Thursday, December 27, 2007

കര്‍ക്കടം

വീട്ടിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍
ഒച്ചയുണ്ടാക്കുന്നു
മറന്നുപോയ ചിലര്‍

പറമ്പില്‍ അവിടെയും ഇവിടെയുമിരുന്ന്
കുഞ്ഞിത്തവളകള്‍ കരയും
‘കഞ്ഞി താമ്മേ
കഞ്ഞി താമ്മേ..’
അപ്പോള്‍
വീടിന്റെ മൂലകളില്‍ നിന്നും
മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’
ചളിക്കണ്ടത്തില്‍ നിന്നും
പേക്രോം തവളകള്‍ പറയും
‘കൊടുത്തേക്കറോ
കൊടുത്തേക്കറോ’
അന്നേരം
തല കത്തുമ്പോലൊരു
മിന്നലിനു ശേഷം
‘എവിട്ന്നെട്ത്ത് കൊട്ക്കും
എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
എന്നു ചോദിക്കും
ആകാശത്തു നിന്നും
ഒരു കാലമാടന്‍
----------------------------------
സമര്‍പ്പണം: തവളകളുടെ വര്‍ത്താനം വിവര്‍ത്തനം ചെയ്തു തന്ന അമ്മമ്മക്ക്.

35 comments:

അനിലൻ said...

തെരാം മക്കളേ തെരാം മക്കളേ...
അമ്മത്തവളകള്‍, ഒഴിഞ്ഞ കഞ്ഞിപ്പാത്രത്തിനു മുന്നിലിരുന്ന് ആശ്വസിപ്പിക്കാന്‍ നുണപറയുകയാണോ പ്രമോദ്?

ആകാശത്തു നിന്നും
ഒരു കാലമാടന്‍.

മിന്നല്‍ക്കൊമ്പുകളൊക്കെ കണ്ടപ്പൊ കാലമാടനോ അതോ കലമാനോ എന്ന് ഒന്നു സംശയിച്ചു!

അകലെയിരിക്കുന്നതുകൊണ്ടാണ് കര്‍ക്കിടകത്തിനിത്ര തണുപ്പ്.

നാട്ടിലേയ്ക്കുള്ള സന്ദര്‍ശകവിസയാകുന്നുണ്ട് നിന്റെ കവിതകള്‍ പലപ്പോഴും. :)

lost world said...

എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും’
കലക്കി ഈ പോക്കാച്ചിക്കവിത.

കാവലാന്‍ said...

കൊള്ളാം മാക്രീവിക്രീഡിതം..

vadavosky said...

:):):)

Sandeep PM said...

ഒരു ആവാസവ്യവസ്ഥയുടെ ചിത്രം ഭംഗിയായ്‌ വരച്ചിരിക്കുന്നു.
നന്ദി

സജീവ് കടവനാട് said...

കര്‍ക്കിടകമാസം പഞ്ഞമാസമാസമാകുന്നത് അങ്ങിനെയാണത്രേ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല വരികള്‍..
പുതുവത്സരാശംസകള്‍!

ശ്രീലാല്‍ said...

ഇഷ്ടമായി.
"എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും".. ഇതാണിതിലെ ‘ഞെട്ടിക്കല്‍‘ എലെമെന്റ്. ഇത്തവണ അര്‍ത്ഥം കൊണ്ടു മാത്രമല്ല ശബ്ദം കൊണ്ടും ഞെട്ടിച്ചു...“എഭിഠ്ന്നെഠ്ത്ത് ഖൊഠ്ക്ക്ഘും...”



എനിക്ക് അമ്മമ്മ പറഞ്ഞു തന്ന ഒരു കഥ ഇങ്ങനെ.

പണ്ട് പണ്ട് ഒരിക്കല് ഒരു തവള യും കുറുക്കനും കൂടി ഒരു കുറി (ചിട്ടി) തുടങ്ങി. അയല്ക്കാരായ കുറിഞ്ഞിപ്പൂച്ചയും പട്ടിക്കുട്ടിയും കൊതുകമ്മാവനും ഒക്കെ കുറിക്കു ചേര്ന്നു..
കുറച്ചു ദിവസംകഴിഞ്ഞപ്പോള്‍ കൌശലക്കാരനായ കുറക്കച്ചന് കാശും കൊണ്ട് മുങ്ങി. കുറി പൊളിഞ്ഞു. അപ്പോള് എല്ലാവരും കൂടി തവളയുടെ ചുറ്റിലും കൂടി ഇങ്ങനെയൊക്കെ പറഞ്ഞു...

