Wednesday, March 31, 2010

നിഴല്‍

തന്മക്കള്‍ വിവാഹം ചെയ്തവര്‍ക്കുമുണ്ടായ് മക്കള്‍
എങ്കിലും ആദ്യപ്രേമപരാജയം പോല്‍ നമ്മെ
പിന്തുടര്‍ന്നീടാം പല പുരസ്കാരങ്ങള്‍ക്കിട-
യ്ക്കാകിലും പഴയൊരു തിരസ്കാരത്തിന്‍ നിഴല്‍

Sunday, March 21, 2010

കപ്പന്‍

എന്നെക്കാള്‍ രണ്ടുകൊല്ലം മുമ്പ്
മൂന്നാം ക്ലാസില്‍ പഠിച്ചിരുന്ന കൃഷ്ണന്‍,
പിന്നെ ഞാനവന്റെ സഹപാഠിയാകുമ്പോഴേക്കും
ഉത്തരക്കടലാസ്സില്‍ പേരു തെറ്റിയെഴുതിയതിനാൽ
‘കപ്പന്‍’ ആയി.

എല്ലാരുമവനെ കപ്പനെന്നു വിളിച്ചപ്പോള്‍
ഞാന്‍ മാത്രം കൃഷ്ണനെന്നു വിളിച്ചു.
പ്രത്യേക വാത്സല്യം അവനെന്നോട്.
എന്നെ ആരെങ്കിലും തച്ചാല്‍
അവനവരെ തിരിച്ചുതല്ലും.


കൃഷ്ണന്‍, കൃഷ്ണന്‍ എന്നെഴുതാന്‍
ഞാനവനെ പഠിപ്പിച്ചു
കപ്പന്‍, കഷന്‍, കഷ്ണന്‍, കൃഷന്‍ എന്നിങ്ങനെ
ആ വാക്കിനു സാദ്ധ്യമായ വഴികളിലൂടെയെല്ലാം
തപ്പിത്തപ്പി നടന്ന്
അവസാനം
കൃഷ്ണന്‍ എന്നെഴുതിയ ദിവസം
അവനെന്നോട് പറഞ്ഞു


"നിന്റെ അച്ഛന്റെ പേര് പപ്പന്‍ എന്നല്ലേ...
ശരിക്കും പത്മനാഭന്‍ എന്നാണല്ലോ...
കപ്പനെന്നു വിളിക്കാന്‍ വിഷമമാണെങ്കില്‍
നീയെന്നെ
കത്മനാഭന്‍ എന്നു വിളിച്ചോളൂ!


വാക്കില്‍ പണിഞ്ഞുകൊണ്ടിരുന്ന
വാക്കുകൾ പണികൊടുത്തുകൊണ്ടിരുന്ന
അവനായിരുന്നിരിക്കണം
ഞാനാദ്യം നേരില്‍ക്കണ്ട കവി.
-------------------------------------------
ഇന്ന് ലോക കവിതാദിനം. എല്ലാ കവികള്‍ക്കും ആശംസകള്‍ !!!

Tuesday, March 16, 2010

യോഗം

കേരളാശാസ്ത്രസാഹിത്യ-
പരിഷത്തിന്റെയോഗം.
ഭാരവാഹികളല്ലാതെ
ആ‍രും വന്നില്ലിതേവരെ.

എന്ത് പറ്റി പരിഷത്തി-
ന്നെന്താണാളു വരാത്തത്?
ചിന്തിച്ചങ്ങനെ നോക്കുമ്പോള്‍
അന്തമില്ലൊരു കുന്തവും

‘നാട്ടുകാരോട് നേരിട്ട്
നമ്മള്‍ക്കൊന്നു തിരക്കിടാം’
‘നമ്മള്‍ക്കെല്ലാം തിരക്കാണ്
നീപോയിട്ടു തിരക്കെടോ’

‘നാരാണ്യേച്ചീ നിങ്ങളൊക്കെ
പരിഷത്തിനെ വെറുക്കയോ?’

