Monday, April 2, 2007

ക്ഷണം

റഷ്യ
എന്നും
എന്റെ സിരകളിലെ
ലഹരിയായിരുന്നു..

ചെറുപ്പത്തില്‍
ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്
പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ
‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞിരുന്നത്
‘സോവിയറ്റ് നാടി’ന്റെ
കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട
കണക്കുപുസ്തകത്തില്‍ നിറയെ
ചുവന്ന മുട്ടകളുടെ
ചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.

സഖാക്കളുടെ ആദ്യരാത്രിയില്‍
കതകുകള്‍ സംഘടിച്ചു ശക്തരാകുമ്പോള്‍
വെള്ളപൂശിയ ചുമരുകളില്‍
‘നവദമ്പതികളെ നിങ്ങള്‍ക്ക്
വിപ്ലവാഭിവാദ്യങ്ങള്‍’എന്നും പറഞ്ഞ്
ഒരു കഷണ്ടിത്തലയോ
ഒരു കൊമ്പന്‍മീശയോ
വികാരമൊന്നുമില്ലാതെ
വെറുതെ
തൂങ്ങിനില്‍ക്കുമായിരുന്നു.

ചിറകുകളുള്ള
എന്റെ ബഹിരാകാശത്തിന്റെയും
ചിലന്തികളുള്ള
എന്റെ ബാത്റൂമിന്റെയും
അനന്തസാദ്ധ്യതകളെ ചൂഷണം ചെയ്തിരുന്നത്
യഥാക്രമം
വാലന്റീന തെരഷ്കോവയും
അന്നാ കുര്‍ണിക്കോവയുടെ അമ്മയുമായിരുന്നു.

ഗ്ലാസ്നോസ്റ്റില്‍
പെരിസ്ത്രോയിക്ക ഒഴിച്ച്
വെള്ളം ചേര്‍ക്കാതെയടിക്കുമ്പോള്‍
വാളും പരിചയും വെക്കേണ്ടിവരുമെന്ന്
കളരിദൈവങ്ങള്‍ വെളിപ്പെട്ടിരുന്നില്ലേ
ഗോര്‍ബച്ചേകവരേ...?

തൊണ്ടയിലെ കാറല്‍
മാക്സിമമാകുമ്പോള്‍
‘എന്റെ ജറമ്മനിമുത്തപ്പാ’ എന്ന് കൈകള്‍കൂപ്പി
മൂന്നുവരി
മൌനത്തില്‍ കരയുന്നതാണ്
എന്റെ
പതിവു ദുശ്ശീലങ്ങളിലൊന്ന്.
1).......................
2).......................
3).......................

എന്തിനേറെപ്പറയുന്നു പ്രീയസുഹൃത്തേ,
എന്റെ ഫ്രിഡ്ജില്‍
അരക്കുപ്പി
വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.
വരുന്ന ഞായറാഴ്ച്ച
നിനക്കവിടെ പ്രത്യേകിച്ച്
കച്ചേരിയോ കുച്ചിപ്പുടിയോ
മറ്റെന്തെങ്കിലുമോ ഇല്ലല്ലോ?
അപ്പോള്‍
വരില്ലേ...........?

18 comments:

Pramod.KM said...

ക്ഷണം........

ടി.പി.വിനോദ് said...

മൂന്നുവരി മൌനത്തിലുള്ള പതിവു രോദനത്തെ
1)സ്വാതന്ത്ര്യം2)ജനാധിപത്യം3)സോഷ്യലിസം എന്ന് പൂരിപ്പിച്ച് ഞാന്‍ ലജ്ജിക്കുന്നു...
അല്ലെങ്കിലെന്ത്,അമളിയുടെ ആയിരം മുദ്രാവാക്യങ്ങള്‍ ഉള്ളിലേക്ക് വിളിച്ച് ഞാന്‍ ഉറങ്ങാന്‍ പോകുന്നു...
നന്നായി കവിത....:)

prem prabhakar said...

The strength drains of our upraised arms..... slowly in our minds a world we lived is lost.......

slowly those catch words of revolution and its rot and fall fade away......

lets decide what rice we will buy next which are the cheaper options would it last long enough..........

വിശാഖ് ശങ്കര്‍ said...

