Monday, April 6, 2020

ഒരു നുള്ള് കവിത

ഒട്ടും വിചാരിക്കാതെ ഞാൻ
ഒരു വലിയ കവിതയിൽ നിന്നും
ഒരുവിധം നീന്തിക്കയറി
ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു
എന്റെ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ
അയാൾ (എന്നേക്കാൾ ഒരു ആറോ ഏഴോ വയസ്സ് മൂക്കും)
ഒരു സഞ്ചിയും മണ്ണെണ്ണക്കേനുമായി
നമ്മുടെ പറമ്പിലൂടെ
റേഷൻ പീട്യേലേക്ക് പോകുമായിരുന്നു.
ഒരു കട്ടിച്ചില്ലുള്ള കണ്ണടയിട്ട്
അതിനിടയിലൂടെ നമ്മളെ നോക്കുന്ന
അയാളുടെ കുനിഞ്ഞ മുഖത്തുള്ള
നിഷ്കളങ്കത
എനിക്കും എന്റെ കൂട്ടുകാർക്കും
അത്ര പിടിച്ചില്ല.
ഞാനൊരു ദിവസം അയാളെ നോക്കി
ഒരു നല്ല ചീത്ത വിളിച്ചു നോക്കി
അയാൾ എന്നെയൊന്നു നോക്കുകമാത്രം ചെയ്ത്
നടന്നു പോയി
പിന്നൊരു ദിവസം
കുറേ ചീത്തകൾ വിളിച്ചു
അങ്ങനെയങ്ങനെ
എന്റെ ചീത്തകളെല്ലാം കഴിഞ്ഞു
അടുത്ത ആഴ്ചത്തേക്ക്
ആലോചിച്ചാലോചിച്ച് ഞാൻ
ചില ചീത്തവാക്കുകൾ ഉണ്ടാക്കി
വിളിച്ചുനോക്കി
എന്നിട്ടും
അയാൾ പ്രതികരിച്ചില്ല
കണ്ണടയ്ക്കുള്ളിലൂടെ
പതിഞ്ഞ ഒരു നോട്ടം
പതിവുപോലെ തന്ന്
അയാൾ നടന്നുപോയി.
പിന്നീട് നമ്മൾ
ചില ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു.
അടുത്ത ആഴ്ചയിൽ
അയാൾ വന്നപ്പോൾ
ഞാൻ അയാളുടെ
കൈക്ക് കടന്നു പിടിച്ചു
ഒന്നു നുള്ളി
ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്ത്
അയാൾ പോയി
അതിനു ശേഷമാണ്
ഞാൻ എന്റെ നുള്ളിനെ കുറിച്ച്
ആലോചിച്ചു തുടങ്ങിയത്.
അന്നാദ്യമായിട്ടായിരുന്നു
ഞാനെന്റെ ചൂണ്ടുവിരലും തള്ളവിരലും
ശരിക്കും കാണുന്നത്
ഇവയുപയോഗിച്ച്
എങ്ങനെയൊക്കെ നുള്ളാം എന്ന പഠനത്തിനായി
എന്റെ കൂട്ടുകാർ
അവരുടെ കൈകൾ
എനിക്കു വിട്ടുതന്നു.
പിന്നീട് ഞാൻ
നഖം വളർത്താൻ തുടങ്ങി
അടുത്ത ആഴ്ച അയാൾ വന്നില്ല
പിന്നത്തെ ആഴ്ചയും വന്നില്ല
അതിന്റെ അടുത്ത ആഴ്ച വന്നു.
“ഏട്യാടാ നായിന്റെ മോനേ നീ പോയിന് ” എന്ന്
ഞാൻ അലറി.
അയാൾ പതുക്കെ പറഞ്ഞു
‘പനിയേര്ന്നു’.
ആദ്യമായാണ് അയാളുടെ ഒച്ച നമ്മൾ കേൾക്കുന്നത്
‘നിന്റെ ഒരു പനി’
നീണ്ട കാത്തിരിപ്പിന്റെ കരുത്തിൽ
ഞാൻ എന്റെ
നീണ്ട നഖങ്ങൾ കൊണ്ട്
അയാളെ നുള്ളി
ആ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാൾ പോയി
അയാളുടെ തണുത്ത പ്രതികരണം
ഞങ്ങളെ നിരാശപ്പെടുത്തി.
അടുത്ത ആഴ്ച
ഞാനെന്റെ എല്ലാ ശക്തിയുമെടുത്ത്
ഒരു നുള്ളു നുള്ളി
അയാളുടെ കൈത്തണ്ടയിൽ
ചോര വാർക്കുന്ന രണ്ടു ചന്ദ്രക്കലകൾ!
