Sunday, November 21, 2010

രൂപാന്തരം

നല്ലപോലോര്‍മ്മയുണ്ടമ്പലത്തിനു

കല്ലെറിയും മെലിഞ്ഞ ബാലേട്ടനെ!

അമ്പലം ചുട്ടാല്‍ അന്ധവിശ്വാസവും

ചാമ്പല്‍ ’ വീ.ടീ പറഞ്ഞെന്നു ബാലേട്ടന്‍


എല്ലാജാഥയ്ക്കും മുന്നില്‍ മുദ്രാവാക്യം

ചൊല്ലിയുച്ചത്തില്‍ , സമ്മേളനങ്ങളില്‍

റെഡ് വളണ്ടിയറായി, സാംസ്കാരിക

സംവാദത്തിലിടപെട്ടിരുന്നയാള്‍


മേനിയൊന്നു തടിച്ചപ്പോള്‍ കുപ്പായ-

മൂരി അമ്പലത്തില്‍ക്കേറാമെന്നായി.

ഒറ്റയോഗത്തിലും വരാതായ്, പിന്നെ

ഒന്നും രണ്ടും പറഞ്ഞു വിരുദ്ധനായ്

Sunday, November 14, 2010

കവിതയാണ് താരം

നാം മരിച്ചുവീണത്

ഒരു മണിക്കൂറിന്റെ രണ്ടതിരുകളില്‍

ആദ്യം ഞാന്‍

ഇരുളാനപ്പുറത്തേറി നരകത്തിലേക്ക്

പിന്നെ നീ

സൂര്യന്റെ തേരില്‍ സ്വര്‍ഗ്ഗത്തിലേക്ക്

നരകത്തില്‍ എനിക്ക്

ആത്മാവുകള്‍ അറയില്‍ തള്ളുന്ന പണികിട്ടി

സ്വര്‍ഗ്ഗത്തില്‍ നിനക്ക്

ആത്മാവുകള്‍ അടിച്ചുവാരുന്ന പണിയും

ഒരിടത്തായിരുന്നെങ്കില്‍

പണിത്തിരക്കിനിടയില്‍

നമുക്ക് കാണുകയെങ്കിലും ചെയ്യാമായിരുന്നു-

കഷ്ടം....”

[‘കഷ്ടം’- അന്‍വര്‍ അലി].

ആറ്റൂര്‍ രവിവര്‍മ്മ മുതല്‍ അഭിരാമി വരെയുള്ള കവികള്‍ സമ്പന്നമാക്കുന്ന സമകാലിക മലയാള കാവ്യലോകം, പഴയ കവികള്‍ , പുതിയ കവികള്‍ , ബ്ലോഗ് കവികള്‍ ,പാട്ടുകവികള്‍ എന്നിങ്ങനെയൊക്കെ തിരിഞ്ഞ് പരസ്പരം ആരോഗ്യകരമായി സംവദിക്കാതിരിക്കുന്ന അവസ്ഥയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കവിതയുടെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ഏതെങ്കിലും തരത്തില്‍ തൊടുന്നവരെയെല്ലാം തന്നെ കൂടെ കൂട്ടി, സമാശ്വാസവും, സൂക്ഷ്മവിമര്‍ശനങ്ങളുമൊക്കെയായി കാവ്യ ഘടനയെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയും ചര്‍ച്ചചെയ്യുകയുമല്ലാതെ, വ്യത്യസ്ത വീക്ഷണകോണുകളുള്ളവര്‍ തമ്മില്‍ തീണ്ടിക്കൂടായ്മ എന്നതാവരുത് നടപ്പു രീതി. ചില കവിതാ സംഭാഷണങ്ങള്‍ ഓര്‍മ്മിപ്പിക്കുക, കെ. ആര്‍ ടോണിയുടെ ‘അഭി-പ്രായം’ എന്ന കവിതയാണ്: “ ഹലോ, ഇപ്പോള്‍ കാണപ്പെടാറില്ല/ഇല്ല, പെടാറില്ല/എന്തു ചെയ്യുന്നു?/
ഞാന്‍ വലിയ വലിയ കവിതകളെഴുതാറുണ്ട്‌/ ശരിക്കും കവിതയുള്ള കവിതയാണോ?/ കവിതയില്ലാത്ത കവിതയുണ്ടോ?/എന്നൊരഭിപ്രായം/ എനിക്കങ്ങനെയഭിപ്രായമില്ല/ നിന്റെ അഭിപ്രായത്തോട്‌ എനിക്കഭിപ്രായമില്ല/

അത്‌ അഭിപ്രായത്തിന്റെ പ്രശ്നം/ നിന്റേത്‌ പ്രായത്തിന്റെ പ്രശ്നം..”.

