Saturday, October 6, 2007

നീലക്കുറിഞ്ഞികള്‍

ആറില്‍പ്പഠിക്കുമ്പോളായിരുന്നു...
പ്രസംഗത്തിന് എനിക്കു ഫസ്റ്റ്.
ലളിതഗാനത്തിന് ശ്രീലതേച്ചിക്ക്,
മാപ്പിളപ്പാട്ടിന് ഹാഷിമിന്.. അങ്ങനെ...

ഏ ഗ്രേഡുള്ളവര്‍ സബ്ജില്ലക്ക്.
ആറു ഗായകരും ഞാനും.

പക്ഷേ
ദേശഭക്തി ഗാനത്തിന്
ഏഴാള്‍ വേണം.

ഗായകര്‍ക്ക്
ശാന്തട്ടീച്ചറുടെ വക
അരമണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

എനിക്ക്
അച്ചുതന്‍ മാഷുടെ വക
ഒന്നര മണിക്കൂര്‍ റിഹേഴ്സല്‍.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
കഴുത്തിലെ ഞരമ്പുകള്‍
എടുത്തു പിടിക്കണം.
മുഖപേശികള്‍
വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

രണ്ടാഴ്ചത്തെ പരിശീലനം.
അച്ചുതന്‍ മാഷ് പുറത്തു തട്ടി.
‘സബാഷ്’

സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’
അച്ചുതന്‍ മാഷ്
അടിച്ചു ചന്തി പഞ്ചറാക്കി.

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....
---------------------------------------------------------------------
സനാതനന്‍ ഈ കവിതയെ വായിച്ചത് ഇങ്ങനെ

56 comments:

വെള്ളെഴുത്ത് said...

എത്ര മസിലുപിടിച്ചാലും വരും ചില വാക്കുകള്‍ പ്രണയങ്ങള്‍.. പക്ഷേ ആ പൂക്കള്‍ വരുന്ന രീതി കണ്ട് ഞാന്‍ അമ്പരന്നുപോയി!

ശ്രീ said...

നല്ല ഓര്‍‌മ്മകള്‍‌...
“എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍...”

:)

രാജ് said...

വെള്ളെഴുത്തേ ആ പൂവാണ് നീലക്കുറിഞ്ഞികള്‍. അമ്പരന്നു പോകാതിരിക്കുവാന്‍ കഴിയുകയില്ല.

പ്രമോദേ പ്രമാദം.

reshma said...

ഒരു ആറാം ക്ലാസ്സുകാരിക്ക് ഈ കവിത വായിക്കാന്‍ കൊടുത്തു (ഒരു വാക്ക് മായ്ച്ചു കളഞ്ഞിട്ടു;)), ‘നല്ല രസണ്ട്. എനിക്കും ഇങ്ങനെ തോന്നാറുണ്ട്’ എന്ന് ചിരിച്ചുകൊണ്ട് അവള്‍.
സമ്മയ്ച്ചോയി ഇഷ്ടാ!

Pramod.KM said...

വെള്ളെഴുത്ത്,ശ്രീ,പെരിങ്ങോടന്‍,നന്ദി:)
രേഷ്മേച്ചീ..അവസാനത്തെ വരിയിയിലെ ആ വാക്ക് മായ്ക്കേണ്ടിയിരുന്നില്ല:)നന്ദി.

ചില നേരത്ത്.. said...

ഉജ്ജ്വലം പ്രമോദേ,
അടിയന്തിരാവസ്ഥ(കവിത) യ്ക്ക് ശേഷം കൂടുതല്‍ ഇഷ്ടമായ പ്രമാദത്തിലെ മറ്റൊരു കവിത.

കുഞ്ഞന്‍ said...

ഇഷ്ടമായി...ഓര്‍മ്മകള്‍ പൂക്കളായി..!

Abdu said...

ഇത്തരം കുറിഞ്ഞികളെ കാണുമ്പോഴാണ് കുറിഞ്ഞികളോട് കാലം കാണിക്കുന്ന മെല്ലെപ്പോക്കിനോട് ദേഷ്യവും നിരാശയും ഒക്കെ തോന്നുക,

അമ്പരപ്പിക്കുക മാത്രമല്ല, അസൂയപ്പെടുത്തുക കൂടി ചെയ്യുന്നു നിന്റെ കവിതകള്‍‌, സത്യം

ഡാലി said...

