Monday, August 16, 2010

സമരം

ടാഹലസ് കലാശാല പൊളിക്കുവാന്‍
സമ്മതിക്കുകില്ലെന്ന പ്ലക്കാര്‍ഡുമായ്
ബര്‍ലിനിലെ പ്രതിഷേധ ജാഥയില്‍
പങ്കുചേരുന്നു ശങ്കയില്ലാതെ ഞാന്‍
മുന്നിലും പിന്നിലും രണ്ടു പോലീസു-
വണ്ടികള്‍ , പിന്നൊരാംബുലന്‍സുണ്ടതില്‍
ഡോക്ടര്‍ , ട്രക്കുകളില്‍ ബിയര്‍ കുപ്പികള്‍ ,
പത്തിരുന്നൂറു ജര്‍മ്മന്‍ കലാപ്രിയര്‍
ബാന്‍ഡുമേളങ്ങള്‍ പാട്ടുകള്‍ താളത്തില്‍
നൃത്തമാടല്‍ ചിരികള്‍ ചിത്രംവര
പാതയോരത്തു നില്‍ക്കും മനുഷ്യര്‍ക്ക്
കൈകള്‍ വീശിയഭിവാദ്യമര്‍പ്പിക്കല്‍

കണ്ടു, കര്‍ണ്ണാടകത്തിലെ പാവം
പാവമാം ദളിതര്‍ ദേഹമാകെ
തീട്ടവും പൂശി റോട്ടില്‍ ‘കുടിക്കാന്‍
വെള്ളമേകെന്ന്’ യാചിച്ച വാര്‍ത്ത.
ലാത്തികൊണ്ടു തകര്‍ന്ന് വഴിയില്‍
ചോരവാര്‍ന്ന് മരിച്ചുപോയാലോ
എത്ര തീവ്രം പ്രതികരിച്ചാലോ
ഒട്ടുമില്ല ഗുണമെന്ന കൊണ്ടോ
പിന്നെയോര്‍ക്കുകിലെന്തെങ്കിലും നാം
ചെയ്തുവെന്ന തെളിവുകള്‍ക്കായോ
ആശയറ്റന്ധരായ് സമരത്തില്‍
അക്രമാസക്തരാകുന്നു നമ്മള്‍ ?

10 comments:

Unknown said...

രണ്ടു ദിശാ ബോധികകള്‍

Jishad Cronic said...

:)

അനൂപ്‌ .ടി.എം. said...

അഭിവാദ്യങ്ങള്‍

Anoni Malayali said...

കണ്ണൂരിൽ നിന്നും പുറത്തുപോയപ്പോഴേ സഗാവിനു മനസ്സിലായുള്ളൂ, ഇവിടെ പിന്തുണച്ചതും കൂടെ നടന്നതും, ജെയ് വിളിച്ചതുമെല്ലാം തെറ്റായ ചില പ്രത്യയശാസ്ത്രങ്ങൾക്കും ആവശ്യങ്ങൾക്കും തെറ്റായ രീതിയിലും ആയിരുന്നുവെന്ന്. എല്ലാ സഗാക്കളേയും ഒന്നു കൊറിയയിലും ജർമ്മനിയിലും കൊന്റുപോയിതിരികെക്കൊണ്ടുവന്നിരുന്നെങ്കിൽ!!

Pramod.KM said...

@ Anoni Malayali: ഇതില്‍ തെറ്റും ശരിയുമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ? പോലീസിന്റെ അടിയേറ്റ് ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നതും പോലീസുകാര്‍ തന്നെ ആംബുലന്‍സും ഡോക്ടറുമായി കൂടെ നടക്കുന്നതും തമ്മിലുള്ള വ്യത്യാസം പറഞ്ഞതല്ലേ?

ടി.പി.വിനോദ് said...

ഇങ്ങനെയൊക്കെ പ്രതിഷേധിക്കേണ്ടിവരുന്നവരുണ്ട്, എന്നിട്ടുപോലും അവഗണിക്കപ്പെടുന്നവരുണ്ട് നമ്മുടെ ജനാധിപത്യത്തില്‍ ഇപ്പോഴും.

രാജേഷ്‌ ചിത്തിര said...

സമരസം..സമരരസം..

Pramod.KM said...

അനോണി മലയാളി, ലാപുട എന്നിവരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുത്തുകൊണ്ട് കവിതയുടെ അവസാനപാതി മാറ്റിയെഴുതി. നന്ദി എല്ലാവര്‍ക്കും:)

അനില്‍ ചോര്‍പ്പത്ത് said...

ടെഹ്ലാസ് കലാ ശാല അനുഭവം നടന്ന അന്ന് വൈകീട്ട് തന്നെ ഞാന്‍ പ്ര്വചിച്ചതാണ്, ഇതൊരു കവിതയായ് മാറും എന്ന്‍ .
കവിതയില്‍ വരുത്തിയ 'improvisation ' നന്നായിട്ടുണ്ട്.

ഭാനു കളരിക്കല്‍ said...

ജനാധിപത്യ അവകാശങ്ങളെ നാം എത്റ ക്രൂരമായി കൊലചെയ്യുന്നു