ഞാനൊന്ന്വറിഞ്ഞില്ലപ്പാ
കാവുമ്പായീല്‍ വെടിപൊട്ട്യതും
ഏട്ടന്‍
പത്തായത്തില്ക്കേറി ഒളിച്ചതും.
‘ജമ്മിത്തം തൊലയട്ടെ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.
ജമ്മിത്തം തൊലഞ്ഞു.
പണിയെടുക്കാനറിയാതെ
പറമ്പുവിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.
കാലംകൊറേ കയിഞ്ഞു.
ഞാനൊന്ന്വറിഞ്ഞില്ലപ്പാ
നട്ടപ്പാതിരക്കുള്ള
കട്ടങ്കാപ്പിയും
മോന്‍
കാട്ടില്‍പ്പോയി ഒളിച്ചതും.
‘കമ്മൂണിസം അറബിക്കടലില്‍’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.
കഥ തീര്‍ന്നപ്പോള്‍
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍.
------------------------------------
ഇതിലേക്കുള്ള കമന്റുകള്‍ ഇവിടെ ഇടുക