Thursday, November 21, 2013

കല്ലുകള്‍

എന്റെ അമ്മ ശാരദയും
ശാരദയുടെ അമ്മ ദേവിയും
ദേവിയുടെ അമ്മ ഉപ്പാട്ടിയും
ഉപ്പാട്ടിയുടെ  അമ്മ തേമനുമൊക്കെ...
എന്റെ അച്ഛന്റെ അമ്മ ചെറിയയും
ചെറിയയുടെ അമ്മ കാക്കിയും
കാക്കിയുടെ അമ്മ തേനുവുമൊക്കെ...
വീട്ടിലേക്ക് വന്നുകയറുന്ന
പുതിയ പെണ്ണിനെയെറിയാന്‍
സൂക്ഷിച്ചുവെച്ച
ചില ചൊല്ലുകളുണ്ട്

“അമ്മേന്റെ ചോറ് ഉറീലാന്ന്
പെങ്ങളെ ചോറ് കലത്തിലാന്ന്
ഓളെ ചോറ് ഒരലിലാന്ന്”*

വീട്ടിലെ ആണുങ്ങള്‍ക്ക്
ഇതൊരു പഞ്ഞിക്കെട്ടായി തോന്നും
അവര്‍ അതില്‍ തലവെച്ച് കിടന്നുറങ്ങുകയും
ചോറു വാരിത്തിന്നുന്ന ഒരു സ്വപ്നം കാണുകയും ചെയ്യും.
ഓളായി വന്നുകയറുന്നോള്‍ക്ക്
ഇതിന്റെ കുപ്പിച്ചില്ലുപോലുള്ള മുനകൊണ്ട്
മുറിവേല്‍ക്കും.
ഓള്‍ അമ്മയാകുമ്പോള്‍
മുന തേഞ്ഞ് മിനുസപ്പെട്ടതായി തോന്നും
തോന്നിപ്പിക്കും.

എന്നാല്‍
പുതിയ കാലത്ത്
പുതുതായി വരുന്നോള്‍ക്ക്
ഇതിന്റെ മൂര്‍ച്ച
ഉള്ളതിനേക്കാളധികമായി തോന്നുന്നു
“ഓളെ  വീട്ടില്‍പ്പോയി നിന്നാല്‍
നാലാന്നാള്‍ നായ്ക്ക് സമം” എന്നു കേട്ടാലുടനെ
നാലുനാളിലധികം വീട്ടില്‍പ്പോയി നിന്നാല്‍ മാത്രം മാറുന്ന
ഒരു സൂക്കേട് പിടിപെടുന്നു
വേദന സഹിക്കാന്‍ പറ്റാതാകുന്നു

ചിലപ്പോള്‍
അവളുടെ വേദനയേറ്റെടുത്ത്
നമ്മുടെ വീട് പെറുമായിരിക്കും
പുതിയ വീടിനെ അവള്‍
മനുഷ്യരേക്കാളും നന്നായി വളര്‍ത്തുമായിരിക്കും.
------------------------
* അമ്മയാണെങ്കില്‍ മകനുള്ള ചോറ്, നേരത്തേ തന്നെ ഉറിയില്‍ കരുതിവെച്ചിട്ടുണ്ടാകും. പെങ്ങളാണെങ്കില്‍ ആങ്ങളയ്ക്കുള്ള ചോറ്  കലത്തില്‍ നിന്നും എടുത്തുകൊടുത്താല്‍ മതി. എന്നാല്‍ ഭാര്യയുടെ ചോറ് ഉരലില്‍ ആണ്, നെല്ലു കുത്തുന്നേയുള്ളൂ, അത് അരിയാക്കിയിട്ടു വേണം ചോറുവെച്ചു വിളമ്പാന്‍.

