Wednesday, December 24, 2008

വാക്കു പൊഴിയുമ്പോള്‍ ബാക്കിയാവുന്നത്.

ടി.പി. വിനോദിന്റെ കവിതകളെക്കുറിച്ച് ഹരിതകത്തില്‍ വന്ന ലേഖനം.

Wednesday, December 10, 2008

അറിയിപ്പ്

ഉച്ചത്തില്‍ മുഴങ്ങുന്നു സൈറണ്‍.

ചീറിപ്പാഞ്ഞിരുന്ന വാഹനങ്ങള്‍,
ഓടിയും നടന്നും
കൈകള്‍ ഉയര്‍ത്തിയും താഴ്ത്തിയും
വ്യായാമം ചെയ്തിരുന്ന
അമ്മാവന്മാര്‍,അമ്മായിമാര്‍,
കൈവണ്ടിയുന്തിയിരുന്ന അമ്മൂമ്മ,
തിരക്കിട്ടു പോകുകയായിരുന്ന
കോട്ടിട്ട കുറേയാളുകള്‍,
മഞ്ഞത്തുടകളുള്ള പെണ്‍കുട്ടികള്‍......
മൈതാനത്ത് കൂവിവിളിച്ചിരുന്ന കുട്ടികള്‍,
പട്ടികളോട് കൊഞ്ചിയിരുന്ന സുന്ദരിമാര്‍,
അരി പൊടിച്ചിരുന്ന മില്ല്,
കരിങ്കല്ല് പൊടിച്ചിരുന്ന യന്ത്രം,
വഴിയരികില്‍ താളമിട്ട്
കുനിഞ്ഞും നിവര്‍ന്നും മന്ത്രങ്ങളുരുവിട്ടിരുന്ന
ബുദ്ധസന്യാസി,
ഒച്ചയുണ്ടാക്കി നടന്നിരുന്ന മന്ദബുദ്ധികള്‍.....
എല്ലാവരും
നിന്നനില്‍പ്പില്‍
‍മിണ്ടാതെ
അനങ്ങാതെ.

ഉച്ചഭാഷിണിയില്‍ നിന്നും
ഇടമുറിയാതെ
അറിയാത്ത കൊറിയനില്‍
അറിയിപ്പുകള്‍.
ഒരടിമുന്നോട്ടു വെച്ചാല്‍
അടി കൊള്ളുമെന്നോ
വെടിവെക്കുമെന്നോ
ഇടി വീഴുമെന്നോ
ഭൂമി പിളരുമെന്നോ.....

എന്തായാലും
നമ്മള്‍ രണ്ടു പേര്‍,
മലയാളത്തില്‍
‍ചിലതമാശകള്‍ പറഞ്ഞു.
അപകടമുണ്ടെന്നറിഞ്ഞിട്ടും
പുഞ്ചിരിയോടെയും
നെഞ്ചെടുപ്പോടെയും നടന്നു നീങ്ങുന്ന
രണ്ട് വീരപുരുഷന്മാരെ കണ്ടുവോ എന്നാണ്
അറ്റന്‍ഷനില്‍ നില്‍ക്കുന്ന പോലീസുകാര്‍
പരസ്പരം പറയുന്നതെന്നതായിരുന്നു
അവയിലൊന്ന്.

Monday, November 24, 2008

Friday, August 8, 2008

പോസ്റ്റര്‍

പോസ്റ്ററൊട്ടിക്കാന്‍ മടിച്ചു നിന്നപ്പോള്‍
കണ്ടക്കയ്യിലെ കവുങ്ങിന്‍തോപ്പുകള്‍ കണ്ടിട്ടുണ്ടോ
എന്നു ചോദിച്ചു
കുഞ്ഞിരാമേട്ടന്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച സമയം
കണ്ടക്കയ്യിലെ ആളൊഴിഞ്ഞൊരു മൂലക്കെ
കവുങ്ങിന്റെ മണ്ടയില്‍ കയറി
ആടിയാടി മറ്റൊരു കവുങ്ങിലേക്ക് മാറി...
അടിയിലൂടെ നടക്കുന്ന
പെണ്ണുങ്ങളുടെയും പണിക്കാരുടെയും
പോലീസുകാരുടെയും മുകളിലൂടെ
ഒരു കിലോമീറ്ററോളം പറന്ന്
എം.എസ്.പിക്കാര്‍ കാവല്‍ നില്‍ക്കുന്ന
ജന്മിയുടെ വീട്ടുമുറ്റത്തെ
തെങ്ങിലെത്തി
മാളികയുടെ മൂന്നാം നിലയുടെ ചുവരില്‍
‘ജന്മിത്തം തുലയട്ടെ’ എന്ന പോസ്റ്ററൊട്ടിച്ച്
അതു പോലെ തിരിച്ചു വന്ന
ഗോപാലന്റെ* കഥപറഞ്ഞു.