ഇത്തരം ദേശഭക്തി ഗാന അനുഭവങ്ങള്‍ പലര്‍ക്കും കാണും. പക്ഷെ അതില്‍ നീലക്കുറീഞ്ഞിയെ കണ്ടെത്തിയ കവിത ഉഗ്രന്‍. എത്ര മസ്സിലു പിടിച്ചാലും പുറത്തേയ്ക്കു വരുന്ന പൂക്കളേ, പ്രണയമേ, വാക്കുകളേ.. നിനക്കായി കാത്തിരിക്കുകയാണ് കാലവും ഞങ്ങളും.

പ്രയാസി said...

കഴുത്തിലെ ഞരമ്പുകള്‍
എടുത്തു പിടിക്കണം.
മുഖപേശികള്‍
വലിച്ചു മുറുക്കണം.
ചുമല്‍ ഇടക്കിടെ
പൊക്കുകയും താഴ്ത്തുകയും വേണം.
കണ്ണു തുറിപ്പിച്ച് മുകളിലേക്കു നോക്കണം.
എല്ലാം വരണം,
ഒച്ച മാത്രം വരരുത്.

സ്റ്റേജില്‍ കയറി.
സഹിക്കാന്‍ കഴിഞ്ഞില്ല, ഭക്തി.
ഉറക്കെ പാടി.
‘ഓടിവിളയാടു പാപ്പാ....നീ
ഓയ്ന്തിരിക്കലാകാതു പാപ്പാ..’

ഭക്തി മൂത്ത തന്റെ ഭാവം.. ഹ,ഹ, പ്രമോദെ..
ചിരിക്കാതിരിക്കാന്‍ കഴിയുന്നില്ല!..:)

മൂര്‍ത്തി said...

നന്നായിട്ടുണ്ട്..ഞാന്‍ എന്റെ ചില ബ്ലോഗറല്ലാത്ത സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കും ഇത്..

Santhosh said...

എത്ര മസിലു പിടിച്ചാലും ഇടയ്ക്കു പുറത്തുവരുന്ന വികാരങ്ങള്‍ ഊഷ്മളവും അനിര്‍വചനീയവും തന്നെ. അതിലുപരി അവ മറ്റെന്തെല്ലാമൊക്കെയോ ആണ്. അവയെല്ലാം ‘നീലക്കുറിഞ്ഞിപോലെ’ എന്നു പറഞ്ഞു കൊണ്ടെത്തിക്കാന്‍ കഴിയുന്നില്ല. വായനയിലെ അപാകതയാവാം.

ഋജുവായ അവതരണം പക്ഷേ ഇഷ്ടപ്പെട്ടു.

simy nazareth said...

പ്രമോദേ,മനോഹരം!
പ്രമോദിന്റെ കവിതകള്‍ ഇപ്പൊഴാണു വായിച്ചു തുടങ്ങുന്നത്..

simy nazareth said...

പ്രമോദേ,മനോഹരം!
പ്രമോദിന്റെ കവിതകള്‍ ഇപ്പൊഴാണു വായിച്ചു തുടങ്ങുന്നത്..

ഗുപ്തന്‍ said...

നീ ഒരല്‍ഭുതമാണ്... എത്ര മസിലുപിടിച്ചാലും ഇഷ്ടപ്പെട്ടുപോവും കവിത !!!

Inji Pennu said...

മസിലു പിടിക്കാണ്ട് നിറുത്തി നിറുത്തി പറയൂ, എന്നാലേ ഭാവം വരൂ കുട്ടീ :)

സുനീഷ് said...

നീലക്കുറിഞ്ഞികള്‍ പൂത്ത വഴികള്‍ കണ്ട്‌ ഞാനുമമ്പരന്നു പ്രമോദേ...

Pramod.KM said...

സന്തോഷേട്ടാ...’എല്ലാം നീലക്കുറിഞ്ഞി പോലെ’ എന്നതിനു പകരം ‘നീലക്കുറിഞ്ഞിയും അതുപോലെ’ എന്ന് സങ്കല്‍പ്പിച്ചു നോക്കൂ..:)നന്ദി:)
ചിലനേരത്ത്,കുഞ്ഞന്‍,ഇടങ്ങള്‍,ഡാലിയേച്ചി,പ്രയാസി,മൂര്‍ത്തിചേട്ടന്‍,സിമി,മനുവേട്ടന്‍,ഇഞ്ചിയേച്ചി,സുനീഷ്..നന്ദി:)

Satheesh said...