അജിത്തിന്റെ ‘വിവാഹ മോചനത്തിന്റെ തലേന്ന്’എന്ന കവിതയാണ് ചില ചര്‍ച്ചകള്‍ കാണുമ്പോള്‍ മനസ്സില്‍ വരിക: “അടുക്കളയില്‍ ഞങ്ങള്‍ /രണ്ടടുപ്പുകള്‍ /എരിഞ്ഞു കത്തുന്നവ./ ഒന്നില്‍ പ്രഷര്‍കുക്കര്‍ / മറ്റതില്‍ വറചട്ടി/ വാക്കൊരു വാക്കത്തി/ പഴങ്കഥകളുടെ ഉള്ളി/ അരിയുന്തോറുമെരിയുന്നവ/ കിടക്കയില്‍ ഞങ്ങള്‍ / രണ്ടു തലയിണകള്‍.

കവിതകളെ കാര്യമായി കണക്കിലെടുക്കാത്ത പ്രവണത ആനുകാലികങ്ങള്‍ പ്രകടമാക്കുന്ന സമയത്ത്, സമകാലിക മലയാളം വാരിക തങ്ങളുടെ ഓണപ്പതിപ്പില്‍ കവിതാചര്‍ച്ചയ്ക്ക് നല്ലൊരു വേദിയൊരുക്കിയതിന്റെ ആഹ്ലാദവും കവിതാ സംബന്ധിയായി അടുത്ത കാലത്തുകേട്ട ചില ചര്‍ച്ചകളോടുള്ള പ്രതികരണവുമാണ് ഈ കുറിപ്പിനാധാരം.കവിതേതരമായ മുറുമുറുപ്പുകളൊഴിവാക്കി സമഭാവനയോടെ കവികള്‍ക്ക് കവിതകളെ കുറിച്ച് പറയുവാന്‍ കഴിയട്ടെ. “പച്ചമരങ്ങള്‍ / പുറന്തൊടിയില്‍ നില്‍ക്കട്ടെ/ ഉണക്കക്കമ്പുകള്‍ കൊണ്ടു തീര്‍ത്ത / കിളിക്കൂടുകളും പേറി(‘ഉള്ളുണക്കം’, പി. രാമന്‍ )

ഏകതാനതയോടുള്ള വിമര്‍ശനത്തെപ്പറ്റി

കവിതകളെല്ലാം ഒരേ പോലെ ഉണ്ടല്ലോ’ എന്ന പതിവു കേള്‍വികളില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പ്രധാന കാര്യം ഈ പഴി കേള്‍ക്കുന്ന കവി കുറേയധികം എഴുതുന്നുവെന്നുള്ളതാണ്. കുറേയധികം എഴുതുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ച് അനുഗ്രഹമായി തോന്നേണ്ടുന്ന കാര്യമാണ്. കവിത നല്ലതോ മോശമോ എന്ന് പറയേണ്ടതിനു പകരം, ഇതേ കവിയുടെ മറ്റുകവിതകളുമായ് സാമ്യമുണ്ടെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്നവര്‍ , യഥാര്‍ത്ഥത്തില്‍ ധാരാളം എഴുതുക എന്നുള്ളതിനെയാണ് കുറ്റപ്പെടുത്തുന്നത്. ഒരു കവിക്ക് ഒരേ രീതിയില്‍ തന്നെ മാത്രമേ ജീവിതകാലം മുഴുവന്‍ എഴുതാന്‍ പറ്റുന്നുള്ളൂ എന്ന് വയ്ക്കുക. പല കാരണങ്ങള്‍ കാണാം. [“ആ കവിക്ക് ഒട്ടും ഉറക്കമില്ല / അതു കൊണ്ടത്രേ / അയാളുടെ കവിതകളൊക്കെ ഒരു പോലെ- കല്‍പറ്റ നാരായണന്‍ ,‘ഉറക്കം’]. അയാള്‍ എന്തു ചെയ്യാനാണ്? എഴുത്തില്‍ വ്യത്യസ്തത പുലര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവരും വിജയിക്കുന്നവരും ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെ ചെയ്യണമെന്ന് പറയുന്നതിനെ പിന്താങ്ങാന്‍ ആവില്ല. ഓരോരാളും ലോകത്തെയും ഭാഷയെയും അനുഭവങ്ങളേയും ഒക്കെ കാണുന്നത് പ്രത്യേകം പ്രത്യേകം രീതികളിലായതിനാല്‍ അവരുടെ കാവ്യഭാവന ഉത്തേജിതമാകുന്നത് വ്യത്യസ്തമായ കാരണങ്ങളാലാണ്. “മുന്‍സിപ്പാലിറ്റി മൂത്രപ്പുരയില്‍ / കാവലിരിക്കുന്നവന്റെ ജീവിതമാണോ/ പ്രീതാ ടാക്കീസില്‍ ടിക്കറ്റുമുറിക്കുന്നവന്റെ ജീവിതം?/ ടിക്കറ്റു മുറിക്കുന്നവന്റെ ജീവിതമാണോ/ ഷാപ്പില്‍ കള്ളൊഴിക്കുന്നവന്റെ ജീവിതം?” (‘അലര്‍ച്ച’, വിഷ്ണുപ്രസാദ്). ‘നമ്മള്‍ തമ്മില്‍ ’ , എന്ന കവിതയില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതുന്നു: “അറവുകാരാ/ നിന്റെ / ഏറ്റവും വലിയ / പേടി പറയ്/ അതേയ്/ പിന്‍ കഴുത്തില്‍ / കൊതുകുകടിച്ചാല്‍ / ഒന്നു ഞെട്ടും/ കൈ കിടുങ്ങും/ കത്തി താഴെപ്പോകും/ ഇനി/ നീ പറയ്/ കഴുത്തില്‍ / എവിടെത്തൊട്ടാലും / എന്റമ്മേ/ എന്തൊരിക്കിളി/ അറിയില്ല/ ചത്താല്‍ പോലും.

