ഇനിയും ചത്തില്ലേ നീ കഴുവേറീയെന്നുള്ള
നിന്നുടെ വിളി കേള്‍ക്കാന്‍
കൂച്ചുചങ്ങലയുടെ പുതപ്പിന്നുള്ളില്‍ക്കാത്തു
ഞാനിന്നും കിടക്കവേ,
‘അല്ലയോ മഹാത്മാവേ ഞാന്‍ തരും സ്വാതന്ത്ര്യത്തിന്‍
വെട്ടമേന്തുവാനങ്ങു സമ്മതിക്കണേ’യെന്ന്
താണുവീണപേക്ഷിച്ചുംകൊണ്ടു നീ വരുന്നല്ലോ!
പണ്ടു നീകുടിക്കുവാന്‍ നല്‍കിയ വിഷം
കട്ട കെട്ടിയ കണ്ഠത്തില്‍നിന്‍ കൊക്കുതാഴ്ത്തുവാന്‍ പേടി
നീ ശ്വസിക്കുവാന്‍ തന്ന വിഷവായുവാല്‍
കറ കെട്ടിയകോശങ്ങളെന്‍ ചോരതുപ്പലില്‍ താഴെ
വീണുപോയെങ്കില്‍ നീറി ദഹിക്കുമെന്നും പേടി.
നിന്റെ കോപത്താല്‍പ്പണ്ടു തിളച്ച രക്തത്തിന്റെ
തുള്ളി നിന്‍ ദേഹത്തായാല്‍ പൊള്ളുമോയെന്നും പേടി..
അതുകൊണ്ടിന്നെന്‍ ചാരത്തണഞ്ഞൂ നീ സ്വാതന്ത്ര്യ
പ്പന്തവുമേന്തിക്കൊണ്ടേയെനിക്കു സമ്മാനിക്കാന്‍
നീയൊരിക്കലും തോല്‍ക്കാതിരിക്കാന്‍ നിന്നെത്തല്ലാന്‍
ഞാനൊരിക്കലും വളര്‍ന്നുയരാതിരിക്കുവാന്‍
ആദ്യമായ് നീയിന്നെന്റെ സമ്മതം ചോദിക്കയാല്‍
നീ വെട്ടിവിഴുങ്ങുവാന്‍ മറന്ന തലച്ചോറാല്‍
ഒട്ടു ചിന്തിച്ചിട്ടേ ഞാ,നുത്തരം നിനക്കേകൂ..
--------------------------------------------
1999 ല്‍ എഴുതിയത്. എഴുതിയ പദ്യ കവിതകളില്‍ അവസാനത്തെത്.അടിമപറഞ്ഞത് എന്ന കവിതയുടെയും അടി എന്ന കവിതയുടെയും ഉറവിടം ഈ കവിതയാണെന്നു പറയാം.
Showing posts with label തലച്ചോറ്. Show all posts
Showing posts with label തലച്ചോറ്. Show all posts
Monday, December 17, 2007
Subscribe to:
Posts (Atom)