“അയ്യോന്റെ മോനേ തീരെ വെറുപ്പില്ലെടാ, പണ്ട്
നീയൊക്കെ പറയുന്നതെല്ലാം മനസ്സിലാവും
ഒന്നുവെട്ടുമ്പോള്‍ രണ്ടല്ലഞ്ചുമരങ്ങള്‍ വെച്ചൂ
ഒന്നാന്തരം കക്കൂസൊന്നുണ്ടാക്കി തൂറീംവെച്ചൂ

ചെക്കന്റെയച്ഛന്‍ തീരേ സമ്മതിച്ചില്ലെന്നാലും
മുക്കല്ലടുപ്പ് കുത്തിപ്പൊളിച്ച് കളഞ്ഞിട്ട്
പുകയില്ല്ലാത്ത നല്ല പരിഷത്തടുപ്പാക്കി
പുകയുമില്ലാ, വെറകാണേല്‍ കൊറവേ വേണ്ടൂ

നോക്കെടാ വീട്ടിന്റാത്തുള്ളലമാരേല്‍ക്കാണുന്ന
ബുക്കെല്ലാം നിങ്ങള്‍ പണ്ട് തന്നതാണോര്‍ക്കുന്നില്ലേ?

നിങ്ങടെ കലാജാഥേം പാട്ടുമൊക്കെയെന്തൊരു
പാങ്ങായിരുന്നൂ മോനേ കാണാനും കേള്‍ക്കാന്വൊക്കെ

ഭോപ്പാല്‍ ദുരന്തത്തിന്റെ നാടകം കണ്ടേപ്പിന്നെ
ഇപ്പോഴും വാങ്ങാറില്ല ബാറ്ററിയെവറഡി

യോഗത്തിലിപ്പോള്‍ നിങ്ങള്‍ പറയുന്നതുമൊത്തം
ആഗോളീകരണവും ആഗോളസമ്മര്‍ദ്ദവും
ഇത്രയും പറയുന്ന നിങ്ങളും വാങ്ങുന്നത്
കുത്തകട്ടോര്‍ച്ചും വാച്ചും കോപ്പുമല്ലേടാ മോനേ?
നമ്മളാല്‍ സാധിക്കാത്ത കാര്യമിങ്ങനെ നിങ്ങള്‍
നമ്മളോടോതീട്ടെന്തു കാര്യാണ് പറയൂ നീ”

‘നാരാണ്യേച്ചീ ശരിയെന്നാല്‍
നേരമായ്,പോകയാണു ഞാന്‍’

Tuesday, February 23, 2010

മരം നടൽ

വീട്ടിലെ പറമ്പിലെ വന്മരങ്ങളെച്ചൂണ്ടി
അമ്മൂമ്മയവയുടെ ചരിത്രം പറയുന്നൂ

“പണ്ടെപ്പോ പയ്യെങ്ങാനും കടിച്ച് ബെല്ലാണ്ടാക്ക്യ
തെങ്ങുംതൈ നിന്റപ്പാപ്പന്‍ ഏട്ന്നോ കൊണ്ടന്നതാ.

തല ചീഞ്ഞിറ്റോ മറ്റോ ആരാനോ തോട്ടില്‍ ചാട്യ
കവ്ങ്ങ് കൊണ്ടന്നിറ്റ് ഞാന്‍ ആട നടീച്ചതാ.

മമ്മദാജീന്റെ പീട്യേന്നാരോ തിന്ന മാങ്ങേന്റെ
കൊരട്ടയെട്ത്ത് ഞാന്‍ ഈട കുയിച്ച്ട്ടതാ.

കണ്ടത്തേ തമ്പാച്ചിക്ക് മേലേരി കൂട്ടാമ്പേണ്ടി
കൊണ്ടന്ന ചെമ്പകത്തിന്റൊണങ്ങ്യ കൊള്ള്യേരുന്നു.”

അമ്മൂമ്മക്കവിളത്തൊരുമ്മയെ നടുന്നൂ ഞാന്‍
ഓര്‍മ്മയില്‍ പുറമ്പോക്കില്‍ ഒരു തൈച്ചിരിയൊപ്പം.

Tuesday, February 16, 2010

ഒളിച്ചുകളി

തങ്ങളില്‍ കവിതയുണ്ടെന്ന്
വാക്കുകളും
വാക്കുകളില്‍ കവിതയുണ്ടെന്ന്
ഞാനും
പരസ്പരം വെളിപ്പെടുത്തില്ലെന്ന്
തീരുമാനിച്ചു

രോഗവിവരം
ഉറ്റവരില്‍ നിന്നും
മറച്ചുവെക്കുമ്പോലെ.