അതിനാല്‍ തന്നെ ഓരോ കവിയും അയാള്‍ക്ക് തോന്നുന്ന വിധത്തില്‍ എഴുതട്ടെ.

അവിടെ / ഞങ്ങള്‍ , മരിച്ചവര്‍ / വിശപ്പിനു വരാറുള്ള / പൊളിച്ചുമാറ്റിയ / ഒരു കാന്റീനുണ്ട്” എന്ന് അന്‍വര്‍ അലി എഴുതുമ്പോള്‍ (‘അകാലം’), “ വയല്‍ക്കരെ, ഇപ്പോഴില്ലാത്ത വീട്ടില്‍ ,/ കര്‍ക്കിടകത്തിലും തുലാത്തിലും/ കറുത്തവാവുരാത്രി/ മരിച്ചവര്‍ / അവിലും പഴവും ഉണ്ണിയപ്പവും/ തിന്നാനും / ഇളനീരും നെല്ലിന്‍ വെള്ളവും / കുടിക്കാനും വരുന്ന/ തെക്കേ അകത്തിനടുത്ത്” എന്ന് ടി. പി. രാജീവനും (‘സ്വപ്നങ്ങളുടെ മ്യൂസിയം’) , “ വയലോരത്ത് ഒരു ഷാപ്പുണ്ട്.... മുഴുക്കുടിയന്മാരായ ഞാനും ചങ്ങാതിയും/ ഒരു മാറ്റത്തിന് അവിടെ പോയി” എന്ന് എസ്. ജോസഫും (‘ഷാപ്പ്’), “എന്നെയും കടിച്ചുതിന്ന്/ ഞാന്‍ കൂന്നിരിപ്പായി” എന്ന് എന്‍. ജി. ഉണ്ണികൃഷ്ണനും (‘ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി’), “ജീവിതപ്പരീക്ഷയില്‍ /തോല്‍ക്കയാല്‍ , ബാഗും തൂക്കി /കോഴിക്കോട്ടങ്ങാടിയി- /
ലകലേ നീലാകാശം /പാടി ഞാന്‍ നടക്കുമ്പോള്‍ /ലഹരിപ്പുകയ്ക്കക- /ത്തെരിയും വിശപ്പിലേ- /
യ്ക്കന്നമായ്‌ ഒരുവന്റെ /സൌഹൃദം കനിഞ്ഞതു /സ്വപ്നമോ? ” എന്ന് മനോജ് കുറൂരും (‘കൂടെപ്പാടുന്നവര്‍ ’), "വേരും മഴയും മണ്ണും കാറ്റും/ തേനൂറുന്നവയായാല്‍ /വരുമോ നേന്ത്രപ്പഴമഞ്ഞയുമായ്/ റെയില്‍ വേണ്ടാത്തൊരു വണ്ടി?എന്ന് വി.എം. ഗിരിജയും (‘പഴവണ്ടി’), “എന്നേയ്ക്കും/ ആറിക്കിടക്കുമോ/ ഈ വീടിന്റെ വിശപ്പ്?/ ഇനി/ നിവര്‍ത്തിയാല്‍ തന്നെ / വിളമ്പുവാന്‍ / വേവുപോരാത്ത/ അന്നം?എന്ന് അനിതാ തമ്പിയും (‘അന്നം’), “ഒണക്കച്ചെമ്മീന്‍ കൊണ്ടരും/ ചേറ്റുവേന്ന് ശകുന്തള/ അമ്മ വാങ്ങാറില്ല/
ചക്കക്കുരൂം ചെമ്മീനും/ കുട്ടമോനില്ലാത്തോണ്ട്/ വെയ്ക്കാറില്ല” എന്ന് ടി. പി. അനില്‍കുമാറും (‘:(’)

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ/ വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ/ കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ/ കവിതകള്‍ വായിച്ച് വായിച്ച്/ കവിഞ്ഞ് പോയമ്മേ” എന്ന് കുഴൂര്‍ വിത്സണും, വിശപ്പ്/ അത്യുദാത്തമായൊരു/ ദാര്‍ശനിക അനുഭവമാണ്/ ഉടലിനെയും ആത്മാവിനെയും/ പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്..../ ഷുഗറ് , കൊളസ്ട്രോള്‍ ഇത്യാദിയായുള്ള/ ശൈലീജന്യരോഗങ്ങളില്‍ നിന്ന്/ കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്/

അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ/നിങ്ങളെത്ര അനു ഗൃഹീതരാണ്” എന്ന് വിശാഖ് ശങ്കറും (‘പാവം പാവം രാജകുമാരന്‍’), “നടുക്കഷണം തന്നെ വേണെമെനിക്കെന്ന്/ കൂട്ടുന്നവരോരോരുത്തരും കൊതിക്കും/ സ്വന്തം ചങ്ങാതിയെയാണ്/ തിന്നു കൊണ്ടിരിക്കുന്നതെന്ന് ചുവക്കുകയേയില്ല/
അത്രയും രുചി /മുളകിട്ട് വച്ചിട്ടുണ്ടാകും ഓരോ മുറിവിലും” എന്ന് റഫീഖ് ഉമ്പാച്ചിയും (‘മുളകിട്ടത്’), “നിര്‍ണ്ണായകവും/ ചരിത്രപ്രസക്തവുമായ/ ഒരു അട്ടിമറിയിലൂടെ/ വിരസതയ്ക്ക്/അന്നും/
വിശന്നു തുടങ്ങി” എന്ന് ടി.പി. വിനോദും, “കാപ്പികുടിക്കുകയായിരുന്നു/ പതിവുപോലെ/ ആളൊഴിഞ്ഞ,/ നിറയെ കെട്ടിടങ്ങള്‍ക്കിടയിലെ/ ഒറ്റവരിപ്പാതയ്ക്കപ്പുറത്തെ/ മരത്തണലില്‍ നമ്മള്‍ ” എന്ന് ലതീഷ് മോഹനും (‘ഉപമകള്‍ വില്‍പ്പനയ്ക്ക്’), “കൊല്ലപ്പരീക്ഷ കഴിഞ്ഞു/
കോഴിയെ പോറ്റി./ കോഴി ഞങ്ങളെയും./ ഇപ്പോള്‍ റോയല്‍ ബേക്കറിയില്‍ /ഒരു ചിക്കന്‍ ഷവര്‍മയ്ക്ക് മുന്‍പിലിരിക്കെ /ഒരു (കാലന്‍)കോഴി /എന്‍റെ ഉള്ളില്‍ തൊള്ള തുറക്കെ കരയുന്നു”എന്ന് സുധീഷ് കോട്ടേമ്പ്രവും, “ഉണ്ണാനിരുന്ന നേരത്ത്/ എനിക്കൊന്നും വേണ്ടെന്ന്/
തട്ടിത്തെറുപ്പിച്ച ചോറാണ്/ വായിക്കാനിരിക്കുന്ന നിന്റെ മുമ്പില്‍ /ചിതറിക്കിടക്കുന്നത്” എന്ന് നസീര്‍ കടിക്കാടും (‘പച്ചയ്ക്ക്’), “തുലാവര്‍ഷം പുരപ്പുറത്തെത്തി./പാട്ടംപിടിച്ച അയല്‍വക്കപറമ്പിലെ/ തടത്തില്‍ / മണ്ണിളക്കി മറിച്ചിട്ടു./ വാഴ വിത്തുകള്‍ കൂട്ടിയിട്ട/ മുറ്റം ഇരുണ്ടുപോയി” എന്ന് എസ്. കലേഷും (‘ആട്ടിടയന്‍’), “ചട്ടിക്കഷണത്തിലെ/ ചുവന്ന കറ മണത്ത്/“അമ്മേ മീന്‍കറി” എന്ന്/
ചിരുകണ്ടന്‍ കരഞ്ഞത്” എന്ന് ഞാനും (‘കുഞ്ഞാക്കമ്മ’) എഴുതട്ടെ.

എത്ര കവിതകള്‍ ഒരേപോലെ എഴുതാം എന്നതിന്റെ പരിധി നിര്‍ണ്ണയിക്കേണ്ട ചുമതല ഇവിടെ ആരാണ് ഏറ്റെടുത്തിട്ടുള്ളത്?. നോവലിസ്റ്റിനു തോന്നുന്ന ആശയം അയാള്‍ അനേകമനേകം വാക്കുകളാല്‍ വ്യക്തമാക്കുന്നതുപോലെ, കവിക്കു തോന്നുന്ന ആശയം, തൃപ്തിയാകും വരെ അയാള്‍ , പല കവിതകളിലൂടെ വ്യക്തമാക്കട്ടെ. വിഷയമില്ലായ്മ തന്നെ വിഷയമാകും കവിതയ്ക്ക്.

മുനയുള്ളോ-/ രെല്ലിന്‍കോ-/ ലൂരിത്തായോ/ മഷിയായി-/ ട്ടൊരുതുള്ളി-/ ച്ചോര തായോ/ കരളിന്റെ/
താളൊന്നു/ കീറിത്തായോ/ വിഷയവുംകൂടി-/പ്പറഞ്ഞുതായോ(‘തായോ’, പി. പി. രാമചന്ദ്രന്‍).

ഇനി, ആരോപണങ്ങളെ ഭയന്നോ മറ്റോ എഴുത്തു കുറയ്ക്കുന്ന കവിയെ വെറുതെ വിടുമോ? “എഴുത്തൊന്നും കാണാറില്ലല്ലോ?/ എഴുത്തൊന്നും വരാറില്ല/ അതല്ല ചോദിച്ചത്/ അതല്ല പറഞ്ഞതും(‘എഴുത്ത്’, കല്‍പറ്റ നാരായണന്‍ ).

