Sunday, June 27, 2010

സ്വത്വ അരാഷ്ട്രീയം

‘വിഡ്ഢിപ്പെട്ടി’യിലൂടന്ന്
കേട്ടിടും ഭാഷയായതിന്‍
ഹേതുവാല്‍ ഹിന്ദിയില്‍ നല്ല
മാര്‍ക്കുള്ളോന്‍ ‘മരമണ്ട’നായ്

ഹിന്ദിയദ്ധ്യാപകന്മാരെ
നിന്ദിച്ചൂ നാം പലപ്പൊഴും
കോളേജിലുത്തരേന്ത്യക്കാര്‍
പരിഹാസവിധേയരായ്


ഇഷ്ടമേതുമവര്‍ക്കില്ലാ-
പ്പുട്ടുമിഷ്ടുവുമാഴ്ചയില്‍
മെസ്സില്‍ രണ്ടുദിനം ഞങ്ങള്‍
പാസ്സാക്കീ ശബ്ദവോട്ടിനാല്‍
-----------------
തെക്കന്‍ കൊറിയയില്‍ ഞങ്ങള്‍
ഇന്ത്യക്കാരൊത്തു ചേര്‍ന്നിടും
കൊറിയന്‍സിന്റെ കുറ്റങ്ങള്‍
കണ്ടെത്തും പങ്കുവെച്ചിടും

“കൊറിയന്‍ പഠിച്ചീടേണ-
മിവിടുള്ള വിദേശികള്‍
എന്നു ചൊല്ലിയൊരാളിന്റെ
തന്ത”- ഹിന്ദീല്‍ പറഞ്ഞിടും.Sunday, June 20, 2010

എന്തിന്നധീരത! ഇപ്പോള്‍ തുടങ്ങുവിന്‍ !!

´´ഇരുണ്ട കാലങ്ങളിലും പാട്ടുണ്ടാകുമോ?
ഉണ്ടാകും,
ഇരുണ്ടകാലങ്ങളെക്കുറിച്ചുള്ള പാട്ട്´´

-ബെര്‍തോള്‍ത് ബ്രെഹ്ത്

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്കാ ബാലവേദിയില്‍ നിന്നു കേട്ട ‘എന്തിന്നധീരത/ ഇപ്പോള്‍ തുടങ്ങുവിന്‍’ എന്ന പാട്ടാണ് ആദ്യമായി പാടിയതായി എന്റെ ഓര്‍മ്മയിലുള്ളത്. പാടിത്തന്നവരുടെ ശരീരഭാഷയനുകരിച്ച് കണ്ണുമിഴിച്ച്, കൈകള്‍ ചൂണ്ടി അര്‍ത്ഥമറിയാത്ത പ്രായത്തില്‍ ഈ പാട്ടു പാടിയപ്പോള്‍ ഉണ്ടായ ഒരു അനുഭവമായിരിക്കണം ഇതിനെ പാട്ടോര്‍മ്മയുടെയെന്നല്ല, ഓര്‍മ്മയുടെതന്നെ കയര്‍ കെട്ടിയ കുറ്റിയാക്കിയത്. പിന്നീട് ‘കാലി’ എന്ന കവിത പടുത്തത് ഈ ഓര്‍മ്മയുടെ അടിത്തറയിലാണ്.

