Monday, October 29, 2007

കുറുനരി (ഒരു ജപ്പാനീസ് കവിത)

കവി: ഹിരോമി ഇറ്റോ : അതിപ്രശസ്തയായ ജപ്പാനീസ് കവയിത്രി. 1955 ല്‍ ജപ്പാനിലെ ടോക്കിയോയില്‍ ജനിച്ചു. പത്തിലധികം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഔമെ (പച്ച പ്ലം പഴങ്ങള്‍ , 1982), വതാഷി വാ അഞ്ചുഹിമെകോ ദേ ആരു (ഞാനാണ് അഞ്ചുഹിമെകോ, 1993), കവാരാ അരേക്കുസ (പുഴക്കരയിലെ കാട്ടുചെടികള്‍, 2005) എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. പ്രശസ്തമായ തകാമി ജുണ്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

i )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എല്ലാവരും സുന്ദരികളായിരുന്നു.
എല്ലാവര്‍ക്കും പരമ്പരാഗതമായി മാജിക്കുകള്‍ അറിയാമായിരുന്നു.
എന്റെ അമ്മയാണ് എന്നെ പഠിപ്പിച്ചത്.
വീഞ്ഞ്, ചോറ്,ഉപ്പ് എന്നിവയൊക്കെയായി
നമ്മളല്ലാവരുംകൂടി
പാമ്പിനെയും,വെള്ളത്തെയും കിഴക്കിനെയും പേടിച്ച് ജീവിച്ചു.
ii )
എന്റെ രണ്ടുമാസം പ്രായമുള്ള മകള്‍
ഇപ്പോള്‍ സംസാരിക്കാന്‍ തുടങ്ങിയതേയുള്ളൂ.
കുറുനരി അവളോട് സംസാരിക്കുന്നു.
അത് സംസാരിക്കുമ്പോള്‍ അവളൊന്ന്
ചിരിക്കുക മാത്രം ചെയ്യുന്നു.
അങ്ങനെ അങ്ങനെ അങ്ങനെ.
കുറുനരി ഒരു വരണ്ട നിരപ്പ് എന്ന് പറയുമ്പോള്‍
എന്റെ മകള്‍ നിരപ്പ്,നിരപ്പ്,നിരപ്പ് എന്ന് പറയുന്നു.
കുറുനരി നീ നുണ പറയില്ല എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയില്ല പറയില്ല പറയില്ല എന്ന് പറയുന്നു.
കുറുനരി എനിക്കു വിശക്കുന്നു എന്ന് പറയുമ്പോള്‍
എന്റെ മകള്‍ പറയുന്നു, എനിക്കും വിശക്കുന്നു.
കുറുനരി ചിരിക്കുമ്പോള്‍
എന്റെ മകള്‍ പറയുന്നു ഹ .ഹ