കഥ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം
കടൂരിന്റെ മുക്കിലും മൂലയിലും പതിഞ്ഞു
പോസ്റ്ററുകള്‍.
വൈകുന്നേരം
കവുങ്ങിന്‍തോപ്പില്‍ക്കിടന്ന്
ഓലകള്‍ക്കിടയിലൂടെ
ചുവന്ന ആകാശം നോക്കി
ചിറകുകള്‍ സ്വപ്നം കണ്ടു
കുട്ടികള്‍.
--------------------------------
*പാടിക്കുന്ന് രക്തസാക്ഷികളിലൊരാള്‍

Sunday, July 6, 2008

കാലി

[2008 ജൂലായ് മാസം തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്]

‘എന്തിനാ ശ്രീധരാ’ എന്നു കേട്ട്
കാലിപൂട്ടാന്‍വന്ന ശ്രീധരേട്ടന്‍ കലമ്പി,
അതുപാടിയ
നാലു വയസ്സുകാരനായ എന്നെ.
പിന്നെ
പിള്ളരെ തോന്ന്യാസം പറഞ്ഞ് പടിപ്പിച്ചിറ്റല്ലേ എന്ന്
അച്ഛനെ.

എന്തിന്നധീരത എന്നാണ്
കുട്ടി പാടുന്നതെന്ന്
ബാലവേദിയില്‍ വെച്ച്
ബ്രെഹ്തിന്റെ പാട്ട് പാടിത്തന്ന
ദാമോരേട്ടന്‍.
ഇതുകേട്ട്
തല കുമ്പിട്ടു നിന്നു
ശ്രീധരേട്ടന്‍.

ഒരു പുലര്‍ച്ചെ
കാലിപൂട്ടാന്‍ വരുമ്പോള്‍
കണ്ടത്തില്‍ നിന്നൊരു യന്ത്രവും
മറ്റൊരു പുലര്‍ച്ചെ
കയറു പിടിച്ച് മാപ്പളക്കു കൊടുക്കുമ്പോള്‍
കാലികളും
കാലിയായ ആല പൊളിക്കുമ്പോള്‍
താഴെ വീണ കഴുക്കോലുകളും
എന്തിനാ ശ്രീധരാ എന്ന് ചോദിച്ചു.

മറ്റെന്തെങ്കിലുമാവുമെന്ന് കരുതി
തലകുമ്പിട്ടു നിന്നു
ശ്രീധരേട്ടന്‍.

Sunday, June 29, 2008

നിങ്ങള്‍ പഠിക്കുവിന്‍,നിങ്ങള്‍ പഠിക്കുവിന്‍, ആദ്യാക്ഷരം മുതല്‍ മേലോട്ട്!

1) പുസ്തകം

എന്തിന്നധീരത
ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാവണമിപ്പോള്‍ത്തന്നെ
ആജ്ഞാ ശക്തിയായ് മാറീടാന്‍.
..............................
നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക്
കാലം അമാന്തിച്ചുപോയില്ല
നിങ്ങള്‍ പഠിക്കുവിന്‍ നിങ്ങള്‍ പഠിക്കുവിന്‍
ആദ്യാക്ഷരം മുതല്‍ മേലോട്ട്.
..............................
ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക
മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുക
ഓരോ ചെറു ചെറു വസ്തുവിലും
വിരല്‍തൊട്ടു തൊട്ടങ്ങു ചോദിക്കൂ
എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്
................................
പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
.................................”

പുസ്തകം എന്ന് കേള്‍ക്കുമ്പോള്‍ ബ്രെഹ്തിനെയാണ് ഓര്‍മ്മ വരിക.കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ബാലവേദിയില്‍ വെച്ച് ,ഓര്‍മ്മവെക്കും മുമ്പേതന്നെ ഞാന്‍ പരിചയിച്ചതാണ് ഈ പാട്ട് എന്ന് അമ്മയുടെ സാക്ഷിപത്രം.
പുസ്തകങ്ങള്‍ നശിപ്പിക്കുന്നത് ഒരു വ്യവസ്ഥിതിയെത്തന്നെ നശിപ്പിക്കും എന്നതിന് ഉത്തമോദാഹരണം സോവിയറ്റ് യൂണിയന്‍ തന്നെ.

