Thursday, December 27, 2007

കര്‍ക്കടം

വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍

പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
‘കൊടുത്തേക്കറോ
കൊടുത്തേക്കറോ’
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
‘എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന്‍
----------------------------------
സമര്‍പ്പണം: തവളകളുടെ വര്‍ത്താനം വിവര്‍ത്തനം ചെയ്തു തന്ന അമ്മമ്മക്ക്.

Monday, December 17, 2007

തടവറയില്‍ നിന്ന്‍

ഇനിയും ചത്തില്ലേ നീ കഴുവേറീയെന്നുള്ള
നിന്നുടെ വിളി കേള്‍ക്കാന്‍

കൂച്ചുചങ്ങലയുടെ പുതപ്പിന്നുള്ളില്‍ക്കാത്തു
ഞാനിന്നും കിടക്കവേ,

‘അല്ലയോ മഹാത്മാവേ ഞാന്‍ തരും സ്വാതന്ത്ര്യത്തിന്‍
വെട്ടമേന്തുവാനങ്ങു സമ്മതിക്കണേ’യെന്ന്
താണുവീണപേക്ഷിച്ചുംകൊണ്ടു നീ വരുന്നല്ലോ!

പണ്ടു നീകുടിക്കുവാന്‍ നല്‍കിയ വിഷം
കട്ട കെട്ടിയ കണ്ഠത്തില്‍നിന്‍ കൊക്കുതാഴ്ത്തുവാന്‍ പേടി

നീ ശ്വസിക്കുവാന്‍ തന്ന വിഷവായുവാല്‍
കറ കെട്ടിയകോശങ്ങളെന്‍ ചോരതുപ്പലില്‍ താഴെ
വീണുപോയെങ്കില്‍ നീറി ദഹിക്കുമെന്നും പേടി.

നിന്റെ കോപത്താല്‍പ്പണ്ടു തിളച്ച രക്തത്തിന്റെ
തുള്ളി നിന്‍ ദേഹത്തായാല്‍ പൊള്ളുമോയെന്നും പേടി..

അതുകൊണ്ടിന്നെന്‍ ചാരത്തണഞ്ഞൂ നീ സ്വാതന്ത്ര്യ
പ്പന്തവുമേന്തിക്കൊണ്ടേയെനിക്കു സമ്മാനിക്കാന്‍

നീയൊരിക്കലും തോല്‍ക്കാതിരിക്കാന്‍ നിന്നെത്തല്ലാന്‍
ഞാനൊരിക്കലും വളര്‍ന്നുയരാതിരിക്കുവാന്‍

ആദ്യമായ് നീയിന്നെന്റെ സമ്മതം ചോദിക്കയാല്‍
നീ വെട്ടിവിഴുങ്ങുവാന്‍ മറന്ന തലച്ചോറാല്‍
ഒട്ടു ചിന്തിച്ചിട്ടേ ഞാ,നുത്തരം നിനക്കേകൂ..
--------------------------------------------
1999 ല്‍ എഴുതിയത്. എഴുതിയ പദ്യ കവിതകളില്‍ അവസാനത്തെത്.അടിമപറഞ്ഞത് എന്ന കവിതയുടെയും അടി എന്ന കവിതയുടെയും ഉറവിടം ഈ കവിതയാണെന്നു പറയാം.

Monday, December 3, 2007

ഓര്‍മ്മ


അമ്മമ്മയുടെ ഓര്‍മ്മകള്‍
എന്റേതുപോലല്ല.

കരിഞ്ചിപ്പശു ഞാറ് തിന്നേന്
ഏട്ടന്‍ തന്നത് പത്ത് അടി
കുഞ്ഞൂട്ടിപ്പേരമ്മേം മോളും
തലേന്നും പിറ്റേന്ന്വാ പെറ്റത്!
കുംഭം എട്ടിനേര്ന്നു
നിന്റെ അപ്പാപ്പന് സൂക്കേട് കിട്ട്യത്
പള്ളിക്കോത്ത് കാവില് ഒടൂല് തെയ്യം നടത്തീറ്റ്
പൊറമ്പാത്തെ ബാലന്റത്രേം വയസ്സായി

ഇവര്യെല്ലാം പോലീസുപിടിക്കുമ്പം
കല്യാണിക്ക്
അഞ്ചരമാസം വയറ്റിലേനും
ജയില്ന്ന് എല്ലാരുംകൂടി എഴ്തിയ കത്ത് വന്നത്
എടവം ഇരുപത്തിനാലിനാന്ന്
കോടതീലേക്ക് കൊണ്ടരുമ്പം കാണാമ്പോയത്
കര്‍ക്കടം രണ്ടിനേര്ന്നു
ഈശ്വരമ്മാറേ...എന്റെ പല്പ്മനാവന്‍ കുട്ടി!

ഇപ്പളത്തെ മാഷമ്മാര്‍ക്കൊന്നും
തീരെ ഒച്ചയില്ലപ്പാ..
അപ്പുക്കുണ്ടന്‍ നമ്പൂര്യൊക്കെ
പടിപ്പിക്കുന്നത് കേക്കണം
“അപ്പോള്‍
മാളത്തില്‍ നിന്നൊരു ശബ്ദം കേട്ടു:
പുലിയമ്മാവാ‍,ഇനി നിങ്ങള്‍ക്ക് പോകാം
ഞങ്ങളുടെ വഴക്ക് തീര്‍ന്നു”

നിന്നെക്കാളും
രണ്ടുമാസോം ദിവസോം മൂക്കും
അനൂപ്

എന്നൊക്കെ ഓര്‍ത്തെടുക്കുന്നത്
ഒരൊറ്റ കുറിപ്പുപോലും നോക്കിയല്ല.
അപേക്ഷാ ഫോറം പൂരിപ്പിക്കാനോ
പരീക്ഷക്കോ
കവിതയെഴുതാന്‍ പോലുമോ അല്ല.

Monday, November 12, 2007

ലഘു

നൂറുവട്ടം ഏത്തമിട്ടതും
വൈകുന്നേരം വരെ
ബഞ്ചില്‍ക്കയറി നിന്നതും
നുള്ളും അടിയും കൊണ്ടതും പോരാഞ്ഞ്
നാളെ
അച്ഛനെയും കൂട്ടി വരണമെന്നോ?

എന്റെ മാഷേ....
എങ്ങനെ ചൊല്ലി നീ‍ട്ടിയാണ്
നിങ്ങളെയൊക്കെ ഗുരുവാക്കുക
എന്നു മാത്രമല്ലേ
ഞാന്‍ ചോദിച്ചുള്ളൂ?
-------------------------------------------
വെള്ളെഴുത്ത് ഈ കവിതയെ പാടി നീട്ടിയത് ഇങ്ങനെ

Wednesday, November 7, 2007

കിണര്‍

(2007 നവംബറില്‍ തര്‍ജ്ജനി യില്‍ പ്രസിദ്ധീകരിച്ചത്)

സ്വച്ഛമായി
സ്വതന്ത്രമായി
കിണറിനെപ്പറ്റി
എഴുതിക്കളയാമെന്നുകരുതിയാണ്
പൊട്ടക്കിണറ്റിലേക്കൊന്നു
നോക്കിയത്.

വെള്ളമോ,തവളയോ,മണ്ടലിയോ
കളിക്കുമ്പോള്‍ തെറിച്ചുവീണ പന്തോ,
കൊതുകോ,ചിലന്തിയോ,
വലയില്‍പ്പിടക്കുന്ന കൂറയോ,

ചത്ത കുറുക്കനോ കോഴിയോ
ചീഞ്ഞതേങ്ങയോ
ബാക്കിവെച്ച നാറ്റമോ

എന്നെ
തീണ്ടിയില്ല.

അച്ഛന്‍പോലും ജനിക്കും മുമ്പ്
അതിനകത്ത്
ഒളിവില്‍കഴിഞ്ഞ
കാന്തലോട്ട് കുഞ്ഞമ്പു
‘ബാ,നമ്മക്കൊരു കാപ്പികുടിക്കാം’ എന്ന്
ക്ഷണിച്ചു.

കാപ്പികുടിച്ച്
ഞാന്‍
ഗ്ലാസ്സ്
കമഴ്ത്തിവെച്ചു.
---------------------------
*ടി.പി. രാജീവന്റെ ‘വെള്ളം’ എന്ന കവിതയോട് കടപ്പാട്.

Thursday, November 1, 2007

*കൊറിയ


വട്ടവും വരയുംകൊണ്ട്
ഭാഷയുണ്ടാക്കാമെന്ന അറിവ്.

എത്രയെത്ര യുദ്ധങ്ങള്‍..
കൊടും പട്ടിണി,ദുരിതങ്ങള്‍.....

എന്തെല്ലാമെന്തെല്ലാമുണ്ടായി...
എല്‍.ജി,സാംസങ്ങ്,ഹ്യുണ്ടായി!...

എന്തിനധികം പറയുന്നു.
വെറും
വട്ടവും വരയും കൊണ്ട്
ഒരു ഭാഷതന്നെയുണ്ടാക്കാമെന്ന അറിവ്!!.
---------------------------------------
* കൊറിയന്‍ അക്ഷരങ്ങള്‍ (ഹങ്കുല്‍), വട്ടവും വരകളും മാത്രം ഉപയോഗിച്ചാണ് എഴുതുന്നത്. ജോസോന്‍ രാജവംശത്തിലെ നാലാമത്തെ രാജാവ് സേജോങ്ങ് ആണ് 15-ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഇന്നു കാണുന്നതരത്തിലുള്ള ലളിതമായ കൊറിയന്‍ ലിപി ഉണ്ടാക്കിയത്. അതു വരെ സങ്കീര്‍ണ്ണമായ, ചൈനീസ് ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്.

Wednesday, October 31, 2007

കൊറിയന്‍ കവിതകള്‍

1) നിശ

കവി: ദോങ്ങ്-മ്യുങ്ങ് കിം : (1900 ജൂണ്‍ 4 ~ 1968 ജനുവരി 21)
നിശ,
നീലബാഷ്പത്തില്‍പ്പൊതിഞ്ഞ തടാകം.
ഞാനൊരു മുക്കുവന്‍.
നിദ്രതന്‍ തുഴവഞ്ചിയേറി
ചൂണ്ടയിടുന്നൂ കിനാവുകളെപ്പിടിക്കുവാന്‍.