എന്റെ മകളുടെ അച്ഛന്‍ പറഞ്ഞു.
*എനിക്ക് കുറുനരിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
എനിക് സ്വയം ഒറ്റപ്പെടണം
എനിക്ക് കുറുനരിയെ അല്ലാതൊന്നിനെയും കാണണ്ട
എനിക്കൊരു കുറുനരിയാവണം.
എന്റെ സ്വന്തം അച്ഛനും ഇങ്ങനെത്തന്നെ പറഞ്ഞിരുന്നു.
iii )
എന്റെ അമ്മക്ക് ധാരാളം പാലുണ്ടായിരുന്നു
ഒരേയൊരു മകളെ പോറ്റാന്‍ വേണ്ടതിലുമെത്രയോ അധികം.
എന്റെ അമ്മമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
അവര്‍ നാലു പെണ്ണിനെയും രണ്ടാണിനെയും പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
ഒരു ചിറ്റമ്മക്കും ധാരാളം പാലുണ്ടായിരുന്നു.
വേറൊരു ചിറ്റമ്മ മൂന്നാണ്‍കുട്ടികളെ പെറ്റു.
എല്ലാവരെയും പോറ്റി, എല്ലാവരെയും തീറ്റി.
മറ്റൊരു ചിറ്റമ്മ അവരുടെ ദത്തുപുത്രന് വരണ്ട മുലകൊടുത്തു. എന്നിട്ട്
മഴപെയ്യുമ്പോലെ പാലു വരുന്നതു വരെ അവനെ കൊണ്ട് മുല ഈമ്പിച്ചു.
iv )
എല്ലാം നനഞ്ഞതാണ്.
എന്റെ അമ്മമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ആര്‍ദ്രമാണ്.
പുരികവും പല്ലുകളുമില്ലാത്തത്.!
ഒരു ചിറ്റമ്മയുടെ സുന്ദരമായ മുഖം
തടിച്ചചുണ്ടുകളും,ചെറിയ കീഴ്ത്താടിയും പല്ലും രോമവുമുള്ളത്.
വേറൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പുരികങ്ങള്‍ വൃഥാവിലായെന്ന മട്ടിലുള്ള കണ്ണുകള്‍.
മറ്റൊരു ചിറ്റമ്മയുടെ സുന്ദരമായ മുഖത്ത്
പ്രായത്തിന്റെ കലകള്‍.
എന്റെ അമ്മയുടെ സുന്ദരമായ മുഖം
കോടിയ കവിളുകളും,കണ്ണുകളുമുള്ളത്.
പല്ലില്ലാത്തത്.
രോമമില്ലാത്ത തോള്‍.
എല്ലാവരുടെയും മുലകള്‍
ഇടിഞ്ഞു തൂങ്ങിയിരുന്നു.
v )
അവര്‍ ഒരു വൃത്തത്തിനകത്ത് ഒത്തുകൂടുന്നു.
കുടുംബത്തിലെ കുഞ്ഞുങ്ങളെ തുള്ളിക്കളിപ്പിച്ചു കൊണ്ട്.
എന്റെ മകളാണ് ഏക ചെറുമകള്‍.
ഒരേയൊരു മരുമകള്‍.
വൃത്തത്തിനകത്തെ പെണ്ണുങ്ങള്‍ സംസാരിക്കും.
അവരുടെ വാക്കുകള്‍ കൊച്ചുവര്‍ത്താനങ്ങളാകും.
വളരെ വേഗം
അമ്പതുമുതല്‍ തൊണ്ണൂറുവരെ
(ഏറ്റവും മുതിര്‍ന്നയാള്‍ 10 കൊല്ലം മുന്‍പ് മരിച്ചെങ്കിലും)
ആ വൃത്തത്തില്‍ വന്നു ചേരും.
എന്നിട്ട് മന്ത്രങ്ങളുരിവിടും.
**ഗതേ ഗതേ പാരഗതേ
പാരസംഗതേ
ബോധി സ്വാഹാ
ഗതേ ഗതേ പാരഗതേ പരാസംഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ
പരഗതേ
vi )
എന്റെ അമ്മമ്മ ഒരിടത്തരക്കാരിയായിരുന്നു.
എന്റെ അമ്മ ഒരു മാജിക്കുകാരിയായിരുന്നു.
ഒരു ചിറ്റമ്മ നര്‍ത്തകിയായിരുന്നു.
വേറൊരു ചിറ്റമ്മ ക്ഷയരോഗിയായിരുന്നു.
മറ്റൊരു ചിറ്റമ്മ മച്ചിയായിരുന്നു.
എന്റെ അപ്പൂപ്പന് തളര്‍വാതമായിരുന്നു.
എന്റെ അമ്മാവന്‍ ചെറുപ്പത്തിലേ മരിച്ചുപോയിരുന്നു.

മറ്റൊരാള്‍ മൂകനായിരുന്നു,ഒരു കക്കയെപ്പോലെ.
എന്റെ അച്ഛന് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ല.
എന്റെ അമ്മയുടെ ഭര്‍ത്താവ് അമ്മയില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നു.
ഞാന്‍ എന്റെ മകളെ പ്രസവിക്കുന്നതിനുമുമ്പേ,
എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നും.

കുറുനരി പറയുന്നു.
ഗതേ ഗതേ പാരഗതേ
എന്റെ മകള്‍ പറയുന്നു പാരസമാഗതേ
കുറുനരി പറയുന്നു ബോധിസ്വാഹാ
എന്റെ മകള്‍ പറയുന്നു ഗതേ ഗതേ പാരഗതേ
പാരസമാഗതേ
ഗതേ ഗതേ പാരാഗതേ പാരപാരഗതേ ഗഗഗതേ

പാരഗതേ.
vii )
ഇത് വളരെ ആര്‍ദ്രമാണ്.
ഇക്കൊല്ലത്തെ സമയവും മഴയും.
എന്റെ അമ്മ പ്രാകുന്നു,ആര്‍ദ്രതയെ.
ഉറക്കെ ദിവ്യമന്ത്രങ്ങളുരുവിടുന്നു.
വീഞ്ഞും മഴയും!
ചോറും മഴയും!
ഉപ്പും മഴയും!

എന്റെ ദൈവമേ...
യജമാനനായ പാമ്പേ...
ഞങ്ങളോട് ക്ഷമിക്കേണമേ..
വെള്ളമെല്ലാം കിഴക്കോട്ടേക്കൊഴുക്കേണമേ...
-------------------------------(1987)
*പ്രശസ്ത കലാകാരന്‍ ജോസഫ് ബോയ്സിന്റെ വരികള്‍. ന്യൂയോര്‍ക്കിലെ റെനെ ബ്ലോക്ക് ഗാലറിയില്‍ 1974-ഇല്‍ നടത്തിയ പ്രകടനത്തില്‍, ഒരു കുറുനരിയുടെ കൂടെ സ്വയം കൂട്ടില്‍ കഴിഞ്ഞ അദ്ദേഹത്തെ കുറിച്ചുള്ള ഒരു വീഡിയോ ക്ലിപ്പിങ്ങ് ഇവിടെ.
** ബുദ്ധസൂക്തം. (നിര്‍വ്വാണത്തെക്കുറിച്ച്)
--------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം

13 comments:

Pramod.KM said...