അന്നേ കൂടെ കൊണ്ടു നടന്ന, വി.കെ. ശശിധരന്‍ ഈണം നല്‍കിയ ഈ പാട്ട്, ഞാന്‍ മുതിര്‍ന്നപ്പോള്‍ കൂടെ മുതിര്‍ന്നു. ശബ്ദത്തിന്റെയോ ആംഗ്യത്തിന്റേയോ, ഈണത്തിന്റെയോ കൌതുകത്താല്‍ മനസ്സില്‍ വേരൂന്നിയ, ബ്രെഹ്തിന്റെ കവിതയെ ആസ്പദമാക്കി പുനലൂര്‍ ബാലന്‍ എഴുതിയ ഉജ്ജ്വലമായ ഈ ആവിഷ്കാരം പിന്നീട് അര്‍ത്ഥമറിഞ്ഞു തുടങ്ങിയപ്പോള്‍ ആലംബവും ആശ്വാസവുമൊക്കെയായി വളര്‍ന്നു. പങ്കെടുത്തതും നേതൃത്വം കൊടുത്തതുമായ പുരോഗമനപ്രവര്‍ത്തനങ്ങളിലെല്ലാം, “നാളെ നേതാക്കളായ് മാറേണ്ട നിങ്ങള്‍ക്ക് / കാലം അമാന്തിച്ചു പോയില്ല” എന്ന് ആത്മവിശ്വാസം നല്‍കി.
സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞത്തില്‍ കേരളത്തിന്റെ ഏതൊരു മുക്കിലും മൂലയിലുമെന്ന പോലെ, കടൂരെന്ന എന്റെ കൊച്ചുഗ്രാമത്തിലും “നിങ്ങള്‍ പഠിക്കുവിന്‍ /നിങ്ങള്‍ പഠിക്കുവിന്‍/ ആദ്യാക്ഷരം മുതല്‍ മേലോട്ട്”എന്ന് ഉച്ചത്തില്‍ മുഴങ്ങി. “ബാലപാഠങ്ങള്‍ പഠിച്ചോളിന്‍ /മതിയാകില്ലെങ്കിലും നന്നായ് പഠിച്ചോളിന്‍” എന്ന് അക്ഷരങ്ങളുടെ മഹാസമുദ്രം ചൂണ്ടി ആവേശം പകര്‍ന്നു. മടിയും മടുപ്പും തോന്നിയ അവസരങ്ങളിലെല്ലാം “എന്തിന്നധീരത/ ഇപ്പോള്‍ തുടങ്ങുവിന്‍/ എല്ലാം നിങ്ങള്‍ പഠിക്കേണം” എന്ന് പുറത്തു തട്ടി. [ കൊള്ളരുതായ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സന്ദര്‍ഭങ്ങളില്‍ ‘എന്തിന്നധീരത’ തരുന്ന മനോവീര്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്തരമൊരു സന്ദര്‍ഭമാണ് ‘നീലക്കുറിഞ്ഞികള്‍ ’ എന്ന കവിതയില്‍ ഞാന്‍ അടക്കം ചെയ്തിട്ടുള്ളത്.]

“തയ്യാറാകണമിപ്പോള്‍ തന്നെ/ആജ്ഞാ ശക്തിയായ് മാറീടാന്‍” എന്ന് അത് ആവോളം കരുത്തു തന്നു. ‘നാടു കടത്തപ്പെട്ടവരേ/ തടവിലടയ്ക്കപ്പെട്ടവരേ’ എന്ന് ചരിത്രത്തെ കണ്മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. ‘വാര്‍ദ്ധക്യപെന്‍ഷന്‍ വാങ്ങിയിരിക്കും വന്ദ്യവയോധികരേ’ എന്നു കേട്ടപ്പോള്‍ ‘പെന്‍ശന് അപേക്ഷ കൊടുത്തിറ്റും കിട്ടീറ്റില്ലല്ലോ മോനേ’ എന്ന് പ്രതികരിച്ച നാരാണ്യേച്ചിമാര്‍ ഉണ്ടായി.
“പാര്‍പ്പിടമില്ലാത്ത പാവങ്ങളേ / മഞ്ഞില്‍ കോച്ചിയിരിപ്പവരേ/ വിദ്യാശാലയും വിജ്ഞാനങ്ങളും അന്വേഷിക്കുവിന്‍ കൂട്ടരേ” എന്ന് വഴികാട്ടിയായി . അതിനിടയില്‍ ഒരുവിഭാഗം പാര്‍പ്പിടമില്ലാത്തവരും പട്ടിണിക്കാരും ആയതെങ്ങനെയാണ് എന്ന് ആലോചിച്ചു. ‘എന്നും അടുക്കളക്കുള്ളില്‍ കുടുങ്ങിയൊതുങ്ങിയിരിക്കും വീട്ടമ്മമാരെ’ അക്ഷരത്തിന്റെയും അറിവിന്റെയും ലോകത്തേക്കു നയിച്ചു. കരിയടുപ്പൂതി കലങ്ങിയിരുന്ന കണ്ണുകള്‍ പരിഷത്തിന്റെ പുകയില്ലാത്ത അടുപ്പും, ചൂടാറാപ്പെട്ടിയും കണ്ട് തിളങ്ങി.