കൊതുകമ്മാവന്‍ : “എന്റെ പണം… പണം… ണം…മം……മം.....മം......“

പട്ടി : “കാശ് വെയ്ക്കവിടെ.. ഭെക്കവിടെ.. ഭെക്കഭിടെ.. ഭെക്.. ഭെക്.. “

കുറിഞ്ഞിപ്പൂച്ച : “ഇതന്യായം… ഇതന്യായം.. ന്യായം.. ന്യാം… ന്യാം......“

അപ്പോള്‍ തവള പറഞ്ഞു : “തരാം മക്കളെ.. ത്രാം..മക്ലെ ത്രോം….. ത്രോം….....”

ഇങ്ങനെ പറഞ്ഞു പറഞ്ഞാണെത്രേ പൂച്ചയ്ക്കും പട്ടിക്കും കൊതുകിനുമൊക്കെ ഇങ്ങനെ ശബ്ദമുണ്ടായത്.

Pramod.KM said...

അനിലേട്ടാ..അകലെയിരിക്കുന്നതുകൊണ്ടായിരിക്കും ഇത്ര തണുപ്പ്.:)വെയില്‍,കാവലാന്‍,വഡവോസ്കി,ദീപു,കിനാവ്- തീര്‍ച്ചയായും കര്‍ക്കിടകം പഞ്ഞമാസമായത് അങ്ങനെയാവണം,മുഹമ്മദ് സഗീര്‍,ശ്രീലാല്‍-ചിട്ടിക്കഥയും കേട്ടിരിക്കുന്നു,എത്ര മനോഹരമാണ് ഇത്തരം തര്‍ജ്ജമകള്‍!നന്ദി:)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.
പുതുവര്‍ഷാശംസകള്‍!!

വേണു venu said...

കള്ള കര്‍ക്കടകം.:)
പുതുവര്ഷാശംസകള്‍‍ പ്രമോദേ.!

മഞ്ജു കല്യാണി said...

പ്രമോദ്, നല്ല കവിത.

പുതുവത്സരാശംസകള്‍‌!

ടി.പി.വിനോദ് said...

സംഖഠം ആവ്ന്ന് സംഖഠം..

കണ്ണൂരാന്‍ - KANNURAN said...

പ്രമോദും ശ്രീലാലും കൂടി അമ്മമ്മയെ ഓര്‍മ്മിപ്പിച്ചു. കവിത കലക്കി..

Sanal Kumar Sasidharan said...

മനുഷ്യനു മാത്രമല്ല ജീവിതം ഉണ്ടായിരുന്നതെന്ന് പഠിപ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു.അതു മറന്നുപോകാതിരിക്കാന്‍..
പക്ഷേ ഇനി നമ്മള്‍ ഈ ശബ്ദങ്ങളെ മിമിക്രിക്കാരെക്കൊണ്ട് അവതരിപ്പിക്കേണ്ടിവരില്ലേ ഈ അര്‍ഥങ്ങള്‍ നമ്മുടേ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍.കഷ്ടം തന്നെ

പ്രിയ said...

തരാം മക്കളെ തരാം
ഇപ്പക്കിട്ടും ഇപ്പക്കിട്ടും
ഇപ്പക്കിട്ടും ഇപ്പക്കിട്ടും



അമ്മയുടെ വക translation ഇങ്ങനാരുന്നു. ഇന്നും തവലക്കരച്ചില് ചിരിക്കു വകനല്കും

Dr. Prasanth Krishna said...

നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc

ജെസീനസഗീര്‍ said...

കവിത നന്നായിരിക്കുന്നു..

വിശാഖ് ശങ്കര്‍ said...

മറന്നുപോയ ശബ്ദങ്ങള്‍ക്കും ഒന്നും മിണ്ടാതായ ആകാശത്തിനും നിന്റെ തവളകള്‍ ഒരാശ്വാസമാണ്.