പ്രമോദേ,
വരണ്ട കമ്യൂണിസം കാലായും അരയായും മുഴുവനായ് പോലും വിറുങ്ങലിച്ചിരിക്കുന്ന ഒരു പാട് ഫ്രിഡ്ജുകളുണ്ട് എന്റെ അറിവില്‍ തന്നെ.മഞ്ഞുടുപ്പുകള്‍ക്കുള്ളില്‍ അവ വേനല്‍ വരും വരും എന്നു പറഞ്ഞ് ചാവാതെ പിടിച്ചുനില്‍പ്പുണ്ട്.

ഒരുപുതിയ സൂര്യനുമായി വേനല്‍ എതുമായിരിക്കും. അല്ലേ..

Raghavan P K said...

ചരിത്രപരമായി ഇന്നും റഷ്യയോട് നമുക്ക് കടപ്പാടുണ്ട്. കാലം പല മാറ്റങ്ങളുമുണ്ടാക്കി !

P.K said...

അനന്തയുടെ ഈ യാന്ത്രിക യുഗത്തില്‍ വരട്ടു ചൊറിയും ചിരങ്ങും സോറിയാസിസും പിടിച്ച മനസുള്ളദ്‌ ദൈവത്തിണ്റ്റെ സ്വൊന്തം നാട്ടിലെ കമ്യുണിസ്റ്റ്‌ മനസാക്ഷിക്കു അമൂര്‍ത്തമായ രതിമൂര്‍ച്ചയില്‍ പുലഭുന്ന ജല്‍പ്പനങ്ങള്‍ മാത്ത്രമാണു മാവൊയും, ഇ എം എസും മാര്‍ക്സും എഗത്സും എല്ലാം. എങ്കിലും പ്രമോദിണ്റ്റെ ബ്ളോഗ്‌ മനോഹരമായിരിക്കുന്നു നല്ല ഭാഷ നല്ല ആശയങ്ങള്‍. സ്വൊന്തം പി. കെ

അനോമണി said...

പ്രമോദേ...
ഹെന്തായിത്...ആ മെലിഞ്ഞ ശരീരത്തില്‍ ഇത്രയും കരുത്തുള്ള ഒരു കവി..സ്വപ്നം..രാഷ്ട്രീയം..എന്തൊക്കെയാണ്?? ഏതായാലും തകര്‍ത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ..!!!
ദൃഢ്മായ വ്യാകരണത്തില്‍ ഉറച്ച താളുകളില്‍ എഴുതപ്പെട്ട അക്ഷരങ്ങള്‍ ഊര്‍ന്നുപോയതെന്തെന്ന് ഇനി ഏത് ഭൂതക്കണ്ണാടിയിലൂടെ നോക്കി‍യാല്‍ കണ്ടെത്താം..അല്ലേ??

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പുതുമയും കൈയൊതുക്കവുമുള്ള പ്രമോദിന്‌ വിജയം ആശംസിക്കുന്നു. ആത്മാവില്‍നിന്നുള്ള 'കമ്മ്യൂണിസ്റ്റ്‌ വിമര്‍ശ'മാണെങ്കില്‍ നന്ന്‌. കൂട്ടത്തില്‌ക്കൂടാതെയുള്ള ആത്മാവിഷ്കാരമെന്ന്‌ കരുതാം.

ചരിത്രത്തിലെ പല ദുരന്തങ്ങളിലും ദേശത്തെ മറന്ന്‌ ലോകത്തെ ശ്രദ്ധിച്ച വിഡ്ഢികളായിരുന്നു രഷ്യന്‍ ഭരണാധികാരികളെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നാം. ചില നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍, മര്‍ദ്ദനയന്ത്രമെന്ന അതിന്റെ വൈകല്യത്തിനപ്പുറം അവര്‍ നല്‍കിയ സമര്‍പ്പണം വിമര്‍ശത്തിന്റെ പേരില്‍ വിലമതിക്കപ്പെടാതെ പോവുന്നത്‌ അനീതിയുമാണ്‌.

ഇപ്പറഞ്ഞതൊന്നും കവിയെ സംബന്ധിക്കുന്ന വിഷയങ്ങളല്ല. അയാളുടെ സ്വാതന്ത്യ്‌രയത്തിന്‌ ഒരു വിലങ്ങും പാടില്ല.

