1) ഗുരുകുലത്തില്‍:
മയക്കത്തില്‍ എഴുതിയവ:
ദിഷ്ടം കഴിഞ്ഞു ധര നൂതനമായിടട്ടെ
നഷ്ടപ്പെടട്ടെ തിലകങ്ങള്‍ വസന്തമൊക്കെ
സ്പഷ്ടം മയക്കമിതു നല്ലൊരു പദ്യമാഹാ!
ഇഷ്ടപ്പെടുന്നു കുലനാഥനു മംഗളങ്ങള്‍..:) (വൃത്തം: വസന്തതിലകം)
കലവും കുലവും മറിഞ്ഞഹോ
കലയില്‍ പുംഗവനാമുമേശനും!
നിലയില്ല ചുരുക്കമൊന്നിനും
ഉലകില്,കൂടുതലെന്തു ചൊല്ലുവാന്‍!! (വൃത്തം:വിയോഗിനി)
നോക്കേണം വാക്കു നന്നായ്,വരികള്‍ മുഴുവനും വായ്ക്കണം സൂക്ഷ്മമായി
വക്കാണത്തിന്നു പല്ലും പുനരിഹ നഖവും കൊണ്ടു പോരുന്ന നേരം.
ഇക്കാണും പോസ്റ്റുകള്‍തന്‍ തിരകളലയടിക്കുന്നതാം ബ്ലോഗ്ഗുനാമം
ഓര്‍ക്കൂ;ഞാന്‍ ചൊന്നതാഹാ!ഗുരു‘കുലമിതു തന് നാഥ’നെ,ന്നെന്തു ഹിന്ദി? (വൃത്തം:സ്രഗ്ദ്ധര)
തുലോംകുറഞ്ഞ സൈസിലുള്ള ഫോണ്ടു തന്നെയാണഹോ
വിലക്കമായിനിന്നതെന്റെ വാക്കുകള്‍ ഗ്രഹിക്കുവാന്‍
കുലം കലം തിരിഞ്ഞതിന്റെ കാരണം മനസ്സിലായ്
കുലത്തിലേ ഗുരുക്കളേ പിണക്കമില്ലയേതുമേ…:) (വൃത്തം:പഞ്ചചാമരം)
മധുരാജ,മനസ്സിനുള്ളിലെ
മധുപം മൂളിന ഗാനഖണ്ഡമീ
വിധമിങ്ങെഴുതുന്നു,നേരമി-
ല്ലധികം ചില്ലിനെനോക്കിനില്‍ക്കുവാന്‍:) (വൃത്തം:വിയോഗിനി)
-----------------------------------------------------
ഗുരുകുലത്തിലെ സമസ്യാപൂരണം. തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ? (വൃത്തം: വസന്തതിലകം)
ഉദ്ദണ്ഡനെപ്രതിയനേകമുരച്ചുവെന്നാ-
ലുദ്ദേശ്യശുദ്ധിയുളവാകുമവന്റെയുള്ളില്
എന്നുള്ളചിന്തയതു വേണ്ടയിതിന്നു ചുട്ട
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
നല്ലോരു രാജ്യപതിയായ മഹാബലിക്ക്
പാതാളമേകിയൊരു വാമനനേയുമമ്പോ
സുല്‍ത്താനെയും പുകള്‍ കയറ്റിയ വര്‍മ്മ മാഷേ
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
ഇല്ലാത്ത വൃത്തമഹ! നിര്‍മ്മിതമാക്കി വിണ്വാ-
ക്കോതുന്ന ദേവഗണനായകവീരനേയും
കണ്ണൂസുചേട്ടനെയുമോട്ടിവിടുന്നതിന്ന്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
സിദ്ധാര്ത്ഥനെന്നൊരു മനുഷ്യനരാഷ്ട്രവാദി
സിദ്ധാന്തമെന്തു പറയു, ന്നനുവാദമില്ലാ-
തേതെങ്കിലും‘ത’യതിരട്ടിയതായി വന്നാല്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
തല്ലേണ്ടയെന്നെ മമമാതുല,തല്ലിയാലും
നന്നാകുകില്ലയിവനെന്നുമൊഴിഞ്ഞിടുന്നോന്
ആരാകിലെന്തതു സനാതനനാകിലെന്ത്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
വൃത്തത്തിലാക്കുകിതുമൊത്തമിതും മൊഴിഞ്ഞു
ചുറ്റുന്നതിന്നിടയിലെന്നുടെ തത്വശാസ്ത്രം
തൊട്ടെങ്കിലക്കളികള് തീക്കളിയാണ് മാഷേ
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
കണ്ണൂസഹോ കഴിവുകൂടിയ കണ്ണുവെച്ചൂ
ഫ്യൂസങ്ങടിച്ചു സനാതന പുംഗവന്റെ
രണ്ടാളുമോടുകുടനങ്ങനെയല്ലയെങ്കില്
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
സന്തോഷ് ഗുരോയിവിടെയുണ്ടിവനേകനായി
സന്താപമോടെ പശികൊണ്ടു വലഞ്ഞ്,കഞ്ഞി-
ക്കില്ലെങ്കിലുംരുചി,തരേണമെനിക്കതല്ലേല്‍
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
(1)ചൊല്ലിക്കൊടുത്തു,ഗുണമില്ലിനി യെന്തുമാര്ഗ്ഗം?
