Tuesday, June 12, 2007

ഒരു വിലാപം

മുക്കിലും മൂലയിലും
ബോംബുപൂക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
ഞാന്‍
ഒരു
സാംസ്കാരിക നായകനായി
അറിയപ്പെട്ടു തുടങ്ങിയത്.

ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍
അത് കഴിഞ്ഞ്
ഒരു മാസം വരെ
എന്റെ തല
പത്രങ്ങളില്‍ വരണമെന്നാണ്
എന്റെ നിര്‍ബന്ധം.

ഇന്നലത്തെ
അക്രമവിരുദ്ധ
നിരാഹാ‍രം കഴിഞ്ഞ്
ഭവനത്തില്‍ വന്ന്
ഭാര്യയുടെ മുലയും കുടിച്ച്
സസുഖം
സുഷുപ്തിയിലാണ്ടപ്പോള്‍
ഒരുത്തന്റെ തല
സ്ഫോടനത്തില്‍
ആവിയായിപ്പോകുന്ന
ഒരു
സുസ്വപ്നം ദര്‍ശിച്ചു.

ഉന്മേഷപൂര്‍വ്വം
പതിവിലും നേരത്തെ എണീറ്റ്
ശാന്തിയാത്രക്കിറങ്ങുംമുമ്പ്
ചീപ്പുമായി
കണ്ണാടിയില്‍ നോക്കിയപ്പോള്‍
ദൈവമേ,
എന്റെ തല????.
...............................
കണ്ണൂരിലെ രാഷ്ടീയകൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ 2000-2001 കാലഘട്ടത്തില്‍ എഴുതിയ കവിത.

Saturday, June 2, 2007

കുഞ്ഞാക്കമ്മ

കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറയ്ക്കും,
കാറുപെയ്താല്‍ കരയും.

പുതുമഴയ്ക്കു മുമ്പ്
പുരമേയാന്‍ കിട്ടിയത്
പുല്ലിനു പകരം
പുലയാട്ട്.

അങ്ങനെയാണ്,
അധികാരിയുടെ പറമ്പില്‍ കയറി
ആണുങ്ങളും പെണ്ണുങ്ങളും
പുല്ലരിഞ്ഞത്..
പോലീസുകാര്‍
ആണുങ്ങളുടെ
പല്ല് പിഴുതത്...
ലാത്തിയടിയില്‍
അടുക്കളയിലെ
കലങ്ങള്‍ പൊളിഞ്ഞത്....

കുഞ്ഞാക്കമ്മയുടെ പിറകേ
പൊളിഞ്ഞ കലങ്ങള്‍
സംഘടിച്ചത്....

ചട്ടിക്കഷണത്തിലെ
ചുവന്ന കറ മണത്ത്
“അമ്മേ മീന്‍കറി” എന്ന്
ചിരുകണ്ടന്‍ കരഞ്ഞത്....

മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...

കുഞ്ഞാക്കമ്മ
ജയിലില്‍ നിന്നുംവന്നത്
പൊളിഞ്ഞ ഒരു
കലം പോലെ....

പക്ഷെ
ചുവപ്പുമണത്ത്
ഒരു ഗ്രാമം മുഴുവന്‍
നെയ്തു,
മീന്‍കറിയെക്കുറിച്ച്
ഒരു
സ്വപ്ന വല!!
----------------------
സമര്‍പ്പണം: കണ്ടക്കൈ പുല്ലുപറി സമരം,വിളവെടുപ്പുസമരം,കലംകെട്ട് സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത കുഞ്ഞാക്കമ്മ എന്ന സ്ത്രീരത്നത്തിന്.------------------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

ചരിത്രപശ്ചാത്തലം:
കണ്ടക്കൈ അധികാരിയുടെ പറമ്പില്‍ നിന്ന് പുരമേയാന്‍ പുല്ലു പറിച്ചതാണ് പുല്ലുപറി സമരം.അതിനു ശേഷം ജന്മിയുടെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് സഖാക്കളുടെ നേതൃത്വത്തില്‍ വിളവെടുത്ത് നാട്ടുകാര്‍ക്ക് വിതരണം നടത്തി. ഇതിനെയെല്ലാം ക്രൂരമായി നേരിടുകയായിരുന്നു അധികാരികളും പോലീസും.വിളവെടുപ്പുസമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ കയറി കലങ്ങളും ചട്ടികളും തകര്‍ത്തു നരാധമന്മാര്‍.കുഞ്ഞാക്കമ്മയുടെ നേതൃത്വത്തില്‍ 1947 ജനുവരി 22ന് പൊളിഞ്ഞ ചട്ടികളും കലങ്ങളും ശേഖരിച്ച് സ്ത്രീകള്‍ ജന്മിയുടെ വീട്ടിലേക്ക് ‘ജന്മിത്തം തുലയട്ടെ’തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജാഥനയിച്ചു.ഇതാണ് ഐതിഹാസികമായ കലംകെട്ട് സമരം.1947 ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 5 വരെ കുഞ്ഞാക്കമ്മ ജയിലില്‍ ആയിരുന്നു.പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളാണ് ആ സ്ത്രീക്ക് ഏല്‍ക്കേണ്ടി വന്നത്.
ഇതിനൊക്കെ ശേഷം 1950 ഇല്‍ ആണ് തൊട്ടുമുന്‍പത്തെ കവിതയില്‍ സൂചിപ്പിച്ചതു പോലെ ജന്മിയുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പയുടെയും മറ്റും നേതൃത്വത്തില്‍ നെല്ലെടുപ്പു സമരവും തുടര്‍ന്നുള്ള പാടിക്കുന്ന് വെടിവെപ്പും നടന്നത്.