Monday, September 6, 2010

ഭൂമിയില്‍ ആകാശം കാണുമ്പോള്‍ അതിനെ നമ്മള്‍ വെള്ളമെന്നു പറയുന്നു

ആളുകളുടെ ബഹുമാനത്തിനെ ഭയപ്പെടുക
അത് നിങ്ങളുടെ സ്വാതന്ത്ര്യത്തിനെ ബാധിക്കുന്നു
ആളുകളുടെ ശകാരവും വേണ്ട
അത്, സൊല്ലയും പൊല്ലാപ്പുമാണ്.
എനിക്ക്, നിങ്ങള്‍ക്കു ചെയ്യാവുന്ന
ഏറ്റവും വലിയ ഉപകാരം
എന്നെ കണ്ടില്ലെന്നു നടിക്കുകയാണ്

-[ബഹുമാനത്തിനെ ഭയപ്പെടുക-കെ.എ. ജയശീലന്‍]

ഈ കവിത വായിച്ചതുകൊണ്ടൊന്നുമായിരിക്കില്ല മലയാളി വായനാസമൂഹം ജയശീലനെ കണ്ടില്ലെന്നു നടിച്ചത്. മലയാളം വിക്കിപീഡിയയില്‍ ജയശീലനെ പറ്റി ഞാനെഴുതിയ ലേഖനത്തിന്റെ ശ്രദ്ധേയത (notability) ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എന്റെ തലമുറയെയും ജയശീലന്റെ കവിതയെ അര്‍ഹമാംവിധം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട അദ്ദേഹത്തിന്റെ സമശീര്‍ഷരായ കവിശ്രേഷ്ഠരെയും, കാവ്യ നിരൂപകരെയും, അപ്രസക്തരായ കവികളെ തെരഞ്ഞുപിടിച്ച് അവാര്‍ഡ് കൊടുക്കുകയും, സാഹിത്യത്തെ സാരിയുടുപ്പിക്കാന്‍ പിറകേയോടുകയും ചെയ്യുന്ന തിരക്കില്‍ കാമ്പുള്ള സാഹിത്യരചനകളെ കാണാതിരുന്ന സാഹിത്യ അക്കാദമിയേയും കുറിച്ചോര്‍ത്ത് എനിക്കു സഹതാപം തോന്നി. നോം ചോംസ്കിയുടെ അടുത്ത സുഹൃത്തും, അന്താരാഷ്ട്ര പ്രശസ്തനുമായ ഈ ഭാഷാശാസ്ത്രജ്ഞന്‍, മലയാളത്തിലെ അപരിചിതനായ ഒരു കവിയാണെന്നറിയുമ്പോള്‍ കേരളത്തിലെ കാവ്യാസ്വാദകര്‍ക്കു വേണ്ടി ജയശീലനോട് ഞാന്‍ മാപ്പപേക്ഷിക്കട്ടെ.
പി. പി. രാമചന്ദ്രന്‍ എഡിറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ കവിതാപ്രസിദ്ധീകരണമായ ‘ഹരിതകം.കോം’ ആണ് ജയശീലനെ എനിക്ക് പരിചയപ്പെടുത്തിയത്. പി. രാമന്റെ അഭിപ്രായത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മലയാളകവികളില്‍ വെച്ച് ഏറ്റവും മികച്ച കവിയാണ്, കെ. എ. ജയശീലന്‍ . തൃശൂര്‍ കറന്റ് ബുക്സ് പുറത്തിറക്കിയ ‘ജയശീലന്റെ കവിതകള്‍ ’ എന്ന പുസ്തകം, ഞാന്‍ വായിച്ച ഏറ്റവും നല്ല പുസ്തകങ്ങളിലൊന്ന്.
തൊണ്ടപൊട്ടലും കവിയരങ്ങുകളും തകര്‍ത്താടിയ എഴുപതുകളില്‍ ജയശീലനെഴുതിയ ‘ആരോഹണം’ എന്ന കവിത നോക്കുക.
