Showing posts with label ക്ഷണം. Show all posts
Showing posts with label ക്ഷണം. Show all posts

Monday, April 2, 2007

ക്ഷണം

റഷ്യ
എന്നും
എന്റെ സിരകളിലെ
ലഹരിയായിരുന്നു..

ചെറുപ്പത്തില്‍
ആംഗ്യപ്പാട്ടിന് സമ്മാനം കിട്ടിയിരുന്നത്
പ്രഭാത് ബുക്സ് പരിഭാഷപ്പെടുത്തിയ
‘യെമേല്യ‘യും ‘മിലാനൊസോവി‘ച്ചും ഒക്കെയായിരുന്നു.

ചരിത്രവും പൌരധര്‍മ്മവും പൊതിഞ്ഞിരുന്നത്
‘സോവിയറ്റ് നാടി’ന്റെ
കട്ടിയുള്ള കടലാസ്സുകൊണ്ടായിരുന്നു.
ക്രൂഷ്ചേവിന്റെ പടമുള്ള കവറിട്ട
കണക്കുപുസ്തകത്തില്‍ നിറയെ
ചുവന്ന മുട്ടകളുടെ
ചീഞ്ഞുപോയ സ്വപ്നങ്ങളായിരുന്നു.

സഖാക്കളുടെ ആദ്യരാത്രിയില്‍
കതകുകള്‍ സംഘടിച്ചു ശക്തരാകുമ്പോള്‍
വെള്ളപൂശിയ ചുമരുകളില്‍
‘നവദമ്പതികളെ നിങ്ങള്‍ക്ക്
വിപ്ലവാഭിവാദ്യങ്ങള്‍’എന്നും പറഞ്ഞ്
ഒരു കഷണ്ടിത്തലയോ
ഒരു കൊമ്പന്‍മീശയോ
വികാരമൊന്നുമില്ലാതെ
വെറുതെ
തൂങ്ങിനില്‍ക്കുമായിരുന്നു.

ചിറകുകളുള്ള
എന്റെ ബഹിരാകാശത്തിന്റെയും
ചിലന്തികളുള്ള
എന്റെ ബാത്റൂമിന്റെയും
അനന്തസാദ്ധ്യതകളെ ചൂഷണം ചെയ്തിരുന്നത്
യഥാക്രമം
വാലന്റീന തെരഷ്കോവയും
അന്നാ കുര്‍ണിക്കോവയുടെ അമ്മയുമായിരുന്നു.

ഗ്ലാസ്നോസ്റ്റില്‍
പെരിസ്ത്രോയിക്ക ഒഴിച്ച്
വെള്ളം ചേര്‍ക്കാതെയടിക്കുമ്പോള്‍
വാളും പരിചയും വെക്കേണ്ടിവരുമെന്ന്
കളരിദൈവങ്ങള്‍ വെളിപ്പെട്ടിരുന്നില്ലേ
ഗോര്‍ബച്ചേകവരേ...?

തൊണ്ടയിലെ കാറല്‍
മാക്സിമമാകുമ്പോള്‍
‘എന്റെ ജറമ്മനിമുത്തപ്പാ’ എന്ന് കൈകള്‍കൂപ്പി
മൂന്നുവരി
മൌനത്തില്‍ കരയുന്നതാണ്
എന്റെ
പതിവു ദുശ്ശീലങ്ങളിലൊന്ന്.
1).......................
2).......................
3).......................

എന്തിനേറെപ്പറയുന്നു പ്രീയസുഹൃത്തേ,
എന്റെ ഫ്രിഡ്ജില്‍
അരക്കുപ്പി
വരണ്ട കമ്മ്യൂണിസം
വിറങ്ങലിച്ച് ബാക്കിയിരിപ്പുണ്ട്.
വരുന്ന ഞായറാഴ്ച്ച
നിനക്കവിടെ പ്രത്യേകിച്ച്
കച്ചേരിയോ കുച്ചിപ്പുടിയോ
മറ്റെന്തെങ്കിലുമോ ഇല്ലല്ലോ?
അപ്പോള്‍
വരില്ലേ...........?