Sunday, August 29, 2010

വില്‍പ്പന

കേരളാ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ
‘മുറിവുണക്കുന്നവര്‍ ’* എന്ന പുസ്തകം
ഞാന്‍
‘ഷേവു ചെയ്യുമ്പോളുണ്ടാകുന്ന മുറിവുണക്കാന്‍ സഹായിക്കും’ എന്ന് പറഞ്ഞ്
ബാര്‍ബര്‍ കണ്ണേട്ടന് വിറ്റിട്ടുണ്ട്.

ബുക്ക് റിപ്പബ്ലിക്കിന്റെ
നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍ ’ എന്ന കവിതാസമാഹാരം
എന്റെ അനിയന്‍
‘കുട്ടികള്‍ക്ക് നല്ല കടങ്കഥകള്‍ പറഞ്ഞുകൊടുക്കാം’ എന്നു പറഞ്ഞ്
ആളുകള്‍ക്ക് വിറ്റിട്ടുണ്ട്.

ഒളിഞ്ഞുനോട്ടങ്ങളും
അളിഞ്ഞ അഭിമുഖങ്ങളും
എഡിറ്റര്‍മാര്‍
മികച്ച സാംസ്കാരിക പ്രവര്‍ത്തനമിതാണെന്ന് പറഞ്ഞ്
ആനുകാലികങ്ങളിലൂടെ വില്‍ക്കുന്നുണ്ട്.

പലരും പലതും വാങ്ങി രുചിക്കുന്നുണ്ട്
സന്തോഷവും സംതൃപ്തിയും ശരിയുമൊക്കെ
ധരിക്കുന്നുണ്ട്.
ചിലര്‍
തൂങ്ങിച്ചാവുന്നുണ്ട്.
----------------------------
*ഡോ: നോര്‍മന്‍ ബെഥൂണെയുടെ ജീവിതകഥയെ ആസ്പദമാക്കി കെ.കെ. കൃഷ്ണകുമാര്‍ എഴുതിയ പുസ്തകം.

Saturday, August 21, 2010

പ്രമോഷന്‍

കൊറിയയെക്കുറിച്ചെഴുതിയ കവിതകള്‍
മുറപോലെ മാസികയ്ക്കയച്ചുകൊടുക്കുന്നു.
വിരിയത്തക്ക ചൂടുകൊടുക്കാന്‍
മൂന്നുകൊല്ലമായിട്ടും എഡിറ്റര്‍ക്കായില്ല.

പല വേനലുകള്‍ക്കിപ്പുറം
കൊറിയയെ പറ്റി ഒരു കുറിപ്പെഴുതാമോ എന്ന്‍
എഡിറ്ററെനിക്ക് കത്തെഴുതുന്നു.

കൊറിയന്‍ കുറിപ്പ്
എന്റെ കൊറിയന്‍കവിതകളോടെ അച്ചടിച്ചപ്പോള്‍
കേരളത്തിലെ ചില കവികളുടെ പ്രതിനിധിയായ്
ഒരു സുഹൃത്ത് ഗൂഗിളില്‍ ചാറ്റ് ചെയ്യുന്നു:

“കൊറിയന്‍ കുറിപ്പ് വായിച്ചു,
സെല്‍ഫ് പ്രൊമോഷന്‍ ആണെന്നാണ്
മറ്റുകവികള്‍ പറയുന്നത്”
“അതേ...അല്ലാതെ
ആ കവികള്‍ എന്നെ പ്രൊമോട്ട് ചെയ്യുമോ?”

“ബ്ലോഗിലും ബുക്കിലും ഒക്കെ വായിച്ചതാണല്ലോ,
വീണ്ടും വായിക്കുമ്പോള്‍ ഒരു മടുപ്പ്”
“യേശുദാസിന്റെ പാട്ട് ദിവസം എത്ര പ്രാവശ്യം കേള്‍ക്കും?
കവികള്‍ക്ക് തന്നെ കവിതമടുക്കുമ്പോള്‍ പിന്നെ
ബാക്കിയുള്ളവരുടെ കാര്യം പറയണോ?”

“കവിത ഒളിച്ചുകടത്തിയത് ശരിയായില്ല”
“പരസ്യമായിട്ടല്ലേ കടത്തിയത്?”

“അതിരിക്കട്ടെ...
ഈ പറഞ്ഞ കവികള്‍ക്ക് എന്ത് പ്രായം വരും?”
“30 മുതല്‍ 50 വരെയുള്ളവര്‍ ”.

“അമ്പതുകാരന് വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന അഭിപ്രായമില്ലേ?”
“ഉം, ഉണ്ട്”

“അര്‍ഹനായിരുന്നിട്ടും ആരും
പ്രമോട്ട് ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ലെന്ന്
സങ്കടമിരമ്പുന്നില്ലേ?”
“ഉം, ഉണ്ട്”

“എങ്കില്‍ ആ 30 വയസ്സുള്ള കവിയോട് പറഞ്ഞേക്കൂ
അവസരം കിട്ടിയാല്‍ കവിത
ഒളിച്ചെങ്കിലും കടത്താന്‍”
“ശരി , പറയാം”

“ശെരി ശെരി”.