“വൃക്ഷത്തിന്റെ
ശിഖരത്തില്‍
നല്ല വെയില്‍
നല്ല കാറ്റ്‌.
എനിക്കായി-
യൊരു പക്ഷി
കയറുവാ-
നിട്ടുതന്നു
പാട്ടിന്റെ നൂല്‍ക്കോണി.
ഞാനതും പി-
ടിച്ചു കേറി-
ക്കേറി-
ക്കേറി-
ക്കേറി-
ക്കേറി/
എവിടെയെ-
ങ്ങാനുമെത്തി!
താഴേക്കു നോ-
ക്കുമ്പോഴുണ്ട്‌
താഴെ ദൂരെ-
യെന്റെ ഭാര്യ
മുറത്തില്‍
കപ്പല്‍ മുളകു
വെയില്‍ കാട്ടാന്‍
കൊണ്ട്വയ്ക്കുന്നു.
കാക്ക ദൂരെ-
പ്പോകാന്‍ പെണ്ണ്‌
ഈര്‍ക്കിളില്‍
മുളകു കുത്തി
മുറത്തിന്റെ
നാലുപാടും
നടൂലും
കുത്തിവയ്‌ക്കുന്നു.
ഞാന്‍ വിളിച്ചു.
'ഇദേ നോക്ക്‌!
ഇദേ നോക്ക്‌!

' ആരുകേള്‍ക്കാന്‍?
ദൂരെയൊരു
ബസ്സു പോണു;
മീന്‍കാരന്റെ
വിളിയുണ്ട്‌.”
ഉത്തരാധുനിക കവികളില്‍ പ്രശസ്തനായ എസ്. ജോസഫിന്റെ ‘മേസ്തിരി’ എന്ന കവിതയൊക്കെ പങ്കുവയ്ക്കുന്ന ഭാവുകത്വം വളരെ തീവ്രമായി ആവിഷ്കരിക്കുന്നുണ്ട് 1974-ല്‍ എഴുതപ്പെട്ട ഈ കവിത. ജോസഫ് എഴുതിയ ‘എന്റെ കാവ്യ ജീവിതം’ എന്ന കുറിപ്പില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27) പറഞ്ഞപോലുള്ള വരിമുറിക്കല്‍ പരീക്ഷണങ്ങള്‍ വളരെ ശാസ്ത്രീയമായി പണ്ടേ ജയശീലന്‍ നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ കവിതകള്‍ തെളിവു നല്‍കുന്നു.
പുസ്തകത്തില്‍ ചേര്‍ത്ത, പി.എന്‍. ഗോപീകൃഷ്ണനുമായി ജയശീലന്‍ നടത്തിയ സുദീര്‍ഘമായ അഭിമുഖസംഭാഷണത്തില്‍ നിരീശ്വരവാദിയായ ഈ കവി കവിതയ്ക്കു വേണ്ടി ധ്യാനത്തിലിരിക്കുന്നതിനെപ്പറ്റിയും മറ്റും മനസ്സു തുറക്കുന്നുണ്ട്. അഞ്ചും പത്തും വര്‍ഷങ്ങള്‍ കൊണ്ടാണ് ജയശീലന്‍ ചില കവിതകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത് എന്നത് അദ്ദേഹത്തിന്റെ കവിതാധ്യാനത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. എഴുതിത്തള്ളാനുള്ളതല്ല കവിതയെന്നും, ഒരു കവിത മറ്റൊരു കവിതയുടെ തുടര്‍ച്ചയാണെന്നും, കഥ, നോവല്‍ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടും താഴെയല്ല, സൃഷ്ടിക്കായി ചെലവഴിക്കുന്ന പ്രയത്നത്തിലും സമയത്തിലുമൊന്നും കവിതയെന്നും, ജയശീലന്റെ കവിതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. ജയശീലന്റെ കവിതയോടുള്ള അവഗണനയെപ്പറ്റി ഗോപീകൃഷ്ണന്‍ എന്നോട് പറഞ്ഞിട്ടുണ്ട്, മലയാളിക്ക് മഴയില്‍ ഒലിച്ചു പോകുന്ന വാട്ടര്‍ കളറാണ് പഥ്യമെന്നും, കല്ലില്‍ കൊത്തിയ ശില്‍പ്പങ്ങള്‍ക്കു മുന്നില്‍ കണ്ണടച്ച് തൊഴുതുനില്‍ക്കുന്ന പരിപാടിയല്ലാതെ, കണ്ണുതുറന്ന് ആസ്വദിക്കുന്ന ശീലമില്ലെന്നും. 