കവിതകള്‍ താങ്കളുടെ ധിഷണയെ, ഭാവനയെ തുറന്നുകാട്ടുന്നു. തല്‍ക്കാലം, മറ്റൊരു കപ്പല്‍ എത്തും വരെ അവിടെത്തന്നെ തുടരുക... കവിയായും.

Rajeeve Chelanat said...

പ്രമാദം!!

കുരീപ്പുഴയുടെ "നഗ്ന കവിത"കളുടെ ചൂടും ഊര്‍ജ്ജവും കണ്ടു ഭാഷയില്‍.

ആശംസകള്‍

സജിത്ത്|Sajith VK said...

അവിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനം പിളര്‍ന്നതുതന്നെ, റഷ്യടെ വഴി നമുക്കുമെന്ന് സിപിഐയും, ചൈനയുടെ വഴി നമുക്കുമെന്ന് നക്സലുകളും, നമുക്ക് ഇന്ത്യന്‍ കമ്യൂണിസമെന്ന് സിപിഎമ്മും പറഞ്ഞതായിരുന്നു... വര്‍ഷങ്ങളോളം സിപിഎമ്മിനെ ആരാജ്യങ്ങളിലെ കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ അംഗീകരിച്ചിരുന്നുമില്ല...

വിമര്‍ശനങ്ങള്‍ കമ്യൂണിസത്തില്‍ അനിവാര്യമാണ്, അതുകൊണ്ടുതന്നെ താങ്കളുടെ കവിത മികച്ചതാണ്. പക്ഷേ, ബദലുകള്‍ ചൂണ്ടിക്കാണിക്കാത്ത വിമര്‍ശനങ്ങള്‍ അരാഷ്ട്രീയതയ്ക്കേ വളം വയ്ക്കൂ....

Pramod.KM said...

ലാപുടാ...താങ്കളും എന്നെപ്പോലെ തന്നെ നന്നായി ഉറങ്ങിയിട്ടുണ്ടാവുകയില്ലെന്നു കരുതട്ടെ.
പ്രേം, ചോറ്ന്നു പോയ കരുത്ത് വീണ്ടും തിരിച്ചെടുക്കാന്‍ പറ്റുമെന്നു വിശ്വസിക്കാം.
വിശാഖ് ശങ്കറ് മാഷെ,വേനലും വസന്തവും വരിക തന്നെ ചെയ്യും എന്നാണു പ്രതീക്ഷ.
രാഘവന്‍ മാഷേ..നമുക്ക് കടപ്പാട് ആരോടെങ്കിലും ഉണ്ടെങ്കില്‍ അത് റഷ്യയോട് മാത്രം.
പി.കെ ചേട്ടാ..നേതാക്കന്മാറ് പ്രസംഗങ്ങളില്‍ ഒതുങ്ങുന്നു.അനോമണീ..എന്നെ നന്നായി അറിയുന്ന എന്നാല്‍ ആരെന്നു എനിക്കു പിടികിട്ടാത്ത അങ്ങ് ആരാണ്??ശിവപ്രസാദ് മാഷെ..ആത്മാവില്‍ ഒറ്റപ്പെട്ട ദ്വീപില്‍നിന്നുള്ള രോദനം മാത്രമാണിത്.എന്നെങ്കിലും കപ്പല്‍ വരുമായിരിക്കും!
രാജീവ് ചേലനാട്ട്...നിരീക്ഷണത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.നഗ്നകവിതകള്‍ വായിച്ചിരുന്നോ എന്നു ഓറ്ക്കുന്നില്ല.ഉണ്ടാവണം..
സജിത്തേ...ഒരിക്കലും ഇതൊരു വിമറ്ശനമല്ല.തീരാത്ത സങ്കടങ്ങള്‍ പറഞ്ഞു എന്നു മാത്രം.സങ്കടപ്പെടുന്നത് അരാഷ്ട്രീയതക്ക് ഒരിക്കലും വളമാകില്ല.ബദലുകള്‍ ഉണ്ടാകേണ്ടതുണ്ട്.എന്റെ,നിങ്ങളുടെ,നമ്മുടെ കൂട്ടായ്മയില്‍ ഒരു ബദല്‍ വിരിഞ്ഞു വരാതിരിക്കില്ല.
എല്ലാവറ്ക്കും നന്ദി.

