്ത് പ്രവർത്തനങ്ങളിലേക്ക് മനസ്സിനെ ഒന്ന് കൊണ്ട് പോവാൻ സഹായിച്ചതിന് നന്ദി മാഷേ.. ഒരിക്കലും മറക്കില്ല ഈ വരികളൊന്നും

എന്തിന്നധീരത ഇപ്പോൾ തുടങ്ങുവിൻ
എല്ലാം നിങ്ങൾ പഠിച്ചിടു


അത് പോലെ അക്ഷരജ്ഞാനം അറിവല്ല
അറിവിന്റെ രക്ഷാകവാടമാണെന്നുള്ളതോർക്കുക

എന്നുള്ളതും ഒക്കെ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

‘ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക’ എന്ന് പാടിയ ഒരു തലമുറ തന്നെയാണോ, അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ‘ഷര്‍ട്ടിനുപിടിക്കാനും’, ‘പെരടിക്കടിക്കാനും’ പയ്യന്നൂരും പാലേരിയിലുമൊക്കെ ശ്രമിച്ചത് എന്ന സങ്കടകരമായ ആശങ്കയും ഇവിടെ പങ്കുവെക്കട്ടെ.

അതീവ സാമാന്യവല്‍ക്കരണവും ലളിതവല്‍ക്കരണവും ആയിപ്പോയി പ്രമോദ്...ഈ വാചകം തിരുകിക്കയറ്റാനാണോ ഈ കുറിപ്പ് എഴുതിയതെന്നു പോലും ഭയപ്പെട്ടു പോകുന്നു...എന്തിനെ ചോദ്യം ചെയ്തപ്പോളാണു പയ്യന്നൂരും പാലേരിയും ഉണ്ടായതെന്നും കൂടി പറയാനുള്ള ബാധ്യത ഇതിന്റെ കര്‍ത്താവിനുണ്ടെന്ന് ഞാന്‍ കരുതുന്നു.

( പയ്യന്നൂരിനേയോ പാലേരിയേയോ ന്യായീകരിക്കുന്നില്ല..പക്ഷേ അതിലെ ആള്‍ക്കാരെ പരിഷത്ത് ഉയര്‍ത്തിയ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തിയത് അത്ര പോലും ന്യായീകരിക്കത്തക്കതല്ല)

ramachandran said...

I am really confused,
എന്താണ് പ്രനോദ് പറ്യുന്നത്?

Anonymous said...

Oh Pramod, what happened to yourself and Karivellur Murali when MN Vijayan justified the snake park attack. This 'പെരടിക്കടി' is nothing compare to many before.
so where you have reached finally? Madhyamam and Sama kalika malayalam. jamaat and Goyanka!!(സോവിയറ്റ് റഷ്യയെയും, നാസി ജര്‍മ്മനിയെയും ഒരു പോലെ വെറുക്കുന്ന !!!...)

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan said...

കാതിലൊരാലോലമൂഞ്ഞാലുകെട്ടിയ മുത്തശ്ശി..
കഥയുടെ കെട്ടഴിച്ചൂ...
കഥയുടെ കെട്ടിൽ നിന്നായിരം തൂമണി
മുത്തുകൾ ചുറ്റും ചിതറിവീണൂ.... (കാതിലൊ...)

‘കഥയാൽ തടുക്കാമോ കാലത്തെ“ എന്നൊരാൾ
പണ്ടുപാടിയതിന്റെ വരിയെടുപ്പാണിപ്പോൾ

സുരേഷ് ബാബു വവ്വാക്കാവ് said...

ഈ നീലവാനങ്ങളിൽ തഴുകിയെത്തുമിളങ്കാറ്റിൽ കളകളം പാടുമീ പുഴകളിൽ വിഷംതുപ്പുമസുരരേ ഞങ്ങൾ വന്നിതാ.. ഈ പുതിയ കുരുക്ഷേത്ര ഭൂമിയിൽ..

PARISHATH OACHIRA said...

ആശംസകൾ

Rajeeve Chelanat said...

അതെ..രാമചന്ദ്രനെപ്പോലെ ഞാനും കണ്‍‌ഫ്യൂസ്‌ഡ് ആയി പ്രമോദ്. പ്രത്യേകിച്ചും നാസിജര്‍മ്മനിയെയും സോവിയറ്റ് റഷ്യയെയും ‘ഒരുപോലെ’ വെറുക്കുന്നവരെ പരിചയപ്പെട്ടപ്പോള്‍..എന്തായാലും പരിഷത്തിനെയും കരിവെള്ളൂര്‍ മുരളിയെയുമൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി.

അഭിവാദ്യങ്ങളോടെ

ഹേമാംബിക | Hemambika said...

ഞാനും പാടിയിട്ടുണ്ട് ആ പാട്ട് . അന്നും ഇന്നും പൊരുള്‍ കിട്ടിയിട്ടില്ല. ഇന്ന് പ്രമോദിന്റെ ഈ എഴുത്ത് വായിച്ചപ്പോഴും ഒന്നും പിടികിട്ടിയില്ല. മൈന്‍സില്‍ വന്നതും അറിഞ്ഞില്ല. കൊറിയയില്‍ ആണെന്ന് വിചാരിച്ചു. ഇനി പോകുന്നില്ലേ ?

Shameer N said...

chodyangal chodippikkunnu enna vyaajena chodyangalkoke readymade utharam nalki paraishad oru thalamureye vanjichu..

വികടശിരോമണി said...

അൽ‌പ്പം കൺ‌‌ഫ്യൂഷനുകളൊക്കെ ഉണ്ടാക്കിയെങ്കിലും മറക്കാനാവാത്ത ഒരുപാടോർമ്മകളെ മടക്കിത്തന്നു,ഈ കുറിപ്പ്. പാരിഷത്തികത എന്നും പരിഷത്ത് കുടുംബം എന്നും ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് എന്നും ഏതോ ഭൂതകാലത്തിലെ വായ്ത്താരികൾ, തെരുവുനാടകത്തിനു കൊണ്ട വെയിൽ‌പ്പെരുക്കങ്ങൾ, എല്ലാം വന്ന് എത്തിനോക്കിപ്പോയി.മെലിഞ്ഞ ശരീരത്തിന്റെ ഉള്ളിലെ അഴിമുഖങ്ങളിൽ നിന്നും വേലിയേറ്റം പോലെ “ആജ്ഞാശക്തിയായ്” എന്ന് അമർത്തിപ്പാടുന്ന ചന്ദ്രൻ മാഷ്, “എങ്ങനെയിതു കിട്ടി നിങ്ങൾക്ക്’“ എന്നു ചതുരശ്രനടയിലേക്കു മാറിവീഴുന്ന താളപ്പെരുക്കം ആവർത്തിച്ചു പാടി രസിച്ച സ്കൂൾ ദിനങ്ങൾ - ഓർമ്മയുടെ കാർണിവെലുകൾ.
മതി, ഇനിയും ഇവിടെ നിന്നാൽ എനിക്കു കരയാൻ തോന്നും.

The English Teacher said...

സ്നേഹം

The English Teacher said...

സ്നേഹം