2002-ല്‍ വന്നയുടനെ തന്നെ നിന്നുപോയ ‘കവിതയ്ക്കൊരിടം’എന്ന പ്രസിദ്ധീകരണത്തില്‍ അന്‍വര്‍ അലി, പി. രാമനുമായി നടത്തിയ ദീര്‍ഘസംഭാഷണത്തിനിടെ തിരിച്ചറിയുന്നുണ്ട്, ആധുനികതയ്ക്ക് ശേഷം വന്ന പുതുകവിതകളിലുണ്ടെന്ന് വിശ്വസിക്കുന്ന വീക്ഷണവ്യതിയാനത്തിന്റെ തുടക്കം ജയശീലന്റെ കവിതകളില്‍ നിന്നാണെന്ന്. എം. ഗോവിന്ദന്റെ ‘സമീക്ഷ’ ആണ് ജയശീലന്റെ കവിതകളെ ആദ്യമായി സ്വീകരിച്ചത്.1986-ല്‍ ഇറങ്ങിയ ‘ആരോഹണം’ എന്ന ആദ്യസമാഹാരം അധികം ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും, കെ. ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തിലിറങ്ങിയിരുന്ന ‘സമകാലീന കവിത’, ജയശീലനെ ചിലര്‍ക്കെങ്കിലും പരിചയപ്പെടുത്തി. പില്‍ക്കാലത്ത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജയശീലന്റെ കവിതകളെല്ലാം കെ.ജി.എസ് അയച്ചുകൊടുത്തവയാണ്. അദ്ദേഹത്തിനു നമോവാകം.
പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും ഒന്നായിരുന്നോരവസ്ഥയ്ക്കേറ്റ മുറിവാണ് ജയശീലന്റെ കവിതയുടെ മര്‍മ്മം. മനുഷ്യന്റെ ഏകാകിതയ്ക്ക് കാരണം ഈ മുറിവാണെന്ന് തിരിച്ചറിയുന്നു കവി. മനുഷ്യന്റെ വളരെ പ്രാഥമികമായ പ്രശ്നങ്ങള്‍ , ശാരീരിക വേദനകള്‍ -മരണവേദന മുതല്‍ കൊതുകുകടിച്ചാലുള്ള വേദനവരെ, ഇവയെയൊക്കെ ഒരു പക്ഷേ മനുഷ്യേതരമായ , ഞാഞ്ഞൂളിന്റെയോ കൊതുകിന്റെയോ ഉറുമ്പിന്റേയോ ഒക്കെ കാഴ്ചപ്പാടിലൂടെ കാണാനുള്ള ശ്രമം ആദ്യമായി മലയാള കവിതയില്‍ വന്നത് ജയശീലന്റെ കവിതകളിലൂടെയാണ്.

‘ജിറാഫ് ശ്രമമുപദേശിക്കുന്നു’ എന്ന കവിതയില്‍ ജിറാഫ്, കവിയോട് സംവാദത്തിലേര്‍പ്പെടുന്നു, കാവ്യവൃക്ഷത്തിന്റെ താഴത്തെ കായ പറിച്ചുതുടങ്ങിയാല്‍ നാള്‍ക്കുനാള്‍ കൈകള്‍ ചുരുങ്ങിപ്പോകുമെന്നും, എത്താത്ത പൊക്കത്തില്‍ നീട്ടി നീട്ടി കൈകള്‍ക്ക് നീളം വെയ്പ്പിക്കണമെന്നും പറഞ്ഞ്. അപ്പോള്‍ കവി തര്‍ക്കിക്കുന്നു:
“ നിന്‍ കണ്ഠം നീണ്ടു, തലമുറയായ് പല
രാസമാറ്റത്താല്‍ ,പ്രയാസത്തിനാലല്ല.