2) കാര്‍ഷികം


കര്‍ഷക സമരങ്ങളെക്കുറിച്ച് അറിയുന്നത് കമ്യൂണിസം പഠിക്കലല്ല. ജന്മിത്തത്തിന്റെ കാലത്ത് പട്ടിണികിടക്കേണ്ടിവന്നതും,കാര്‍ഷികബില്‍ പാസ്സാക്കിയപ്പോള്‍ കൃഷിഭൂമി കിട്ടിയതും കമ്യൂണിസ്റ്റുകാര്‍ക്കു മാത്രമല്ല. കുട്ട്യപ്പയെക്കുറിച്ചും കുഞ്ഞാക്കമ്മയെക്കുറിച്ചും എനിക്ക് ഇത്രയെങ്കിലും മനസ്സിലാക്കാനായത് അതിനെപ്പറ്റി അന്വേഷിക്കാനുള്ള പ്രത്യേക താല്പര്യവും, പറഞ്ഞുതരാനുള്ള ആളുകളും ഉള്ളതിനാല്‍ മാത്രമാണ്. എന്റെ തലമുറയില്‍പ്പെട്ട എത്ര ആളുകള്‍ക്ക് അവരെ പറ്റി അറിയുമെന്ന കാര്യത്തില്‍ എനിക്ക് സംശയവുമുണ്ട്. കുഞ്ഞാക്കമ്മയുടെ ഇംഗ്ലീഷ് പരിഭാഷക്കു കിട്ടിയ സി.ദാമോദരന്റെ കമന്റു കണ്ടാണ് ഞാന്‍ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിച്ചത്. പരിഷത്തിലൂടെ എനിക്ക് പരിചയമുള്ള ആളാണ് ഇദ്ദേഹം. വിളിച്ചപ്പോള്‍ ആള്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതിനു ശേഷം എന്റെ വീട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞു,സി.ദാമോദരന്റെ അച്ഛന്റെ അമ്മയാണ് കുഞ്ഞാക്കമ്മ എന്ന്. ഇതിനുശേഷം വീണ്ടും ഫോണ്‍ ചെയ്തപ്പോള്‍ അവരുടെ വീട്ടുകാര്‍ പ്രകടിപ്പിച്ച സന്തോഷവും താല്പര്യവും, ബ്ലോഗ് എന്ന മാധ്യമത്തിനും അതില്‍ എഴുതപ്പെട്ട ഒരു കവിതക്കും എന്നെസംബന്ധിച്ചിടത്തോളം പ്രാപ്യമായ ഉന്നതികളായി എനിക്ക് തോന്നിയെങ്കിലും, ഇക്കാര്യങ്ങള്‍ അറിയാതെ പോയല്ലോ എന്ന സങ്കടമാണ് എന്നെ മഥിച്ചത്. അവനവന്റെ നാട്ടിന്റെ ചരിത്രം ഒരു കരിക്കുലത്തിന്റെ ഭാഗമാകുകയാണെങ്കില്‍ അത് നമുക്ക്, പുതു തലമുറയിലെ കുട്ടികള്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റുന്ന വലിയ ഒരു സഹായമാണ്. പുസ്തകങ്ങളില്‍ നാം ദേശീയ നേതാക്കളെക്കുറിച്ചു പഠിക്കുന്നുവെങ്കിലും തങ്ങളുടെ അയല്പക്കത്തെ കുഞ്ഞാക്കമ്മമാരെപ്പറ്റി അവബോധമില്ല്ലാതിരിക്കുന്നത് ഗുരുതരമായ ഒരു ന്യൂനതയാണ്. റഷ്യന്‍ വിപ്ലവത്തേക്കാളും രണ്ടാം ലോകമഹായുദ്ധത്തേക്കാളും കൂടുതല്‍ ആഴത്തില്‍ സ്വന്തം നാട്ടിലെ മുന്നേറ്റങ്ങളെയും സാഹചര്യങ്ങളെയും പ്രതിസന്ധികളെയുമൊക്കെ പറ്റി കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാക്കാ‍ന്‍ കഴിയും. കേരളചരിത്രം തന്നെ മാറ്റിയെഴുതിയ കാര്‍ഷികബില്‍ ഞാന്‍ ആദ്യമായി കാണുന്നത് ഈ പാഠപുസ്തകവിവാദം വന്നതിനുശേഷം പ്രചരിച്ച അതിന്റെ പകര്‍പ്പുകളിലൂടെയാണ്. കമ്യൂണിസ്റ്റുകാരാണ്/കോണ്‍ഗ്രസ്സുകാ‍രാണ് എന്നതു കൊണ്ടു മാത്രം നമ്മുടെ പൂര്‍വ്വികര്‍ സഹിച്ചത് കഷ്ടപ്പാടുകള്‍ അല്ലാതാവുന്നില്ലല്ലോ.