നല്ല അവതരണം.
പക്ഷെ കവിതയിലേക്കെത്തിയില്ല:)!
പൂക്കാതിരിക്കാനെനിക്കാവതില്ല എന്ന് പണിക്കര്‍ മാഷ് പാടിയതും ചേര്‍ത്ത് വായിച്ചു!:)

Pramod.KM said...

സതീഷേട്ടാ..നന്ദി തുറന്ന അഭിപ്രായത്തിന്:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഈ കവിത,വെല്ലാത്തൊരനുഭവം..
എന്താണന്ന് പറയാന്‍ കഴിയുന്നില്ല !

Rajeeve Chelanat said...

നിരാശ തോന്നി. പറയേണ്ട അഭിപ്രായമൊക്കെ വെള്ളെഴുത്ത് മുതല്‍ വഴിപോക്കന്‍ വരെയുള്ള ആളുകള്‍ പറഞ്ഞുകഴിഞ്ഞതിന്. ഞങ്ങളും കാത്തിരിക്കുന്നു. ഇടക്കിടക്ക് ഇങ്ങനെ വരുന്ന വാക്കുകള്‍ക്കുവേണ്ടി.

സജീവ് കടവനാട് said...

പ്രമോദേ,
‘കഥ’ പറയുന്ന കവിത നന്നായിട്ടുണ്ട്. സംഗതികളൊക്കെയുണ്ട്. ഒച്ച മാത്രം ഇല്ല, അല്ലെങ്കില്‍ വേണ്ട. നന്നായി.

ടി.പി.വിനോദ് said...

ഒന്നും വന്നില്ലെങ്കിലും ഒച്ച വന്നുവല്ലോ, വാക്കായി , പൂവായി, പ്രണയമായി , കവിതയുടെ കുന്നുയരമായി...
നന്നായിഷ്ടാ...:)

വേണു venu said...

പ്രമോദേ, നീലക്കുറിഞ്ഞികളില്‍ അടക്കി നിര്‍ത്തിയ ആ വികാരങ്ങളുടെ കണ്ടെത്തല്‍ മനോഹരം. പൂക്കാതിരിക്കാനെനിക്കാവതില്ലല്ലോ.:)

അനിലൻ said...

എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....

ആറാംക്ലാസ്സുകാരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ :)
വായില്‍ തുണിതിരുകിക്കയറ്റിയാലും നീ അന്ന് പാടുമായിരുന്നു
നിന്റെ കവിതകള്‍ തെളിവ്.

Anonymous said...

ഇരുപത്താറല്ലാ, നൂറ്റിരുപത്താറു പേരു വന്ന് പറഞ്ഞാലും ഞാനും പറയും ഇവടെ എന്തെങ്കില്വൊക്കെ.
നാന്നായിണ്ടെട്ടോ പ്രമോദ്. (ഓഹോ അപ്പോ ഇതാണോ വല്ല്യേ കാര്യം പറയാന്‍ വന്നെ?)
പ്രണയം വന്നാ മാത്രം പോരല്ലോ കണ്ണാ, അതൊരു പൂവായി അവള്‍ടെ നേറ്ക്കു നീട്ടണ്ടെ, വാക്കായി അവള്‍ടെ ചെവീല്‍ മൂളണ്ടെ.എന്റെ ഭഗോതീ, എന്തൊക്കെ ജോലികളാ.
പ്രണയം പൂവായി, ഒരു വാക്കായി, എല്ലാരടേം ജീവിതത്തില്‍ തെളിയട്ടെ എന്നാശംസിക്കുണു.

Pramod.KM said...

വഴിപോക്കന്‍,രാജീവേട്ടന്‍,ലാപുട,കിനാവ്,വേണുവേട്ടന്‍,അനിലേട്ടന്‍,അചിന്ത്യേച്ചി..നന്ദി:)
അനിലേട്ടാ...ആ ആറാംക്ലാസ്സുകാരനെ ഒരിക്കലും നഷ്ടപ്പെടരുതെന്നാണ്‍ ആഗ്രഹം.അചിന്ത്യേച്ചി..പണ്ടു നെരൂദപ്പെട്ടതിന്റെ ഒക്കെ അബദ്ധം ഇപ്പോളാണ്‍ മനസ്സിലാകുന്നത്:)ഹഹ

Anonymous said...