കവിത എപ്പോളാണ് വരിക എന്നൊന്നും പറയാന്‍ പറ്റില്ല. “ ഇന്നൊറ്റയ്ക്കാണ്‌/ അടഞ്ഞ മുറിയുണ്ട്‌,/ മേശയും കസേരയും/ മഷി നിറച്ച പേനയുമുണ്ട്‌./ വെളുപ്പില്‍ / കറുത്ത വരകളുള്ള/ കടലാസ്സുണ്ട്‌./ നിറഞ്ഞ പ്രകാശ-/മുണ്ടകത്തും പുറത്തും./എന്നിട്ടും വരുന്നില്ല/ഒന്നൊളിഞ്ഞു പോലും നോക്കുന്നില്ല/ ഞാനൊന്ന്/പുറത്തിറങ്ങി നോക്കട്ടെ/ എവിടെയെങ്കിലും/ പമ്മി നില്‍പുണ്ടാകും/ ഓര്‍ക്കാപ്പുറത്തോടിവന്നു/ കെട്ടിപ്പിടിക്കാന്‍,/ കെട്ടിപ്പിടിച്ചുമ്മവയ്ക്കാന്‍/ഒരു കുറുമ്പന്‍ കവിത(‘ഇനി യാത്ര..ചുമരില്ലാത്ത മുറികളിലേക്ക്..’, ചിത്ര. കെ. പി).


കിടയറ്റ കാവ്യ നിരൂപണങ്ങളുടെ അഭാവം ഇന്ന് മലയാളത്തിലുണ്ട്.

അഞ്ജലി ഓള്‍ഡ് ലിപി/ കൊണ്ടാണോ ഇപ്പൊഴും/ കവിത ടൈപ്പുചെയ്യുന്നത് ?/
നിരൂപകന്‍ ചോദിച്ചു/ അയ്യോ കുഴപ്പമായോ !/ കവി ശങ്കിച്ചു/ കാലം മാറിയില്ലേ/ കോലവും മാറണ്ടേ/
വെറുതെയല്ല/ നിങ്ങളുടെ കവിതകള്‍ / ഓള്‍ഡായിപ്പോകുന്നത്/ നിങ്ങളെ ഞാന്‍ /പാരമ്പര്യ കവി എന്നു വിളിക്കും/ നിരൂപിച്ചൂ പകന്‍/ കവി വിനയത്തോടെ/ ചത്തുകിടന്നു/ കവിത ഒരു കീ ബോര്‍ഡായി/ ചമഞ്ഞുകിടന്നു/ ത റ ട പ/ ട്ട ണ്ട ണ്ണ..../വായനക്കാര്‍ വായ്ക്കരിയിട്ടു.”(‘ഒരു പാരമ്പര്യകവിയുടെ അന്ത്യം’, സനല്‍ ശശിധരന്‍).

തിരമൊഴിക്കവിത

റഫീക്ക് അഹമ്മദ്, ബ്ലോഗിനെ ബാലപംക്തി എന്നു വിളിച്ചത് കണ്ടപ്പോള്‍ (സമകാലിക മലയാളം, ഓണപ്പതിപ്പ്) ഊഹിക്കാം, അദ്ദേഹം ബ്ലോഗ് കാര്യമായി വായിക്കാറില്ലെന്നും മാതൃഭൂമി ‘ബ്ലോഗന’ വായിച്ച് സ്വരൂപിച്ച അഭിപ്രായമാവാനേ തരമുള്ളൂവെന്നും. സ്വകാര്യ സംഭാഷണത്തിനിടെ, ഒരു പ്രശസ്ത കവി പറഞ്ഞിരുന്നു, പഴയ കവിയായ റഫീക്ക് എന്തിനാണ് പുതിയ കവിതയെപറ്റിയുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് എന്ന്. ആ കവി, റഫീക്കിനെ പറ്റി പറഞ്ഞതിലും റഫീക്ക്, ബ്ലോഗ് കവിതകളെ പറ്റി പറഞ്ഞതിലും ഒരു പോലെ നിരുത്തരവാദം നിറഞ്ഞു നില്പുണ്ട്. വിവിധ തലങ്ങളില്‍ എഴുതുന്നവര്‍ക്ക് പരസ്പരം സംവദിക്കാനുള്ള ഒരു വേദിയില്ലാത്തതിന്റെ പരിണതഫലമാണ് അനുതാപാര്‍ഹമായ ഇത്തരം പ്രസ്താവനകള്‍ . ആരെയും കൂസാതെ ദിവസേനയെന്നോണം കവിതകളെഴുന്നവരുണ്ട് ബ്ലോഗില്‍ . കമന്റുകളനുസരിച്ച്, തനിക്ക് ബോധ്യപ്പെട്ടാല്‍ , കവിതകള്‍ തിരുത്തി മെച്ചപ്പെടുത്തുന്നവരും ഉണ്ട്. മലയാളം ബ്ലോഗില്‍ ഏറ്റവുമധികം വികാസം പ്രാപിച്ച ഒരു ശാഖയാണ് കവിത. എഡിറ്റര്‍മാരുടെയും ആനുകാലികങ്ങളുടെയും നിക്ഷിപ്ത താല്‍പ്പര്യത്തിനൊത്ത് കവിതയില്‍ ഒത്തുതീര്‍പ്പുകള്‍ വരുത്തേണ്ട ഗതികേടോ, സര്‍ഗാത്മകതയ്ക്കുള്ള കൂച്ചുവിലങ്ങുകളോ ഇവിടെ കവിയെ കാത്തുനില്‍ക്കുന്നില്ല. പുസ്തകമിറക്കുമ്പോള്‍ കവിതയിലുള്ള നാട്ടുകാരായ ചില കഥാപാത്രങ്ങളുടെ പേരുകളും ചില പരാമര്‍ശങ്ങളും തിരുത്തേണ്ട നിര്‍ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. അതിന്റെ അസംതൃപ്തി ഞാന്‍ ഉള്ളന്നത്തേക്കും മാറുമെന്ന് തോന്നുന്നില്ല.