3) മതം


കൊറിയയുടെ മതം എന്നെ പഠിപ്പിക്കുന്നത് പുതിയ പാഠങ്ങളാണ്. ഇവിടെ എവിടെയും ഓഫീസ് രേഖകളില്‍ മതം ചോദിക്കുന്ന ഏര്‍പ്പാട് ഇല്ല. മിഷണറി പ്രവര്‍ത്തനങ്ങളും ക്രിസ്ത്യന്‍ പള്ളികളും ഈയിടെയായി വര്‍ദ്ധിച്ചുവരുന്നുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല .ഇവിടെ ആള്‍ക്കാര്‍ക്ക് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ഒരു മതത്തിലും വിശ്വസിക്കാതെയുമിരിക്കാം. എന്റെ ലാബില്‍ തന്നെയുള്ള ഒരു കൊറിയന്‍ സുഹൃത്തിന്റെ അച്ഛനമ്മമാര്‍ കൃസ്ത്യാനികളാണ്. പക്ഷെ അവന് മതമില്ല!. ഇക്കാര്യം കേട്ടപ്പോള്‍ എനിക്ക് ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ബൌദ്ധികമായി ഉന്നതനിലവാരം പുലര്‍ത്തുന്നതുകൊണ്ടോ പുരോഗമനവാദിയായതുകൊണ്ടോ ഒന്നുമല്ല,അവന്‍ യാതൊരു മതത്തിലും വിശ്വസിക്കാതെയിരിക്കുന്നത്.എന്തു കൊണ്ടാണ് ഒരു മതത്തിലും വിശ്വസിക്കാത്തത് എന്ന ചോദ്യത്തിന് പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നാണ് എനിക്ക് പല കൊറിയക്കാരുടെ അടുത്തുനിന്നും മറുപടി കിട്ടിയത്.ഇതര മതങ്ങളില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും തമ്മിലുള്ള വിവാഹത്തിനും ഇവിടെ യാതൊരു പുതുമയുമില്ല. പ്രധാനമായും ബുദ്ധമതവും ക്രിസ്തുമതവുമാണിവിടെയുള്ളത്. വ്യത്യസ്ത മതക്കാരുടെ ആരാധനാലയങ്ങളില്‍ ആര്‍ക്കും പ്രവേശനവുമുണ്ട്. കമ്യൂണിസ്റ്റ് ആണെന്നു പറഞ്ഞാല്‍ പിടിച്ചു ജയിലിലിടാവുന്നതരം നിയമങ്ങളുള്ള ദക്ഷിണകൊറിയയിലാണ് ഈ വിധത്തിലുള്ള സമ്പ്രദായങ്ങള്‍ എന്നത് എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തുന്നത്. നമ്മുടെ സംസ്കാരവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ലെങ്കിലും ഇവിടത്തെ രീതികളില്‍ നിന്നും ഏറെ മനസ്സിലാക്കാനുണ്ട്.
---------------------------------------------------------------------------------------
അക്ഷരവിരോധികളുടെ വിഡ്ഢിത്തത്തില്‍ ലജ്ജിക്കുകയും അവരുടെ പ്രവൃത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്യുന്നു.

Friday, May 23, 2008

പടം

തമ്പ്രാന്‍ തുണിയുരിഞ്ഞതിന്‍ തോറ്റം പാടി
ഉറഞ്ഞാടും
നാനാര്‍ത്ഥമുള്ളൊരു വാക്കുപോലെ
കുഞ്ഞിരാമന്റച്ഛന്‍ കെട്ടിയ
പുതിയോതി.

പുതിയോത്രക്കണ്ടത്തില്‍
വെളിച്ചംകുറഞ്ഞൊരു മൂലയില്‍
കുഞ്ഞിരാമനിരിപ്പുണ്ടാകും
തുണിയില്ലാത്തപെണ്ണുങ്ങളുടെ
ഫോട്ടംവില്‍ക്കാന്‍.

അന്നൊരിക്കല്‍
ഒരു പോലീസുകാരന്‍ തെക്കന്‍
പതുങ്ങിപ്പതുങ്ങിവന്ന്
‘പടമെടുക്കെടാ പടമെടുക്കെടാ’.
സംശയിച്ചു നില്‍ക്കുന്നതു കണ്ട്
‘എടുക്കെടാ പടം’എന്നുറക്കെ.

എഴുന്നേറ്റ് കാലുകള്‍ പിണച്ച്
കൈപ്പത്തി തലക്കുമീതെ കുടയാക്കി
മൂര്‍ഖനെപ്പോല്‍ പടമെടുത്ത്
ചീറ്റിയാടി കുഞ്ഞിരാമന്‍.

Thursday, May 1, 2008

മെയ് ദിനം

സര്‍വ്വരാജ്യത്തൊഴിലാളികളുടെ
സങ്കടങ്ങളുണര്‍ത്തിച്ച്
നേരം പുലരും മുമ്പേ തന്നെ
നീണ്ടുനീണ്ടൊരു ജാഥയായ്
പാടവരമ്പുമുറിച്ചുകടന്ന്
പതാകയേന്തി വരുന്നുണ്ടല്ലോ
തൊഴിലില്ലാത്തചെറുപ്പക്കാരുടെ
തെളിച്ചമുള്ള ഒച്ചകള്‍.
------------------------
(2001-ല്‍ എഴുതിയത്)

Wednesday, April 23, 2008

കല്യാണപ്പുരയിലെ വീഡിയോ

തലേന്നു മുതല്‍
ഉറങ്ങാതെ ഉത്സാഹിച്ചിരുന്ന
കുമാരേട്ടനോട്
പെട്ടെന്ന്
കൊറേ നേരായോ വന്നിറ്റ് എന്ന്
ചോദിക്കും
കല്യാണച്ചെക്കന്‍.
ചായപ്പൊടി കയിഞ്ഞു കെട്ടാ എന്നാവും
മറുപടി.

പായസം ഇളക്കുന്ന ബാലേട്ടനോട്
പൊടുന്നനെ
ഉപ്പൊക്കെ നല്ലോണം ഇട്ടിറ്റില്ലേ
എന്ന് ചോദിക്കും
അച്ഛന്‍.

എന്തെല്ലുണ്ട് മോളേ വിശേഷം എന്ന്
അമ്മയോട് ചോദിക്കും
ഒരാഴ്ച മുമ്പേ
വീട്ടില്‍ വന്ന് താമസിക്കുന്ന
അമ്മാവന്‍.

