എന്റെ അമ്മ ശാരദയും
ശാരദയുടെ അമ്മ ദേവിയും
ദേവിയുടെ അമ്മ ഉപ്പാട്ടിയും
ഉപ്പാട്ടിയുടെ അമ്മ തേമനുമൊക്കെ...
എന്റെ അച്ഛന്റെ അമ്മ ചെറിയയും
ചെറിയയുടെ അമ്മ കാക്കിയും
കാക്കിയുടെ അമ്മ തേനുവുമൊക്കെ...
വീട്ടിലേക്ക് വന്നുകയറുന്ന
പുതിയ പെണ്ണിനെയെറിയാന്‍
സൂക്ഷിച്ചുവെച്ച
ചില ചൊല്ലുകളുണ്ട്
“അമ്മേന്റെ ചോറ് ഉറീലാന്ന്
പെങ്ങളെ ചോറ് കലത്തിലാന്ന്
ഓളെ ചോറ് ഒരലിലാന്ന്”*
വീട്ടിലെ ആണുങ്ങള്‍ക്ക്
ഇതൊരു പഞ്ഞിക്കെട്ടായി തോന്നും
അവര്‍ അതില്‍ തലവെച്ച് കിടന്നുറങ്ങുകയും
ചോറു വാരിത്തിന്നുന്ന ഒരു സ്വപ്നം കാണുകയും ചെയ്യും.
ഓളായി വന്നുകയറുന്നോള്‍ക്ക്
ഇതിന്റെ കുപ്പിച്ചില്ലുപോലുള്ള മുനകൊണ്ട്
മുറിവേല്‍ക്കും.
ഓള്‍ അമ്മയാകുമ്പോള്‍
മുന തേഞ്ഞ് മിനുസപ്പെട്ടതായി തോന്നും
തോന്നിപ്പിക്കും.
എന്നാല്‍
പുതിയ കാലത്ത്
പുതുതായി വരുന്നോള്‍ക്ക്
ഇതിന്റെ മൂര്‍ച്ച
ഉള്ളതിനേക്കാളധികമായി തോന്നുന്നു
“ഓളെ വീട്ടില്‍പ്പോയി നിന്നാല്‍
നാലാന്നാള്‍ നായ്ക്ക് സമം” എന്നു കേട്ടാലുടനെ
നാലുനാളിലധികം വീട്ടില്‍പ്പോയി നിന്നാല്‍ മാത്രം മാറുന്ന
ഒരു സൂക്കേട് പിടിപെടുന്നു
വേദന സഹിക്കാന്‍ പറ്റാതാകുന്നു
ചിലപ്പോള്‍
അവളുടെ വേദനയേറ്റെടുത്ത്
നമ്മുടെ വീട് പെറുമായിരിക്കും
പുതിയ വീടിനെ അവള്‍
മനുഷ്യരേക്കാളും നന്നായി വളര്‍ത്തുമായിരിക്കും.
------------------------
* അമ്മയാണെങ്കില്‍ മകനുള്ള ചോറ്, നേരത്തേ തന്നെ ഉറിയില്‍ കരുതിവെച്ചിട്ടുണ്ടാകും. പെങ്ങളാണെങ്കില്‍ ആങ്ങളയ്ക്കുള്ള ചോറ് കലത്തില്‍ നിന്നും എടുത്തുകൊടുത്താല്‍ മതി. എന്നാല്‍ ഭാര്യയുടെ ചോറ് ഉരലില്‍ ആണ്, നെല്ലു കുത്തുന്നേയുള്ളൂ, അത് അരിയാക്കിയിട്ടു വേണം ചോറുവെച്ചു വിളമ്പാന്‍.
Thursday, November 21, 2013
Subscribe to:
Posts (Atom)