ഹൈപ്പര്‍ ലിങ്കുകളുടെ സാധ്യതയും ബ്ലോഗിലെ കവികള്‍ ഉപയോഗിക്കുന്നുണ്ട്. വീടുപണി നടക്കുമ്പോള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര മുളവടികള്‍ കൊണ്ട് കുത്തിപ്പൊന്തിച്ച് നിര്‍ത്തുമ്പോലെ നീണ്ട അടിക്കുറിപ്പുകളുള്ള കവിതകള്‍ അച്ചടിമാധ്യമങ്ങളില്‍ വളരെയധികം വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്താറുണ്ട്. ബ്ലോഗിലാണെങ്കില്‍ ഹൈപ്പര്‍ ലിങ്കുകള്‍ കൊണ്ട് പ്രയാസമില്ലാതെ പരിഹരിക്കാനാവുന്നതാണ് ഈ പ്രശ്നം. ബ്ലോഗിലെ കവിതകള്‍ വായിക്കാന്‍ പറ്റുന്നില്ലെങ്കില്‍ , അവയെ കുറിച്ച് ‘അകം’ ഓണപ്പതിപ്പില്‍ വന്ന സച്ചിദാനന്ദന്റെ വിലയിരുത്തലെങ്കിലും റഫീക്ക് വായിക്കുമെന്ന് കരുതുന്നു.

കവി എങ്ങനെയെഴുതണം എന്നതില്‍ നിന്നും മാറി, കവിതയ്ക്ക് എങ്ങനെ അഭിപ്രായം പറയണം എന്നു പോലും പറയുന്നതരത്തില്‍ കവിതാ ചര്‍ച്ചയെ എത്തിച്ചുവെന്നത് ബ്ലോഗിന്റെ കൌതുകങ്ങളില്‍ ഒന്നാണ്. “എന്തെഴുതിയാലും പ്രശംസിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നന്നായെഴുതാനുള്ള സമ്മര്‍ദ്ദം കവിക്കനുഭവപ്പെടുന്നില്ല” എന്ന്‍ സച്ചിദാനന്ദന്‍ പറയുമ്പോള്‍ എന്തിനുവേണ്ടിയാണ് ഒരു കവി എഴുതുന്നത് എന്നതിനെ പറ്റി വിശദമായി ചര്‍ച്ചചെയ്യേണ്ടി വരും. പ്രശംസയും പത്തോ അമ്പതോ കമന്റുകളും മാത്രമല്ല കവിയുടെ ലക്ഷ്യം. കവിതകള്‍ വായിച്ചാസ്വദിച്ച് കമന്റിടാതെ ഇരിക്കുന്ന നല്ല വായനക്കാര്‍ , സച്ചിദാനന്ദനടക്കം എത്രയോ അധികം പേര്‍ പുറത്തുണ്ട് എന്ന അറിവ് ബ്ലോഗിലെ ഓരോ കവിക്കുമുണ്ട്. കമന്റുകളുടെ സ്വഭാവം കവിതകളുടെ ശരാശരിവല്‍ക്കരണത്തിന് ഇടയാകില്ലേ എന്ന് സംശയിക്കുന്നുണ്ടെങ്കില്‍ , നിലവാരം ഉയര്‍ത്തുന്നതിനായി, ബ്ലോഗിലെ കവിതകള്‍ ആഴത്തില്‍ നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിലും, ഇന്റര്‍നെറ്റു വഴി നിരവധി കവിതാപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മലയാളത്തിലെ തലമുതിര്‍ന്ന കവിയെന്ന നിലയിലും സച്ചിദാനന്ദന് വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാനുണ്ട്.