ഒന്നിച്ചിരുന്ന്
പച്ചക്കറിയരിയുന്നവര്‍
കത്തിയുയര്‍ത്തിപ്പിടിച്ച്
ഒരുമിനുട്ട് നേരത്തേക്ക്
സുഗം തന്ന്യല്ലേ എന്ന്
പരസ്പരം ചോദിച്ചുകൊണ്ടിരിക്കും.

നാരാണ്യേച്ചീ,
കൊറച്ച് തേങ്ങകൂടി ചെരവണം എന്ന
ആംഗ്യത്തോടെ
ചന്ദ്രേട്ടന്‍
‘അന്നു നിന്നെ
കണ്ടതില്‍പ്പിന്നെ’എന്ന്
പാടുന്നുണ്ടാവും
കാസറ്റില്‍
എ.എം.രാജയുടെ ഒച്ചയില്‍.

Monday, April 14, 2008

അനങ്ങാതെ കിടക്കുന്നത്

ഞാന്‍ കാണുമ്പോളേക്കും
കുഞ്ഞമ്പ്വേട്ടന്‍
കിടപ്പിലായിരുന്നു.
മിണ്ടാട്ടം മുട്ടിയിരുന്നു.

അമ്മമ്മ പറഞ്ഞുതന്നതിനാല്‍
ഓരോ കാണലിലും
ആറടിയിലധികമുള്ള ശരീരം
നീണ്ടു നിവര്‍ന്ന് നടക്കും.

ആറാമതും ആണ്‍കുട്ടിയെന്നറിയിക്കാന്‍
വെള്ളേരിക്ക പറിച്ചാല് കൂട്ടാനെന്ത്ന്നാന്നും
എന്റോള് പെറ്റാല് കുട്ട്യെന്ത്ന്നാന്നും ചോയിക്കണ്ടാ
എന്ന് പറയും.

‘നായിനാറേ, കളി കൂട്ന്ന്ണ്ട് കെട്ടാ
ഒരൊറ്റ പിട്ത്തമങ്ങ് പിടിച്ചാല്ണ്ടല്ലാ’ന്ന് പറഞ്ഞ്
മരിച്ചുപോയ അപ്പാപ്പനെ
ചങ്ങലക്കിടും.

തെയ്യം
നമ്പൂരീന്റെ വീട്ടില് പോന്ന്ണ്ടെങ്കില്
കടൂരിലെ എല്ലാ വീട്ടിലും പോണമെന്ന്
അടയാളം കൊടുപ്പിന്റന്ന്
ഒരം പിടിക്കും

ശവം ദഹിപ്പിക്കാന്‍
ഏതു വീതത്തിലെ മരംവേണമെന്ന്
ബന്ധുക്കള്‍ തര്‍ക്കിക്കുന്നതിനിടെ
ഏറ്റവും വലിയ മാവിന്
വെട്ടു വീഴും.

വീണുകിടക്കുന്ന കൊടി
അടഞ്ഞുകിടക്കുന്ന ജോളിഫ്രെന്റ്സ് ക്ലബ്ബ്
ചത്തുമലച്ച വാക്ക്..
ചരിത്രമറിയില്ലെങ്കിലും
അനങ്ങാതെകിടക്കുന്നവയെ
ബഹുമാനിച്ചുപോകുന്നു

Wednesday, April 9, 2008

എന്തൊക്കെയുണ്ട് വിശേഷം?

കൊറിയയില്‍
ഇന്നലെ നട്ടപ്പാതിരക്ക്
നടുറോട്ടില്‍
കള്ളു കുടിച്ച്
ഭര്‍ത്താവിനെത്തല്ലുന്നു
ഒരു ഭാര്യ
എന്നതിനായിരുന്നു
കഴിഞ്ഞയാഴ്ച സമ്മാനം.

അയലക്കത്തെ ചിലരുടെ
അതിവിടെയുമുണ്ടല്ലോയും
ഇതവിടെയുമുണ്ടല്ലോയും
പുറത്തിറങ്ങാതെ
മൂലക്കൊളിച്ചെന്നും

അവരുടെ ഭാര്യമാരുടെ
അങ്ങനെവേണമിവിടെയും
അങ്ങനെത്തന്നെ വേണമിവിടെയും
എണ്ണതേച്ച്
ഓടാന്‍ തുടങ്ങിയെന്നും പറഞ്ഞ്
അമ്മ വാങ്ങിയെടുത്തു
ഈയാഴ്ച സമ്മാനം.

Thursday, March 27, 2008

വിശ്വാസം

സുമതി സുന്ദരിയായിരുന്നു.

സുമതിയെഞാന്‍ കണ്ടിടാത്ത
സ്വപ്നമേയില്ലായിരുന്നു.

സുമതിയെന്നെക്കാണുവാനായ്
മോഹനന്‍ മാഷെന്നുമെന്നെ
ബഞ്ചില്‍ നിര്‍ത്തുമായിരുന്നു.

സുമതിയോടു ചിരിക്കുവാനായ്
പല്ലു നന്നായ് തേച്ചിരുന്നു
സുമതിക്ക് മണക്കുവാനായ്
കുട്ടിക്കൂറയിട്ടിരുന്നു.
സുമതിയുടെ ശബ്ദമെത്ര
സുന്ദരമായിരുന്നു!