2) പാറ

കവി: ചി-ഹ്വാന്‍ യു: (1908 ജൂലൈ 14~ 1967 ഫെബ്രുവരി 13)

ഞാന്‍ മരിച്ചാലോ സഹതാപമോ സന്തോഷമോ
ദേഷ്യമോ തോന്നാത്തതാമൊരുപാറയായ് മാറും.
കാറ്റിലും മഴയിലും ഉരുണ്ടുനീങ്ങീടുമ്പോള്‍
അനാദിയും വ്യക്തിത്വശൂന്യവുമാം മൌനത്തില്‍
സ്വയം ഉള്ളിലേക്കായി ചുരുളും,അതുമാത്രം.
ഒടുക്കം മറന്നേ പോം,സ്വന്തമസ്തിത്വം പോലും;
പൊങ്ങിക്കിടക്കും മേഘം,വിദൂരമിടിനാദം!
സ്വപ്നം കാണുമെങ്കിലും പാടുകില്ലൊരു പാട്ടും
കഷ്ണങ്ങളായീടിലും മിണ്ടുകില്ലൊരുവാക്കും
ഞാനിതു പോലുള്ളൊരു പാറയായ് മാറും തീര്‍ച്ച.
----------------------------------
ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Monday, October 29, 2007

കുറുനരി (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

i )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എല്ലാവരും സുന്ദരികളായിരുന്നു.
എല്ലാവര്‍ക്കും പരമ്പരാഗതമായി മാജിക്കുകള്‍ അറിയാമായിരുന്നു.
എന്റെ അമ്മയാണ് എന്നെ പഠിപ്പിച്ചത്.
വീഞ്ഞ്, ചോറ്,ഉപ്പ് എന്നിവയൊക്കെയായി
നമ്മളല്ലാവരുംകൂടി
പാമ്പിനെയും,വെള്ളത്തെയും കിഴക്കിനെയും പേടിച്ച് ജീവിച്ചു.
ii )
എന്റെ രണ്ടുമാസം പ്രായമുള്ള മകള്‍
ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയതേയുള്ളൂ.
കുറുനരി അവളോട് സംസാരിക്കുന്നു.
അത് സംസാരിക്കുമ്പോള്‍ അവളൊന്ന്
ചിരിക്കുക മാത്രം ചെയ്യുന്നു.
അങ്ങനെ അങ്ങനെ അങ്ങനെ.
കുറുനരി ഒരു വരണ്ട നിരപ്പ് എന്ന് പറയുമ്പോള്‍
എന്റെ മകള്‍ നിരപ്പ്,നിരപ്പ്,നിരപ്പ് എന്ന് പറയുന്നു.
കുറുനരി നീ നുണ പറയില്ല എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയില്ല പറയില്ല പറയില്ല എന്ന് പറയുന്നു.
കുറുനരി എനിക്കു വിശക്കുന്നു എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയുന്നു, എനിക്കും വിശക്കുന്നു.
കുറുനരി ചിരിക്കുമ്പോള്‍
എന്റെ മകള്‍ പറയുന്നു ഹ .ഹ

എന്റെ മകളുടെ അച്ഛന്‍ പറഞ്ഞു.
*എനിക്ക് കുറുനരിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
എനിക് സ്വയം ഒറ്റപ്പെടണം
എനിക്ക് കുറുനരിയെ അല്ലാതൊന്നിനെയും കാണണ്ട
എനിക്കൊരു കുറുനരിയാവണം.
എന്റെ സ്വന്തം അച്ഛനും ഇങ്ങനെത്തന്നെ പറഞ്ഞിരുന്നു.
iii )
എന്റെ അമ്മക്ക് ധാരാളം പാലുണ്ടായിരുന്നു
ഒരേയൊരു മകളെ പോറ്റാന്‍ വേണ്ടതിലുമെത്രയോ അധികം.
എന്റെ അമ്മമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
അവര്‍ നാലു പെണ്ണിനെയും രണ്ടാണിനെയും പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
ഒരു ചിറ്റമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
വേറൊരു ചിറ്റമ്മ മൂന്നാണ്‍കുട്ടികളെ പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
മറ്റൊരു ചിറ്റമ്മ അവരുടെ ദത്തുപുത്രന് വരണ്ട മുലകൊടുത്തു. എന്നിട്ട്
മഴപെയ്യുമ്പോലെ പാലു വരുന്നതു വരെ അവനെ കൊണ്ട് മുല ഈമ്പിച്ചു.
iv )
എല്ലാം നനഞ്ഞതാണ്.
എന്റെ അമ്മമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ആര്‍ദ്രമാണ്.
പുരികവും പല്ലുകളുമില്ലാത്തത്.!
ഒരു ചിറ്റമ്മയുടെ സുന്ദരമായ മുഖം
തടിച്ചചുണ്ടുകളും,ചെറിയ കീഴ്ത്താടിയും പല്ലും രോമവുമുള്ളത്.
വേറൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പുരികങ്ങള്‍ വൃഥാവിലായെന്ന മട്ടിലുള്ള കണ്ണുകള്‍.
മറ്റൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പ്രായത്തിന്റെ കലകള്‍.
എന്റെ അമ്മയുടെ സുന്ദരമായ മുഖം
കോടിയ കവിളുകളും,കണ്ണുകളുമുള്ളത്.
പല്ലില്ലാത്തത്.
രോമമില്ലാത്ത തോള്‍.
എല്ലാവരുടെയും മുലകള്‍
ഇടിഞ്ഞു തൂങ്ങിയിരുന്നു.
v )
അവര്‍ ഒരു വൃത്തത്തിനകത്ത് ഒത്തുകൂടുന്നു.
കുടുംബത്തിലെ കുഞ്ഞുങ്ങളെ തുള്ളിക്കളിപ്പിച്ചു കൊണ്ട്.
എന്റെ മകളാണ് ഏക ചെറുമകള്‍.
ഒരേയൊരു മരുമകള്‍.
വൃത്തത്തിനകത്തെ പെണ്ണുങ്ങള്‍ സംസാരിക്കും.
അവരുടെ വാക്കുകള്‍ കൊച്ചുവര്‍ത്താനങ്ങളാകും.
വളരെ വേഗം
അമ്പതുമുതല്‍ തൊണ്ണൂറുവരെ
(ഏറ്റവും മുതിര്‍ന്നയാള്‍ 10 കൊല്ലം മുന്‍പ് മരിച്ചെങ്കിലും)
ആ വൃത്തത്തില്‍ വന്നു ചേരും.
എന്നിട്ട് മന്ത്രങ്ങളുരിവിടും.
**ഗതേ ഗതേ പാരഗതേ
പാരസംഗതേ
ബോധി സ്വാഹാ
ഗതേ ഗതേ പാരഗതേ പരാസംഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ
പരഗതേ
vi )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എന്റെ അപ്പൂപ്പന് തളര്‍വാതമായിരുന്നു.
എന്റെ അമ്മാവന്‍ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.

മറ്റൊരാള്‍ മൂകനായിരുന്നു,ഒരു കക്കയെപ്പോലെ.
എന്റെ അച്ഛന് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ല.
എന്റെ അമ്മയുടെ ഭര്‍ത്താവ് അമ്മയില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നു.
ഞാന്‍ എന്റെ മകളെ പ്രസവിക്കുന്നതിനുമുമ്പേ,
എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നും.

കുറുനരി പറയുന്നു.
ഗതേ ഗതേ പാരഗതേ
എന്റെ മകള്‍ പറയുന്നു പാരസമാഗതേ
കുറുനരി പറയുന്നു ബോധിസ്വാഹാ
എന്റെ മകള്‍ പറയുന്നു ഗതേ ഗതേ പാരഗതേ
പാരസമാഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ

പാരഗതേ.
vii )
ഇത് വളരെ ആര്‍ദ്രമാണ്.
ഇക്കൊല്ലത്തെ സമയവും മഴയും.
എന്റെ അമ്മ പ്രാകുന്നു,ആര്‍ദ്രതയെ.
ഉറക്കെ ദിവ്യമന്ത്രങ്ങളുരുവിടുന്നു.
വീഞ്ഞും മഴയും!
ചോറും മഴയും!
ഉപ്പും മഴയും!

എന്റെ ദൈവമേ...
യജമാനനായ പാമ്പേ...
ഞങ്ങളോട് ക്ഷമിക്കേണമേ..
വെള്ളമെല്ലാം കിഴക്കോട്ടേക്കൊഴുക്കേണമേ...
-------------------------------(1987)
*പ്രശസ്ത കലാകാരന്‍ ജോസഫ് ബോയ്സിന്റെ വരികള്‍. ന്യൂയോര്‍ക്കിലെ റെനെ ബ്ലോക്ക് ഗാലറിയില്‍ 1974-ഇല്‍ നടത്തിയ പ്രകടനത്തില്‍, ഒരു കുറുനരിയുടെ കൂടെ സ്വയം കൂട്ടില്‍ കഴിഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ്ങ് ഇവിടെ.
** ബുദ്ധസൂക്തം. (നിര്‍വ്വാണത്തെക്കുറിച്ച്)
--------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം

Saturday, October 27, 2007

വട്ട്

നിനക്ക് വട്ടുണ്ടെന്ന് പറയുമ്പോള്‍
ആള്‍ക്കാര്‍ എന്തിനാണ്
അവരുടെ തലക്കു പിറകില്‍
വിരലുകൊണ്ട് വട്ടം വരയുന്നത്?.

അന്വേഷണത്തിനൊടുവില്‍
മഹാന്മാരുടെ തലക്കുപിറകില്‍
വട്ടമുണ്ടെന്നും
വട്ടിന്റെ ഉറവിടം അതാണെന്നും
ഞാന്‍
വേദനയോടെ കണ്ടെത്തി.
------------------------------
2000-ല്‍ എഴുതിയത്.