Friday, October 11, 2013

എന്തോ ഒന്ന്

പണ്ട് അമ്മമ്മ
പിറന്നാളിനോ പാലുകാച്ചലിനോ പോയി മടങ്ങുമ്പോള്‍
നെയ്യപ്പത്തിന്റ്യോ
മൈസൂര്‍പ്പഴത്തിന്റ്യോ
പപ്പടക്കഷ്ണത്തിന്റ്യോ, അല്ലെങ്കില്‍
ഉപ്പേരീന്റ്യോ ഒപ്പരം
കോന്തലയില്‍ പൊതിഞ്ഞുകൊണ്ടുവരുന്ന
എന്തോ ഒന്നുണ്ട്.

എന്റെ അമ്മയും, ഭാര്യയും, അവളുടെ വീട്ടുകാരും,
ആപ്പനും, ഭാര്യയും, അവരുടെ മക്കളുമൊക്കെ
വീതം വെച്ചാല്‍ കുറഞ്ഞുപോകുമോ എന്ന് പേടിക്കുന്ന
എന്നാല്‍ വീതിച്ചില്ലെങ്കില്‍ കെട്ടുപുളിക്കുന്ന
എന്തോ ഒന്ന്.

ചോര്‍ന്നൊലിക്കുന്ന വീട്ടില്‍
ഒപ്പം കിടന്നുറങ്ങിയ പൈക്കള്‍ക്കും മക്കള്‍ക്കും ഭര്‍ത്താവിനും
ഭര്‍ത്താവിന്റെ ഭ്രാന്തിനും,
മുറിച്ച മരങ്ങള്‍ക്കും മരിച്ചവര്‍ക്കും
പൂച്ചകള്‍ക്കുമൊക്കെ കൊടുത്തിട്ടും ബാക്കിയാകുന്ന
എന്തോ ഒന്ന്.

ഇന്ന് ഞാന്‍
അമ്മമ്മയ്ക്ക് വാങ്ങിക്കൊടുക്കുന്ന സാധനങ്ങള്‍ക്കൊപ്പം
അതുണ്ടോ, അതില്ലേ എന്ന സംശയത്താല്‍
കെട്ടിപ്പിടിക്കുന്നു.
ചുളിവുവീണ കൈകളിലും
എന്നോടൊപ്പം കഥകേട്ടു വളര്‍ന്ന
മുഖത്തെ വലിയ കരുവാറ്റയിലും
തലോടുന്നു.
കെട്ടിവെച്ച മുടി അഴിച്ച്
വീണ്ടും കെട്ടിക്കൊടുക്കുന്നു.
ഉമ്മവെക്കുന്നു.

‘എന്റെ മോന്‍ ചാകുന്നതുവരെ എന്നെ നോക്കും
മോന്‍ ചത്താല്‍ പിന്നെ ആരാ നോക്ക്വാ’എന്ന കഥയോടൊപ്പം
അമ്മമ്മ കരച്ചലില്‍ പൊതിഞ്ഞു തന്ന
എന്തോ ഒന്ന് വാങ്ങി
ഞാന്‍ തിരിച്ചു പോകുന്നു.

Monday, January 21, 2013

കൊറിയ ഏസോ കടൂര്‍ കാചി

‘വാ... വാ’ എന്നതിന്
‘വാ... വാ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കാ....കാ’ എന്നതിന്
‘പോ.....പോ’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

‘അയ്യോ.... പാമ്പ്’എന്നതിന്
‘ഐഗോ....പേം’ എന്നു പറയുന്ന നാട്ടില്‍ നിന്നും
‘കേ.... കേ’ എന്നതിന്
‘പട്ടി....പട്ടി’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

‘പുല്ല്...പുല്ല്’ എന്നതിന്
'ഭുല്ല് ...ഭുല്ല് ’ എന്നു പറയുന്ന നാട്ടില്‍ നിന്നും
'നാമു....നാമു’ എന്നതിന്
‘മരം....മരം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

'പള്ളി...പള്ളി’ എന്നതിന്
‘ക്യോഹെ...ക്യോഹെ’  എന്നു പറയുന്ന നാട്ടില്‍ നിന്നും
‘പള്ളി...പള്ളി’ എന്നതിന്
‘വേഗം...വേഗം’ എന്നു പറയുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

കൈകൂപ്പുന്നതിനു പകരം
കുനിയുന്ന നാട്ടില്‍ നിന്നും
ചൊക്കാരക്കുപകരം
കൈകൊണ്ട് തിന്നുന്ന നാട്ടിലേക്ക്
ഞാന്‍ പോകുന്നു.