തിരമൊഴി’ എന്ന വാക്ക് പി.പി. രാമചന്ദ്രന്റെ സംഭാവനയാണ്. അദ്ദേഹം എഡിറ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ കവിതാ പ്രസിദ്ധീകരണമായ ഹരിതകം, മലയാള കവിതാലോകത്തിന് ചെയ്യുന്ന സംഭാവനകള്‍ ചെറുതല്ല. ലോകകവിതകളെ പരിചയപ്പെടുത്തുന്ന വി. രവികുമാറിന്റെ ‘പരിഭാഷ’ എന്ന ബ്ലോഗ് പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ‘ബൂലോകകവിത’, ‘പുതുകവിത’, ‘ആനുകാലിക കവിത എന്നിങ്ങനെ കവിതയ്ക്കു മാത്രമായി നിലകൊള്ളുന്ന വെബ്സൈറ്റുകള്‍ ധാരാളമുണ്ട്. ‘വര്‍ക്കേഴ്സ് ഫോറം’ എന്ന ബ്ലോഗില്‍ കവിതാസംബന്ധിയായ നിരവധി ലേഖനങ്ങള്‍ സമാഹരിച്ചിട്ടുണ്ട്.

ഇവിടെയും മറ്റ് സൈബര്‍ ഇടങ്ങളായ ‘ഫേസ് ബുക്ക്’, ‘ഗൂഗിള്‍ ബസ്സ്’ തുടങ്ങിയവയിലും നടക്കുന്ന ഗുണനിലവാരമുള്ള കവിതാചര്‍ച്ചകള്‍ ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില കവികള്‍ ചര്‍ച്ച മൂര്‍ദ്ധന്യത്തിലെത്തുമ്പോള്‍ ‘കപട ആത്മനിന്ദ’ പ്രയോഗിച്ച് വാലുമുറിച്ച് രക്ഷപ്പെടുന്നതും കാണാറുണ്ട്. ‘വരിമുറിക്കവിത’യെ പറ്റിയും, കവിത മനസ്സിലാകായ്മയെപ്പറ്റിയും, വൃത്തകവിതയെപ്പറ്റിയും മറ്റുമുള്ള സംവാദങ്ങളില്‍ കവിതയെക്കുറിച്ച് ധാരണയില്ലാത്തവര്‍ പോലും സജീവമായി പങ്കെടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥലത്ത് ഇടപെടാതെ ബ്ലോഗിലെ കവിതയോട് നിഷേധാത്മക നിലപാടെടുക്കുകയാണോ, അക്കാദമിക് പ്രഗത്ഭരും, പ്രിന്റ് മീഡിയയിലുള്ള മുതിര്‍ന്ന കവികളും ചെയ്യേണ്ടത്?. ഇനി തിരിച്ച് വ്യാകരണം, ഭാഷാചരിത്രം, കാവ്യമീമാംസ തുടങ്ങിയവയെ സംബന്ധിച്ച പരമ്പരാഗ വിജ്ഞാനം സൈബര്‍ ഇടങ്ങളിലും ലഭ്യമാക്കേണ്ടതില്ലേ?. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഇവിടത്തെ അക്കാദമികളോ, സര്‍വ്വകലാശാലകളോ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടോ ആരെങ്കിലും ഏറ്റെടുക്കുമോ?


കവികളെ മുട്ടി നടക്കാന്‍ വയ്യ

പ്രധാനമായും ആനുകാലിക എഡിറ്റര്‍മാര്‍ പറയുന്ന ഒരു വാചകമാണിത്. എല്ലാവരും കവികളാകുന്ന കാലത്തെ എന്തിനാണ് ഭയക്കുന്നത്?. കവിതാവായനക്കാരെല്ലാം കവികളുമാണെന്ന് അന്‍വര്‍ അലി പറഞ്ഞു (മലയാളം ഓണപ്പതിപ്പ്). ഗഫൂര്‍ കരുവണ്ണൂരിന്റെ ‘വായനക്കാരന്റെ കത്ത്’ എന്ന കവിതയില്‍ ഇങ്ങനെ: “ നിന്റെ ചിലയൊച്ചകള്‍ ആല്‍മരച്ചോട്ടിലെ/ സര്‍ക്കസ് ഓര്‍മ്മപ്പെടുത്തി/ വെറും ആല്‍മര സങ്കേതത്തില്‍ / അതിശയിപ്പിച്ച് സര്‍ക്കസ് കളിച്ച നാടോടിയെ/ സ്നേഹിതാ, പറഞ്ഞു പറഞ്ഞ്/ ഞാനൊരു കവിയാകുമോ?/ ചെറിയ വാക്കിന്റെ ചെറിയ ഒച്ചകള്‍ / മുഴക്കങ്ങളാകുമോ?

നൂറുകവിതകളാണെന്റെ പുഴ,യതിന്‍ / തീരത്തു വിരല്‍ കൊണ്ടു കോറുമ്പോള്‍ നൂറ്റൊന്നാകും” എന്ന തരത്തില്‍ (‘നൂറ്റൊന്നു കവിതകള്‍ ’, ശ്രീകുമാര്‍ കരിയാട്) ആര്‍ക്കും കടന്നുപോകാന്‍ പറ്റുന്നത്ര ലളിതമാണ് ഇന്നത്തെ കവിതയുടെ വഴികള്‍ .