Wednesday, October 24, 2007

*അര്‍ത്ഥത്തിന്റെ ദുരുപയോഗം (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നീ ജപ്പാനീസ് പറയുമോ?
ഇല്ല,എനിക്ക് പറയാനറിയില്ല.
ഉവ്വ്,എനിക്ക് പറയാം.
ഉവ്വ്,എനിക്ക് പറയാം,പക്ഷെ വായിക്കാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,വായിക്കാം പക്ഷെ എഴുതാന്‍ പറ്റില്ല
ഉവ്വ്,എനിക്ക് പറയാം,എഴുതാം പക്ഷെ മനസ്സിലാക്കാന്‍ പറ്റില്ല.
ഞാനൊരു നല്ല കുട്ടിയായിരുന്നു
നീയൊരു നല്ല കുട്ടിയായിരുന്നു
നാം നല്ല കുട്ടികളായിരുന്നു
അതാണ് നല്ലത്
ഞാനൊരു മോശം കുട്ടിയായിരുന്നു
നീയൊരു മോശം കുട്ടിയായിരുന്നു
നാം മോശം കുട്ടികളായിരുന്നു
അതാണ് മോശം
ഒരു ഭാഷപഠിക്കാന്‍ നിങ്ങള്‍
ഒരുവാക്കുമാറ്റി പകരം മറ്റൊന്നു വെക്കുകയും
ആവര്‍ത്തിക്കുകയും ചെയ്യണം

ഞാനൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു
നീയൊരു വൈരൂപ്യമുള്ള കുട്ടിയായിരുന്നു.
നാം വൈരൂപ്യമുള്ളവരായിരുന്നു.
അതാണ് വൈരൂപ്യം.
ഞാന്‍ മടുത്തു
നീ മടുത്തു
നാം മടുത്തു
അതാണ് മടുപ്പ്
നീ വെറുക്കപ്പെടേണ്ടതാണ്
ഞാന്‍ വെറുക്കപ്പെടേണ്ടതാണ്
നാം വെറുക്കപ്പെടേണ്ടവരാണ്
അതാണ് വെറുക്കപ്പെടല്‍
ഞാന്‍ തിന്നും
നീ തിന്നും
നാം തിന്നും
അതാണ് ഭക്ഷണത്തോടുള്ള നല്ല ആഗ്രഹം
ഞാന്‍ തിന്നില്ല
നീ തിന്നില്ല
നാം തിന്നില്ല
അതാണ് ഭക്ഷണത്തോടുള്ള ആ‍ഗ്രഹമില്ലായ്മ
ഞാന്‍ അര്‍ത്ഥമുണ്ടാക്കും
നീ അര്‍ത്ഥമുണ്ടാക്കും
നാം അര്‍ത്ഥമുണ്ടാക്കും
അതാണ് ഭാഷയുടെ വിനിമയം
ഞാന്‍ ജപ്പാനീസ് ഉപയോഗിക്കും
നീ ജപ്പാനീസ് ഉപയോഗിക്കും
നാം ജപ്പാനീസ് ഉപയോഗിക്കും
അതാണ് ജപ്പാനീസ്
എനിക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നിനക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
നമുക്ക് അര്‍ത്ഥത്തെ പറിച്ചുകളയണം
അതാണ് അര്‍ത്ഥത്തെ പറിച്ചുകളയാനുള്ള ആഗ്രഹം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
എനിക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നിനക്ക് ഭാഷയെ പുച്ഛിക്കണം
ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ലെന്ന തരത്തില്‍
നമുക്ക് ഭാഷയെ പുച്ഛിക്കണം
അതാണ് ഒരസംസ്കൃതവസ്തുവില്‍ക്കവിഞ്ഞൊന്നുമല്ല ഭാഷയെന്നത്.
ഞാന്‍ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും.
നീ യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
നാം യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കും
അതാണ് യാന്ത്രികമായി വാക്കുകള്‍ മാറ്റിമാറ്റിവെച്ച്
നിത്യജീവിതത്തിലസാദ്ധ്യമായ തരം വാചകങ്ങളുണ്ടാക്കുകയെന്നത്.
വാക്കുകള്‍ പറിച്ചുകളഞ്ഞാല്‍
ശബ്ദം നിലനില്ക്കും
എങ്കില്‍ക്കൂടി നമ്മള്‍ അര്‍ത്ഥത്തിനുവേണ്ടി തിരയും.
ഒരാള്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
ഞാന്‍ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്
നീ വിരലുറിഞ്ചുന്നത് ,കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്
നാം വിരലുറിഞ്ചുന്നത് ,കുഞ്ഞുങ്ങളായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണ്.
അതാണ്, വിരലുറിഞ്ചുന്നത് കുഞ്ഞായിരുന്നപ്പോളുള്ളതിന്റെ പ്രാചീനമായ പ്രതിഫലനമാണെന്നത്.
എനിക്കായിട്ടുള്ള അര്‍ത്ഥം
നിനക്കായിട്ടുള്ള അര്‍ത്ഥം
നമുക്കായിട്ടുള്ള അര്‍ത്ഥം
അതാണ് അര്‍ത്ഥം.
വിനിമയം ചെയ്യരുത്
എനിക്കായിട്ട് വിനിമയം ചെയ്യരുത്
നിനക്കായിട്ട് വിനിമയം ചെയ്യരുത്
നമുക്കായിട്ട് വിനിമയം ചെയ്യരുത്
അത് ചെയ്യരുത്,അതാണ് വിനിമയം.
അര്‍ത്ഥംപറിച്ചുകളഞ്ഞ് , രക്തത്താല്‍ പൊതിഞ്ഞുകിടക്കുന്നത് തീര്‍ച്ചയായും ദയനീയമാണ്.അതാണ് സന്തോഷം.
ഞാന്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നീ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
നമ്മള്‍ സന്തോഷത്തിലാണ് എന്ന അര്‍ത്ഥം രക്തത്താല്‍പ്പൊതിഞ്ഞുകിടക്കുന്നത് ദയനീയമാണ്.
അതിന്റെ രക്തത്താല്‍പ്പൊതിഞ്ഞ അര്‍ത്ഥം, രക്തത്തില്‍പ്പൊതിഞ്ഞ ദൈന്യതയാണ്,
അതാണ് സന്തോഷം.
----------------------------------
*ഈ കവിതയില്‍ പ്രശസ്ത അമേരിക്കന്‍ വീഡിയോ ആര്‍ട്ടിസ്റ്റായ ബ്രൂസ് നൌമാന്റെ -Good Boy Bad Boy- എന്ന വീഡിയോ പ്രോഗ്രാമിലെ വരികള്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ വീഡിയോ ക്ലിപ്പിങ്ങ് കാണുക
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.
------------------------------------------

ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Tuesday, October 23, 2007

ആന (ഒരു ജപ്പാനീസ് കവിത)

കവി: കിജി കുടാനി : ജപ്പാനിലെ പുതുതലമുറയിലെ കവികളില്‍ ശ്രദ്ധേയന്‍. 1984 ല്‍ ജപ്പാനിലെ സായിറ്റാമയില്‍ ജനനം. ഹിരുമോ യോരുമോ( രാവും പകലും) എന്ന ആദ്യ കവിതാസമാഹാരത്തിന് പ്രശസ്തമായ നകാഹര ചുയ അവാര്‍ഡ് 2003 ല്‍ ലഭിച്ചു.

ഞാനൊരാനയെപ്പറ്റി സ്വപ്നം കണ്ടു.

മഫ്ലറിനു പകരം
ചെറിയ സൂചിരോമങ്ങളാലാവൃതമായ നീണ്ട തുമ്പിക്കൈ
എന്റെ കഴുത്തില്‍ ചുറ്റി,
വഴിയില്‍ കണ്ടുമുട്ടിയൊരു പെണ്‍കുട്ടിയുമൊത്ത്,
പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നൊരിരുണ്ട കടയില്‍പ്പോയി.

യുവാവാം കടയുടമ
ഉന്മേഷപൂര്‍വ്വം കണ്ണടയുടെ ലെന്‍സുകള്‍ തുടച്ചു നോക്കി
പ്രായമുള്ള ആന പിന്തുടരുന്നതുകാരണം
വിനയാന്വിതനായി ഞങ്ങളെ എതിരേറ്റു.

ഉറക്കമുണര്‍ന്നപ്പോള്‍ തന്നെ
പെണ്‍കുട്ടിയുടെ മുഖം പാടേ മറന്നു,
പുസ്തകക്കടയിലേക്കുള്ള വഴിയും.
പക്ഷെ
ആനയുടെ നെടുവീര്‍പ്പിന്റെ
മടിയന്‍ പുഴയെപ്പോലുള്ള മണമെന്നിവശേഷിച്ചു,
ഇപ്പോളെടുത്ത പ്രതിജ്ഞയുടെയത്രയും മിഴിവോടെ.

അതിരാവിലെ ക്ലാസ്സ് റൂമിലേകനായ് തണുപ്പത്തിരുന്ന്
ചായകുടിക്കുമ്പോളെനിക്കനുഭവപ്പെട്ടു,
ഒരാനയുടെ രൂപത്തിലുള്ള ഊഷ്മളത
മെല്ലെയെന്‍ വയറില്‍ നിറയുന്നത്.

നിങ്ങളൊരിക്കലുമറിയില്ല.
ഈ മണിക്കൂറിന്റെ വേര്‍പെടുത്താനാവാത്ത വെണ്മയെ
ഒരിക്കലും നഷ്ടപ്പെടുത്താതെ,
ആ ജനാലയ്ക്കപ്പുറത്തെ ആകാശമിന്ന്
സാവധാനം അസ്തമിച്ചേക്കാം.
ഇതു സംഭവിക്കാമെന്ന്
ഞാന്‍ ചിന്തിച്ചു
നേരിയ പ്രതീക്ഷയോടെ.

നിങ്ങളൊരിക്കലുമറിയുകില്ല.
--------------------------
*ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാ‍ണാം.
-------------------------------

ഈ കവിതയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ

Sunday, October 21, 2007

വസന്തം


പടിഞ്ഞാറേ
പൊട്ടക്കിണറ്റിന്റെ കരയിലുള്ള
ചെമ്പകത്തിന്
നീണ്ട ഇലകളുണ്ടായിട്ടു പോലും
തീരില്ല നാണം.

ഇലകള്‍ക്കിടയിലൂടെ
കാണാതെയൊന്നു
തട്ടിയോ മുട്ടിയോ പോയാല്‍
മുള്ളുവെച്ചൊരു നോട്ടമുണ്ട്
അപ്പറത്തെ വീട്ടിലെ പനിനീരിന് .

വളര്‍ച്ചയില്ലാത്തതിനാല്‍
തോട്ടിനക്കരെയുള്ള
കാക്കപ്പൂവിനും,കിണ്ടിപ്പൂവിനും
ചെറിയ ഇലകള്‍ മതി
ചെറുപ്പം മുതലേ...