വ്യോമതലത്തില്‍ തലയുയര്‍ത്തും ഭവാന്‍
ലാമാര്‍ക്കിസത്തിങ്കലിന്നും കഴികയോ”
ഇവിടെ കവിത, ശാസ്ത്ര സംവാദത്തിനും വേദിയാകുന്നു. മിറോസ്ലാവ് ഹോല്യൂബിനെപ്പോലൊരു കവി നമുക്ക് മലയാളത്തില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ശാസ്ത്രത്തെക്കൂടി കവിതയിലേക്ക് കൊണ്ടുവരുന്ന പ്രവൃത്തി അധികമാരും ഉപയോഗിച്ചിട്ടില്ല.

ഞാഞ്ഞൂള്‍ പുരാണം ’ എന്ന കവിതയില്‍ , തര്‍ക്കസഭയ്ക്കു പങ്കെടുക്കുവാനായി പുറപ്പെട്ട ബ്രാഹ്മണന്റെ തേര്‍ച്ചക്രത്തിനടിയില്‍ പെട്ട് ഒരു മണ്ണിര മുറിഞ്ഞ് രണ്ടാകുന്നു. അപ്പോള്‍ രണ്ടു മണ്ണിരകളും കൂടി ബ്രാഹ്മണനോട് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയാണ്, തങ്ങളില്‍ ആര്‍ക്കാണ് ബ്രാഹ്മണന്റെ പൈതൃകം എന്ന്!
“ഞങ്ങളില്‍ ആര്‍ക്കാണ്‌
നിന്റെയപത്യത?
ഹേ സൂരി! ഹേ ബ്രഹ്മചാരി!
ഏതിരയ്‌ക്കാണിതില്‍
ബ്രാഹ്മണപൂര്‍വ്വികം?
ആരാണു വേദാധികാരി?.
മാത്രമല്ല ശരീരം രണ്ടായപ്പോള്‍ ആത്മാവും രണ്ടായിട്ടുണ്ടാകുമോ എന്നും ചോദിക്കുന്നു മണ്ണിരകള്‍ !
“ഹേ, വിജ്ഞ! ഞങ്ങളില്‍
രണ്ടാത്മാവുണ്ടെങ്കില്‍
ഉണ്ടായതേതു ഞൊടിയില്‍ ?
വണ്ടിതന്‍ ചക്രമീ
സാധുവിന്‍ ദേഹത്തില്‍
കൊണ്ടപ്പൊഴോ, മുമ്പോ, പിമ്പോ?
മുമ്പല്ല, പിമ്പല്ല
കൊണ്ടപ്പൊഴാണെങ്കില്‍
ഖണ്ഡിക്കും ദേഹത്തൊടൊപ്പം
ഖണ്ഡിക്കുമാത്മാവു-
മെങ്കില്‍ , ഹേ ബ്രാഹ്മണ!
ഖണ്ഡിക്കുമാത്മാവുമെങ്കില്‍
ഭിന്നമോ ദേഹവും
അത്മാവും അത്രമേല്‍ ?"
എന്ന് നീളുകയാണ് 1976-ല്‍ എഴുതിത്തുടങ്ങി 1981-ല്‍ തീര്‍ത്ത ഈ അതുല്യ കവിത. ‘ഞാഞ്ഞൂള്‍ പുരാണം’ ഒരു പ്രമുഖ ആനുകാലികത്തിനയച്ചുകൊടുത്തപ്പോള്‍ തലമുതിര്‍ന്ന ഒരു പത്രാധിപര്‍ തിരിച്ചയച്ചു. കൂടെ ഒരു കത്തും, ‘കുഴപ്പമില്ല, വാസനയുണ്ട്... ആശാനെയൊക്കെ വായിക്കുന്നത് ഗുണം ചെയ്തേക്കും’ എന്ന്.