എസ്. ജോസഫ് എഴുതിയ ‘എന്റെ കാവ്യജീവിതം’ എന്ന കുറിപ്പില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27) അദ്ദേഹം, തന്റെ കവിതകള്‍ മുതിര്‍ന്ന ചില കവികള്‍ക്ക് ഇഷ്ടമായിരുന്നില്ല എന്ന് പരിഭവിക്കുന്നുണ്ട്. ആര്‍ക്കും കവിതയെഴുതാം’ എന്ന വലിയ സത്യം തിരിച്ചറിയുന്ന ജോസഫ്, പക്ഷേ ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുത എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല?. പല കലാകാരന്മാരുടെയും അസ്വസ്ഥതകള്‍ക്ക് കാരണം തങ്ങളുടെ സൃഷ്ടിയെ താന്‍ വിചാരിക്കുന്ന ഒന്നോ രണ്ടോ പേര്‍ തിരസ്കരിച്ചു എന്നതായതുകൊണ്ടാണ്, എത്രയേറെ അംഗീകാരവും അഭിനന്ദനവും മറ്റനേകം പേരില്‍ നിന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെയും അതൊന്നും അവര്‍ക്ക് ഒട്ടും തന്നെ ആശ്വാസമേകാത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളും, അവരുടെ കല്യാണം കഴിഞ്ഞ് അവര്‍ക്കും കുട്ടികള്‍ ഉണ്ടായ ശേഷവും ആള്‍ക്കാര്‍ ആദ്യത്തെ പ്രണയ പരാജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതുപോലുള്ള ഒരു മാനസികാവസ്ഥയാണിത്.

ഡി. വിനയചന്ദ്രനെയും, അയ്യപ്പനെയും, ജോസഫിനെയുമൊക്കെ, സി.ആര്‍ പരമേശ്വരന്‍ ലേഖനത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അവര്‍ കവികളല്ലാതാകുമോ?.

ഹരിയേക്കണ്ടാല്‍ / കവിയാണെന്നേ തോന്നില്ലെന്ന്/ അജിത ഗവേഷക/ കണ്ടാല്‍ മാത്രമല്ല/ കവിത വായിച്ചാലും തോന്നില്ലെന്ന് / ജിസാ രസിക” (പരബ്രഹ്മാനന്ദം, .സി. ശ്രീഹരി).

ടി.പി. വിനോദിന്റെ ‘ആംഗ്യങ്ങള്‍ ’ എന്ന കവിതയില്‍ ഇങ്ങനെ പറയുന്നു: “പരാജയപ്പെടുന്നതുകൊണ്ട്/ പാവനമായിത്തീരുന്ന/ രണ്ടുകാര്യങ്ങളില്‍ / ഒന്നാമത്തേത് പ്രണയവും/ രണ്ടാമത്തേത് കവിതയുമാവണം.

കവിതകാരണം പരാജയപ്പെട്ട പ്രണയവുമുണ്ട്.

എനിക്കെന്റെ ആദ്യപ്രേമം നഷ്ടമായത്/ ഞാനെഴുതിയ ആദ്യകവിത/ അവള്‍ക്ക് വായിക്കാന്‍ കൊടുത്തതിനാലാണെന്ന്/ രണ്ടാമതൊരു കവിതയെഴുതി രണ്ടാമത്തവളെ/ വായിച്ചു കേള്‍പ്പിച്ചപ്പോളാണ്/ മനസ്സിലായത്./ രണ്ടാമത്തവള്‍ പോയ/ വഴിയിലേക്കു നോക്കിയിരിക്കുമ്പോള്‍ / അതാ മൂന്നാമതൊരു കവിതയെഴുതാന്‍ മുട്ടലുണ്ടാകുന്നു/ ആ കവിത എന്റെ പട്ടിയെഴുതും..” (‘പ്രേമമേ നീ പെട്ടെന്ന് തീര്‍ന്നുപോമൊരു കവിതയോ’, അജീഷ് ദാസന്‍ ).

ചില കവിതകള്‍ കാലം കഴിഞ്ഞ് തിരിച്ചറിയപ്പെടാം. “ഇത്ര നാള്‍ വായിച്ചിട്ടും/ തിരിയാത്ത കവിത/ ഇന്നു സംസാരിച്ചു തുടങ്ങും/ ചുരുങ്ങിയത്/ ഒരു കത്തെങ്കിലും വരും/ ഞാന്‍ സ്നേഹിക്കുന്ന/ എന്നെ സ്നേഹിക്കുന്ന/ ഒരാളുടെ(‘എഴുതുമല്ലോ’, എന്‍.ജി. ഉണ്ണികൃഷ്ണന്‍ ).

ആര്‍ക്കും കവിയാകാം, എന്തും കവിതയാകാം എന്നതരത്തില്‍ മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയും, അനോണിമിറ്റിയുടെ മറയുപയോഗിച്ചുപോലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ലോഗുകളും നിലവിലുള്ള ഈ കാലത്ത്, കവിതയുടെ ഉയര്‍ച്ചയ്ക്കും നിലനില്‍പ്പിനുമായുള്ള സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ കവിതാസ്നേഹികള്‍ക്കു കഴിയട്ടെ എന്ന്‍ ആശംസിക്കുന്നു.

**************************************

[സമകാലിക മലയാളം വാരിക, 2010 നവംബര്‍ 19]