കൊറിയന്‍ വസന്തത്തിലെ
ചെടികളേ...
നിങ്ങള്‍ക്കിങ്ങനെ
ഒരില പോലുമില്ലാതെ
വഴിയരികില്‍
പൂവും കാണിച്ചു നിന്നാല്‍ മതിയല്ലോ!

Thursday, October 18, 2007

ഷിറ്റ്!

സമയമില്ലാത്തതുകൊണ്ടു മാത്രമാണ്
താന്‍ കൊടുക്കുന്ന തീറ്റ തിന്നിട്ടും
ദൈവം തൂറാത്തതെന്ന്
തന്ത്രി!.

പിന്നെയെന്തിനാണപ്പാ
ഇയാള്‍
സമയമുണ്ടാക്കിയേ?
------------------------
(1999)
അമ്പലക്കവിതകള്‍ എന്ന പേരില്‍ സംശയം,പ്രാര്‍ത്ഥന, ശാന്തി, എലിയുടെ ദു:ഖം തുടങ്ങിയ കുറേ കവിതകള്‍ 1999-2002 കാലഘട്ടത്തില്‍ എഴുതിയിരുന്നു. അതില്‍ ‘സംശയം’ എന്ന കവിത ലാപുടയുടെ നിര്‍ദ്ദേശപ്രകാരം പുനര്‍നാമകരണം ചെയ്തതാണ് ‘ഷിറ്റ്’

എലിയുടെ ദുഃഖം

ഈ ആനദൈവം
എന്റെ മുതുകത്തിരുന്ന്
വളിയിടുന്നത്
നിങ്ങള്‍ കാണുന്നില്ലേ
എന്റെ
എലിദൈവങ്ങളേ......
-------------------
(2000)

Saturday, October 6, 2007

നീലക്കുറിഞ്ഞികള്‍

ആറില്‍പ്പഠിക്കുമ്പോളായിരുന്നു...
പ്രസംഗത്തിന് എനിക്കു ഫസ്റ്റ്.
ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്,
മാപ്പിളപ്പാട്ടിന് ഹാഷിമിന്.. അങ്ങനെ...

ഏ ഗ്രേഡുള്ളവര്‍ സബ്ജില്ലക്ക്.
ആറു ഗായകരും ഞാനും.

പക്ഷേ
ദേശഭക്തി ഗാനത്തിന്
ഏഴാള്‍ വേണം.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
എടുത്തു പിടിക്കണം.
മുഖപേശികള്‍
വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

രണ്ടാഴ്ചത്തെ പരിശീലനം.
അച്ചുതന്‍ മാഷ് പുറത്തു തട്ടി.
‘സബാഷ്’

സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....
---------------------------------------------------------------------
സനാതനന്‍ ഈ കവിതയെ വായിച്ചത് ഇങ്ങനെ

Saturday, September 22, 2007

*കൊറിയയിലെ അമ്മമ്മേ...


കാക്കയില്ലാത്ത നാട്ടിലെ
ഓരോ ഫ്ലാറ്റിന്റെ മുന്നില്‍നിന്നും
എച്ചിലുകള്‍ എടുത്തുകൊണ്ടുപോകാന്‍
എല്ലാ ദിവസവും പുലര്‍ച്ചെ
ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...

എനിക്കുമുണ്ടൊരമ്മമ്മ.

ധാന്വന്തരംകുഴമ്പുതേച്ചുകൊടുത്ത്
ഇളംചൂടുവെള്ളത്തില്‍ക്കുളിപ്പിച്ച്
വെള്ളവസ്ത്രം ധരിപ്പിച്ച്
‘അനങ്ങിപ്പോകരുത് ’ എന്ന്
ചാരുകസേരയിലിരുത്തും അമ്മ.

ഇക്കൊല്ലം നമ്പ്യാര്‍മാവ് പൂത്തോ,
ആലേലെ ചാണമെല്ലാം വാരിയോ,
അപ്പറത്തെ ബാലന്റെ ഓള് പെറ്റോ,
അമ്പലക്കൊളത്തില്‍ വെള്ളമുണ്ടോ,
എന്നൊക്കെ നോക്കാമെന്നു വിചാരിച്ച്
മുറ്റത്തേക്കിറങ്ങിയാല്‍
ഞാന്‍,അച്ഛന് സിഗ്നല്‍ കൊടുക്കും.
‘വയസ്സാംകാലത്ത് ഏവിടേക്കാ എഴുന്നള്ളത്ത്?’ എന്ന്
കണ്ണുരുട്ടി
ഉന്തിയുന്തിക്കൊണ്ടു വന്ന്
കസേരയില്‍ത്തന്നെ ഇരുത്തും അച്ഛന്‍.

ഉന്തുവണ്ടിയുന്തി വരുന്ന
തൊണ്ണൂറുകഴിഞ്ഞ അമ്മമ്മേ...
--------------------------------------------------------
*കൊറിയയില്‍ പ്രായമായവരാണ് വീടുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. വ്യായാമമോ സേവനമോ ഒക്കെ ആയി പ്രായമായവര്‍ മിക്കവരും പുലര്‍ച്ചെ തന്നെ കൈവണ്ടിയുമായി ഇറങ്ങും.വീടുകള്‍ക്കു മുന്നില്‍ പ്രത്യേകം സഞ്ചികളിലാക്കി വെച്ചിരിക്കുന്ന അവശിഷ്ടങ്ങള്‍ ശേഖരിച്ചു കൊണ്ടുപോകും.

Wednesday, August 29, 2007

കല

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
കാവുമ്പായീല്‍ വെടിപൊട്ട്യതും
ഏട്ടന്‍
പത്തായത്തില്ക്കേറി ഒളിച്ചതും.

‘ജമ്മിത്തം തൊലയട്ടെ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

ജമ്മിത്തം തൊലഞ്ഞു.
പണിയെടുക്കാനറിയാതെ
പറമ്പുവിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.

കാലംകൊറേ കയിഞ്ഞു.

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
നട്ടപ്പാതിരക്കുള്ള
കട്ടങ്കാപ്പിയും
മോന്‍
കാട്ടില്‍പ്പോയി ഒളിച്ചതും.

‘കമ്മൂണിസം അറബിക്കടലില്‍’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

കഥ തീര്‍ന്നപ്പോള്‍
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍.
------------------------------------
ഇതിലേക്കുള്ള കമന്റുകള്‍ ഇവിടെ ഇടുക

Saturday, August 18, 2007

ആള്‍ദൈവത്തിന്റെ അമ്മ

‘ഉസ്കൂളില്‍ പോയാല്‍
പാലും റവേങ്കിലും കിട്ടൂല്ലേടാ?’

എന്നിട്ടും പോയില്ല.

എങ്കിലും ദിവസോം
നാലോ അഞ്ചോ ഉറുപ്പ്യ കൊണ്ടുത്തരും.
‘നീ എന്നാലും കുട്ടിയല്ലേ
നെഞ്ചുംകൂട് കൂര്‍ത്തുപോകും’

എന്നിട്ടും നിര്‍ത്തിയില്ല
കല്ലുകൊത്ത്.

കാലമെത്രയായി.
എന്നിട്ടും തീര്‍ന്നില്ലല്ലോ
കടവും
കടയിലെ പറ്റും.

കര്‍ക്കിടകത്തില്‍
കല്‍പ്പണികഴിഞ്ഞു വന്ന്
കുളിക്കുമ്പോള്‍
ഒരു വിറയല്‍.
അത്രമാത്രം..

തിന്നുന്നത് തുളസിയില.
തൊട്ടുതലയില്‍ വെക്കുന്നത്
താന്‍ കൊത്തിയ ചെങ്കല്ല്.
ഉറയുന്നത് നട്ടുച്ചക്ക്.
ഉടുക്കുന്നത് കോണകം.
അത്രമാത്രം...

'പിരാന്താണ്.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
നാണിപ്പെണ്ണ്,
കൂടെ
നാട്ടുകാര്‍ ‍.

കയ്യിലുള്ളത് വൈശര്‍ക്കുകൊടുത്താ
കഞ്ഞിയെങ്ങനെ കുടിക്കും?
കാട് വയക്കാനും മൂരാനും പോയാ
കൂലി അത്ര്യെല്ലാം കിട്ട്വോ?

‘സൂക്കേടല്ലാ ഓന്
സാമി കൂട്യതാ’ എന്ന്
സങ്കടത്തോടെ അമ്മ.

സാമിയെക്കാണാന്‍
ആള്‍ക്കാരെത്തി.
‘സാമിയെക്കാണാന്‍’എന്ന്
കുഞ്ഞിക്കേളു
കീര്‍ത്തനമെഴുതി.
കൈ നിറയെ കാശെത്തി.
നാണിപ്പെണ്ണ് തിരിച്ചെത്തി.

സഖാക്കള്‍ പിരിവിനെത്തി,
അവരുടെ ഭാര്യമാര്‍ ഭജനക്കെത്തി.

'കാശുണ്ടല്ലോ വേണ്ടുവോളം.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
അമ്മ.

‘സൂക്കേടല്ലാ, ഓര്‍ക്ക് സാമി കൂട്യതാ’എന്ന്
നാണിപ്പെണ്ണ്
കൂടെ
നാട്ടുകാര്‍ ‍......

Tuesday, June 12, 2007

ഒരു വിലാപം

മുക്കിലും മൂലയിലും
ബോംബുപൂക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
ഞാന്‍
ഒരു
സാംസ്കാരിക നായകനായി
അറിയപ്പെട്ടു തുടങ്ങിയത്.

ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍
അത് കഴിഞ്ഞ്
ഒരു മാസം വരെ
എന്റെ തല
പത്രങ്ങളില്‍ വരണമെന്നാണ്
എന്റെ നിര്‍ബന്ധം.

ഇന്നലത്തെ
അക്രമവിരുദ്ധ
നിരാഹാ‍രം കഴിഞ്ഞ്
ഭവനത്തില്‍ വന്ന്
ഭാര്യയുടെ മുലയും കുടിച്ച്
സസുഖം
സുഷുപ്തിയിലാണ്ടപ്പോള്‍
ഒരുത്തന്റെ തല
സ്ഫോടനത്തില്‍
ആവിയായിപ്പോകുന്ന
ഒരു
സുസ്വപ്നം ദര്‍ശിച്ചു.