ബ്രാഹ്മണ്യത്തെ പരിഹസിക്കുന്ന ഒരു കവിതയാണ് ‘ഈച്ച’.
“വരുന്നോരേ-
ജന്മത്തില്‍
ബ്രാഹ്മണനായ്
ജനിക്കുമ്പോള്‍
നിന്റെയീജ-
ന്മത്തിലുള്ളോ-
രെച്ചിലില്ലാ-
യ്മയെയീച്ചേ
മറക്കല്ലേ!
മറക്കല്ലേ!.”
നായയുടെ വയറ്റിനകത്തുള്ള വിരയെപ്പറ്റി കുറച്ചു കവിതകള്‍ ജയശീലന്റേതായുണ്ട്. നായുടെ വിശപ്പോ വെപ്രാളമോ വിര അറിയുന്നേയില്ല. അതിന് അതിന്റേതായ പദ്ധതികളും പ്രവര്‍ത്തനങ്ങളും. ‘ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്ന’ ബിംബം ഓര്‍മ്മിപ്പിക്കുന്നു നായ,വിര-ദ്വന്ദ്വങ്ങള്‍ . തത്വചിന്തകളുടെയും ദര്‍ശനങ്ങളുടെയും നിധി കുഴിച്ചിട്ടുള്ള കവിതകള്‍ എന്ന് ജയശീലന്റെ കവിതകളെ വിശേഷിപ്പിക്കാം. സ്വതസിദ്ധമായ നര്‍മ്മം ചില കവിതകളെ മിനുക്കുന്നുണ്ട്. ‘ആനപ്പുറത്തിരുന്ന്‍’, ‘ഷര്‍ട്ടില്‍ പിടിക്കല്ലേ’ തുടങ്ങിയവ മികച്ച ഉദാഹരണങ്ങളാണ്. അഭിനന്ദനാര്‍ഹമായ നിരവധി രാഷ്ട്രീയ കവിതകളും ജയശീലന്റേതായുണ്ട്. ‘ഗ്വാട്ടിമാലയില്‍ ഒരു കാല് ’ എന്ന കവിത മനുഷ്യന്റെ അരാഷ്ട്രീയതയെയും, സ്വാര്‍ത്ഥതയെയും കണക്കറ്റ് പരിഹസിക്കുന്നു. ഗ്വാട്ടിമാലയില്‍ തനിക്കൊരു കാലുണ്ടെങ്കില്‍ അവിടെ ഉറുമ്പുകടിക്കാതിരിക്കാന്‍ വേലി കെട്ടുമെന്ന് പറയുന്നു ഈ കവിതയില്‍ . പക്ഷെ ലോകം മുഴുവന്‍ പടര്‍ന്ന ഞരമ്പുകള്‍ ഇപ്പോള്‍ പൊട്ടിത്തകര്‍ന്ന് അവനവനിലേക്ക് ചുരുങ്ങിയിരിക്കുന്നു. ലോകത്തിന്റെ വേദന തന്റേതല്ലായിത്തീര്‍ന്നിരിക്കുന്നു.
“സുഹൃത്തേ
എന്റെ ദു:ഖത്തിന്റെ
കാരണമെന്താണെന്നോ
എന്റെ ഞരമ്പുകള്‍
എന്റെ വിരല്‍ത്തുമ്പത്തു വന്ന്
അവസാനിക്കുന്നുവെന്നതാണ്
സുഹൃത്തേ
നമ്മുടെ അകല്‍ച്ചയുടേയും
ദു:ഖത്തിന്റേയും
നിദാനമെന്താണെന്നോ
ഒരിക്കല്‍ വിശ്വമാകെപ്പടര്‍ന്നുനിന്ന
ഞരമ്പിന്റെ പടലം
എവിടെവെച്ചോ
എങ്ങനെയോ
ആരെക്കൊണ്ടോ
കോടാനുകോടി ഖണ്ഡങ്ങളായി
മുറിഞ്ഞുപോയിയെന്നതാണ്.”