Monday, January 25, 2010

സൌത്ത്കൊറിയയും എന്റെ അഭിപ്രായ സ്വാതന്ത്ര്യവും

കടൂരില്‍ നിന്ന്‍
കൊറിയയില്‍ വന്നതിനു ശേഷം
എന്റെ അഭിപ്രായസ്വാതന്ത്ര്യം
വല്ലാതെ കൂടി

രണ്ടും മൂന്നും അട്ടി വസ്ത്രങ്ങള്‍ ധരിച്ചിട്ടും
കിടുകിടെ തണുക്കുന്ന ഹേമന്തത്തില്‍
തുടയും കാട്ടി നടന്നുപോകുന്ന കൊറിയത്തികളോട്
‘ആ കാലൊന്ന് കടം തരുമോ മക്കളേ’ എന്ന് ചോദിക്കും.
അവര്‍ തിരിഞ്ഞുനോക്കുമ്പോള്‍
മൊബൈല്‍ ഫോണ്‍ ചെവിയോടു ചേര്‍ത്ത്
ചോദ്യം ആവര്‍ത്തിക്കും ഉറക്കെ

ഞാന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ മരിച്ചുപോയ അപ്പാപ്പന്റെ
ഇഷ്ടപ്പെട്ട തെറിയായ
‘നിന്റമ്മേന്റെ എടങ്കാല്’ എന്ന പദം മുതല്‍
ആംഗ്യമുണ്ടെങ്കില്‍ തെറിയാക്കാവുന്ന പദം വരെ
(ഉദാഹരണം: നിന്റെ കൊച്ചച്ചന്റെ ഉബുണ്ടു)
പലവട്ടം
കൊറിയക്കാരോട് പ്രയോഗിച്ചു.

ഇന്നലെ നട്ടപ്പാതിരക്ക്
വഴിയില്‍ കൂട്ടം കൂടി നില്‍ക്കുന്ന കൊറിയന്‍ സംഘത്തെ നോക്കി
‘ശിപ്പാലൊമ്മ’* എന്ന് പറഞ്ഞു.
അവരിലൊരുത്തനെന്റെ കരണക്കുറ്റി നോക്കി
രണ്ടെണ്ണം പൊട്ടിച്ചു.
--------------------------------------
*ശിപ്പാലൊമ്മ : Mother Fucker എന്നതിന്റെ കൊറിയന്‍ പദം.

Friday, September 25, 2009

“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർ‍ഷങ്ങൾ”-കവിതാ സമാഹാരം


BookRelease
BOOK COVER
സുഹൃത്തുക്കളേ....
“അടിയന്തരാവസ്ഥ നഷ്ടപ്പെടുത്തിയ ആറുവർഷങ്ങൾ” എന്ന എന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം, ഒക്ടോബര്‍ 10 ശനിയാഴ്ച രാവിലെ 10 മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച്, ആറ്റൂർ രവിവർമ്മ, എ.സി. ശ്രീഹരിക്ക് പുസ്തകം നൽകിക്കൊണ്ട് നിർവ്വഹിക്കുന്നു. തെരഞ്ഞെടുത്ത 46 കവിതകളുടെ ഈ സമാഹാരം പുറത്തിറക്കുന്നത് തൃശൂ‍ർ കറന്റ് ബുക്സ് ആണ്. എഴുത്തിന് പ്രോത്സാഹനം നല്‍കിയ എല്ലാവർക്കും നന്ദി.