ഉന്മേഷപൂര്‍വ്വം
പതിവിലും നേരത്തെ എണീറ്റ്
ശാന്തിയാത്രക്കിറങ്ങുംമുമ്പ്
ചീപ്പുമായി
കണ്ണാടിയില്‍ നോക്കിയപ്പോള്‍
ദൈവമേ,
എന്റെ തല????.
...............................
കണ്ണൂരിലെ രാഷ്ടീയകൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ 2000-2001 കാലഘട്ടത്തില്‍ എഴുതിയ കവിത.

Saturday, June 2, 2007

കുഞ്ഞാക്കമ്മ

കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറയ്ക്കും,
കാറുപെയ്താല്‍ കരയും.

പുതുമഴയ്ക്കു മുമ്പ്
പുരമേയാന്‍ കിട്ടിയത്
പുല്ലിനു പകരം
പുലയാട്ട്.

അങ്ങനെയാണ്,
അധികാരിയുടെ പറമ്പില്‍ കയറി
ആണുങ്ങളും പെണ്ണുങ്ങളും
പുല്ലരിഞ്ഞത്..
പോലീസുകാര്‍
ആണുങ്ങളുടെ
പല്ല് പിഴുതത്...
ലാത്തിയടിയില്‍
അടുക്കളയിലെ
കലങ്ങള്‍ പൊളിഞ്ഞത്....

കുഞ്ഞാക്കമ്മയുടെ പിറകേ
പൊളിഞ്ഞ കലങ്ങള്‍
സംഘടിച്ചത്....

ചട്ടിക്കഷണത്തിലെ
ചുവന്ന കറ മണത്ത്
“അമ്മേ മീന്‍കറി” എന്ന്
ചിരുകണ്ടന്‍ കരഞ്ഞത്....

മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...

കുഞ്ഞാക്കമ്മ
ജയിലില്‍ നിന്നുംവന്നത്
പൊളിഞ്ഞ ഒരു
കലം പോലെ....

പക്ഷെ
ചുവപ്പുമണത്ത്
ഒരു ഗ്രാമം മുഴുവന്‍
നെയ്തു,
മീന്‍കറിയെക്കുറിച്ച്
ഒരു
സ്വപ്ന വല!!
----------------------
സമര്‍പ്പണം: കണ്ടക്കൈ പുല്ലുപറി സമരം,വിളവെടുപ്പുസമരം,കലംകെട്ട് സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത കുഞ്ഞാക്കമ്മ എന്ന സ്ത്രീരത്നത്തിന്.------------------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

ചരിത്രപശ്ചാത്തലം:
കണ്ടക്കൈ അധികാരിയുടെ പറമ്പില്‍ നിന്ന് പുരമേയാന്‍ പുല്ലു പറിച്ചതാണ് പുല്ലുപറി സമരം.അതിനു ശേഷം ജന്മിയുടെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് സഖാക്കളുടെ നേതൃത്വത്തില്‍ വിളവെടുത്ത് നാട്ടുകാര്‍ക്ക് വിതരണം നടത്തി. ഇതിനെയെല്ലാം ക്രൂരമായി നേരിടുകയായിരുന്നു അധികാരികളും പോലീസും.വിളവെടുപ്പുസമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ കയറി കലങ്ങളും ചട്ടികളും തകര്‍ത്തു നരാധമന്മാര്‍.കുഞ്ഞാക്കമ്മയുടെ നേതൃത്വത്തില്‍ 1947 ജനുവരി 22ന് പൊളിഞ്ഞ ചട്ടികളും കലങ്ങളും ശേഖരിച്ച് സ്ത്രീകള്‍ ജന്മിയുടെ വീട്ടിലേക്ക് ‘ജന്മിത്തം തുലയട്ടെ’തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജാഥനയിച്ചു.ഇതാണ് ഐതിഹാസികമായ കലംകെട്ട് സമരം.1947 ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 5 വരെ കുഞ്ഞാക്കമ്മ ജയിലില്‍ ആയിരുന്നു.പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളാണ് ആ സ്ത്രീക്ക് ഏല്‍ക്കേണ്ടി വന്നത്.
ഇതിനൊക്കെ ശേഷം 1950 ഇല്‍ ആണ് തൊട്ടുമുന്‍പത്തെ കവിതയില്‍ സൂചിപ്പിച്ചതു പോലെ ജന്മിയുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പയുടെയും മറ്റും നേതൃത്വത്തില്‍ നെല്ലെടുപ്പു സമരവും തുടര്‍ന്നുള്ള പാടിക്കുന്ന് വെടിവെപ്പും നടന്നത്.

Thursday, May 31, 2007

കുട്ട്യപ്പ

അരിക്കു പോയ കുട്ട്യപ്പ
തിരിച്ചു വന്നില്ല.....

ഏമ്പക്കമിടുന്ന ജന്മിയുടെ
കുമ്പ നോക്കി
കുരച്ച്,
വരമ്പത്ത് തൂറുന്ന കാര്യസ്ഥന്റെ
കുണ്ടിനോക്കി
കടിച്ച്,

കുന്നും മലയും
പാറമടയും താണ്ടി,

വെടിയേല്ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
....................................................................
സമര്‍പ്പണം: പാടിക്കുന്നില്‍ ഉതിര്‍ന്ന വെടിയുണ്ടകള്‍ കവര്‍ന്ന കുട്ട്യപ്പ, ഗോപാലന്‍, രൈരുനമ്പ്യാര്‍ എന്നിവരുടെ ജീവന്.
..........................................................
പാടിക്കുന്ന്:
ചരിത്ര പശ്ചാത്തലം.
കണ്ണൂര്‍ ജില്ലയിലെ, കൊളച്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാടിക്കുന്ന്.
1950 ല്‍, ജന്മിയായ ചേലങ്കര അനന്തന്‍ നമ്പ്യാരുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പ,ഗോപാലന്‍,രൈരു എന്നിവരുടെ നേതൃത്വത്തില്‍ സഖാക്കള്‍ നെല്ലെടുത്ത് അടിയാളര്‍ക്ക് വിതരണം നടത്തി. പോലീസുഗുണ്ടകള്‍, കുട്ട്യപ്പ, രൈരു നമ്പ്യാര്‍,കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്നിവരെ പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തു.ഗോപാലനെ ജയിലില്‍ കൊണ്ടുപോകാതെ, കയരളം എന്ന സ്ഥലത്തെ പോലീസ് ക്യാമ്പിലിട്ട് മര്‍ദ്ദിച്ചവശനാക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചക്കു ശേഷം മെയ് 3-ആ‍ം തീയ്യതി, കോണ്‍ഗ്രസുകാരും,അവരുടെ യുവജനസംഘടനയായ സേവാദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ജയിലിലുള്ള കുട്ട്യപ്പ, രൈരു നമ്പ്യാര്‍എന്നിവരെ ജാമ്യത്തിലിറക്കി. ചതിയാണിതെന്ന് അപ്പോള്‍ തന്നെ കുട്ട്യപ്പക്ക് സംശയം തോന്നിയിരുന്നു. പിറ്റേ ദിവസം, അതായത് മെയ് 4ന്, ജാമ്യത്തിലിറങ്ങിയവരെയും, കയരളം ക്യാമ്പിലുള്ള ഗോപാലനെയും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് റേ യുടെ നേതൃത്വത്തില്‍ പാടിക്കുന്നില്‍ വരുത്തുകയും, കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. അന്ന് പാടിക്കുന്നൊക്കെ ഉള്‍പ്പെട്ട ,ഇരിക്കൂര്‍ ഫര്‍ക്ക (ഇന്ന്‍ ബ്ലോക്ക് എന്നു പറയുന്നത്) ചുവന്ന ഫര്‍ക്ക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്യൂണിസത്തിന്റെ പ്രചാരണം തടയാന്‍ ചുവന്ന വര്‍ക്കയിലെ ഓരൊ വില്ലേജിലെയും ഒരു സഖാവിനെ എങ്കിലും കൊല്ലുക എന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകം. പിറ്റേ ദിവസം മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ എഴുതി “കമ്യൂണിസ്റ്റ്കാര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു”.
ജാമ്യത്തിലിറക്കാത്തത് കാരണം രക്ഷപ്പെട്ട, യുവാവായ കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍, വായില്‍ ഒറ്റ പല്ലുപോലുമില്ലാതെ ജയില്‍ജീവിതം കഴിഞ്ഞെത്തി. മരണം വരെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സഖാവ് കെ.കെ ഏറെക്കാലം മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു.

Wednesday, May 23, 2007

പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍

ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത
ഒരു വരി പോലും എഴുതാത്ത
ഒരു വാഴ പോലും നടാത്ത
ഒരു ചീത്ത പോലും പറയാത്ത
ഒരു തല്ലുപോലും കൊള്ളാത്ത
നിന്നെ
ഞാന്‍
പാഴായ ഒരു ജന്മമെന്നു വിളിക്കും.

മുഷ്ടി ചുരുട്ടിയെറിഞ്ഞ്
മുട്ടന്‍ കവിതകളെഴുതി
മണ്ണില്‍കിളച്ച്
പച്ചത്തെറി പറഞ്ഞ്
പൊതിരെ തല്ലുംകൊണ്ട് നടക്കുന്ന
എന്നെ
നീ
പാഴായ ഒരു ജന്മമെന്നു വിളിക്കും.

പാഴായിപ്പോയ
രണ്ടു ജന്മങ്ങള്‍!!

Sunday, May 20, 2007

കോഴിബിരിയാണി

അയലക്കത്തെ അപ്പയുടെ
കോഴി,
കേശവന്‍ നമ്പൂരിയുടെ
കശുവണ്ടി,
നാണുനമ്പ്യാരുടെ
തേങ്ങ,
ഇതൊക്കെ ആണ്
വെറും മൊയ്തുവിനെ
കള്ളനാക്കിയത്.

അങ്ങനെയൊരു
കര്‍ക്കിടകത്തിലാണ്
കടൂരില്‍ നിന്നുമൊരാള്
കന്നിയായി
കടല്‍ കടന്നത്.

മൊയ്തൂക്ക
ആദ്യം കെട്ടിയത്
മല പോലത്തെ
മതിലാണ്,
പിന്നീട് നാലുകെട്ടി.

ഓലപ്പുര
ഒന്നാം നമ്പര്‍ മാളികയായി
അവതരിച്ചെന്ന്
എത്തിനോട്ടക്കാരാണ്
മനസ്സിലാക്കിയത്.

മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കര്‍ഷകര്‍
വിയര്‍പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്.