ഇത് ‘ഉറുമ്പ്’ എന്ന കവിതയെഴുതുമ്പോള്‍ കവി താണ്ടിയ ചിന്താസരണിയുടെ ഒരു തുടര്‍ച്ചയാണെന്ന്‍ കാണാം.
“എന്റെ വക
ഒരു കാരണവുമില്ലാതെ
അതെന്റെ കാല്‍ വിരലില്‍ കടിച്ചു
ഞാനുടനെ
ഞെരിച്ചുകൊന്ന്
പിരിച്ചുകളഞ്ഞു.
അതിന്റെ ഞെരിച്ചലും
അതിന്റെ മരണവുമല്ല
അത് കടിച്ചേടത്ത്
എന്റെ കടച്ചിലാണ്
എനിക്ക് ദു:ഖം.
എന്റെ ദു:ഖം
എന്റെ ദു:ഖത്തില്‍
ഒതുങ്ങിനില്‍ക്കുന്നു എന്നതാണ്
എന്റെ ദു:ഖത്തിന് നിദാനം”

‘ദാര്‍ശനികന്റെ തലപ്പാവിനേക്കാള്‍ ’ എന്ന കവിത ദര്‍ശനം കൊണ്ടും ശില്പം കൊണ്ടും മികച്ചു നില്‍ക്കുന്നു. ഇതില്‍ ദാര്‍ശനികന്റെ തലപ്പാവിനേക്കാള്‍ വിഡ്ഢിയുടെ കൂര്‍ത്ത തൊപ്പിയാണ് നമുക്ക് വേണ്ടതെന്നും, (ഇതു തന്നെ വലിയൊരു ദര്‍ശനമാണ്!) നമ്മുടെ ഏകാഗ്രത വിഡ്ഢിത്തൊപ്പിയുടെ ഏകാഗ്രത മാത്രമായിരിക്കട്ടെ, കാരണം നമുക്ക് എല്ലാറ്റിനെപ്പറ്റിയും പറയാനുള്ള സ്വാതന്ത്ര്യം വേണമെന്നും പറയുന്നു. ['There is Poetry in everything. That is the biggest argument against Poetry' എന്ന് ഹോല്യൂബ്].
“സമര്‍ത്ഥമായതുമാത്രം
പറയാന്‍ ശ്രമിക്കുന്നവന്റെ സംഭാഷണം
ബ്ലേഡുപോലെ നേര്‍ത്തുപോകുന്നത്
ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്
ഗൌരവമുള്ളതുമാത്രം
സംസാരിക്കുന്നവന്റെ സംഭാഷണം
വെറും പ്രൌഢതയായവസാനിക്കുന്നത്
ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്
കൊച്ചുകുട്ടിയുടെ അടിവയറ്റിലുമ്മ വെച്ച്
നിന്റെ ചുക്കിരിയെന്നു പറയുന്ന
അമ്മൂമ്മയെപ്പറ്റി
നമുക്ക് പറയാന്‍ കഴിയണം.
കാരണം,
സാരമുള്ളതും സാരമില്ലാത്തതും
ഈശ്വരന്‍ തന്റെ അങ്കണത്തില്‍
ഉണക്കാനിട്ട ചണനാരുപോലെ പരത്തിവെച്ചിരിക്കുന്നു.
നമ്മളത് സ്വര്‍ഗത്തിലേക്ക് പൊക്കുമ്പോള്‍
വെയ്റ്റര്‍ തളിക പൊക്കുന്നതുപോലെ
കത്തിയും കരണ്ടിയും പ്ലേറ്റും ഗ്ലാസ്സും
ഒരുമിച്ചു പൊക്കുന്നു” .
ലക്ഷ്യത്തില്‍ നിന്നു വേറിട്ട കര്‍മ്മത്തിന്റെ ഫലത്തെ നിഷേധിക്കുന്നു ‘അമ്പലക്കുളത്തില്‍ ’ എന്ന കവിത.