(2)എല്ലാരുമൊത്തു തിരയേണ്ടൊരു കാര്യമെന്തേ?
(3)ഇല്ലെങ്കിലല്ലല്,ഇവിടം മഹനീയമാകും
(1)തല്ലാണു (2)നല്ലവഴി(3)യെന്നതു തീര്‍ച്ചയല്ലേ?(ക്രമാലങ്കാരമെങ്കില് അത്)
[സൂ ഏച്ചിയെ വൃത്തത്തിലാക്കിയത്. :)]
വല്ലാതെയേറി പനി,യെന്‍ തലയോ കനത്തു
വയ്യാതെ വീട്ടുപണി ചെയ്തതു തീര്‍ത്തിടുന്നു
കിട്ടേണമിപ്പൊളൊരു സദ്യയിതോതുമോര്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
എത്തീ വിഷുപ്പുലരി,ഒത്തു വരും പിറന്നാള്‍
കൈവന്നു സാലറിയതും കുറടാക്സിനാലേ
എന്നാലുമേകുകൊരു സാരിയിതോതുമോള്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?
ഷാരൂഖുചിത്രമതു വന്നു,തിരക്ക് കേമം
ടിക്കറ്റു വില്‍ക്കുവതു കാണുവതുണ്ട് ബ്ലാക്കില്‍
എന്നിട്ടുമോടിയുടനങ്ങു തിരക്കുമോര്‍ക്ക്
തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ
------------------- -------------------------------------------
2) ശേഷം ചിന്ത്യത്തില്‍
ചായയുടെ പാചകക്രമം:
ഇച്ഛയോടതുകുടിച്ചു നേരവുമതിക്രമിച്ചു പുനരുച്ചയായ്
കാണ്മതില്ലിതുവരേക്കുമൂണു റെഡിയായതില്ലയൊ സഹോദരാ?:)
ഇല്ലയെങ്കിലൊരു ചെമ്പിലല്‍പ്പമെടു പച്ചരീ,യിനിയൊഴിക്കുക
പച്ചവെള്ളമളവിച്ഛപോല്‍ ത്തിളവരുമ്പൊളെന്നെയറിയിക്കുക:) (വൃത്തം: കുസുമ മഞ്ജരി)
വരും വരാതിരിക്കുമോ:
വരും; വരുന്ന സീരിയല്‍,പരാക്രമങ്ങളൊക്കെയും
ഇരുന്നിരുന്നു കാണ്കയാലിരുട്ടു, രണ്ടു കണ്ണിലും.