മൊയ്തൂക്കയുടെ
കോന്ത്രമ്പല്ലിന്റെ
കോംപ്ലക്സ് കാരണമാണ്
സുന്ദരികളായ
ആയിസുമ്മ,കതീസുമ്മ,
ആമിനുമ്മ,പിന്നെ
പേരറിയാത്തൊരു പെണ്‍കിടാവ്
എന്നിവര്‍ക്ക്
പര്‍ദ്ദയിടേണ്ടി വന്നത്.

മൊയ്തു കോംപ്ലക്സിന്റെ
ഉദ്ഘാടനമാണിന്ന്‌
പറഞ്ഞുനില്ക്കാന്‍ സമയമില്ല,
കോഴിബിരിയാണി
തീര്‍ന്നുപോകും.

Friday, May 18, 2007

അടി

അമ്പത്താറ്,
ഇതും ചേര്‍ത്ത്.

ഒന്ന്
നിലവിളിക്കുകപോലും ചെയ്യാത്തത്
കണക്കുതെറ്റുമെന്നോര്‍ത്ത്.

തൊലിപ്പുറത്തു മാത്രമല്ല
ഉരുണ്ടുകൂടുന്നത്.

പെയ്യുമ്പോള്‍
പ്രളയമാണോ വേണ്ടതെന്ന്
നീയായിരിക്കില്ല
തീരുമാനിക്കുന്നത്.
---------------------------------------------
ഇന്ത്യയുടെ 56-ആം സ്വാതന്ത്ര്യദിനത്തില്‍ എഴുതിയത്.
(2002)

Sunday, May 13, 2007

ശാന്തി

ഉദയംകോട്ടത്തെ അശാന്തി.

പൈതൃകമായി ഏക്കം*.
ഭാര്യ,മകള്‍,മകന്‍
മാല പണയം
വേളിക്ക് മുടക്കം
ജോലിക്കായ് കറക്കം.

മുപ്പത്താറു വര്‍ഷമായി
രാവിലെയും വൈകീട്ടും
മുടങ്ങാതെ
വെള്ളമൊഴിക്കുന്നു.
ഒരു
മുള പോലും
കാണുന്നില്ലല്ലോ
ഭഗവാനേ!
----------------
*:വലിവ്
സമര്‍പ്പണം:സഹപാഠിയായിരുന്ന ശാന്തിക്കാരന്റെ മകന്.
-----------------------
(2001)

Friday, May 11, 2007

ഭാഗ്യവാന്‍

സൂക്കേടു കൂടുമ്പോള്‍
രാധാകൃഷ്ണന്റെ അച്ഛന്‍
ഇംഗ്ലീഷില്‍ മാത്രം
സംസാരിക്കും.

A.B.C.D
കാജാ ബീഡി
എന്നൊക്കെ പാടി
മോഹനന്‍ മാഷ്
ക്ലാസ്സ്
പൊടിപൊടിക്കും.

എങ്കിലും
രാധാകൃഷ്ണന്‍
ഇംഗ്ലീഷില്‍ തോല്‍ക്കും.

നാരാണേട്ടന്റെ കടയില്‍
നാരങ്ങപിഴിയാന്‍
നാലാംക്ലാസ് പോലും
ജയിക്കേണ്ട!
പിന്നീട് പലപല
ജോലിക്കയറ്റവും
ഇറക്കവും.

കള്ളുകുടിക്കാന്‍
കാശില്ലാതെ വന്നപ്പോള്‍
പാറാപ്പള്ളിയിലെ
നേര്‍ച്ചപ്പെട്ടി പൊളിച്ചു.

ചൂളമടിച്ച്
ചെറുപ്പക്കാരികളെ
സ്വാധീനിച്ചു.

ഉദയംകോട്ടത്തെ
ഉത്സവത്തിന്റെ രാത്രി,
ആരോടുംപറയരുതെന്ന് പറഞ്ഞത്
ഉണ്ണിച്ചിരുതയുടെ
വയറ്
കേട്ടില്ല.

നാട്ടുകാരുടെ ചെലവിലായിരുന്നു
വിവാഹം.

ഇപ്പോള്‍
ഇരുപത്താ‍റു വയസ്സ്.
ഇരട്ടക്കുട്ടികളുടെ അച്ഛന്‍.

ഭാഗ്യവാന്‍!
ഇതേവരെ
ഒരു കവിത പോലും
എഴുതേണ്ടി വന്നിട്ടില്ല.

Wednesday, May 9, 2007

'ജ’ന ഗണ ‘മ’ന

ജലം,
വിലക്കെടുക്കാനാകാത്ത
വാക്കാണ്.
ജീവനെക്കുറിച്ച് സ്വപ്നം കാണുന്ന
കവിയാണ്.
കാട്ടുതീയെ നാണംകെടുത്തുന്ന
കവിതയാണ്.
സംരക്ഷിക്കേണ്ടത്
നമ്മുടെ കടമയാണ്.

നാച്വര്‍ ക്ലബ്ബിന്റെ
നോട്ടീസ് ബോര്‍ഡില്‍
ഈ വരികള്‍ കോറിയിട്ടത്
ഞാനാണ്.

ഇന്നു രാവിലെ
‘ജ’ മാറ്റി
‘മ’ ആക്കിയത്,
ഉച്ചക്കഞ്ഞിയിലെ പിശക്
വയറില്‍ വെളിപ്പെട്ടതിനാല്‍
കക്കൂസില്‍ വെച്ചുതോന്നിയ
ഫലിതത്തിന്റെ ഫലമായാണ്.

പിടിക്കപ്പെടല്‍
എന്റെ
പൈതൃകമാണ്.

മാപ്പ്!

സ്കൂള്‍ അറ്റന്‍ഷന്‍!
ജനഗണമന.

Monday, May 7, 2007

ബാര്‍ബര്‍ കണ്ണേട്ടന്‍

മൂക്കിള
മുഖത്തെഴുത്ത് നടത്തുന്ന കാലത്ത്
'മോനെ ഉസ്കൂളില് ചേര്‍ക്കണ്ടേ പപ്പേട്ടാ?' എന്ന്
അച്ഛനോട് തിരക്കിയിരുന്നു.

'എത്ര്യാടാ കണക്കിന് മാര്‍ക്ക്?' എന്ന്
എന്നില്‍ താല്പര്യം കാണിച്ചിരുന്നു.

'പഹയാ ,റാങ്കുണ്ടല്ലേ!' എന്ന്
പുറത്ത് തട്ടിയിരുന്നു.

'ഉദ്യോഗം വല്ലോം ആയോടാ?' എന്ന്
ഉത്കണ്ഠപ്പെട്ടിരുന്നു.

'സാധാരണക്കാര്‍ പഠിച്ചിറ്റ്
ഒരു കാര്യോമില്ലപ്പാ' എന്ന്
സഹതപിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍
എത്ര വോട്ട് ചെയ്തെന്ന്
തെളിഞ്ഞ് ചിരിച്ചിരുന്നു.

‘നീയെന്തിനാടാ ലാസ്റ്റില്
നമ്പൂരീന്റെ തൊണ്ടക്ക് പിടിച്ചേ?’ എന്ന്
നാടകം വിശകലനം ചെയ്തിരുന്നു.

'അമ്മു എന്തിനാ
ആറ്റില് ചാട്യേ'ന്ന്
അര്‍ത്ഥം വെച്ച് ചോദിച്ചിരുന്നു.

കൊറിയയിലേക്ക്
ഗവേഷണത്തിനു പോകുന്നെന്നറിഞ്ഞപ്പോള്
'കഞ്ഞി കിട്ടില്ലേ അവിടെ?' എന്ന്
കാര്യം തിരക്കിയിരുന്നു.

അവധിക്കു നാട്ടിലെത്തിയ ഉടന് തന്നെ
'എപ്പോഴാ പോകുന്നേ?'എന്ന്
യാത്രയാക്കിയിരുന്നു.

എല്ലാം പഠിച്ചു കഴിഞ്ഞ്
നാട്ടിലേക്ക് പോയപ്പോള്‍
ഉരിയാട്ടം മുട്ടി.!!

പിന്നെയാരോ പറഞ്ഞു,
ബാര്‍ബര്‍ കണ്ണേട്ടന്‍
ഇപ്പോള്‍
കഷണ്ടികളോട്
സംസാരിക്കാറില്ല.

Tuesday, May 1, 2007

ചില യാത്രകള്‍

1
യാത്രക്കിടയില് പിടിക്കപ്പെട്ട്
സമാധാന സമ്മേളനത്തിനിടയില്
തുറന്നു വിടുന്ന
ശാന്തിപ്രാവ്
വീണ്ടും യാത്ര തുടരും.
അടുത്ത നിമിഷത്തിലെ
വെടിയൊച്ചക്കുശേഷം കാണുന്ന
ജഡമാണത്.
പൂ പറിക്കാന് പോകുന്ന
ആ പെണ്കുട്ടി
വഴിയില് വച്ച്
ആവിയായിപ്പോകും.
2
ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്ത്ത്
മെലിഞ്ഞവര് യാത്ര ചെയ്യും.
മറ്റുള്ളവരെന്തു വിചാരിക്കുമെന്നോറ്ത്ത്
വിപണികളിലേക്ക് യാത്ര ചെയ്യുന്നവരാണ്
കുത്തകപ്രഭുക്കന്മാരുടെ ശക്തി.
3
യാത്രക്കിടയില് കണ്ടുമുട്ടിയ
അടിമ പറഞ്ഞത്:
അവനെന്റെ ബലിഷ്ഠ പാദങ്ങള്ക്ക്
ആഴമേറിയ മുറിവേല്പ്പിച്ചെങ്കിലും
ഞാന് നടത്തം തുടര്ന്നു.
ശക്തമായ കാലടികളില് നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്
എന്റെകറുത്തു നഗ്നമായ ചന്തിയില് വരക്കുന്ന
ചുവപ്പു ചിത്രങ്ങള് കണ്ട്
അവന്
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
4
അവസാനമാണ്
അമ്പലങ്ങളിലേക്കുള്ള യാത്ര.
വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്
ഇറങ്ങി നടന്നു കാണും.
പ്രാര്ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
5
എല്ലാ നിലവിളികളുടെയും യാത്ര
കേള്ക്കാത്ത ചെവികളിലേക്കാണ്.
എല്ലാ ആയുധങ്ങളുറ്റേയും യാത്ര
നിരപരാധികളുടെ നെഞ്ചിലേക്കാണ്.
എല്ലാ മാലിന്യങ്ങളുടെയും യാത്ര
നമ്മുടെ വയറ്റിലോട്ടാണ്.
ചിലമ്പും ചിരിയും നഷ്ടപ്പെട്ട്
നമ്മുടെ സംസ്കാരങ്ങള് യാത്രയായത്
എങ്ങോട്ടേക്കാണ്?
6
നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
നമുക്ക് സഹതപിക്കാം.
പക്ഷെ പകരം
തീട്ടവും,മൂത്രവുമടച്ചുവച്ച
പഞ്ചദുഷ്ടന്മാരെ തെരഞ്ഞുപിടിക്കാന്
ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
നാം യാത്ര ചെയ്യേണ്ടിയിരിക്കുന്നു.
ഏത് ചങ്ങലക്കും തളക്കാന് കഴിയാത്ത വിധം
ഏത് പേപ്പട്ടിക്കും തടുക്കാന് കഴിയാത്ത വിധം
ഏതായുധത്തിനും തകറ്ക്കാന് കഴിയാത്ത വിധം.
-------------------------------------------------------
2003 ജനുവരി ആദ്യലക്കത്തില്‍,ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച എന്റെ കവിത.
ഒരിക്കല്‍ കൂടി മെയ്ദിനാശംസകള്‍.