ചെറുപ്പത്തിൽ അക്ഷരശ്ലോകത്തിനു വേണ്ടി ശ്ലോകങ്ങൾ സ്വന്തമായി ഉണ്ടാക്കിക്കൊണ്ടായിരുന്നു എഴുത്തിന്റെ ലോകത്തേക്ക് കടന്നു വന്നത്. കണ്ണൂർ എസ്.എൻ കോളേജിൽ ബി.എസ്.സിക്കു ചേർന്നതു മുതലാണ് വൃത്തത്തിൽ നിന്നും രക്ഷപ്പെടണമെന്ന് ആഗ്രഹം തോന്നിയത്. നാലുവരി കവിതകളായിരുന്നു അന്നൊക്കെ എഴുതിയിരുന്നത്. 2000-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിൽ വെച്ചുനടന്ന കണ്ണൂർ യൂനിവേഴ്സിറ്റി കേമ്പിൽ വെച്ച് പി.രാമൻ, റഫീക്ക് അഹമ്മദ് എന്നിവരെ കവിതകൾ കാണിക്കുകയും പി.രാമൻ ‘കവിതക്കൊരിട’ത്തിൽ കവിതകൾ അയക്കാനുള്ള വിലാസം തരികയും ചെയ്തു. എന്റെ കവിത ആദ്യമായി പ്രസിദ്ധീകരിച്ചു വന്നത് 2002-ൽ കവിതക്കൊരിടത്തിൽ ആയിരുന്നു. അടിമ പറഞ്ഞത്, ഒരു വിലാപം എന്നീ കവിതകൾ ആയിരുന്നു പ്രസിദ്ധീകരിച്ചത്. ആ വർഷം കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാരചനക്ക് ‘യാത്ര’ എന്ന വിഷയം വന്നപ്പോൾ മുമ്പെഴുതിയ പല നാലുവരിക്കവിതകളും, ചില മാറ്റങ്ങൾ വരുത്തി കൂട്ടിവെച്ച് ഉണ്ടാക്കിയ ചിലയാത്രകൾ ‍ക്ക് ഒന്നാം സ്ഥാനം കിട്ടി. അതേ വര്‍ഷം തന്നെ യൂനിവേഴ്സിറ്റിയില്‍ നിന്നും കെമിസ്ട്രിക്ക് ഒന്നാം റാങ്കും കിട്ടി. ഡി.വൈ.എഫ്.ഐ നടത്തിയ അനുമോദനസമ്മേളനത്തിൽ വെച്ച് ഉപഹാരം നൽകിയ ദേശാഭിമാനിയിലെ എ.വി.അനിൽകുമാറിന് എന്റെ സമ്മാനാർഹമായ കവിത നൽകുകയും അത് ദേശാഭിമാനി ആഴ്ചപ്പതിപ്പിൽ 2003- ജനുവരിയിൽ അച്ചടിച്ചു വരികയും ചെയ്തു. എന്തുകൊണ്ടാണെന്നറിയില്ല,അതിനുശേഷം കവിതയുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു,2007 വരെ.
2007 മാർച്ചു മാസം കൊറിയയിൽ ടി.പി.വിനോദിന്റെ വീട്ടിൽ വച്ചുനടന്ന ഒരു ചർച്ചയിലാണ് പണ്ട് ‘കവിതക്കൊരിട’ത്തിൽ പ്രസിദ്ധീകരിച്ച ‘അടിമ പറഞ്ഞത്’ എന്ന കവിതയെപ്പറ്റി വിനോദ് ഓർമ്മിച്ചത്. കവിതക്കൊരിടം ഞാൻ ഇതു വരെ കണ്ടിരുന്നില്ല. അതിന്റെ പ്രകാശനം കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ വെച്ചായിരുന്നു. 2002-ൽ ബി.എസ്.സിക്കു പഠിക്കുന്ന സമയം, പ്രകാശനത്തിന് ക്ഷണിച്ചുകൊണ്ട് അനിതാതമ്പിയുടെ എഴുത്ത് വരികയും, കണ്ണൂരിൽ നിന്ന് കൊച്ചിയിൽ പോകാനുള്ള പേടി കൊണ്ട് ഞാൻ പരിപാടിയിൽ പങ്കെടുക്കില്ലെന്നും ദയവു ചെയ്ത് മാസിക അയച്ചുതരണമെന്നും പറഞ്ഞ് മറുപടി അയക്കുകയും ചെയ്തു.(കണ്ണൂര്‍ വിട്ട് ഞാന്‍ അതുവരെ ഒറ്റക്ക് യാത്ര ചെയ്തിരുന്നില്ല. പിന്നീട് ഇതേ കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലാണ് എം.എസ്.സിക്ക് ചേര്‍ന്നത് എന്നത് മറ്റൊരു കാര്യം). പക്ഷെ ആ എഴുത്തിന് മറുപടി ഉണ്ടായില്ല.

വിനോദ് ആ കവിതയെ അഭിനന്ദിക്കുകയും എന്നെ ഒരു ബ്ലോഗ് തുടങ്ങാൻ നിർബന്ധിക്കുകയും ചെയ്തു. അങ്ങനെ 2007 മാർച്ച് അവസാനത്തോടെ ഈ ബ്ലോഗിലൂടെയാണ് വീണ്ടും എഴുത്തിൽ സജീവമായത്. പിന്മൊഴി എന്ന കമന്റ് അഗ്രിഗേറ്ററിന്റെ ഉത്സവകാലം ആയിരുന്നു അന്ന്. വായനാസമൂഹത്തിന്റെ എല്ലാ തരത്തിലുള്ള ഇടപെടലുകളേയും നന്ദിയോടെ ഓർമ്മിക്കുന്നു.

