‘വാ... വാ’ എന്നതിന്
‘വാ... വാ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കാ....കാ’ എന്നതിന്
‘പോ.....പോ’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
‘അയ്യോ.... പാമ്പ്’എന്നതിന്
‘ഐഗോ....പേം’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കേ.... കേ’ എന്നതിന്
‘പട്ടി....പട്ടി’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
‘പുല്ല്...പുല്ല്’ എന്നതിന്
'ഭുല്ല് ...ഭുല്ല് ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
'നാമു....നാമു’ എന്നതിന്
‘മരം....മരം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
'പള്ളി...പള്ളി’ എന്നതിന്
‘ക്യോഹെ...ക്യോഹെ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘പള്ളി...പള്ളി’ എന്നതിന്
‘വേഗം...വേഗം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
കൈകൂപ്പുന്നതിനു പകരം
കുനിയുന്ന നാട്ടില്‍ നിന്നും
ചൊക്കാരക്കുപകരം
കൈകൊണ്ട് തിന്നുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.
പൂവിനുശേഷം ഇലവരുന്ന നാട്ടിലെ
അല്‍മോണിയെ വിട്ട്
അമ്മൂമ്മയെ കാണാന്‍ ഞാന്‍ പോകുന്നു.
സോജുവും തേജും വിട്ട്
കൂട്ടുകാരായ സോജുവിനെയും തേജിനെയും കാണാന്‍
ഞാന്‍ പോകുന്നു
ഒരു ചിരിയാല്‍
ആംഗ്യത്താല്‍
ശബ്ദത്താല്‍
അതിരുകള്‍ മായ്ച്ചവരേ...
ഞാന്‍ പോകുന്നു.
പുലര്‍ച്ചെ ഒന്നോ രണ്ടോ മണിക്ക്
ലബോറട്ടറിയില്‍ നിന്നും
പുസ്തകങ്ങളെയും രാസപ്രവര്‍ത്തനങ്ങളെയും
താരാട്ടിയുറക്കി മടങ്ങുമ്പോള്‍
വീടുകളുടെയും കടകളുടെയും മുന്നില്‍ കൂട്ടിവെച്ച
പാഴ്വസ്തുക്കള്‍ പെറുക്കുന്ന
‘കിം അമ്മാവനെ’ കാണും.
അറിയാത്ത ഭാഷയുടെ കട്ടിക്കമ്പിളിക്കുപ്പായത്തിന് തടുക്കാനാവാത്ത
ആ സ്നേഹത്തിന്റെ തണുപ്പില്‍
പലപ്പോഴും നമ്മള്‍
തുറന്നിരിക്കുന്ന ഏതെങ്കിലും ഒരു കടയില്‍പ്പോയി
സോജുവോ മറ്റെന്തെങ്കിലുമോ കഴിക്കും.
കിം അമ്മാവാ...ഞാന്‍ നാട്ടിലേക്കു പോകുന്നു.
ദേജിയോണിലെ ചൊന്മിന്‍ദോങ്ങില്‍
അഞ്ചുദിവസം കൂടുമ്പോള്‍ വരുന്ന ചന്തകളില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുമ്പോള്‍
പുറംനാട്ടുകാരനായതിനാലോ എന്തോ
മൂന്നോ നാലോ
ഉള്ളിയോ ഉരുളക്കിഴങ്ങോ അധികം തരുന്ന
അജശിമാരേ, അജുമമാരേ....
ഞാന്‍ പോകുന്നു.
എന്റെ വര്‍ഷങ്ങളെ
പോറ്റുകയും പഠിപ്പിക്കുകയും പീഡിപ്പിക്കുകയും
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത
തേഹന്‍മിന്‍കൂക്.....
ഞാന്‍ പോകുന്നു.
അങ്ങ് ദൂരെ
എനിക്ക്
എന്റെ നാടുണ്ട്.
അവിടെ
ഇവിടത്തേക്കാള്‍ അഴുക്കുണ്ട്
കളവുണ്ട്
രോഗമുണ്ട്
പട്ടിണിയുണ്ട്...
പക്ഷേ...
എനിക്ക് കവിതതോന്നുന്ന ഭാഷയുണ്ട്.
ആ ഭാഷയ്ക്ക്
വട്ടങ്ങളും വരകളും കൊണ്ടുണ്ടാക്കിയ
24 കൊറിയന്‍ അക്ഷരങ്ങള്‍ക്കു പകരം
വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ
51 മലയാളം അക്ഷരങ്ങള്‍ ഉണ്ട്.
ഞാന്‍ പോകുന്നു....
--------------------------
സോജു: കൊറിയന്‍ മദ്യം, തേജ്: പന്നിയിറച്ചിയുടെ കൊറിയന്‍ പദം.
തേഹന്‍മിന്‍കൂക്: ദക്ഷിണകൊറിയയുടെ കൊറിയന്‍ പേര്.
Monday, January 21, 2013
Tuesday, January 15, 2013
അച്ഛന്‍
‘പുകവലിച്ചു ജീവിതം തുലച്ചിടൊല്ല സോദരാ!
പുകമറയ്ക്കു പിന്നിലുണ്ട് തീക്കനലെന്നറിയുക’ എന്ന്‍ വിളിച്ചുപറഞ്ഞ്
‘പുകവലി കൊണ്ട് എന്തു നേടാം?
പതിനഞ്ചുവര്‍ഷം നേരത്തേ മരിക്കാം’ എന്ന് പോസ്റ്ററൊട്ടിച്ച്
വീട്ടില്‍ വരുമ്പോള്‍
അച്ഛന്‍ ബീഡി വലിച്ചൂതുന്നുണ്ടാവും.
