Monday, May 3, 2010

വിക്കി വിക്കി ഒരു ഇട്ടിക്കോര

ടി.ഡി. രാമകൃഷ്ണന്റെ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ എന്ന നോവലിനെപ്പറ്റിയുള്ള ഒരു വിമര്‍ശനം.
2010 മെയ് 7 ലെ സമകാലിക മലയാളം വാരികയില്‍ വന്നത്.
വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday, April 15, 2010

വേദിയറിഞ്ഞുള്ള പ്രസംഗം

പരസ്പരം തലകുനി-
ച്ചഭിവാദ്യം ചെയ്തിടുന്ന
രീതിനിലവിലുള്ളതാം
കൊറിയേല്‍പ്പോയി,

‘ഞാനാരുടെ മുന്നിലുമെന്‍
തലകുനിക്കില്ല’ യെന്ന്
പറഞ്ഞാല്‍ ചിലപ്പോള്‍ കാര്യം
ഗുലുമാലാകും.

Wednesday, April 14, 2010

കൂര്‍ക്കം

( ഓമനത്തിങ്കല്‍ക്കിടാവോ-എന്ന രീതിയില്‍ വായിച്ചിടേണം ‍)

എന്റെ സഹവാസിയായോ-രൊരാള്‍
ഓന്റെ പ്രിയ മറാത്തീലും
പിന്നൊരുത്തന്‍ മലയാള-ത്തിലും
സ്വപ്നങ്ങള്‍ കാണുമെന്നാലും
പേരറിയാത്തൊരു ഭാഷേല്‍ ‍-രണ്ടു
പേരും വലിച്ചിടും കൂര്‍ക്കം

രണ്ടുമലകള്‍ക്കിടയില്‍ -ക്കൂടി
നൂണു കടക്കും പുഴയായ്
രണ്ടു വരികള്‍ക്കിടയില്‍ -ഒന്നും
മിണ്ടാതിരിക്കും വിടവായ്
രണ്ടുകൂര്‍ക്കങ്ങള്‍ക്കിടെ ഞാന്‍-പന്തി
രണ്ടു വരികള്‍ കുറിച്ചൂ.

Sunday, April 11, 2010

കുട്ടി

കൊറിയക്കാരി ‘ജിന്‍സുന്‍-
പാര്‍ക്ക്’ തന്‍വയറ്റിലെ
കുട്ടിയെ സ്കാന്‍ ചെയ്തപ്പോ-
ഴുള്ള വീഡിയോ കാട്ടി
‘നോക്കിതു തലയാണ്,
കയ്യിത് കാലാണിത്
വികൃതിക്കുഞ്ഞാ,മൂന്നു-
മാസമായതേയുള്ളൂ’
ഇടയ്ക്ക് തെളിയുന്നൂ,
മറയുന്നുണ്ടാക്കുട്ടി
പെണ്ണാണെന്നതു ജിന്‍സുന്‍
സ്വപ്നം കണ്ടുപോല്‍ രാത്രി

എന്തെടീ മോളേ നിന്റെ-
യിന്ത്യന്‍ മാമനെ നോക്കൂ
എന്തു നീ ചിരിക്കാത്തേ?
ഞാനപ്പോള്‍ ചൊല്ലീ ‘So Cute'

Thursday, April 8, 2010

പിരാന്ത്

ഒരു ദിവസം 
മുകുന്ദേട്ടന്‍ വീട്ടില്‍ വന്നു. 

 മിറ്റത്തു കിടന്നിരുന്ന 
കണ്ടംകടലാസില്‍ നിന്ന് 
മലയാളത്തിന്റെ ഉമികളഞ്ഞ് 
ഇംഗ്ലീഷ് മാത്രം വായിച്ചു. 

അപ്പാപ്പന് അടികൊണ്ട സമയത്ത് 
ആസ്പത്രീല് കൊണ്ട്വോവാന്‍  
ചൊമലിലിരുത്ത്യേന്റെ 
ചോരക്കറ കണ്ട്വാന്ന് 
അമ്മമ്മേനെ കാട്ടി 
ചായക്കും കടിക്കുമുള്ള 
അവകാശം സ്ഥാപിച്ചു. 

 പൊള്ളും, ശ്രദ്ധിക്കണമെന്ന് പറഞ്ഞ് 
ബീഡിക്ക് പറ്റിക്കാന്‍ 
ആപ്പന്‍ നീട്ടിയ തീക്കൊള്ളിയുടെ
 ചോന്ന അറ്റത്ത് പിടിച്ച് 
പൊള്ളില്ലെന്ന് തെളിയിച്ചു. 