Unknown said...

“ എന്റെ ഫ്രിഡ്ജില്‍
അരക്കുപ്പി
വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.
വരുന്ന ഞായറാഴ്ച്ച
നിനക്കവിടെ പ്രത്യേകിച്ച്
കച്ചേരിയോ കുച്ചിപ്പുടിയോ
മറ്റെന്തെങ്കിലുമോ ഇല്ലല്ലോ?
അപ്പോള്‍
വരില്ലേ...........?“

ഇതാണ് വിപ്ലവം. യഥാര്‍ത്ഥ മനുഷ്യ സ്നേഹി ആയിരിക്കും ഒരു കമ്മ്യൂണിസ്റ്റുകാരന്‍. അതു കൊണ്ടു തന്നെയാണ് കുറച്ചെങ്കിലും മനസ്സില്‍ ബാക്കിയാവുന്നത്. മുകളില്‍ ചേര്‍ത്ത വരികള്‍ മാത്രം മതി താങ്കളുടെ കവിതയിലെ ചൂടറിയാന്‍.

ചില വരികളില്‍ വാചാലത തോന്നിയെങ്കിലും അതൊക്കെ ഞാന്‍ മറക്കുന്നത് താങ്കളുടെ അവസാനത്തെ പാരഗ്രാഫിലാണ്. അഭിനന്ദനങ്ങള്‍.

ഇനി
നാട്ടുകാരാ.. കാണ്ണൂര് ഇതെവിടെയാ താങ്കളുടെ സ്ഥലം? ഇപ്പോല്‍ കൊറിയയിലാണല്ലേ...വീണ്ടും കാ‍ണാം.
സ്നേഹത്തോടെ
രാജു

Pramod.KM said...

ഇരിങ്ങല്‍ മാഷേ.
അഭിപ്രായങ്ങള്‍ക്ക് നന്ദി.
ഞാന്‍ കണ്ണൂരില്‍ കടൂറ് എന്നു പറഞ്ഞ സ്ഥലത്താണ്.അത്ര പ്രശസ്തമൊന്നുമല്ലായിരുന്നു.ഇപ്പോള്‍ ഞാന്‍ കാരണം പ്രശസ്തിയാറ്ജ്ജിച്ചു വരുന്നു.;).മയ്യില് പഞ്ചായത്തില്‍ ആണ്.എവിടെ ആണ്‍ താങ്കള്‍?.വീണ്ടും കാണാം,കാണണം.

കുടുംബംകലക്കി said...

കവിതയും അഭിപ്രായങ്ങളും ചേര്‍ന്ന് സമ്പന്നമായ ഈ പേജില്‍ വൈകിയെങ്കിലും എത്താന്‍ കഴിഞ്ഞല്ലോ; ഭാഗ്യം.
എന്നാലും ഈ കണ്ണൂരുകാരുടെ ഒരു കാര്യം!!! :)

Pramod.KM said...

കുടുമ്പം കലക്കിച്ചേട്ടാ,...;)
കണ്ണൂരുകാരെ തൊട്ടുകളിക്കല്ലേ...ഹഹഹ.ചുമ്മാ..
വൈകിയെങ്കിലും എത്തിയല്ലോ.നന്ദി...;)

നിരക്ഷരൻ said...

കവിതയും, അതിലെ ഹാസ്യവും വളരെ ഇഷ്ടപ്പെട്ടു.

എന്റെ ഫ്രിഡ്ജില്‍ അരക്കുപ്പി വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.

അതുമാത്രം ജനങ്ങള്‍ ഇനിയും മനസ്സിലാക്കാത്തതെന്താണ് ?

Latheesh Mohan said...

ഹഹ..ഞാന്‍ ചരിത്രം തിരഞ്ഞ് ഇറങ്ങിയതാണ്. അപ്പോഴാണ് അന്നാ കുര്‍ണിക്കോവയുടെ അമ്മയെ കണ്ടത്.

ഗംഭീരം. കുറ്റമല്ല ആള്‍ക്കാര്‍ കമ്യൂ വിരു എന്നു വിളിക്കുന്നത്.

Pramod.KM said...

ലതീഷേ.. എന്റെ പിഴ.എന്റെ പിഴ:))