Monday, April 30, 2007

യാത്ര

നമ്മുടെ പാത്രങ്ങളില് നിന്നും
പഴവും പാലും കട്ടു തിന്നവരോട്
സഹതപിക്കാം.
പക്ഷെ
പകരം
അടച്ചു വച്ചത്
തീട്ടവും,മൂത്രവും.

ഒടുങ്ങാത്ത വീറിന്റെ സൂചിയും
ആത്മവിശ്വാസത്തിന്റെ നൂലും കൊണ്ട്
പ്രതിരോധത്തിന്റെ കുപ്പായം തുന്നി ധരിച്ച്
ഏത് ചങ്ങലക്കും തളക്കാനോ
ഏത് പേപ്പട്ടിക്കും തടുക്കാനോ
സാദ്ധ്യമാവാത്ത വിധം
യാത്ര ചെയ്ത്
പിടികൂടണം,
നമുക്കവരെ.
വേണ്ടേ?
-------------------------------------------------------------
2003 ജനുവരി ആദ്യലക്കത്തില്‍,ദേശാഭിമാനി വാരികയില്‍ വന്ന ഞാനെഴുതിയ ‘ചില യാത്രകള്‍’ എന്ന കവിതയുടെ അവസാനത്തെ ഖണ്ഡികയില്‍, ചില മാറ്റങ്ങള്‍ വരുത്തിയത്.
എല്ലാവറ്ക്കും മെയ്ദിനാശംസകള്‍.

Friday, April 27, 2007

കാമം

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള
കുറ്റിക്കാട്ടില്‍ വച്ച്,
കുപ്പിപെറുക്കി വില്ക്കുന്ന
കാന്താരിപ്പെണ്ണ്
ഒരു കുരുടനെ കെട്ടി.

കഞ്ഞികുടി മുട്ടുമെന്നതു കാരണം
കണ്ണുകെട്ടിയില്ല..

'വാസുമുതലാളിയുടെ വരം
അവിടെ വച്ചേക്കൂ'
'പാണ്ടു രംഗനു സൂചികുത്താന്‍
മറ്റന്നാള്‍ സ്ഥലം കൊടുക്കാം'
എന്നൊക്കെ
ഇടനിലക്കാരന്റെ ചൂളമടിയെ
ഒരുവിധം പറഞ്ഞയച്ച്
കാന്താരി
അന്നു രാത്രി
കുരുടനെ കാമിച്ചു.

Tuesday, April 24, 2007

ഫ്രഞ്ച് വിപ്ലവം

ഉമ്മ തരുന്നത്
അമ്മയോ അച്ഛനോ എന്ന്
കണ്ണടച്ച് പറഞ്ഞിരുന്നത്.
കൊച്ചായിരിക്കുമ്പോള്‍
അച്ഛനോളം വലുതാകേണ്ടത്.
കരിപുരണ്ട മോഹങ്ങള്‍
കടലെടുത്തത്.

പത്താംക്ലാസിനു ശേഷം
പാത്തുമ്മയുടെ മൂഡൌട്ട് പോലെ
മാസത്തിലൊരിക്കല് എന്ന തോതില്‍
മുളക്കാന്‍ തുടങ്ങിയത്.

വോട്ടവകാശം ലഭിച്ചതിനുശേഷം,
വെറുതേ ചൊല്ലുന്ന പ്രതിജ്ഞയില്‍ നിന്നും
വേറിട്ടു നില്ക്കുന്ന
'ഭാരതം എന്റെ നാടാണ് 'എന്ന
ഒരേയൊരു
ആത്മാര്‍ത്ഥത പോലെ

മുഖത്ത്
തെളിഞ്ഞു നിന്നത്.

കവിക്കും കാമുകനും
വിപ്ലവകാരിക്കും
തടവാതിരിക്കാന്‍
കഴിയാത്തത്.

സൌത്ത് കൊറിയ.
ഡിസമ്പര്‍ രാത്രി
ക്രിസ്മസ് പാര്‍ട്ടി.
മിസ്സ്.ലീ.
കിസ്സ്...
ഹാച്ഛീ..

തുമ്മല്‍രഹിതമായ
ഒരു ഫ്രഞ്ചു വിപ്ലവത്തിന്റെ
അനന്ത സാദ്ധ്യതകളോര്‍ത്ത്
ഉപാധികളോടെ
അതിരാവിലെ
കണ്ണാടിക്കുമുമ്പില്‍ നിന്ന്
വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നു.

Saturday, April 21, 2007

അടിയന്തിരാവസ്ഥ നഷ്ടപ്പെടുത്തിയ എന്റെ ആറു വര്‍ഷങ്ങള്‍.

വിപ്ലവം എന്ന സ്വപ്നം.
കോമ്രേഡ് എന്ന മാസിക.
പപ്പനെന്നൊരു ഏജന്റ്.
ശാരദയുമായുള്ള വിവാഹം.

ഇന്ദിരേച്ചി മൂഡില്.
കരുണാകരന്‍ ചൂടില്.
ജയറാം പടിക്കല്.
പപ്പന്‍
വീടു വിട്ടു കാട്ടില്.
വല്ല രാത്രിയിലും വീട്ടില്.
ഗാന്ധിക്കുഞ്ഞിരാമന്റെ ഒറ്റല്.

പോലീസുവണ്ടി നിറച്ചും
പപ്പനെ പിടിക്കാന്‍ ആള്.
അടിവയറ്റിലെ ചോരയുമായി
അലറിക്കൊണ്ടൊരു വാള്.
പോലിസുകാര്‍ക്ക് കളിക്കാന്‍
പപ്പന്റെ ബോള്.

ജയിലില്‍ നിന്നും വീട്ടിലേക്ക്.
ആറുവര്‍ഷക്കാലത്തേക്ക്
ശാരദയുടെ സമയം നേര്‍ച്ചക്ക്.
പപ്പന്റെ പണം ചികിത്സക്ക്.
അവസാനം വണ്ടി കിട്ടി,
ശാരദയുടെ വയറ്റില്‍ നിന്നും
ഞാന്‍ വെളിച്ചത്തേക്ക്.

അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്‍
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.

എന്റെ ഉള്ളില്‍
വിപ്ലവം എന്ന സ്വപ്നം.
കയ്യിലൊരു പേന
കണ്ടതെല്ലാം കവിത.

അച്ഛനപ്പോള്‍ എന്നെ നോക്കി
അറം പറ്റിയ ഒരു കവിത*
--------------------------------------------------------
*ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കൂലിപ്പണിക്കാരന്റെ ചിരി എന്ന കവിതയിലെ “കുഞ്ഞേ ചെറുപ്പത്തിലിതിലപ്പുറം തോന്നും.എന്നോളമായാലടങ്ങും” എന്ന വരികള്‍.
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

Wednesday, April 18, 2007

ആത്മ കവിത

പത്താം ക്ലാസ്സിലെ 
ഹിസ്റ്ററി പരീക്ഷക്കു തലേന്ന് 
ഫ്രഞ്ചു വിപ്ലവം ബാക്കിയായിപ്പോയതിനാല്‍
 പി.സുമതി തന്ന പേപ്പറിലെ ‘പ്രിയപ്പെട്ടവനേ’എന്ന വാക്കുപോലും പൂര്‍ണ്ണമായി വായിക്കാന്‍ 
സമയം കിട്ടിയില്ല. 

 ഉദയംകോട്ടം ശിവക്ഷേത്രത്തില്‍ ഉത്സവത്തിനു വരുന്ന 
ഉണ്ണിച്ചിരുതയുടെ 
ഉയര്‍ന്ന മുലകള്‍ നോക്കി 
സോമാലിയായിലെ
കഞ്ഞികിട്ടാത്ത കുഞ്ഞുങ്ങളെക്കുറിച്ച് ഞാന്‍ സഹതപിച്ചു. 

 എന്റെ നേര്‍ക്കു നീട്ടിയ ചുവന്ന റോസാപ്പൂ പീസ് പീസാക്കിയെറിഞ്ഞ്
 ‘വരൂ,കാണൂ, തെരുവുകളിലെ രക്തം’എന്ന് ഞാന്‍ ഉറക്കെ നെരൂദപ്പെട്ടതിന്റെ പിറ്റേന്നാണ് എസ്.നാരായണി 
എസ്.എന്‍.കോളേജില്‍ നിന്നും 
ടി.സി. വാങ്ങിയത്. 

ബസ്സുകാത്തു നില്‍ക്കുമ്പോള്‍ 
എന്നെ നോക്കി നാണിച്ച 
കൊറിയന്‍ സുന്ദരിയുടെ തുടയിലെ 
കറുത്ത മറുകില്‍ കണ്ണുടക്കിയപ്പോള്‍ ബൊളീവിയന്‍ കാടുകളില്‍ 
ആര്‍ക്കോ വെടിയേറ്റതായി 
ഞാന്‍ പരിതപിച്ചു. 