 ‘മിണ്ടാന്‍ നേരമില്ല മുഗുന്നേട്ടാ
 പണിക്ക് പോണ’മെന്ന് ഒഴിയാന്‍ നോക്കിയ ആപ്പനെ, 
‘ഏട്യാന്ന് പണി? ആടത്തേക്ക് ഞാന്‍ 
എട്ത്ത് കൊണ്ട്വോവാ’ന്ന് 
കൂച്ചിപ്പിടിച്ചെടുത്ത് 
ഒച്ചത്തില്‍ വര്‍ത്താനം പറഞ്ഞോണ്ട് 
അങ്ങ് നടന്നു.

രാത്രി കുന്നുമ്പൊറത്ത് പോയി
‘പണ്ടെല്ലാം എത്ര കുറുക്കമ്മാരുണ്ടേനും,
ഇപ്പം ഒന്നിനേം കാണുന്നില്ലല്ലോ’ന്ന് പറഞ്ഞ്
നേരമ്പൊലരുംവരെ 
കൂക്കി

Sunday, April 4, 2010

പ്രാസം

‘മൂന്നേട്ടാ,
മൂന്നുമണിയായോ’ന്ന് ചോദിക്കുമ്പോള്‍
മുകുന്ദേട്ടന്‍ വടിയെടുക്കും.

‘ചീരേട്ടാ,
ചീര നട്ട്വോ’ന്നെങ്ങാനും ചോദിക്കുമ്പോള്‍
ശ്രീധരേട്ടന്‍ പിറകേയോടും

‘മനോരേട്ടാ,
മനോരമ വായിച്ചോ’ ചോദിക്കുമ്പോള്‍
മനോഹരേട്ടനു ദേഷ്യം.

‘ഉത്തമേട്ടാ
ഉത്തരം പറയാമോ?’ ഉത്തരമായ്
ഉത്തമേട്ടന്‍ കണ്ണുരുട്ടും.

കണ്ണേട്ടാ,
കണ്ണു കാണ്വോ?
മൊയ്തൂക്കാ,
മൈദയുണ്ടോ?
തൊമ്മിച്ചാ,
തുമ്മലാണോ?
നാണമാണോ,
നാണിയേച്ചീ?

‘പ്രാസ’മെന്നാല്‍
‘പരിഹാസം’ ലോപിച്ചതാണെന്ന് ചെറു-
പ്രായത്തില്‍ ഞാന്‍ കണ്ടെത്തി.

Wednesday, March 31, 2010

കവിതയാണ് താരം-1

"I would like to thank my parents; they gave me the biggest gift POVERTY, and I want to thank them for the rest of my life" -Roberto Benigni (ഓസ്കാര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് 1999 ല്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)


ഉദയനാണ് താരമെന്ന സിനിമയില്‍ സരോജ് കുമാര്‍ അനുനാസികാധിക്യത്തോടെ നല്‍കുന്ന ടെലിവിഷന്‍ അഭിമുഖത്തെ പലപ്പോഴും ഓര്‍മ്മിപ്പിച്ചുവെങ്കിലും, എസ്. ജോസഫ് തന്റെ ധാരണകളെ അതേപടി പകര്‍ത്തിവെക്കുന്നതില്‍ സത്യസന്ധത കാട്ടിയെന്നതാണ് മാതൃഭൂമിയില്‍ വന്ന ‘എന്റെ കാവ്യജീവിതം’ എന്ന ലേഖനത്തിന്റെ ഒരു മേന്മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 21-27). തന്റെ മനസ്സില്‍ വേരൂന്നിയ ചില നിലപാടുകളെ ഗൂഢമായി താലോലിക്കാനോ ചെറിയ സൌഹൃദവൃത്തത്തിനകത്ത് പരദൂഷണമായൊതുക്കാനോ ശ്രമിക്കാതെ പരസ്യമായി തുറന്നുപറഞ്ഞതുകൊണ്ടാണ് ‘ജോസഫേ,നിന്റേത് തെറ്റിദ്ധാരണയാണ്’ എന്ന് ജോസഫിനോട് പറയാന്‍ പി.രാമന് സാധിച്ചത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍ 4-10) . രാമനോടുതന്നെ രഹസ്യമായി ഈ വക വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവെച്ച് തിരുത്തുകയും, കവിതയെക്കുറിച്ചുമാത്രം പൊതുജനങ്ങളോട് സംസാരിക്കുകയും ചെയ്യുകയായിരുന്നു ഏറ്റവും അഭികാമ്യം. ജനസാമാന്യത്തിന് കവിതയെക്കാള്‍ കവിയുടെ വ്യക്തിജീവിതത്തിലും ദൌര്‍ബല്യങ്ങളിലുമൊക്കെയാണ് വലിയ താത്പര്യമെന്ന് കരുതിയതുകൊണ്ടോ, അങ്ങനെയെങ്കിലും ആള്‍ക്കാര്‍ കവിതയെപ്പറ്റി ചര്‍ച്ചനടത്തുകയും ചിന്തിക്കുകയും ചെയ്യുന്നുവെങ്കില്‍ചെയ്യട്ടെയെന്ന് വിചാരിച്ചോ ആവാം ജോസഫ് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നത്. ‘ആര്‍ക്കും കവിതയെഴുതാം’ എന്ന വലിയ സത്യം തിരിച്ചറിയുന്ന ജോസഫ്, പക്ഷേ ആരുടെ കവിതയെയും ആര്‍ക്കും ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം എന്ന ലളിതമായ വസ്തുത മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു.

