Sunday, June 29, 2008

നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!

1) പുസ്തകം

എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ് മാറീടാന്‍.
..............................
നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചുപോയില്ല
നിങ്ങള്‍ പഠിക്കുവിന്‍ നിങ്ങള്‍ പഠിക്കുവിന്‍
ആദ്യാക്ഷരം മുതല്‍ മേലോട്ട്.
..............................
ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുക
ഓരോ ചെറു ചെറു വസ്തുവിലും
വിരല്‍തൊട്ടു തൊട്ടങ്ങു ചോദിക്കൂ
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്
................................
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
.................................”

പുസ്തകം എന്ന് കേള്‍ക്കുമ്പോള്‍ ബ്രെഹ്തിനെയാണ് ഓര്‍മ്മ വരിക.കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദിയില്‍ വെച്ച് ,ഓര്‍മ്മവെക്കും മുമ്പേതന്നെ ഞാന്‍ പരിചയിച്ചതാണ് ഈ പാട്ട് എന്ന് അമ്മയുടെ സാക്ഷിപത്രം.
പുസ്തകങ്ങള്‍ നശിപ്പിക്കുന്നത് ഒരു വ്യവസ്ഥിതിയെത്തന്നെ നശിപ്പിക്കും എന്നതിന് ഉത്തമോദാഹരണം സോവിയറ്റ് യൂണിയന്‍ തന്നെ.

2) കാര്‍ഷികം


കര്‍ഷക സമരങ്ങളെക്കുറിച്ച് അറിയുന്നത് കമ്യൂണിസം പഠിക്കലല്ല. ജന്മിത്തത്തിന്റെ കാലത്ത് പട്ടിണികിടക്കേണ്ടിവന്നതും,കാര്‍ഷികബില്‍ പാസ്സാക്കിയപ്പോള്‍ കൃഷിഭൂമി കിട്ടിയതും കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമല്ല. കുട്ട്യപ്പയെക്കുറിച്ചും കുഞ്ഞാക്കമ്മയെക്കുറിച്ചും എനിക്ക് ഇത്രയെങ്കിലും മനസ്സിലാക്കാനായത് അതിനെപ്പറ്റി അന്വേഷിക്കാനുള്ള പ്രത്യേക താല്പര്യവും, പറഞ്ഞുതരാനുള്ള ആളുകളും ഉള്ളതിനാല്‍ മാത്രമാണ്. എന്റെ തലമുറയില്‍പ്പെട്ട എത്ര ആളുകള്‍ക്ക് അവരെ പറ്റി അറിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയവുമുണ്ട്. കുഞ്ഞാക്കമ്മയുടെ ഇംഗ്ലീഷ് പരിഭാഷക്കു കിട്ടിയ സി.ദാമോദരന്റെ കമന്റു കണ്ടാണ് ഞാന്‍ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചത്. പരിഷത്തിലൂടെ എനിക്ക് പരിചയമുള്ള ആളാണ് ഇദ്ദേഹം. വിളിച്ചപ്പോള്‍ ആള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനു ശേഷം എന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു,സി.ദാമോദരന്റെ അച്ഛന്റെ അമ്മയാണ് കുഞ്ഞാക്കമ്മ എന്ന്. ഇതിനുശേഷം വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ അവരുടെ വീട്ടുകാര്‍ പ്രകടിപ്പിച്ച സന്തോഷവും താല്പര്യവും, ബ്ലോഗ് എന്ന മാധ്യമത്തിനും അതില്‍ എഴുതപ്പെട്ട ഒരു കവിതക്കും എന്നെസംബന്ധിച്ചിടത്തോളം പ്രാപ്യമായ ഉന്നതികളായി എനിക്ക് തോന്നിയെങ്കിലും, ഇക്കാര്യങ്ങള്‍ അറിയാതെ പോയല്ലോ എന്ന സങ്കടമാണ് എന്നെ മഥിച്ചത്. അവനവന്റെ നാട്ടിന്റെ ചരിത്രം ഒരു കരിക്കുലത്തിന്റെ ഭാഗമാകുകയാണെങ്കില്‍ അത് നമുക്ക്, പുതു തലമുറയിലെ കുട്ടികള്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റുന്ന വലിയ ഒരു സഹായമാണ്. പുസ്തകങ്ങളില്‍ നാം ദേശീയ നേതാക്കളെക്കുറിച്ചു പഠിക്കുന്നുവെങ്കിലും തങ്ങളുടെ അയല്പക്കത്തെ കുഞ്ഞാക്കമ്മമാരെപ്പറ്റി അവബോധമില്ല്ലാതിരിക്കുന്നത് ഗുരുതരമായ ഒരു ന്യൂനതയാണ്. റഷ്യന്‍ വിപ്ലവത്തേക്കാളും രണ്ടാം ലോകമഹായുദ്ധത്തേക്കാളും കൂടുതല്‍ ആഴത്തില്‍ സ്വന്തം നാട്ടിലെ മുന്നേറ്റങ്ങളെയും സാഹചര്യങ്ങളെയും പ്രതിസന്ധികളെയുമൊക്കെ പറ്റി കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാ‍ന്‍ കഴിയും. കേരളചരിത്രം തന്നെ മാറ്റിയെഴുതിയ കാര്‍ഷികബില്‍ ഞാന്‍ ആദ്യമായി കാണുന്നത് ഈ പാഠപുസ്തകവിവാദം വന്നതിനുശേഷം പ്രചരിച്ച അതിന്റെ പകര്‍പ്പുകളിലൂടെയാണ്. കമ്യൂണിസ്റ്റുകാരാണ്/കോണ്‍ഗ്രസ്സുകാ‍രാണ് എന്നതു കൊണ്ടു മാത്രം നമ്മുടെ പൂര്‍വ്വികര്‍ സഹിച്ചത് കഷ്ടപ്പാടുകള്‍ അല്ലാതാവുന്നില്ലല്ലോ.