വരില്ലൊരിക്കലും വരാന്‍ കൊതിച്ച രമ്യരാഗവും
ഹരം മനസ്സിനേകുമാരവങ്ങളും സഹോദരാ.. (വൃത്തം:പഞ്ചചാമരം)
:))
പ്രണയ ദിനം:
അഖണ്ഡമായ് വരുന്നതാമുയര്‍ച്ചതാഴ്ചയില്‍,വരും
സുഖത്തിലും കഠോരമായൊരാതപത്തിലും വരെ
സഹിച്ചതാണു നല്ലവണ്ണമെന്റെ രാഗഭാജനം
സഖേ,വരൂ സഖേയടുത്തു പ്രേമഘോഷമാര്‍ക്കുവാന്‍
-----------------------------------------------------
3) നെല്ലിക്കയില്‍
വാമന മൂര്‍ത്തിക്ക്:
“ചതിക്കാം,ചതിക്കാം, മഹത്താം കുലത്തില്‍
ജനിച്ചെന്നുതോന്നുന്നവന്മാരുപോലും-
ബലിയ്ക്കീ നിജത്തെദ്ധരിപ്പിച്ചു മോക്ഷം
കൊടുക്കാനടുക്കും ഹരിക്കായ് നമിക്കാം”(വൃത്തം: ഭുജംഗ പ്രയാതം)
ചണ്ഡാല ഫെമിനിസ്റ്റില്‍:
ക്ഷമിക്കണം ഹാ സുമുഖന്‍ ഭവാനെ
നിരാശനാക്കേണ്ടതില്‍ ഖേദമുണ്ട്
സഹിക്കുവാന്‍ പറ്റുകയില്ല തന്റെ
നിറഞ്ഞൊരൌദ്ധത്യമെഴും സ്വഭാവം (വൃത്തം: ഉപേന്ദ്രവജ്ര)
പെണ്ണാണിന്‍ പലയാഗ്രഹങ്ങള്‍ നിറവേറ്റാനുള്ളതാം യന്ത്രമാ-
ണെന്നാളും മുതലായ ധാരണയെഴും ആണ്‍കോയ്മയാം സംഗതി
അല്ലെങ്കില്‍ ദളിതര്‍ സവര്‍ണ്ണരവര്‍ ത,ന്നാജ്ഞാനുവര്‍ത്തീഗണം
ആണെന്നുള്ളൊരു ധാരണാഘടകവും ആകാം തനിക്കുള്ളിലായ് (വൃത്തം: ശാര്‍ദ്ദൂല വിക്രീഡിതം)
ഇതൊക്കെയാണു കാര്യകാരണങ്ങളെന്നിരിക്കിലും
മനസ്സിലില്ലെനിക്കു തോന്നല്‍ നീര് പകര്‍ന്നു നല്കുവാന്
തനിക്കുവേണമെങ്കിലുണ്ടു പാള പാശമൊക്കെയീ
കിണറ്റില്‍ നിന്നുവെള്ളമങ്ങെടുത്തു ദാഹമാറ്റുക!(വൃത്തം: പഞ്ചചാമരം)
10 comments:
അവിടെയും ഇവിടെയും നിന്ന് വായിച്ചതാണ് കുറെ ശ്ലോകങ്ങളെങ്കിലൂം ഒരുമിച്ച് കണ്ടപ്പോള്‍ ഒന്നു കൂടി വായിച്ചു! നന്നായി പ്രമോദേ.
ഇതെല്ലാം ഒരിടത്തു് അടുക്കി വച്ചതു് നന്നായി.
ha..ha.. ha... kollam
പ്രമോദേ,
ശ്ലോകത്തൊഴിലാളിയൂണിയന്റെ അനുവാദമില്ലാതെ ശ്ലോകമെഴുതിയതിന്റെപേരില് വലയാധീശ്വരിയാണേ ഞങ്ങള്‍ ഇവിടെ പ്രശ്നമുണ്ടാക്കും.
:-)
കലക്കന്‍!
ആഹ.. ഇതെല്ലാം പെറുക്കിക്കൂട്ടിയോ :))
നിനക്കൊരു മഹാകാവ്യം എഴുതാനൊള്ള കോപ്പൊണ്ട് :)
ആഹ! പ്രമാദം പ്രമോദ് പ്രമാദം.
:)
അനുഷ്ഠുപ്പിലും ഒന്നാവാം
അനുഷ്ഠുപ്പില് കുറിച്ചീടൂ
ആദ്യകാവ്യമുറന്നതില്
വാര്‍ന്നുവീഴട്ടെ ശ്ലോകങ്ങള്‍
മധുരിക്കട്ടെ നാവിലായ്
എന്നാല്‍ എന്റെ വഹ 4 വരി .
വിപ്രന്റെ ഭാഷ പിഴച്ചിടുന്നു
വിപ്രന്നു സോമം ദഹിചിടുന്നു
വിപ്രോഇല് പെണ്ണു പിടിച്ചിടുന്നു
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
വിപ്രാ, ഞാന്‍ ഒരു മനഷ്യനല്ലേ!
(വിപ്രോഇല് പഠിച്ചു കിട്ടിയതലേ)?
വിപ്രന്നു ഇല്ല ഇഹ മരുലോകമെന്ന-
വൃത്താന്തം ഓര്മയിരിക്കയില്ലേ -എങ്കില്‍
തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?
Post a Comment