പല കലാകാരന്മാരുടെയും അസ്വസ്ഥതകള്‍ക്ക് കാരണം തങ്ങളുടെ സൃഷ്ടിയെ താന്‍ വിചാരിക്കുന്ന ഒന്നോ രണ്ടോ പേര്‍ തിരസ്കരിച്ചു എന്നതായതുകൊണ്ടാണ്, എത്രയേറെ അംഗീകാരവും അഭിനന്ദനവും മറ്റനേകം പേരില്‍ നിന്ന് കിട്ടിയിട്ടുണ്ടെങ്കില്‍ത്തന്നെയും അതൊന്നും അവര്‍ക്ക് ഒട്ടും തന്നെ ആശ്വാസമേകാത്തത്. കല്യാണം കഴിഞ്ഞ് കുട്ടികളും, അവരുടെ കല്യാണം കഴിഞ്ഞ് അവര്‍ക്കും കുട്ടികള്‍ ഉണ്ടായ ശേഷവും ആള്‍ക്കാര്‍ ആദ്യത്തെ പ്രണയ പരാജയത്തെക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നതുപോലുള്ള ഒരു മാനസികാവസ്ഥയാണിത്. ഇത് മനസ്സിലാക്കാം പക്ഷെ കവിതയെപ്പറ്റി പറയുന്നതിനിടയില്‍ കവിയുടെ ജാതിയും ജാതകവും നോക്കുന്നിടത്താണ് പ്രശ്നം ആരംഭിക്കുന്നത്.

കുറ്റാലത്തുപോയി കവിയാകുന്നത്, പൊന്നാനിയില്‍ പോയി സുന്നത്ത് ചെയ്യുന്നതു പോലെയുള്ള ഒരു ഏര്‍പ്പാടാണെന്നും, ജയമോഹന്‍ ആണ് സാധാരണമനുഷ്യരെ കവിയാക്കുന്ന ഒസ്സാനെന്നുമാണ് പലരും ധരിച്ചുവെച്ചിരിക്കുന്നതെന്നു തോന്നുന്നു. അന്‍വര്‍ അലിയുടെയും ഗോപീകൃഷ്ണന്റെയും ടോണിയുടെയും പി.പി.രാമചന്ദ്രന്റെയുമൊക്കെ കവിതകള്‍ ഇഷ്ടമല്ലെന്ന് സി.ആര്‍ പരമേശ്വരന്‍ പറഞ്ഞാല്‍ , അവര്‍ പരമേശ്വരനൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് കവികളല്ലാതാകുമോ? ആറ്റൂര്‍ രവിവര്‍മ്മയും, ആറ്റൂരില്‍ നിന്ന് വഴികിട്ടുമെന്ന് ജോസഫ് പറയുന്ന രാമനും, വഴികിട്ടില്ലെന്ന് ജോസഫ് തന്നെ പറയുന്ന ജോസഫും എന്റെ കവിതകള്‍ കൊള്ളാമെന്ന് പറഞ്ഞെന്നു കരുതി ഞാനിനി എന്നില്‍ നിന്നും ഇവരിലേക്കെല്ലാം പൊതുവായി നീളുന്ന കവിതയുടേതല്ലാത്ത വഴിയന്വേഷിച്ച് തലപെരുപ്പിക്കണോ?

ആര്‍ക്കും കവിയാകാം, എന്തും കവിതയാകാം എന്നതരത്തില്‍ മലയാള കവിതയെ സംബന്ധിച്ചിടത്തോളം ഏറ്റവും പുരോഗമനപരമായ ഒരു ചിന്തയും,നിന്റെ കവിത ഒരു മണ്ണിനും പുണ്ണാക്കിനും കൊള്ളില്ല’ എന്ന് വേണമെങ്കില്‍ അനോണിമിറ്റിയുടെ മറയുപയോഗിച്ചുപോലും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം തരുന്ന ബ്ലോഗുകളും നിലവിലുള്ള ഈ കാലത്ത്, ഇന്നയാള്‍ തന്റെ കവിത മോശമെന്നു പറഞ്ഞുവെന്ന്‍ ചൊല്ലി സങ്കടപ്പെടുന്നതിലുള്ള വിഡ്ഢിത്തമോര്‍ത്ത് ഒരു നിമിഷം കണ്ണടച്ചുപിടിക്കുന്നതായിരിക്കും, ചിലപ്പോള്‍ അസംതൃപ്തിയില്‍ നിന്നു കരകയറാന്‍ കവികള്‍ക്ക് അനുവര്‍ത്തിക്കാവുന്ന ഏകമാര്‍ഗം.