അപ്പാപ്പന്‍
നട്ടിരുന്ന മരത്തൈകളൊക്കെ
ഒന്നുകില്‍
തല ചീഞ്ഞത്
അല്ലെങ്കില്‍
ആരെങ്കിലും തോട്ടിലെറിഞ്ഞത്
അതുമല്ലെങ്കില്‍
പൈ കടിച്ചു നശിപ്പിച്ചത്...
ബാക്കിയാവൂലെന്ന്
ആരു
കണ്ടാലും പറയുന്ന മരത്തൈകള്‍
മാത്രം
അപ്പാപ്പന്‍
കൊണ്ടുവന്ന് നടും
അതിന്റെ
മെരട്ടിലായി പിന്നെ
അപ്പാപ്പന്റെ
നേരം.
പല്ലു
തേച്ച് കുലുക്കുഴിയുന്നത്
കൈ
കഴുകുന്നത്
കുളിക്കുന്നത്
എല്ലാം
അതിന്റെ മെരട്ടില്‍
എല്ലാരും
അപ്പാപ്പനെ കളിയാക്കും
പക്ഷെ
ആ മരത്തൈകളെല്ലാം
വല്ലാത്തൊരു
വാശിയോടെ വളരും.
ചിലര്‍
അപ്പാപ്പനെ വിളിച്ചുകൊണ്ടുപോയി
അവരുടെ
വീട്ടുപറമ്പില്‍
മാവും
പ്ലാവും തെങ്ങുമൊക്കെ
നടീപ്പിക്കാന്‍ നോക്കി.
ജീവനില്ലെന്നു
തോന്നുന്ന തൈകളുണ്ടെങ്കില്‍
മാത്രം
അപ്പാപ്പന്‍
എടപെട്ടു.
അപ്പാപ്പന്‍
മരിച്ചു.
ഇന്നാളൊരിക്കല്‍
അമ്മമ്മയ്ക്ക്
പക്ഷാഘാതം വന്നു
ഇടതുവശം
തളര്‍ന്നു കിടപ്പായി
വാതം
വന്നതിനേക്കുറിച്ച്
അമ്മമ്മയുമായി
നടത്തിയ അഭിമുഖ സംഭാഷണം:
“അമ്മമ്മേ
”
“എന്നാ?”
“അമ്മമ്മക്ക്
വാതം വന്നിറ്റില്ലേ?”
“ങേ?
ങേ?“
“ബാതം
ബാതം ബന്നിറ്റില്ലേ”
“ബന്നിന്"
“എങ്ങന്യാന്ന്
ബന്നത്, ഒന്നു പറയാ?”
“ബാതം
കാലിന്റെ അടീലേ...ക്കൂടി കേരി
മേത്തേക്ക് കേരിക്കേരി
ഇങ്...ങ്ങനെ ബന്ന്
തലേന്റെ
ഉള്ളില്‍ക്കേരി
പിന്നെ
പൊറത്തേക്ക് പോയി.
അന്നേരം
ഞാന്‍ വീണുപോയി”
അന്ന്
ഞാന്‍ നാട്ടിലില്ല്ലായിരുന്നു
ഫോണിലൂടെ
എന്റെ അനിയനോട് ഞാന്‍
അപ്പാപ്പന്‍
മരം നടുന്ന കഥ പറഞ്ഞുകൊടുത്തു.
മരുന്നിനൊപ്പം
അമ്മമ്മയ്ക്ക്
മറ്റുചിലതുകൂടി കൊടുക്കാന്‍ പറഞ്ഞു.
നാട്ടിലുള്ള
ചില മൂത്രത്തെറാപ്പിപ്രവര്‍ത്തകര്‍
അമ്മമ്മയെ മൂത്രം കുടിപ്പിക്കാന്‍ പറഞ്ഞു.
അവരെ അവന്‍
മുഴുത്ത തെറി പറഞ്ഞു.
അടുത്തുതന്നെ
നിന്ന്
വീട്ടിലുള്ളവരെല്ലാം
കിടപ്പിലായ
അമ്മമ്മയെ പരിചരിക്കാന്‍
തുടങ്ങി.
അവരുടെ
തടവലിനിടെ
അമ്മമ്മ
ഇടതുകൈയ്യനക്കാന്‍ തുടങ്ങി
വീണ്ടും
വീണ്ടും തടവിക്കൊടുത്തപ്പോള്‍
ഒരു
ദിവസം
അമ്മമ്മ
എണീറ്റു നില്‍ക്കാന്‍ തുടങ്ങി.
മറ്റൊരു
ദിവസം
ബാലന്‍സ്
വീണ്ടെടുത്ത്
മുടന്തി
മുടന്തി നടക്കാന്‍ തുടങ്ങി.
‘എനി
ഇവറ്എണീക്കൂലപ്പാ’ എന്ന്
ആള്‍ക്കാര്‍
പറഞ്ഞ അമ്മമ്മ
ഇപ്പോള്‍
നന്നായി
നടക്കുന്നു.
ഞാനാണെങ്കില്‍
തളര്‍ന്നു
കിടക്കുന്നവയെ തളിര്‍പ്പിച്ചിരുന്ന
അപ്പാപ്പന്റെ
കഥയില്‍ നിന്നും
ഊര്‍ജം
ഉള്‍ക്കൊണ്ട്
‘സമൂഹത്തില്‍
ഏറ്റവും കൂടുതല്‍
അവശതയനുഭവിക്കുന്നവരെയാണ്
നാം
പരിഗണിക്കേണ്ടത് ’
‘ഏറ്റവും
മോശം കുട്ടിയെയാണ് നാം
പഠിപ്പിക്കേണ്ടത് ’
എന്നൊക്കെ
സന്ദര്‍ഭത്തിനനുസരിച്ച്
വായനശാലാ
വാര്‍ഷികത്തിനോ
അദ്ധ്യാപക
സംഗമത്തിനോ
വെച്ചു
കാച്ചി
കയ്യടി
നേടുന്നു.
ഒരു
വകയ്ക്കും കൊള്ളാത്ത
പുറമ്പോക്കില്‍
കിടക്കുന്ന
വക്കുപൊട്ടിയ
വാക്കുകളെ
പൊറുക്കിയെടുത്ത്
കവിതയുണ്ടാക്കുന്നു.
അപ്പാപ്പന്റെ
കഥ ആത്മവിശ്വാസം തരുന്നുണ്ടെങ്കിലും
ഇതു
വരെ
നല്ലൊരു
കവിതയെഴുതാന്‍ പറ്റിയിട്ടില്ല.
പറ്റുമായിരിക്കും.