നിലാവര്‍ നിസ said...

ഈശ്വരാ.. ഈ ഭാഷകളുടെ കണ്ടെത്തലിനെ എന്തു വിളിക്കും.. നന്നായിട്ടുണ്ട്.. ഇനിയൊരു തവള മൊഴിയേയും എനിക്ക് മുന്നേ പോലെ കേള്‍ക്കാന്‍ കഴിയില്ല. ഉറപ്പ്..

Unknown said...

നന്നായി... നിലം പറ്റി കിടക്കുന്ന ലോകത്തെ എഴുതിയതിന് നന്ദി.അവിടെ കിടന്നു കാണുന്ന മിന്നല്‍ ഒന്നോര്‍ത്തു നോക്കൂ..

രാമചന്ദ്രന്‍ വെള്ളിനേഴി said...

ഇനിയും ഒത്തിരി കാണും മുത്തശ്ശിയുടെ കയ്യില്‍ ..... കുട്ടിക്കാലം ഒരിക്കല്‍ ക്കൂടി ഓര്‍മ്മിക്കാന്‍!!!!


" പെയ്യട്ടങ്ങിനെ പെയ്യട്ടെ
പുഞ്ചപ്പാടം കൊയ്യട്ടെ"

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)
aaswadichu ..

G.MANU said...

മണാട്ടിത്തവളകള്‍ ആശ്വസിപ്പിക്കും
‘തെരാം മക്കളേ
തെരാം മക്കളേ..’

neeyaada kutta kavi...kodu kai

Sharu (Ansha Muneer) said...

ആദ്യമായാണ് വരുന്നത്...ആദ്യമായിട്ടാണ് തവളകളുടെ ഭാഷ്യം വിവര്‍ത്തനം ചെയ്തു കാണുന്നത്. നന്നായി.... അമ്മമ്മയ്ക്ക് ആണ് അഭിനന്ദനം ആദ്യം

Anonymous said...

കിട്ടി.
മഴയത്ത് കുടയും പിടിച്ച് ചളിപൂണ്ട വരമ്പിലൂടെ നടക്കുമ്പോഴുണ്ടാകുന്ന ഒരു സുഖം.

അപര്‍ണ്ണ said...
This comment has been removed by the author.
അപര്‍ണ്ണ said...

ഒരു കര്‍ക്കിടക സന്ധ്യയുടെ ഓര്‍മ്മ. ഇഷ്ടായി. :-)

പാഞ്ച said...

:)

[ nardnahc hsemus ] said...

പ്രമോദേ...
ആ തര്‍ജ്ജമ പ്രാവീണ്യം അന്യം നിന്നുപോകാതെ പഠിച്ചെടുത്തോ‍ളണേ..

(കലക്കി ട്ടോ..)

Unknown said...

പ്രമോദേ, ഈ ഭൂമിയില്‍ നിന്ന് എന്റെ മോന്‍ തവളകളുടെ ശബ്ദം കേള്‍ക്കുമെന്ന് എനിക്ക് ഉറപ്പൊന്നുമില്ല. എങ്കിലും അവന്‍ വായിക്കാന്‍ വലുതാവുമ്പോള്‍ ഇത് ഞാന്‍ അവനു വായിക്കാന്‍ കൊടുക്കും... ഉറപ്പ്.

Seema said...

nostalgic lines...

നമ്മള്‍ തിരക്കിട്ട ജീവിതത്തിനിടയില്‍ തവളകളെയും കര്‍ക്കിടകത്തിനെയും മറന്നു തുടങ്ങിയിരിക്കുന്നു...

ഭൂമിപുത്രി said...

ഈകവിത കാണാ‍ന്‍ വൈകി..
അപ്പോളീതവളകളപ്പോള്‍പ്പാടുന്നത-
വതാളമല്ല അല്ലെ?
ഇഷ്ടടപ്പെട്ടു ഈ
താളവട്ടങ്ങള്‍..
എല്ലാം രേഖപ്പെടുത്തിവെച്ചോളു.
പാടവുംകുളവുംതവളകളും
എല്ലാം കഥകള്‍ മാത്രമാകുയല്ലേ

rasmi said...

great!

പൊന്നപ്പന്‍ - the Alien said...

പേക്രോം പോക്രോം..