പൂവിനുശേഷം ഇലവരുന്ന നാട്ടിലെ
അല്‍മോണിയെ വിട്ട്
അമ്മൂമ്മയെ കാണാന്‍ ഞാന്‍ പോകുന്നു.

സോജുവും തേജും വിട്ട്
കൂട്ടുകാരായ സോജുവിനെയും തേജിനെയും കാണാന്‍
ഞാന്‍ പോകുന്നു

ഒരു ചിരിയാല്‍
ആംഗ്യത്താല്‍
ശബ്ദത്താല്‍
അതിരുകള്‍ മായ്ച്ചവരേ...
ഞാന്‍ പോകുന്നു.

പുലര്‍ച്ചെ ഒന്നോ രണ്ടോ മണിക്ക്
ലബോറട്ടറിയില്‍ നിന്നും
പുസ്തകങ്ങളെയും രാസപ്രവര്‍ത്തനങ്ങളെയും
താരാട്ടിയുറക്കി മടങ്ങുമ്പോള്‍
വീടുകളുടെയും കടകളുടെയും മുന്നില്‍ കൂട്ടിവെച്ച
പാഴ്വസ്തുക്കള്‍ പെറുക്കുന്ന
‘കിം അമ്മാവനെ’ കാണും.
അറിയാത്ത ഭാഷയുടെ കട്ടിക്കമ്പിളിക്കുപ്പായത്തിന് തടുക്കാനാവാത്ത
ആ സ്നേഹത്തിന്റെ തണുപ്പില്‍
പലപ്പോഴും നമ്മള്‍
തുറന്നിരിക്കുന്ന ഏതെങ്കിലും ഒരു കടയില്‍പ്പോയി
സോജുവോ മറ്റെന്തെങ്കിലുമോ കഴിക്കും.
കിം അമ്മാവാ...ഞാന്‍ നാ‍ട്ടിലേക്കു പോകുന്നു.

ദേജിയോണിലെ ചൊന്മിന്‍ദോങ്ങില്‍
അഞ്ചുദിവസം കൂടുമ്പോള്‍ വരുന്ന ചന്തകളില്‍ നിന്നും
സാധനങ്ങള്‍ വാങ്ങുമ്പോള്‍
പുറംനാട്ടുകാരനായതിനാലോ എന്തോ
മൂന്നോ നാലോ
ഉള്ളിയോ ഉരുളക്കിഴങ്ങോ അധികം തരുന്ന
അജശിമാരേ, അജുമമാരേ....
ഞാന്‍ പോകുന്നു.

എന്റെ വര്‍ഷങ്ങളെ
പോറ്റുകയും പഠിപ്പിക്കുകയും പീഡിപ്പിക്കുകയും
ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത
തേഹന്‍മിന്‍കൂക്.....
ഞാന്‍ പോകുന്നു.

അങ്ങ് ദൂരെ
എനിക്ക്
എന്റെ നാടുണ്ട്.
അവിടെ
ഇവിടത്തേക്കാള്‍ അഴുക്കുണ്ട്
കളവുണ്ട്
രോഗമുണ്ട്
പട്ടിണിയുണ്ട്...


പക്ഷേ...
എനിക്ക് കവിതതോന്നുന്ന ഭാഷയുണ്ട്.
ആ ഭാഷയ്ക്ക്
വട്ടങ്ങളും വരകളും കൊണ്ടുണ്ടാക്കിയ
24 കൊറിയന്‍ അക്ഷരങ്ങള്‍ക്കു പകരം
വട്ടങ്ങളും വരകളും വളവുകളും കൊണ്ടുണ്ടാക്കിയ
51 മലയാളം അക്ഷരങ്ങള്‍ ഉണ്ട്.