വെപ്പുകാല്‍

മരുന്ന് കഴിച്ചാലും
മാറാത്ത പിരാന്തുള്ള
മുകുന്ദേട്ടന്റെ ചെവീല്‍
മൈക്കും,ഒരിയര്‍ഫോണും
ഘടിപ്പിച്ചാല്‍ അദ്ദേഹം
ആരോടോ സംസാരിച്ച്
ചിരിച്ച് പോകുന്നെന്നേ
നാട്ടുകാര്‍ കരുതീടൂ.

എന്നുടെ വികലാംഗ-
കവിതയ്ക്കീണത്തിന്റെ
വെപ്പുകാല്‍ പിടിപ്പിച്ച്
നടത്തിക്കുന്നൂ ഞാനും.!

Monday, August 16, 2010

സമരം

ടാഹലസ് കലാശാല പൊളിക്കുവാന്‍
സമ്മതിക്കുകില്ലെന്ന പ്ലക്കാര്‍ഡുമായ്
ബര്‍ലിനിലെ പ്രതിഷേധ ജാഥയില്‍
പങ്കുചേരുന്നു ശങ്കയില്ലാതെ ഞാന്‍
മുന്നിലും പിന്നിലും രണ്ടു പോലീസു-
വണ്ടികള്‍ , പിന്നൊരാംബുലന്‍സുണ്ടതില്‍
ഡോക്ടര്‍ , ട്രക്കുകളില്‍ ബിയര്‍ കുപ്പികള്‍ ,
പത്തിരുന്നൂറു ജര്‍മ്മന്‍ കലാപ്രിയര്‍
ബാന്‍ഡുമേളങ്ങള്‍ പാട്ടുകള്‍ താളത്തില്‍
നൃത്തമാടല്‍ ചിരികള്‍ ചിത്രംവര
പാതയോരത്തു നില്‍ക്കും മനുഷ്യര്‍ക്ക്
കൈകള്‍ വീശിയഭിവാദ്യമര്‍പ്പിക്കല്‍

കണ്ടു, കര്‍ണ്ണാടകത്തിലെ പാവം
പാവമാം ദളിതര്‍ ദേഹമാകെ
തീട്ടവും പൂശി റോട്ടില്‍ ‘കുടിക്കാന്‍
വെള്ളമേകെന്ന്’ യാചിച്ച വാര്‍ത്ത.
ലാത്തികൊണ്ടു തകര്‍ന്ന് വഴിയില്‍
ചോരവാര്‍ന്ന് മരിച്ചുപോയാലോ
എത്ര തീവ്രം പ്രതികരിച്ചാലോ
ഒട്ടുമില്ല ഗുണമെന്ന കൊണ്ടോ
പിന്നെയോര്‍ക്കുകിലെന്തെങ്കിലും നാം
ചെയ്തുവെന്ന തെളിവുകള്‍ക്കായോ
ആശയറ്റന്ധരായ് സമരത്തില്‍
അക്രമാസക്തരാകുന്നു നമ്മള്‍ ?

Friday, August 6, 2010

പരിഹസിച്ചു കരയുന്നു

ബര്‍ലിനില്‍ പോയി മടങ്ങുമ്പോള്‍
ബസ്സില്‍
എന്റെ സീറ്റിന്റെ തൊട്ടുമുന്നിലിരിക്കുന്ന
രണ്ടു പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്നു.

ആള്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന ബോധത്തെ
മായ്ച്ചുകളഞ്ഞ്
ബസ്സില്‍ മുഴുവന്‍
അവര്‍
അവരുടെ ദു:ഖം വരച്ചുവെക്കുന്നു,
പൊളിച്ചുമാറ്റാന്‍ പോകുന്ന ടാഹലസ് കലാശാലയിലെ
ഗ്രാഫിറ്റി പോലെ.

എന്താണ് ഈ കരച്ചിലിന്റെ അര്‍ത്ഥമെന്ന്
ഞാന്‍ ചോദിച്ചില്ല.
കാരണം
മാതാപിതാക്കള്‍ വഴിപിരിയുന്നുവെന്നോ
ഉറ്റവരാരോ മരിച്ചുപോയെന്നോ
അവര്‍ പറയുന്നത് കേള്‍ക്കാന്‍
ഞാനിഷ്ടപ്പെടുന്നില്ല.

മനുഷ്യനെ ചുട്ടുതിന്നതിന്റെ
ഓര്‍മ്മ ഛര്‍ദ്ദിക്കുന്ന
ഇടങ്ങളില്‍പ്പോയി
ചിരിച്ചുകൊണ്ടു ഫോട്ടോയെടുത്തതിനും
കരയേണ്ട സമയങ്ങളിലെല്ലാം
നിസ്സംഗനായി നിന്നതിനും
എന്നോടുള്ള പരിഹാസമോ
ആ കരച്ചില്‍ ?.