“പട്ടിണിയായ മനുഷ്യാ നീ
പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണു നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ” എന്ന് നാടായ നാടൊക്കെ ഉണര്‍ത്തുപാട്ടായി. “ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍ / മൂഢവിശ്വാസങ്ങള്‍ തള്ളിക്കളയുവിന്‍ ” എന്ന് ശാസ്ത്രത്തെയും യുക്തിബോധത്തെയും നെഞ്ചിലേറ്റി. “തന്നത്താനെ പഠിക്കാതെയൊന്നും /അറിയില്ല നിങ്ങള്‍ സഖാക്കളേ...” എന്ന് വിമര്‍ശനവും ആത്മവിമര്‍ശനവുമായി.

ധൂര്‍ത്തിന്റെയോ, ചൂഷണത്തിന്റെയോ അംശങ്ങള്‍ നിത്യജീവിതത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുന്നെന്ന് തോന്നിയ അവസരങ്ങളില്‍ “ഓരോ ചെറുചെറു വസ്തുവിലും/ വിരല്‍ തൊട്ടു തൊട്ടങ്ങു ചോദിക്കൂ/എങ്ങനെയിതു കിട്ടീ നിങ്ങള്‍ക്ക്” എന്ന് ഉള്ളിന്റെയുള്ളില്‍ താക്കീതായി. കടൂരിലെ ആള്‍ദൈവത്തിന്റെ കയ്യില്‍ നിന്നും ശാസ്ത്രകലാജാഥയ്ക്ക് സംഭാവനയായി നല്ലൊരു തുക വാങ്ങിയതില്‍ പശ്ചാത്തപിച്ച് കാശ് തിരികെ കൊണ്ടുകൊടുക്കുകയും ആളെ രണ്ട് ചീത്ത പറയുകയും ചെയ്തു. പഠിക്കാനുള്ള അവകാശങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടിയല്ലാതെ പഠിപ്പുമുടക്കുന്ന സന്ദര്‍ഭങ്ങളില്‍ ജാഥയില്‍ നിന്നും ചെവിക്കു പിടിച്ച് ക്ലാസ് റൂമിലേക്ക് കൊണ്ടുപോയി.