3) മതം


കൊറിയയുടെ മതം എന്നെ പഠിപ്പിക്കുന്നത് പുതിയ പാഠങ്ങളാണ്. ഇവിടെ എവിടെയും ഓഫീസ് രേഖകളില്‍ മതം ചോദിക്കുന്ന ഏര്‍പ്പാട് ഇല്ല. മിഷണറി പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ പള്ളികളും ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല .ഇവിടെ ആള്‍ക്കാര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം. എന്റെ ലാബില്‍ തന്നെയുള്ള ഒരു കൊറിയന്‍ സുഹൃത്തിന്റെ അച്ഛനമ്മമാര്‍ കൃസ്ത്യാനികളാണ്. പക്ഷെ അവന് മതമില്ല!. ഇക്കാര്യം കേട്ടപ്പോള്‍ എനിക്ക് ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ബൌദ്ധികമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുകൊണ്ടോ പുരോഗമനവാദിയായതുകൊണ്ടോ ഒന്നുമല്ല,അവന്‍ യാതൊരു മതത്തിലും വിശ്വസിക്കാതെയിരിക്കുന്നത്.എന്തു കൊണ്ടാണ് ഒരു മതത്തിലും വിശ്വസിക്കാത്തത് എന്ന ചോദ്യത്തിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് എനിക്ക് പല കൊറിയക്കാരുടെ അടുത്തുനിന്നും മറുപടി കിട്ടിയത്.ഇതര മതങ്ങളില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും തമ്മിലുള്ള വിവാഹത്തിനും ഇവിടെ യാതൊരു പുതുമയുമില്ല. പ്രധാനമായും ബുദ്ധമതവും ക്രിസ്തുമതവുമാണിവിടെയുള്ളത്. വ്യത്യസ്ത മതക്കാരുടെ ആരാധനാലയങ്ങളില്‍ ആര്‍ക്കും പ്രവേശനവുമുണ്ട്. കമ്യൂണിസ്റ്റ് ആണെന്നു പറഞ്ഞാല്‍ പിടിച്ചു ജയിലിലിടാവുന്നതരം നിയമങ്ങളുള്ള ദക്ഷിണകൊറിയയിലാണ് ഈ വിധത്തിലുള്ള സമ്പ്രദായങ്ങള്‍ എന്നത് എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ സംസ്കാരവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും ഇവിടത്തെ രീതികളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്.
---------------------------------------------------------------------------------------
അക്ഷരവിരോധികളുടെ വിഡ്ഢിത്തത്തില്‍ ലജ്ജിക്കുകയും അവരുടെ പ്രവൃത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.