സെന്റാഞ്ചലോ കോട്ടകാണാന്‍
സ്കൂളില്‍ നിന്നും പോയൊരു നാള്‍
സുപ്രഭാതംഹോട്ടലില്‍ നാം
സുഖിയന്‍ തിന്നിരിക്കുമ്പോള്‍

സുമതിയൊരു വളിയിട്ടു.

സുന്ദരിമാര്‍ വളിയിടില്ലെന്നായിരുന്നെന്‍ വിശ്വാസം.

വിശ്വാസത്തെ രക്ഷിച്ചാല്‍
അതു നമ്മെ രക്ഷിച്ചീടും.

സുമതി സുന്ദരിയല്ലയെന്നോ
സുമതിയിട്ടത് വളിയല്ലെന്നോ
രണ്ടിലൊന്ന് തീര്‍ച്ചയാക്കാന്‍
ഞാനിരുന്ന് തലപുകച്ചു.

Monday, February 25, 2008

അനന്തരം

കള്ളും കുടിച്ചു വന്ന്
വീടിനു കല്ലെറിഞ്ഞു
രാധാകൃഷ്ണന്‍.

കവിതയെഴുതി
കുടുംബം കലക്കരുതെന്ന്
ഷീന.

കള്ളന്‍ ഓന്റെ മൂത്താപ്പ എന്ന്
മൊയ്തൂക്ക.

കളിപഠിപ്പിക്കുമെന്ന്
ആള്‍ദൈവം.

ഓന്‍ വന്നിറ്റാമ്പം
ഒന്ന് കാര്യായിറ്റ് കാണണമെന്ന്
ബാര്‍ബര്‍ കണ്ണേട്ടന്‍.

ആരാടാ
അമ്പലം കമ്മറ്റി പ്രസിഡണ്ട് എന്ന്
അച്ഛന്‍.

കടൂരിലെ ജനങ്ങള്‍
കമ്പ്യൂട്ടര്‍ പഠിച്ചെന്ന്,
അതിനാല്‍
കവിത നിര്‍ത്തിക്കോയെന്ന്
അച്ചുതന്‍ മാഷ്.

Friday, February 15, 2008

നോട്ടം

ഇന്നാളൊരിക്കല്‍
രക്തസാക്ഷിമണ്ഡപത്തിനടുത്തെ
ഒരുപറ്റം വെറും മരങ്ങളെ
സൂക്ഷിച്ചു നോക്കി.

ഒരാള്‍
പത്രം വായിച്ചുകൊടുക്കുന്നതായും
മറ്റുള്ളവര്‍
താളത്തില്‍ തലയാട്ടിക്കൊണ്ട്
ബീഡിതെറുക്കുന്നതായും
തോന്നി.

ഡോക്ടറെ കാണിക്കണമെന്നു പറഞ്ഞു
ബ്രാഞ്ച് സെക്രട്ടറി.

Thursday, January 31, 2008

അമ്മയ്ക്കൊരു കത്ത്

എത്രയും പ്രിയപ്പെട്ടൊരമ്മവായിക്കാന്‍,അമ്മേ
ദക്ഷിണകൊറിയയിലുണ്ടൊരു സവിശേഷ
സംവിധാനത്തില്‍ത്തീര്‍ത്ത കക്കൂസ്,ക്ലോസറ്റില്‍ നാം
ഇരിക്കും സ്ഥലത്തുണ്ട് സ്വിച്ചുകള്‍ നിരവധി

തൂറിക്കഴിഞ്ഞാലാദ്യം ടിഷ്യൂപേപ്പറുകൊണ്ട്
തുടയ്ക്കാം ബാക്കിപ്പണി ക്ലോസറ്റ് നോക്കിക്കോളും

ഇരുന്നോരിരിപ്പിലമര്‍ത്തുകയൊരു സ്വിച്ച്
വെള്ളവും ചീറ്റിക്കൊണ്ട് നീണ്ടുവന്നീടും പൈപ്പ്
പച്ചവെള്ളമോ ചൂടുവെള്ളമോ വേണ്ടതെന്ന്
തീരുമാനിക്കാനുള്ള സ്വിച്ചുകളുമുണ്ടിതില്‍
പിന്നൊരുസ്വിച്ചുള്ളതു ഞെക്കിയാലിളംചൂടു
ള്ളൊരുകാറ്റു വന്നാറ്റും ചന്തിക്കേ വെള്ളം,സുഖം!

(മലബന്ധമുണ്ടെങ്കില്‍ ‍, ആദ്യമേ വെള്ളംചീറ്റും
സ്വിച്ചമര്‍ത്തുക; അപ്പോള്‍ ശക്തിയിലകത്തേക്കു-
വെള്ളം കയറുമെന്നിട്ടുറച്ച മലമൊക്കെ
അലിയിച്ചുംകൊണ്ടൊരു വരവു വരാനുണ്ട്!)