ഈ കവിതാ പുസ്തകം സമർപ്പിച്ചിരിക്കുന്നത് ‘കഥ പറഞ്ഞു തന്നവർക്ക്’ ആണ്.
പറഞ്ഞുകേട്ടതോ തൊട്ടറിഞ്ഞതോ ആയ കാര്യങ്ങളാണ് പലപ്പോഴും കവിതക്ക് വിഷയമായിട്ടുള്ളത്. അതാണ് കരുത്തും പരിമിതിയും. കടൂർ എന്ന എന്റെ കൊച്ചു ഗ്രാമവും പരിസരവും വിഷയമാക്കി എഴുതിയ കവിതകൾ; കൊറിയ, ഫ്രാൻസ്, എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതാനുഭവവുമായി ബന്ധപ്പെട്ട കവിതകൾ; രാഷ്ട്രീയം മുഖ്യപ്രമേയമായ കവിതകൾ എന്നിങ്ങനെ 3 ഭാഗങ്ങളായാണ് കവിതകൾ ഈ പുസ്തകത്തിൽ ചേർത്തിട്ടുള്ളത്. കവർ രൂപകൽ‌പ്പന ചെയ്തിരിക്കുന്നത് വിനയലാൽ ആണ്.

ഒക്ടോബർ 10ന് തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വച്ച് നടക്കുന്ന പ്രകാശന ചടങ്ങിൽ എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു.
--------------------------------------------------
പ്രകാശന ചടങ്ങിന്റെ വിവരങ്ങൾ:
ജി. ഉഷാകുമാരി സ്വാഗതം പറഞ്ഞു. പി. എൻ. ഗോപീകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെച്ച് പുസ്തകം, ആറ്റൂർ രവിവർമ്മ, എ.സി.ശ്രീഹരിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. പുസ്തകം അൻവർ അലി പരിചയപ്പെടുത്തി. പി.പി.രാമചന്ദ്രൻ, ശ്രീകുമാർ കരിയാട്, ഫാദർ അബി തോമസ് എന്നിവർ സംസാരിച്ചു. എന്‍.ജി. ഉണ്ണികൃഷ്ണന്‍, കെ.ആർ ടോണി, പി. രാമൻ, സെബാസ്റ്റ്യൻ, സി. ആർ. പരമേശ്വരൻ, വി.കെ സുബൈദ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സുബൈദ ടീച്ചർ അവരുടെ ഇരുപതോളം വിദ്യാർത്ഥികളുമായാണ് പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. രാഗേഷ് കുറുമാൻ, കൈതമുള്ള്, കുട്ടൻ മേനോൻ എന്നിവർ സദസ്സിൽ ഉണ്ടായിരുന്നു. പരിപാടിയുടെ തുടക്കം മുതലുള്ള എല്ലാ സജ്ജീകരണങ്ങളും ഉമേച്ചിയുടെ നേതൃത്വത്തിൽ ആയിരുന്നു നടന്നത്. ജ്യോനവന്റെ സ്മരണയ്ക്ക് മുന്നിൽസമർപ്പിച്ച ചടങ്ങിൽ വിഷ്ണുപ്രസാദ് ജ്യോനവന്റെ കവിത ചൊല്ലി. വിഷ്ണുപ്രസാദ്, സെറീന, അജീഷ് ദാസൻ, സുനിൽ കുമാർ.എം.എസ്, കലേഷ്. എസ്, അനീഷ്.പി.എ, സുധീഷ് കോട്ടേമ്പ്രം, ശൈലൻ, എന്നിവർ കവിതകൾ ചൊല്ലി. ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സനാതനന്റെ കവിത വിഷ്ണുമാഷ് വായിച്ചു. അനീഷ് (നൊമാദ്), കവിത ചൊല്ലിയില്ലെങ്കിലും ചടങ്ങിന്റെ പടങ്ങൾ എടുക്കുന്നതിൽ വ്യാപൃതനായിരുന്നു.
അവസാനമായി ഞാൻ കവിതകൾ ചൊല്ലുകയും നന്ദി പറയുകയും ചെയ്തു.