ഞാനും അച്ഛനും കലമ്പാവും.
ആപ്പന്‍ അച്ഛന്റെ കൂടെ കൂടും.
അമ്മ എന്റെകൂടെയും
‘ബൌസുള്ള ബീഡ്യാന്ന്, ബൌസുള്ള ബീഡി’
അത് പോട്ട്,
അച്ഛനിപ്പോള്‍
എന്തുകൊടുക്കും?
ബീഡിയോ ചോറോ പായസമോ
പുസ്തകമോ പത്രമോ പരദൂഷണമോ
ചായയോ വെള്ളമോ മരുന്നോ വേണ്ട.
അച്ഛന് തീര്‍ച്ചയായും വേണ്ടുന്നതെന്ന്
അച്ഛനോ ആര്‍ക്കെങ്കിലുമോ
എന്നെങ്കിലും തോന്നിയിരുന്നതൊന്നും വേണ്ട.
കാലോ നെഞ്ചോ പുറമോ
തടവിക്കൊടുക്കേണ്ട.
എന്തു ചെയ്തുകൊടുക്കും?
കണ്ണിടുങ്ങി, കാഴ്ച മങ്ങി
അച്ഛനെന്നെ കാണാന്‍ വയ്യ.
ഒച്ചയൊന്നും കേള്‍ക്കാന്‍ വയ്യ.
വെളിച്ചം കണ്ടാല്‍ ദേഷ്യം സഹിക്കാന്‍ വയ്യ.
കത്തിച്ചുകഴിഞ്ഞാല്‍ പിന്നെ
കുഴിമൂടേണ്ട, ബലിയിടേണ്ട.
ആത്മാവിനെപ്പിടിച്ച് കുപ്പിയിലാക്കി
എവിടേക്കോകൊണ്ടുപോയ് കളയുകപോലും വേണ്ട.
അച്ഛന് എന്തു ചെയ്തുകൊടുക്കും?
ഞരങ്ങലിന്റെയും മൂളലിന്റെയും വാദ്യഘോഷങ്ങളോടെ
മൌനത്തിന്റെ മാലയുമായി
അച്ഛന്‍ കട്ടിലില്‍ കാത്തിരിക്കുന്നു.
തകര്‍ന്ന ശ്വാസകോശം പോലെ
അരികിലിരിക്കുന്നു, വീട്.
അച്ഛന്റെ തൊണ്ടയിലെ കഫം പോലെ
എവിടേക്കും പോകാതെ
അരികിലിരിക്കുന്നു, നമ്മള്‍.
പുകമറയ്ക്കു പിന്നിലുണ്ട് തീക്കനലെന്നറിയുക’ എന്ന്‍ വിളിച്ചുപറഞ്ഞ്
‘പുകവലി കൊണ്ട് എന്തു നേടാം?
പതിനഞ്ചുവര്‍ഷം നേരത്തേ മരിക്കാം’ എന്ന് പോസ്റ്ററൊട്ടിച്ച്
വീട്ടില്‍ വരുമ്പോള്‍
അച്ഛന്‍ ബീഡി വലിച്ചൂതുന്നുണ്ടാവും.
ഞാനും അച്ഛനും കലമ്പാവും.
ആപ്പന്‍ അച്ഛന്റെ കൂടെ കൂടും.
അമ്മ എന്റെകൂടെയും
‘ബൌസുള്ള ബീഡ്യാന്ന്, ബൌസുള്ള ബീഡി’
അത് പോട്ട്,
അച്ഛനിപ്പോള്‍
എന്തുകൊടുക്കും?
ബീഡിയോ ചോറോ പായസമോ
പുസ്തകമോ പത്രമോ പരദൂഷണമോ
ചായയോ വെള്ളമോ മരുന്നോ വേണ്ട.
അച്ഛന് തീര്‍ച്ചയായും വേണ്ടുന്നതെന്ന്
അച്ഛനോ ആര്‍ക്കെങ്കിലുമോ
എന്നെങ്കിലും തോന്നിയിരുന്നതൊന്നും വേണ്ട.
കാലോ നെഞ്ചോ പുറമോ
തടവിക്കൊടുക്കേണ്ട.
എന്തു ചെയ്തുകൊടുക്കും?
കണ്ണിടുങ്ങി, കാഴ്ച മങ്ങി
അച്ഛനെന്നെ കാണാന്‍ വയ്യ.
ഒച്ചയൊന്നും കേള്‍ക്കാന്‍ വയ്യ.
വെളിച്ചം കണ്ടാല്‍ ദേഷ്യം സഹിക്കാന്‍ വയ്യ.
കത്തിച്ചുകഴിഞ്ഞാല്‍ പിന്നെ
കുഴിമൂടേണ്ട, ബലിയിടേണ്ട.
ആത്മാവിനെപ്പിടിച്ച് കുപ്പിയിലാക്കി
എവിടേക്കോകൊണ്ടുപോയ് കളയുകപോലും വേണ്ട.
അച്ഛന് എന്തു ചെയ്തുകൊടുക്കും?
ഞരങ്ങലിന്റെയും മൂളലിന്റെയും വാദ്യഘോഷങ്ങളോടെ
മൌനത്തിന്റെ മാലയുമായി
അച്ഛന്‍ കട്ടിലില്‍ കാത്തിരിക്കുന്നു.
തകര്‍ന്ന ശ്വാസകോശം പോലെ
അരികിലിരിക്കുന്നു, വീട്.
അച്ഛന്റെ തൊണ്ടയിലെ കഫം പോലെ
എവിടേക്കും പോകാതെ
അരികിലിരിക്കുന്നു, നമ്മള്‍.
Subscribe to:
Posts (Atom)