കൊറിയന്‍ കക്കൂസിതില്‍ തൂറിത്തുടങ്ങ്യേപ്പിന്നെ
തൂറലിന്‍ സങ്കല്‍പ്പങ്ങളൊക്കെയും മാറിപ്പോയി

അമ്മയോര്‍ക്കുന്നോ പണ്ടുനമ്മുടെനാട്ടില്‍ കക്കൂസ്
അധികം പ്രചാരത്തിലില്ലാത്ത സമയം;ഞാന്‍
കുട്ടിയായിരുന്നപ്പോള്‍ ; വീട്ടിലെപ്പറമ്പിലെ
ഓരോരോ മരത്തിന്റെ ചുവട്ടില്‍പ്പോകുന്നത്!
എനിക്കു പുളിയന്‍ മാ,വച്ഛനു വരിക്കപ്ലാ-
വമ്മൂമ്മയ്ക്കങ്ങേപ്പുറത്തുള്ളൊരു കരിവീട്ടി
അമ്മ നേരത്തേയെണീക്കുന്നതിനാലെങ്ങാണു
പോകലെന്നറിയില്ല, അതൊക്കെയൊരു കാലം!
‘ഓരോ വീട്ടിലുമോരോ നല്ലൊരുകക്കൂസാണി
ന്നാദ്യം വേണ്ടതെ’* ന്നൊക്കെപ്പാടി കേരളാശാസ്ത്ര
സാഹിത്യപരിഷത്തിന്റാളുകള്‍ വീട്ടില്‍ വന്നാല്‍
അമ്മൂ‍മ്മയെല്ലാരേയും കലമ്പും:
‘ദാമോദരാ
എന്റച്ഛനെനിക്കേറെ പറമ്പും കുറ്റിക്കാടും
തന്നിട്ടുണ്ടെടാതൂറാന്‍
നിന്റെ പാട്ടിനു പോ നീ’

എങ്കിലുമവസാനം നമ്മുടെ വീട്ടിലുമായ്
നല്ലൊരുകക്കൂസ്, എല്ലാമിന്നലെക്കഴിഞ്ഞപോല്‍

അടുത്ത പ്രാവശ്യം ഞാന്‍ വരുമ്പോള്‍ കൊണ്ടുത്തരാ-
മീവിശിഷ്ടമാം ക്ലോസറ്റ്,അതു വരേക്കുമമ്മേ
വഴക്കു പറയാതെ
വാതത്തിലിടത്തേക്കൈ തളര്‍ന്നൊരമ്മൂമ്മയെ
ചന്തികഴുകിക്കുക

എന്തൊക്കെയുണ്ട് പിന്നെ വിശേഷം?
ഞാനയച്ച പണം വിദേശഫണ്ടെന്നൊക്കെ പറഞ്ഞച്ഛനെ
സസ്പെന്‍ഡു ചെയ്തോ പാര്‍ട്ടി? എലക്ഷനെപ്പോളാണ്‍?

കണ്ടവരോടൊക്കെ ഞാന്‍
പ്രത്യേകമന്വേഷണമറിയിച്ചതായ്പ്പറ
തല്‍ക്കാലം നിറുത്തട്ടെ.
-----------------------------
* ഓരോവീട്ടിലുമോരോ നല്ലൊരു
കക്കൂസാണിന്നാദ്യം വേണ്ടത്
കൊട്ടാരത്തിലെ എയര്‍കണ്ടീഷന്‍
പിന്നെ മതി
മെല്ലെ മതി.

-ഒരു പഴയ ശാസ്ത്രസാഹിത്യ പരിഷത്ത് ഗാനം

Tuesday, January 29, 2008

ചോദ്യം

അള്‍ജീരിയക്കാരന്‍
ബങ്കര്‍ബാ യാസിന്‍
അഞ്ചുനേരവും നിസ്കരിക്കും.

കക്കൂസില്‍ പോകുന്നെന്ന്
പറയുമ്പോള്‍ പോലും
ഇന്‍ഷാ അള്ളാ എന്ന
ഇനീഷ്യല്‍ ചേര്‍ക്കും.

ഒരുദൈവമെങ്ങനെ
മുപ്പത്തിമുക്കോടിയെണ്ണത്തിനെ
നേരിടുമെന്ന്
എന്നോട്
സംവാദത്തിലേര്‍പ്പെടും.

സ്വര്‍ഗ്ഗത്തില്‍ ലാദനുണ്ടെങ്കില്‍
നരകം മതി തനിക്കെന്ന്
ദൈവത്തോട് പറയും.

എങ്കിലും
നേരില്‍ക്കണ്ടാല്‍
ആദ്യം ചോദിക്കുക
ഇത്രക്കും രുചിയുള്ള
പന്നിയിറച്ചിയും
ഫ്രഞ്ച് വീഞ്ഞും
എന്തിന് ഹറാമാക്കി
എന്നായിരിക്കും.

Monday, January 28, 2008

സ്വപ്നം

കൊറിയയിലെ
‌‌‌‌‌-20°C തണുപ്പുള്ള
ഒരു ദിവസം
ഒരാള്‍
ഷൂസുപോലുമിടാതെ
ജാ‍ക്കറ്റുപോലും ധരിക്കാതെ
തൊപ്പിപോലുമില്ലാതെ
നേര്‍ത്തൊരു
വെള്ളമുണ്ടും പുതച്ച്
വടിയും കുത്തി
മഞ്ഞത്ത്
മഞ്ഞ നദിയിലേക്ക് പോകുമ്പോഴേക്കും
ഉറക്കത്തില്‍ നിന്നും ഞാന്‍
ഞെട്ടിയെണീറ്റു.