 ഇന്ന് 
‘കുന്തം’ എന്ന തൂലികാനാമത്തില്‍ ഞാനെഴുതിയ
 ‘‘എനിക്കു പ്രേമിക്കാമായിരുന്ന നാലു പെണ്‍കുട്ടികള്‍’’ എന്ന കവിത ഒച്ചയുണ്ടാക്കാതെ 
അടിവെച്ചടിവെച്ച് 
അച്ചടിച്ചു വന്നു.

Friday, April 13, 2007

അപേക്ഷ

എന്റെ
നഷ്ടപ്പെട്ട പേഴ്സില്‍,

ഞാന്‍
കണ്ടോത്ത് മഠത്തില്‍ കുമാരന്‍ എന്ന
പുരുഷനാണെന്നുള്ളതിന്റെ
ഏക തെളിവായ
ഐഡന്റിറ്റി കാര്‍ഡും,

കുറെ
വെറും കറന്‍സികളും,

കല്യാണം കഴിഞ്ഞ
കാമുകിയുടെ
കളര്‍ ഫോട്ടോയും,

പൊള്ളയായ
പൊങ്ങച്ചങ്ങള്‍ നിറഞ്ഞ
വിസിറ്റിങ്ങ് കാര്‍ഡുകളും,

മാവോ സേ തൂങ്ങിന്റെ പടമുള്ള
വില കുറഞ്ഞ ഒരു സ്റ്റാമ്പും,

മാവില്‍ തൂങ്ങി മരിച്ച പെങ്ങളുടെ
മുക്കിന്റെ ലോക്കറ്റും,

ആസ്ത്മയുടെ ഗുളികകളും,

നെഗറ്റീവിന്റെ
താല്‍ക്കാലികാശ്വാസമുള്ള
രക്തപരിശോധനയുടെ കുറിപ്പും,

മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കില്‍,

തുടക്കിടയില്‍ കയ്യും തിരുകി
ഞാന്‍
കൂര്‍ക്കം വലിക്കുമായിരുന്നു.

പക്ഷേ..........................
പ്രിയപ്പെട്ട സഹോദരാ...
കറുത്ത മഷിയിലുള്ള
എന്റെ
ചുവന്ന കവിത,
വായിക്കുക മാത്രം ചെയ്ത്
തിരികെയേല്‍പ്പിക്കുക.

Monday, April 2, 2007

ക്ഷണം

റഷ്യ
എന്നും
എന്റെ സിരകളിലെ
ലഹരിയായിരുന്നു..

ചെറുപ്പത്തില്‍
ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്
പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ
‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞിരുന്നത്
‘സോവിയറ്റ് നാടി’ന്റെ
കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട
കണക്കുപുസ്തകത്തില്‍ നിറയെ
ചുവന്ന മുട്ടകളുടെ
ചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.

സഖാക്കളുടെ ആദ്യരാത്രിയില്‍
കതകുകള്‍ സംഘടിച്ചു ശക്തരാകുമ്പോള്‍
വെള്ളപൂശിയ ചുമരുകളില്‍
‘നവദമ്പതികളെ നിങ്ങള്‍ക്ക്
വിപ്ലവാഭിവാദ്യങ്ങള്‍’എന്നും പറഞ്ഞ്
ഒരു കഷണ്ടിത്തലയോ
ഒരു കൊമ്പന്‍മീശയോ
വികാരമൊന്നുമില്ലാതെ
വെറുതെ
തൂങ്ങിനില്‍ക്കുമായിരുന്നു.

ചിറകുകളുള്ള
എന്റെ ബഹിരാകാശത്തിന്റെയും
ചിലന്തികളുള്ള
എന്റെ ബാത്റൂമിന്റെയും
അനന്തസാദ്ധ്യതകളെ ചൂഷണം ചെയ്തിരുന്നത്
യഥാക്രമം
വാലന്റീന തെരഷ്കോവയും
അന്നാ കുര്‍ണിക്കോവയുടെ അമ്മയുമായിരുന്നു.

ഗ്ലാസ്നോസ്റ്റില്‍
പെരിസ്ത്രോയിക്ക ഒഴിച്ച്
വെള്ളം ചേര്‍ക്കാതെയടിക്കുമ്പോള്‍
വാളും പരിചയും വെക്കേണ്ടിവരുമെന്ന്
കളരിദൈവങ്ങള്‍ വെളിപ്പെട്ടിരുന്നില്ലേ
ഗോര്‍ബച്ചേകവരേ...?

തൊണ്ടയിലെ കാറല്‍
മാക്സിമമാകുമ്പോള്‍
‘എന്റെ ജറമ്മനിമുത്തപ്പാ’ എന്ന് കൈകള്‍കൂപ്പി
മൂന്നുവരി
മൌനത്തില്‍ കരയുന്നതാണ്
എന്റെ
പതിവു ദുശ്ശീലങ്ങളിലൊന്ന്.
1).......................
2).......................
3).......................

എന്തിനേറെപ്പറയുന്നു പ്രീയസുഹൃത്തേ,
എന്റെ ഫ്രിഡ്ജില്‍
അരക്കുപ്പി
വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.
വരുന്ന ഞായറാഴ്ച്ച
നിനക്കവിടെ പ്രത്യേകിച്ച്
കച്ചേരിയോ കുച്ചിപ്പുടിയോ
മറ്റെന്തെങ്കിലുമോ ഇല്ലല്ലോ?
അപ്പോള്‍
വരില്ലേ...........?

Saturday, March 31, 2007

ഗവേഷണം

അലങ്കാരമൊന്നുമില്ലാത്ത ഒരു ദിവസം
പ്രൊഫസറ് കിമ്മിന്റെ ധര്‍മ്മയോഗത്താല്‍
ഓഫാക്കാന്‍ മറന്നു പോയ ഹോട്ട് ഗണ്ണ്
അതു താന്‍ അല്ലയോ ഇത് എന്ന്
ആശങ്കപ്പെട്ടു.
ഉറക്കത്തില്‍ ഞാന്‍ വീണ കുഴിക്ക്
ഉണര്‍വ്വിലെ കുഴിയോളം
ആഴമുണ്ടായിരുന്നതു കാരണം
എന്താണ് വൈകിയത് എന്ന
അഴുക്കുവെള്ളത്തില്‍
ഞാന്‍ സ്നാനം ചെയ്യപ്പെട്ടു.
എന്റെ തെറ്റുകളുടെ കണ്ടു പിടുത്തം
ഗ്രൂപ്പ് മീറ്റിങ്ങുകളില്‍
നല്ല ഇംപാ‍ക്റ്റ് ഫാക്ടറോടെ
പ്രസിദ്ധീകരിക്കപ്പെട്ടു.
മുതുകത്തിരിക്കുന്ന
ആനദൈവത്തിന്റെ വളിയെപ്പറ്റി
പാവം ചുണ്ടെലി
സ്വന്തം ദൈവത്തോട് പരാതിപ്പെട്ടു.
------------------
(2007)

Wednesday, March 28, 2007

വെറുതെയല്ല

തന്റെ മേല്‍ കൈ വെക്കുന്നവരെ
മുഖം നോക്കാതെ കുത്തുന്ന തേളുകള്‍!
എല്ലാ മതഗ്രന്ഥങ്ങള്‍ക്കും
ഒരേ രുചിയെന്നറിയുന്ന ചിതലുകള്‍!
വെറുതെയല്ല ഞാന്‍
തേളുകളുടെ വാലറ്റം മുറിച്ചുകളയുന്നത്‌.
ചിതല്‍പ്പുറ്റ്‌ പൊളിച്ചുകളയുന്നത്‌.
പാമ്പാട്ടിക്കു പണം കിട്ടാന്‍
നാണവും മാനവും കെട്ടാടുന്ന പാമ്പ്‌
വെറുതെയല്ല എന്റെ ദൈവമായത്‌.
---------------------
(2000)

സ്വാതന്ത്ര്യം

അമ്മിക്കുട്ടിയുടെ അഭാവത്തില്‍
പറങ്കി,തേങ്ങ,മല്ലി എന്നിവര്‍
താന്താങ്ങളുടെ മഹത്വം മനസ്സിലാക്കി
തമ്മില്‍ത്തല്ലാന്‍ തുടങ്ങി.
----------------
(1999)

ഉത്തരം

'ഉ'യില്‍ ഒളിഞ്ഞിരിക്കുന്ന
ചോദ്യചിഹ്നം ശ്രദ്ധയില്‍പ്പെടുമ്പോളാണു
ഉത്തരത്തിലെ കയറിന്റെ ഉറപ്പിനെ പറ്റി
ഒരു പുറത്തില്‍ കവിയാതെ
ഉപന്യസിക്കേണ്ടി വരുന്നത്‌.
------------------
(1999)

കമ്പോളം

ചോരയൂറ്റുന്ന കൊതുകുകളുള്ള
കമ്പോളങ്ങളിലേക്ക്‌
ചൊറിഞ്ഞെങ്കിലും തടിക്കുമല്ലോ എന്നോര്‍ത്ത്‌
മെലിഞ്ഞവര്‍ യാത്ര ചെയ്യും.
----------------------
(2001)

തെരഞ്ഞെടുപ്പ്‌

അമ്പത്തിമൂന്നു ദിവസം മുമ്പു മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍
സംതൃപ്തിയോടെ പാടി
"ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നൂ ഞങ്ങളിലൂടെ"
------------------
(2001)

അടിമ പറഞ്ഞത്‌

അവനെന്റെ ബലിഷ്ഠ പാദങ്ങള്‍ക്ക്‌
ആഴമേറിയ മുറിവേല്‍പ്പിച്ചെങ്കിലും
ഞാന്‍
നടത്തം തുടര്‍ന്നു.
ശക്തമായ കാലടികളില്‍ നിന്നും തെറിക്കുന്ന
കൊഴുത്ത രക്തത്തുള്ളികള്‍
കറുത്തു നഗ്നമായ ചന്തിയില്‍ വരക്കുന്ന
ചുവപ്പു ചിത്രങ്ങള്‍ കണ്ട്‌
അവന്‍
കിടുകിടാ വിറച്ചിട്ടുണ്ടാവണം.
-----------------------
(2000)

പ്രാര്‍ത്ഥന

വിഗ്രഹത്തിലിരുന്നു പിത്തം പിടിച്ച ദൈവങ്ങള്‍
ഇറങ്ങി നടന്നു കാണും.
പ്രാര്‍ത്ഥനകളെല്ലാം
വിഫലമാകുന്നതിനു കാരണം
അതാവണം.
------------------
(2001)