പ്രമോദേ
“നീലക്കുറിഞ്ഞികള്‍”
കാക്കത്തോള്ളായിരം കവിതകളുണ്ട്
ഇവിടെ പത്തില്‍ പത്ത് പൊരുത്തം

ആ നാലേ നാലു വരി മതി,
ഈ കവിതയെ വല്ലാതങ്ങിഷ്ടപ്പെടാന്‍

Roby said...

പ്രമോദേ,
സമാനമായ ഒരനുഭവം എനിക്കുമുണ്ട്‌...നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ദേഹത്തു മുഴുവന്‍ കരി തേച്ചു കുരങ്ങനായി. പ്രഛന്നവേഷത്തിനു ഒന്നാം സ്ഥാനം...സബ്ജില്ലയില്‍ ദേശഭക്തി ഗാനത്തിനു ഞാനും പാടി...കൂടെയുള്ളവര്‍ കൂടുതല്‍ ബുദ്ധി കാണിച്ചു...അവര്‍ എന്നെ മൈക്കില്‍ നിന്നും പരമാവധി ദൂരെ നിര്‍ത്തി...

സഹോദരാ..എത്ര മനോഹരമായാണു തങ്കളുടെ വരികള്‍ ഓര്‍മ്മകളുമായി കൂട്ടു കൂടുന്നത്‌...

തെന്നാലിരാമന്‍‍ said...

നമിച്ചു മാഷേ നമിച്ചു...നമിച്ചു. താങ്കളുടെ ബ്ലോഗിന്റെ അടിക്കുറിപ്പും സെല്‍ഫ്‌ ഇന്റ്രൊഡക്ഷനും കണ്ടപ്പോള്‍ തന്നെ ഞാന്‍ ഒരു ഫാന്‍ ആയി മാറി.:-) ഈ പോസ്റ്റും തകര്‍ത്തു. ശരിക്കും ഓടിവിളയാടി...

മയൂര said...

ചൊല്ലി തന്നാലും, തല്ലി തന്നാലും

“എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....“

:)

Anonymous said...

nalla kavitha

vimathan said...

പ്രമോദ്, സൂപ്പര്‍1 അഭിനന്ദനങള്‍

Kuzhur Wilson said...

എത്ര മസിലു പിടിച്ചാലും
ഇത് പോലെ കമന്റ് പുറത്തുവരും

Anonymous said...

ശ്രുതിയില്ലാതെ,സംഗതികള്‍ തെറ്റിച്ച് നി ഇങ്ങനെ ഇങ്ങനെ പാടികൊണ്ടിരിക്കുക.വരികള്‍ക്കിടയില്‍ നി ഒളിപ്പിച്ചുവെച്ച പുതിയൊരു രാഗമില്ലേ,അതെനിക്ക് കേള്‍ക്കാന്‍ കഴിയുന്നുണ്ട്.

ശ്രീലാല്‍ said...

ചിരിച്ച്‌ പണിയൊരുങ്ങി മഹാപാപീ.. പക്ഷേ, അവസാനം ഞെട്ടി.

[ nardnahc hsemus ] said...

പ്രമോദേ, കലക്കന്‍!

എന്നിട്ടും എത്ര മസിലുപിടിച്ചാലും വരും മനസ്സിലാവാണ്ടുള്ള ചില ചോദ്യങള്‍! :)

എന്റൊരു കാര്യേയ്! :)

കുടുംബംകലക്കി said...

മികച്ച ലാന്റിങ്. (നെറ്റില്‍ അധികം കാണാത്തത്.)

chithrakaran:ചിത്രകാരന്‍ said...

നീലക്കുറുഞ്ഞികള്‍ അങ്ങനെ വിരിയട്ടെ...!!!
ആശംസകള്‍ ..പ്രമോദേ.

Pramod.KM said...

ചോപ്പ്,നന്ദി,റോബി..നാട്ടുമ്പുറത്തെ സ്കൂളുകളിലെ ഒരു സാധാരണ പരിപാടി അല്ലേ ഇത്:)തെന്നാലിരാമന്‍,മയൂരേച്ചി,വിമതന്‍,വിത്സണ്‍ചേട്ടന്‍,തുളസി,ശ്രീലാല്‍,സുമേഷണ്ണന്‍,കുടുംബം കലക്കി,സൂഏച്ചി,ചിത്രകാരന്‍..നന്ദി അഭിപ്രായങ്ങള്‍ക്ക്.

വിഷ്ണു പ്രസാദ് said...

വൈകിയാണെങ്കിലും ഈ നീലക്കുറിഞ്ഞി കണ്ടതില്‍ സന്തോഷമുണ്ട്.