അന്നുണ്ടാക്കിയ സാമ്പാറിന്
ഉപ്പ്
കൂടുതലായിരുന്നു.

Sunday, January 27, 2008

കാരണങ്ങള്‍

ഒരു മീശ.
ചീകിവെച്ച മുടി.
ആത്മവിശ്വാസമുള്ള
ഇംഗ്ലീഷും
ഒരു പുഞ്ചിരിയും.
സാമാന്യം വലിപ്പമുള്ള
കണ്ണുകള്‍.
കറുത്ത ചട്ടയുള്ള
ഇന്ത്യന്‍ പാസ്പോര്‍ട്ട്.
അതിനുള്ളില്‍
എന്റെയൊരു
ചൊങ്കന്‍ ഫോട്ടോ പതിച്ച
ഷെങ്കന്‍ വിസ.

ഇതൊക്കെയാണ്
പ്രത്യക്ഷത്തില്‍
എനിക്ക്
സഹചാരിയായ
കൊറിയക്കാരനേക്കാള്‍
കൂടുതലുള്ളത്.
പിന്നെ
ഫ്രാന്‍സിലെ
എയര്‍പോര്‍ട്ടിലും
റെയില്‍വേ സ്റ്റേഷനിലുമൊക്കെ വച്ച്
പോലീസുകാര്‍
എന്നെമാത്രം ചോദ്യം ചെയ്യുന്നതിന്റെ
കാരണങ്ങളും.

Wednesday, January 23, 2008

യാത്രാവിവരണം

പാരീസില്‍ നിവര്‍ന്നു നില്‍ക്കുന്ന
ഈഫല്‍ ഗോപുരത്തിന്റെ
ഏതെങ്കിലുമൊരു കാല്.
പ്രശസ്തമായ
ഏതെങ്കിലുമൊരു മ്യൂസിയത്തിലെ
ആരെങ്കിലും വരച്ച
എന്തെങ്കിലുമൊരു ചിത്രം.
അല്‍സേസിലുണ്ടായേക്കാവുന്ന
ഏതെങ്കിലുമൊരു വേശ്യയുടെ
രൂക്ഷമായി നോക്കുന്ന
ഏതെങ്കിലുമൊരു മുല.
എന്തിന്,
തൊട്ടടുത്തുള്ള
സ്ട്രാസ് ബര്‍ഗ്ഗ് പഞ്ചനക്ഷത്രഹോട്ടലിലെ
മുകളിലത്തെ നിലയിലെ
ഏതെങ്കിലുമൊരു നമ്പര്‍ മുറി.

ദാരിദ്ര്യം കാരണം
ഒന്നും കാണാന്‍ കഴിഞ്ഞില്ല.

പിന്നെ
അറിയപ്പെടാത്ത
ഏതെങ്കിലുമൊരു സ്ഥലത്ത്
ഞാന്‍ കണ്ട
എന്തെങ്കിലുമൊന്നിനെ പറ്റി
എന്തു പറയാനാണ്.

Monday, January 21, 2008

താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍...

ഗസ്റ്റ് ഹൌസില്‍
ഞങ്ങള്‍ കുറച്ച് ആഗോളജീവികള്‍.

ടി.വി. റൂമിലോ
അടുക്കളയിലോ കണ്ടുമുട്ടുമ്പോള്‍
കൊറിയക്കാരി ജിന്‍സുന്‍ പാര്‍ക്ക്
കുനിഞ്ഞുനില്‍ക്കും.
റഷ്യക്കാരന്‍ വ്ലാദമിര്‍
മൂക്കിന് മൂക്ക് മുട്ടിക്കും.
ഞാന്‍
എണീറ്റ് കൈകൂ‍പ്പും.

ഇന്നലെ
ഫ്രഞ്ചുകാരന്‍ നിക്കോളാസ്
എന്നെ കെട്ടിപ്പിടിച്ച്
ഇരുകവിളത്തും
ഭാരിച്ച
ഉമ്മകള്‍ തന്നു.
ഉമ്മ
വര്‍ഷങ്ങള്‍ക്കു ശേഷം കളഞ്ഞുകിട്ടിയ
വിലപ്പെട്ട
ഒരു സാധനമാകയാല്‍
മതിമറന്നു,ഞാന്‍.
തിരികെ നല്‍കിയ
ഉമ്മകളെ കുറിച്ച്
ഓര്‍ക്കും മുമ്പേ
നിക്കോളാ‍സ്
എന്നെ
മുറിയുടെ
ഇരുണ്ടൊരുമൂലയിലേക്കു കൊണ്ടുപോയി
കാതില്‍ മന്ത്രിച്ചു:
"താങ്കള്‍ക്ക് വിരോധമില്ലെങ്കില്‍
നമുക്ക്................"