ഞാൻ
ബ്ലോഗിലോ
ഫേസ്ബുക്കിലോ പ്രിന്റിലോ
കവിതയെഴുതിയതു
കണ്ടാലുടൻ
അമ്മാവൻ
തുരുതുരാ
വിളിക്കും
ഇന്നയാളെക്കുറിച്ചുള്ള
നിന്റെ ഇന്ന കവിത കണ്ടു
മറ്റൊരാളെക്കുറിച്ചുള്ള
നിന്റെ മറ്റൊരു കവിത കണ്ടു
എന്നിങ്ങനെ
കുറേത്തവണ
പറയും
ഇതിങ്ങനെ
പതിവായപ്പോൾ
ഇന്നലെ
അമ്മാവനെന്നെ
വിളിച്ചു
പുളിച്ച
ചീത്ത പറഞ്ഞു.
“നിനിക്ക്
അമ്മോനെപ്പറ്റി ഒരു ബിജാരോമില്ല
അല്ലേ
മോനേ.....
നീ
എത്ര്യാളപ്പറ്റി കവിത എയ്തി....
അമ്മോനെപ്പറ്റി
ഒറ്റ്യൊരെണ്ണം എയ്തീറ്റ്ല്ലല്ലോ
ഉം...ആയിക്കോട്ടപ്പാ....”എന്ന്
സങ്കടപ്പെട്ടു.
ഉം...ആയിക്കോട്ടപ്പാ....”എന്ന്
സങ്കടപ്പെട്ടു.
എനിക്കു
കവിതയെഴുതാൻ പറ്റിയിട്ടില്ലാത്തവരുടെ
പ്രതിനിധിയായി
വന്ന്
അമ്മാവനെന്നെ
കൊറേ
നേരം കലമ്പി
എനിക്കറിയാം
അമ്മാവന്റെ
ഒരു കാലിനു മറ്റേക്കാലിനേക്കാൾ
ഒരടി
നീളം കൂടുതലുള്ളതുപോലെ
അമ്മാവനെന്നോട്
ഒരാൾക്കുള്ളതിനേക്കാൾ
ഒരു
പിടി ഇഷ്ടം കൂടുതൽ
അമ്മാവനെക്കുറിച്ച് ഞാനെഴുതും.
പക്ഷെ
ഒരു കാര്യം.
ഞാൻ
കവിതയാക്കിയവരുടെ പ്രതിനിധിയായിവന്ന്
അമ്മാവനെന്നെ
കലമ്പരുത്!
വന്നുവന്ന്
ഇപ്പോളെനിക്ക്
അമ്മാവനെക്കുറിച്ചുമാത്രമേ
എഴുതാൻ പറ്റൂ
എന്നായിട്ടുണ്ട്.
കാരണം
വാക്കുകളെ
നേരിടാൻ
തോക്കുകൾ
കാത്തിരിപ്പുണ്ട്.
അമ്മാവൻ
പേടിക്കേണ്ട!
വെടിയേൽക്കാൻ
പാകത്തിലുള്ള
ഒരു
വാക്കോ വിഷയമോ
ഞാനെന്റെ
കവിതയുടെയരികത്തുപോലും
കൊണ്ടുവരില്ല.
ഞാൻ
നാടുവിടുന്നതിലും നല്ലതല്ലേ
അമ്മാവാ
വാക്കുകളെ
നാടുകടത്തുന്നത്!
‘അമ്മാവനെക്കുറിച്ച്
ഞാനൊരു കവിതയെഴുതും’ എന്ന
ഈ
കവിത
ഫേസ്ബുക്കിൽ
പോസ്റ്റ് ചെയ്തപ്പോൾ
“ഇതാണോ
കവിത?” എന്ന്
എന്റെ
ഭാര്യ ചോദിച്ചു
എനിക്ക്
ഭയങ്കരമായി ദേഷ്യം വന്നു.
ഞാനന്ന്
പട്ടിണികിടന്നു.
“ഇതെന്തു
കവിത?” എന്ന്
ഒരു
ചങ്ങാതി ഇ-മെയിലയച്ചു.
ഞാനയാൾക്ക്
തിരിച്ചൊരു
തെറിമെയിലയച്ചു.
“ആ
കവിതയെവിടെ?
അതിനായി
ആകാംക്ഷയോടെ കാത്തിരിക്കുന്നു”
എന്ന്
ആ
കവിതയ്ക്കുതാഴെ
ഒരു
കമന്റു വന്നു.
ആ
കമന്റ് ഞാൻ
ലൈക്ക്
ചെയ്തു!
അമ്മാവൻ
പേടിക്കേണ്ട!
എഴുത്തിന്റെ
പേരിൽ
ആരുമെന്റെ
കഴുത്തിനുപിടിക്കാൻ
കൂടി വരില്ല.