ഒരു നോവല്‍ വായിച്ചിട്ട് കുറേ കാലമായി. വായിച്ചു തീര്‍ക്കാനുള്ള ക്ഷമയില്ലാത്തതാണ് പ്രധാന കാരണം. കഥ എഴുതണം എന്നു വിചാരിച്ചിരുന്ന ആശയങ്ങളെല്ലാം ചുളുവില്‍ കവിതയായിപ്പോയതിന്റെ കാരണവും ഈ ക്ഷമയില്ലായ്മ ആണ്. വളരെ നാളുകള്‍ക്കു ശേഷം വായിച്ച നോവല്‍ ആയിരുന്നു ഡില്‍ഡോ. വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യത്തെ ഡില്‍ഡോ കണ്ടെത്തിയ നാട്ടില്‍ നിന്നാണ് ഈ കുറിപ്പ് എഴുതുന്നതെന്നതില്‍ സന്തോഷമുണ്ട്.:)
‘അനന്തരം?’ എന്ന ചോദ്യമൊഴിവാക്കാനാണ് കുട്ടിക്കഥകളിലെ കഥാപാത്രങ്ങള്‍ പലപ്പോഴും കൊല്ലപ്പെടുന്നതെന്ന മുന്‍ വാക്കോടെയാണ് ഡില്‍ഡോ എന്ന നോവല്‍ ആരംഭിക്കുന്നത്. ‘മരിച്ചു‘ എന്നു പറയുന്നതിനു പകരം ‘കഥ കഴിഞ്ഞു‘ എന്ന പ്രയോഗം നമുക്കുണ്ടായത് അങ്ങനെയാണ്. കുട്ടികളുടെ ചോദ്യങ്ങളെ കൊല്ലാന്‍ പലപ്പോഴും മുതിര്‍ന്നവര്‍ക്ക് ഇങ്ങനെ പലവഴികളും കണ്ടുപിടിക്കേണ്ടി വരാറുണ്ട്. ‘ഈ വല്ലിയില്‍ നിന്നു ചെമ്മേ/പൂക്കള്‍ പോകുന്നിതാപറന്നമ്മേ’ എന്ന് തുടങ്ങുന്ന കുട്ടിയുടെ കൌതുകത്തില്‍ നിന്നും തുടങ്ങുന്ന ഒരു പാട്ട് അവസാനം ‘നാമിങ്ങറിയുവതല്‍പ്പം/ എല്ലാമോമനേ ദൈവ സങ്കല്‍പ്പം’ എന്നു പറഞ്ഞ് തടിരക്ഷപ്പെടുത്തുന്ന അമ്മയില്‍ ആണ് കുമാരനാശാന് അവസാനിപ്പിക്കുന്നത്.
ഈ നോവലില്‍ തങ്ങളുടെ മരണത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് മരിച്ചവര്‍ സംസാരിക്കുന്നു. മരിച്ചതിനു ശേഷവും കഥ കഴിയുന്നില്ല എന്ന് നമുക്ക് മനസ്സിലാകുന്നു.
അനന്തരം എന്ന ചോദ്യമുയര്‍ത്തുന്ന ആകാംക്ഷയും അന്വേഷണവും നോവലിന്റെ അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ ദേവദാസിനു കഴിഞ്ഞു എന്നത് അഭിനന്ദനീയം തന്നെ.
ഒരു പാഠപുസ്തകത്തിന്റെ സൂക്ഷ്മാംശങ്ങള്‍ തന്മയത്വത്തോടെ സന്നിവേശിപ്പിച്ചിരിക്കുന്നു ഈ പുസ്തകത്തില്‍. ലൈംഗികവിദ്യാഭ്യാസമെന്ന് കേള്‍ക്കുമ്പോള്‍ കലിയിളകുന്ന യാഥാസ്ഥിതികരുടെ എണ്ണം, നമ്മുടെ നാട്ടില്‍ ചെറുതല്ലെന്ന് പാഠപുസ്തകസംബന്ധിയായ സമകാലിക വിവാദങ്ങളില്‍ നിന്നും നമുക്ക് മനസ്സിലായതാണ്. ഈയവസരത്തില്‍ ഡില്‍ഡോ എന്ന പാഠപുസ്തകവുമായി കടന്നു വരികയാണ് ദേവദാസ്.
കേരളത്തിലെ വായനാ സമൂഹത്തിനുള്ള ഈ ഉപഹാരം, ‘ഡില്‍ഡോ: ആറുമരണങ്ങളുടെ പള്‍പ് ഫിക്ഷന്‍ പാഠപുസ്തകം‘ എന്ന വി.എം.ദേവദാസിന്റെ നോവല്‍, മേതില്‍ രാധാകൃഷ്ണന്റെ അവതാരികയോടെയും, ഉന്മേഷ് ദസ്തക്കിര്‍ രൂപകല്‍പ്പന ചെയ്ത കവറോടു കൂടിയും ആഗസ്റ്റ് 8 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രകാശിപ്പിക്കപ്പെടുന്നു. ടി.പി.വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’ എന്ന കവിതാസമാഹാരത്തിനു ലഭിച്ച അംഗീകാരത്തിന്റെ സംതൃപ്തിയില്‍ നിന്നുകൊണ്ടാണ് ബുക്ക് റിപ്പബ്ലിക്ക് തങ്ങളുടെ രണ്ടാമത്തെ പുസ്തകമായ ഈ നോവല്‍ പുറത്തിറക്കുന്നത്. 65 രൂപയാണ് പുസ്തകത്തിന്റെ വില. കോപ്പികള്‍ ഇവിടെ നിന്നും ഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
1 comment:
devadasinte novelinaayi kathirikkunnu.
Post a Comment