ഈ കവിതയുടെ വിഷാദാത്മകമായ അടിയൊഴുക്കുകളാണ് എന്നെ ആകര്‍ഷിച്ചത്. ഇതില്‍ വെള്ളം,കിഴക്ക് എന്നിവ ജപ്പാന്റെ പാരിസ്ഥിതികവും രാഷ്ട്രീയവുമായ സൂചനകള്‍ ആവാം. പാമ്പ്, ജപ്പാന്റെ ആത്മീയജീവിതത്തില്‍ എങ്ങനെ ആണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് അറിയില്ല.

അനിലൻ said...

nice poem.

well done pramod

കുറുമാന്‍ said...

എന്റെ അച്ഛന് ഇവരാരുമായും ബന്ധമുണ്ടായിരുന്നില്ല.
എന്റെ അമ്മയുടെ ഭര്‍ത്താവ് അമ്മയില്‍ നിന്നും അകന്നുകഴിഞ്ഞിരുന്നു.
ഞാന്‍ എന്റെ മകളെ പ്രസവിക്കുന്നതിനുമുമ്പേ,
എന്റെ ഭര്‍ത്താവ് എന്നില്‍ നിന്നും - കവിത നന്നായിരിക്കുന്നു പ്രമോദ്.

ടി.പി.വിനോദ് said...

നന്നായി പ്രമോദേ..

Sherlock said...

ഹമ്മേ...

സാരംഗി said...

വളരെ നന്നായിട്ടുണ്ട്, ഓരോ വരിയും.

വെള്ളെഴുത്ത് said...

“ആറുമാസം ശരീരമില്ലാത്ത വെറും തല
ആറുമാസം തലയില്ലാതെ വെറും ശരീരം
ഇങ്ങനെയുള്ള മനുഷ്യര്‍ താമസിക്കുന്ന നാട്
ആരെങ്കിലും കണ്ടിട്ടുണ്ടോ ?
ഇല്ലേ?..” ഇങ്ങനെയാണ് ഒരു മണിപൂരി കവിത.ഞാനിത് വായിച്ചരീതി ശരിയല്ല എന്നു വിചാരിച്ചു അടച്ചുപെട്ടിയിലാക്കി പരണത്തു വച്ചിരിക്കുകയായിരുന്നു. അപ്പോള്‍ മഞ്ഞക്കാര് ഇങ്ങനെയാണ് കവിതയെഴുതുന്നതല്ലേ...കൊള്ളാം. വസ്തുതാപരമാവുമ്പോഴും കവിതയില്‍ അന്തര്‍ധാരകള്‍, ധ്വനി, നീട്ടിവയ്ക്കപ്പെടുന്ന അര്‍ത്ഥം, സാംസ്കാരികഘടനയ്ക്കകത്തു പ്രവര്‍ത്തിക്കുന്ന വ്യവഹാരം.. അതുമനസിലാക്കാന്‍ കഴിയുന്ന വായനക്കാര്‍..

വിഷ്ണു പ്രസാദ് said...

പ്രമോദ്,പരിഭാഷാ ശ്രമങ്ങള്‍ തുടരുക.നന്ദി.

മയൂര said...

വരികള്‍ നന്നായിരിക്കുന്നു...:)

അഞ്ചല്‍ക്കാരന്‍ said...

കവിതയെന്ന പേരില്‍ പടച്ചു വിടുന്ന അത്യന്താധുനിക മലയാള കവിതകളേക്കാല്‍ ഭേതമാണ് പരിഭാഷകള്‍.

നല്ല ഉദ്യമം. പദാനുപദം വിവര്‍ത്തനം ചെയ്യുകയല്ലല്ലോ പരിഭാഷകന്‍ ചെയ്യുന്നത്. വരികളില്‍ കവിതയുണ്ടെങ്കിലേ വിവര്‍ത്തനം വിജയിക്കുള്ളു. താങ്കളുടെ പരിശ്രമം പരാജയമല്ല. വാക്കുകള്‍ അതിനെ സാക്ഷ്യം വെക്കുന്നു.

Murali K Menon said...

“എല്ലാം നനഞ്ഞതാണ്.
എന്റെ അമ്മമ്മയുടെ പുഞ്ചിരിക്കുന്ന മുഖം ആര്‍ദ്രമാണ്“

ജീവിതത്തിന്റെ പ്രരിഛേദങ്ങള്‍....
മൂല കവിത മനോഹരിയായതുകൊണ്ട് തന്നെ പ്രമോദിന്റെ പരിഭാഷയും മനോഹരമായി. ഭാവുകങ്ങള്‍

ഉപാസന || Upasana said...

മൂലകൃതിയുടെ ഭംഗി ഒരു പരിഭാഷക്കും ഉണ്ടാകില്ല ഭായ്...
ശ്രമങ്ങള്‍ തുടരുക
:)
ഉപാസന

Raji Chandrasekhar said...

ബെര്‍ലിയുടെ പാരഡിയിലൂടെയാണെത്തിയത്.
പ്രമോദേ,
ഈ കവിത പര്ചയപ്പെടുത്തിയതിന് നന്ദി.