കണ്ണൂരിലെ ഒരു തലമുറയ്ക്ക് നാടകമെന്നു കേള്‍ക്കുമ്പോഴും ബ്രെഹ്ത് എന്നു കേള്‍ക്കുമ്പോഴുമൊക്കെ ഓര്‍മ്മ വരുന്ന ഒരു പേരാണ് കരിവെള്ളൂര്‍ മുരളി. ബ്രെഹ്തിന്റെ കവിതകളെ കലാജാഥകളിലൂടെയും മറ്റും പരിചയപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. മുരളിയേട്ടന്‍ എഴുതി ചിട്ടപ്പെടുത്തിയ “ഒരു ചോദ്യം മറുചോദ്യം പലചോദ്യങ്ങള്‍ / പലപല ചോദ്യങ്ങള്‍ / ഈ പ്രപഞ്ചശക്തിയാര്‍?/ സൌന്ദര്യങ്ങള്‍ തന്‍ സ്രഷ്ടാവാര്?/ ഉത്തരം / അതിനൊറ്റയുത്തരം/ അദ്ധ്വാനിക്കുന്ന മനുഷ്യന്‍ / ചരിത്രത്തിന്‍ ചക്രം തിരിച്ച മനുഷ്യന്‍/, ” അതു പോലെ തന്നെ “എതിരുകളോടേറ്റുമുട്ടിയേറ്റുമുട്ടി/ അവനവന്റെ പ്രതിരോധം പലകാലം കൊണ്ടുവളര്‍ത്തി / ഇരുളടഞ്ഞ ഭൂതകാല ഗഹ്വരത്തില്‍ നിന്നുമവന്‍ / അറിവുകളുടെ പുതിയവെട്ടമെങ്ങുമുയര്‍ത്തീ” തുടങ്ങിയ വരികള്‍ എങ്ങനെയാണ് മറക്കാന്‍ കഴിയുക!. ബ്രെഹ്തിന്റെ രചനയെ ആസ്പദമാക്കി മുല്ലനേഴി എഴുതിയ ‘ഡോക്ടറോട്’ എന്ന സംഗീത ശില്‍പ്പവും ഇവിടെ എടുത്തുപറയട്ടെ. ‘ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുക’ എന്ന് പാടിയ ഒരു തലമുറ തന്നെയാണോ, അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ‘ഷര്‍ട്ടിനുപിടിക്കാനും’, ‘പെരടിക്കടിക്കാനും’ പയ്യന്നൂരും പാലേരിയിലുമൊക്കെ ശ്രമിച്ചത് എന്ന സങ്കടകരമായ ആശങ്കയും ഇവിടെ പങ്കുവെക്കട്ടെ.

ഇന്ന് ഞാന്‍ , അച്ചടിയന്ത്രം കണ്ടുപിടിച്ച ഗുട്ടന്‍ബര്‍ഗിന്റെ നാടായ ജര്‍മ്മനിയിലെ മൈന്‍സ് എന്ന സ്ഥലത്ത് നില്‍ക്കുന്നു. ഇവിടെയുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണാര്‍ത്ഥം വന്നത്. ബ്രെഹ്ത് ജനിച്ച ഔഗ്സ്ബര്‍ഗിലേക്ക് പോയിവരാന്‍ 200 യൂറോ കരുതണം. കേരളാശാസ്ത്ര സാഹിത്യപരിഷത്തിന്റെ കലാജാഥകളെല്ലാം മനസ്സില്‍ തെളിയുന്നു. തെരുവുനാടകങ്ങളും സംഗീതശില്‍പ്പങ്ങളും, എല്ലാ അവയവങ്ങളും പ്രവര്‍ത്തനക്ഷമമായ ബ്രെഹ്തിന്റെ കവിതകളും ഒന്നൊഴിയാതെ ഓര്‍മ്മവരുന്നു. ബ്രെഹ്തിന്റെ നാട്ടിലേക്കുള്ള യാത്ര ഞാന്‍ മാറ്റിവെയ്ക്കുന്നു. പകരം ജര്‍മ്മനിയിലെ അഞ്ച് തെരുവുതെണ്ടികള്‍ക്ക് ഡോണര്‍ കെബാബും സോഡയും വാങ്ങി ക്കൊടുക്കുന്നു. ഒരു ഡയറിയും പേനയും കൊടുക്കുന്നു. അവരിലൊരാള്‍ വോജ്ടെക് പിസുല; സോവിയറ്റ് റഷ്യയെയും, നാസി ജര്‍മ്മനിയെയും ഒരു പോലെ വെറുക്കുന്ന ഒരു പോളിഷ് കുടിയേറ്റക്കാരന്‍.
(പാട്ടോര്‍മ്മ, മാധ്യമം ആഴ്ചപ്പതിപ്പ്, June 28, 2010)

Monday, June 14, 2010

ഷര്‍ട്ടില്‍ പിടിക്കല്ലേ! പെരടിക്കടിക്കല്ലേ!!

ടി.ഡി. രാമകൃഷ്ണന്റെ 'ഇട്ടിക്കോരയും വിക്കും’ എന്ന പ്രതികരണത്തിന് ഒരു മറുപടി സമകാലിക മലയാളം വാരികയില്‍ . വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.