ഞാന്‍ പോകുന്നു....

 --------------------------

സോജു: കൊറിയന്‍ മദ്യം, തേജ്: പന്നിയിറച്ചിയുടെ കൊറിയന്‍ പദം.
തേഹന്‍മിന്‍കൂക്: ദക്ഷിണകൊറിയയുടെ കൊറിയന്‍ പേര്.

Tuesday, January 15, 2013

അച്ഛന്‍

‘പുകവലിച്ചു ജീവിതം തുലച്ചിടൊല്ല സോദരാ!
പുകമറയ്ക്കു പിന്നിലുണ്ട് തീക്കനലെന്നറിയുക’ എന്ന്‍ വിളിച്ചുപറഞ്ഞ്
‘പുകവലി കൊണ്ട് എന്തു നേടാം?
പതിനഞ്ചുവര്‍ഷം നേരത്തേ മരിക്കാം’ എന്ന് പോസ്റ്ററൊട്ടിച്ച്
വീട്ടില്‍ വരുമ്പോള്‍
അച്ഛന്‍ ബീഡി വലിച്ചൂതുന്നുണ്ടാവും.
ഞാനും അച്ഛനും കലമ്പാവും.
ആപ്പന്‍ അച്ഛന്റെ കൂടെ കൂടും.
അമ്മ എന്റെകൂടെയും
‘ബൌസുള്ള ബീഡ്യാന്ന്, ബൌസുള്ള ബീഡി’

അത് പോട്ട്,
അച്ഛനിപ്പോള്‍
എന്തുകൊടുക്കും?

ബീഡിയോ ചോറോ പായസമോ
പുസ്തകമോ പത്രമോ പരദൂഷണമോ
ചായയോ വെള്ളമോ മരുന്നോ വേണ്ട.
അച്ഛന് തീര്‍ച്ചയായും വേണ്ടുന്നതെന്ന്
അച്ഛനോ ആര്‍ക്കെങ്കിലുമോ
എന്നെങ്കിലും തോന്നിയിരുന്നതൊന്നും വേണ്ട.
കാലോ നെഞ്ചോ പുറമോ
തടവിക്കൊടുക്കേണ്ട.
എന്തു ചെയ്തുകൊടുക്കും?
കണ്ണിടുങ്ങി, കാഴ്ച മങ്ങി
അച്ഛനെന്നെ കാണാന്‍ വയ്യ.
ഒച്ചയൊന്നും കേള്‍ക്കാന്‍ വയ്യ.
വെളിച്ചം കണ്ടാല്‍ ദേഷ്യം സഹിക്കാന്‍ വയ്യ.
കത്തിച്ചുകഴിഞ്ഞാല്‍ പിന്നെ
കുഴിമൂടേണ്ട, ബലിയിടേണ്ട.
ആത്മാവിനെപ്പിടിച്ച് കുപ്പിയിലാക്കി
എവിടേക്കോകൊണ്ടുപോയ് കളയുകപോലും വേണ്ട.

അച്ഛന് എന്തു ചെയ്തുകൊടുക്കും?

ഞരങ്ങലിന്റെയും മൂളലിന്റെയും വാദ്യഘോഷങ്ങളോടെ
മൌനത്തിന്റെ മാലയുമായി
അച്ഛന്‍ കട്ടിലില്‍ കാത്തിരിക്കുന്നു.
തകര്‍ന്ന ശ്വാസകോശം പോലെ
അരികിലിരിക്കുന്നു, വീട്.
അച്ഛന്റെ തൊണ്ടയിലെ കഫം പോലെ
എവിടേക്കും പോകാതെ
അരികിലിരിക്കുന്നു, നമ്മള്‍.