“അമ്പലക്കുളത്തില്‍
ആരോ
ഊര കഴുകി
കുളത്തില്‍
ആരും ഉണ്ടായിരുന്നില്ല
അവന്
മീനൂട്ടിന്റെ
ഫലം
സിദ്ധിച്ചിരിക്കില്ല
കാരണം
അവന്‍
വിധിയാംവണ്ണം
മനസ്സ്
സ്വരൂപിച്ചിരുന്നില്ല.
സങ്കല്‍പ്പമാണ്
കര്‍മ്മത്തിന്റെ
പരിവേഷം”
കേരളത്തിലെ ഒരു തലമുറ ജാതിയുടെ വാലില്‍ നിന്ന്‍ ഏറെക്കുറെ മുക്തരായിരുന്നുവെങ്കിലും ഇന്ന് വീണ്ടും കുട്ടികളുടെ പേരിന് വാല്‍ മുളയ്ക്കുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. മതവിശ്വാസം വെളിയില്‍ കാട്ടി നടക്കുന്നതിനെ പറ്റി തന്റെ നിലപാട് വ്യക്തമാക്കുന്ന കവിതയാണ്‘ പേരു നെറ്റിയില്‍ ’.
“വിശ്വാസം വെളിക്കുകാട്ടി നടക്കുന്നത്
ശിശ്നം വെളിക്കുകാട്ടി നടക്കുന്നതു പോലെയാണെന്ന്
ആരോ പറഞ്ഞിട്ടുണ്ട്.
എനിക്കറിയാം നിങ്ങള്‍ക്ക് ശിശ്നമുണ്ടെന്ന്.
പക്ഷേ എനിക്കത് കാണണ്ട.”

‘പണയം‘ എന്ന കവിത നോക്കുക:
“അവന്‍ ജയിച്ചാല്‍
എനിക്ക്
ഒരു സൂചികുത്തിന്റെ
വേദനയും
ചൊറിച്ചിലും
തീര്‍ച്ചയായും
അവനാണ്
എന്നേക്കാള്‍
കൌശലവും
മെയ്സ്വാധീനവും
പക്ഷെ
അവന് തെറ്റുപറ്റിയാല്‍
അവന്റെ
വിശപ്പും ദാഹവും
പ്രാണനും
അതോടെ നിന്നു.
ഈ കളിയില്‍
(അല്ലെങ്കില്‍ കാര്യത്തില്‍ )
അവന്റെ പണയം
ഇത്ര വലുതായതുകൊണ്ടാണ്
എനിക്ക്
കൊതുകിനോട് വെറുപ്പില്ലാത്തത്.”
വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലിനെ ഹൃദയസ്പര്‍ശിയായി വരച്ചുവെക്കുന്ന ‘വെള്ളി’ പോലൊന്ന് മലയാളകവിതയില്‍ സുലഭമല്ല. ആധുനികോത്തര മലയാളകവിതകളുടെ കൂട്ടത്തില്‍ പ്രഥമസ്ഥാനം കൊടുക്കേണ്ടതുണ്ട് ‘ഒന്നുകില്‍ കാറ്റ്’ എന്ന കവിതയ്ക്ക്.
കവികളുടെ കവിയായ ജയശീലന്‍ ആരെന്ന് ചോദിക്കുന്ന മലയാളിക്ക്, മനസ്സിനെ മഥിക്കുന്ന അനേകം കവിതകളുടെ സമാഗമവേദിയായ ഈ പുസ്തകത്തിലെ മഴവെള്ളം എന്ന കവിതകൂടി ചൂണ്ടിക്കാണിച്ചുകൊണ്ട്, കുറിപ്പ് അവസാനിപ്പിക്കട്ടെ.
“ ഭൂമിയില്‍
ആകാശം കാണുമ്പോള്‍
അതിനെ നമ്മള്‍ വെള്ളമെന്നു പറയുന്നു.
മരങ്ങള്‍
കിഴുക്കാം തൂക്കായി കാണുമ്പോള്‍
അതിനെ നമ്മള്‍ വെള്ളമെന്നു പറയുന്നു.”
*************************************
[മാധ്യമം ആഴ്ചപ്പതിപ്പ്, 2010 സപ്തംബര്‍ 13]