Friday, October 11, 2013

എന്തോ ഒന്ന്

പണ്ട് അമ്മമ്മ
പിറന്നാളിനോ പാലുകാച്ചലിനോ പോയി മടങ്ങുമ്പോള്‍
നെയ്യപ്പത്തിന്റ്യോ
മൈസൂര്‍പ്പഴത്തിന്റ്യോ
പപ്പടക്കഷ്ണത്തിന്റ്യോ, അല്ലെങ്കില്‍
ഉപ്പേരീന്റ്യോ ഒപ്പരം
കോന്തലയില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന
എന്തോ ഒന്നുണ്ട്.

എന്റെ അമ്മയും, ഭാര്യയും, അവളുടെ വീട്ടുകാരും,
ആപ്പനും, ഭാര്യയും, അവരുടെ മക്കളുമൊക്കെ
വീതം വെച്ചാല്‍ കുറഞ്ഞുപോകുമോ എന്ന് പേടിക്കുന്ന
എന്നാല്‍ വീതിച്ചില്ലെങ്കില്‍ കെട്ടുപുളിക്കുന്ന
എന്തോ ഒന്ന്.

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍
ഒപ്പം കിടന്നുറങ്ങിയ പൈക്കള്‍ക്കും മക്കള്‍ക്കും ഭര്‍ത്താവിനും
ഭര്‍ത്താവിന്റെ ഭ്രാന്തിനും,
മുറിച്ച മരങ്ങള്‍ക്കും മരിച്ചവര്‍ക്കും
പൂച്ചകള്‍ക്കുമൊക്കെ കൊടുത്തിട്ടും ബാക്കിയാകുന്ന
എന്തോ ഒന്ന്.

ഇന്ന് ഞാന്‍
അമ്മമ്മയ്ക്ക് വാങ്ങിക്കൊടുക്കുന്ന സാധനങ്ങള്‍ക്കൊപ്പം
അതുണ്ടോ, അതില്ലേ എന്ന സംശയത്താല്‍
കെട്ടിപ്പിടിക്കുന്നു.
ചുളിവുവീണ കൈകളിലും
എന്നോടൊപ്പം കഥകേട്ടു വളര്‍ന്ന
മുഖത്തെ വലിയ കരുവാറ്റയിലും
തലോടുന്നു.
കെട്ടിവെച്ച മുടി അഴിച്ച്
വീണ്ടും കെട്ടിക്കൊടുക്കുന്നു.
ഉമ്മവെക്കുന്നു.

‘എന്റെ മോന്‍ ചാകുന്നതുവരെ എന്നെ നോക്കും
മോന്‍ ചത്താല്‍ പിന്നെ ആരാ നോക്ക്വാ’എന്ന കഥയോടൊപ്പം
അമ്മമ്മ കരച്ചലില്‍ പൊതിഞ്ഞു തന്ന
എന്തോ ഒന്ന് വാങ്ങി
ഞാന്‍ തിരിച്ചു പോകുന്നു.