Sanal Kumar Sasidharan said...

വാക്കുകള്‍ കിട്ടുന്നില്ല സുഹൃത്തേ കണ്ണു നിറയുന്നു.

വാളൂരാന്‍ said...

ഇവിടെയെത്തിച്ചതിന് സനാതനനാദ്യം നന്ദി,
ഇത്തരം വാക്കുകള്‍ക്കായി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്‌....

Ajith Pantheeradi said...

വായിക്കാന്‍ ഇത്തിരി വൈകി.. കമന്റിടാന്‍ കുറച്ചുകൂടി വൈകി..

എന്നാലും മസിലു പിടിച്ചു നിറ്ത്തിയതു പുറത്തു വരുമ്പോളുള്ള സൌന്ദര്യവും വീര്യവും....

പ്രമാദം..

Anonymous said...

Superb!!!

G.MANU said...

wow.....pramod...another hit

ദേവസേന said...

കഠിനമായി ഹൃദയത്തെ തൊടുന്നതെന്തിനെക്കുറിച്ചും അഭിപ്രായം വരാത്തതെന്താണു? വെറുതെയല്ല പിന്നേയും പിന്നേയും വായിച്ചിട്ടും ഈകവിതയെക്കുറിച്ച് ഒന്നുമെഴുതാന്‍ കഴിയാത്തത്.
വളരെ മനോഹരം എന്നല്ലാതെ എന്താണു പറയേണ്ടതു?
ആശംസകള്‍.

ധ്വനി | Dhwani said...

ഇടക്കു പുറത്തുവരും!
ഉറക്കെ!...സത്യം!

മനസ്സൊരു വില്ലന്‍ തന്നെ!
പറഞ്ഞാല്‍ കേള്‍ക്കാത്തവന്‍!

ഒരുപാടിഷ്ടമായി കവിത!

മഞ്ജു കല്യാണി said...

പ്രമോദെ പ്രമാദം....

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആദ്യായിട്ടാണ്‌ ഇവിടെ... എല്ലാം ഇഷ്ടപ്പെട്ടു... ബ്ളോഗിണ്റ്റെ പേരിണ്റ്റെ അടിയിലെ ആ വരി മുതല്‍ക്ക്‌, ഗുണയിലെ ആ പാട്ടിണ്റ്റെ ഭാഗവും, സ്വയം നല്‍കിയ വിവരണവുമൊക്കെ.... കവിതയും നന്നായിരിക്കുന്നു.... ഒരു പാട്‌ ഓര്‍മകളുണര്‍ത്തി ഈ കവിത.. പ്രസംഗത്തിനല്ലെങ്കിലും ചിത്രം വരയ്ക്കാന്‍ പോവാറുണ്ടായിരുന്നതു കൊണ്ട്‌ ഒന്നിലേറെത്തവണ ഈ ദേശഭക്തിഗാനം പാടല്‍ എക്സ്പീരിയന്‍സ്‌ ഉണ്ടായിട്ടുണ്ട്‌... കവിത ഒരു പാടിഷ്ടായി... ആശംസകളോടെ.....

അനില്‍ ചോര്‍പ്പത്ത് said...

ഇങ്ങനെ സൂക്ഷ്മാര്തങ്ങള്‍ ലള്ളിതമായും മനസ്സില്‍ തട്ടുന്ന രീതിയിലും കവിതയില്‍ ഉള്ചെര്‍ക്കാന്‍ കഴിയുക ഒരു കഴിവാണ്.

പണ്ടാരാണ്ടോ പറഞ്ഞ പോലെ പ്രമൊദെട്ട പ്രമാദമായിട്ടുന്ട് .

Sreejith said...

ഇത്തരം കവിതകളെ ഞാന്‍ ഇപ്പോള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു .... വളരെ നന്നായി ... ആശംസകള്‍

Sreejith said...

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....

ഞാന്‍ ഇപ്പോള്‍ ഇത്തരം കവിതകളെ സ്നേഹിച്ചുപോകുന്നു ... അത്രയ്ക്ക് ഇഷ്ടായി ..

ആശംസകള്‍

ചേച്ചിപ്പെണ്ണ്‍ said...

എന്തുചെയ്യാനാ മാഷേ...
എത്ര മസിലു പിടിച്ചാലും
ഇടയ്ക്കു പുറത്തുവരും
ഉറക്കെ
ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍.....
.............
happy reading ...

Bobby said...

സൂപ്പര്‍ അളിയാ