അന്നും
ആ‍ാ‍ാ‍ാ‍ാ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാൾ പോയി
അതോടെ ഞാൻ തോറ്റുപോയി
തിരിച്ചയാളൊരു
തല്ലെങ്കിലും തരുമെന്നായിരുന്നു
എന്റെ പ്രതീക്ഷ
കുറ്റബോധം കൊണ്ട് ഞാൻ നീറി
അടുത്ത ആഴ്ച അയാൾ വരുന്ന സമയം
ഞാൻ എന്റെ വീട്ടിന്റെ മൂലയിലൊളിച്ചു.
എനിക്കു പകരം
എന്റെ ഒരു കുഞ്ഞു കൂട്ടുകാരി
അയാളെ നുള്ളുന്നത് ഞാൻ ജനലിലൂടെ കണ്ടു
അയാൾ അവളോട് ഒന്ന് ചിരിക്കുന്നതും.
അയാൾ പിന്നെ ആ വഴി വന്നില്ല.
അയാൾ ആരെന്ന് എനിക്കറിയില്ല.
പിന്നെ ഞാൻ അയാളെ കണ്ടതായി ഓർക്കുന്നില്ല
എന്തിനാണ് ഞാൻ അയാളെ നുള്ളിക്കൊണ്ടിരുന്നത്
എന്നെനിക്കറിയില്ല
എന്തിനാണ് ഞാൻ കവിതയെഴുതുന്നതെന്ന്
എനിക്കറിയാത്ത പോലെ തന്നെ
തിരിച്ചുകിട്ടാത്ത നുള്ളുകളെപ്പറ്റിയുള്ള
ചിന്തയുടെ മുള്ളുകൾ കൊണ്ട്
ഞാനൊരു പ്രത്യയശാസ്ത്രമുണ്ടാക്കി
എസ് എൻ കോളേജിൽ പഠിക്കുമ്പോൾ
ജാഥകൾക്കിടയിലോ മറ്റോ
എനിക്കും എന്റെ കൂട്ടുകാർക്കും
നല്ലോണം തല്ലു കിട്ടാറുണ്ട്.
എന്റെ കൂട്ടുകാർ
അവരെ തല്ലിയവരെയെല്ലാം തിരിച്ചു തല്ലി
ഞാനാണെങ്കിൽ
ഒരു തല്ലുപോലും തിരിച്ചു കൊടുത്തില്ല
പിന്നീടൊരു അടിക്കിടയിൽ
എന്നെ തല്ലാനോങ്ങിയ ഒരു കൈ
പൊടുന്നനെ
ഒരു തെയ്യം അനുഗ്രഹിക്കുന്നതുപോലെ
വായുവിൽ അനങ്ങാതെ നിന്നു പോകുന്നതും
ആ കൈയുടെ ഉടമയുടെ കണ്ണുകളിൽ
കരുണയുടെ വിളയാട്ടം കണ്ടതും
ഇന്നും ഓർമ്മയിലുണ്ട്.
പലരേയും വിളിച്ച കൂട്ടത്തിൽ
ഞാൻ ഇന്ന് രാജീവേട്ടനെയും വിളിച്ചു
നമ്മുടെ ചെറുപ്പകാലത്തെക്കുറിച്ച് സംസാരിച്ചു
പലതും പറയുന്ന കൂട്ടത്തിൽ
പണ്ട് റേഷൻ പീട്യയിൽ പോകുന്ന സമയത്ത്
ഒരു ദിവസം
ഒരു ചെറിയ പെൺകുട്ടി
തന്നെ
മൃദുവായി തലോടിയത്
ഇപ്പോഴും ഓർമ്മയിലുണ്ടെന്ന്
രാജീവേട്ടൻ പറഞ്ഞു!
എന്ത് ?
അപ്പോൾ
എവിടെപ്പോയി
എന്റെ കൂർത്തു മൂർത്ത നുള്ളുകൾ ?
രാജീവേട്ടാ......
ശരിക്കും
രാജീവേട്ടന്റെ കൈ നുള്ളി
തോലുപൊളിച്ചിരുന്നത് ഞാനാണ്.
രാജീവേട്ടന്
എന്റെ കനത്ത നുള്ളുകൾ ഓർമ്മയില്ല
ഓർമ്മയിലുള്ളത്
ആ പെൺകുട്ടിയുടെ
നേർത്ത നുള്ളു പോലെയുള്ള
തലോടൽ മാത്രം!
അല്ല രാജീവേട്ടാ
അല്ല
ഞാൻ നുള്ളിയിട്ടുണ്ട്
ഞാനാണ് നുള്ളിക്കൊണ്ടിരുന്നത്
എന്റെ നുള്ളാണ് നുള്ള്...
രാജീവേട്ടനോട്
കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞ്
ഒരു തീർപ്പാക്കി.
ഇല്ലെങ്കിൽ
എങ്ങനെ തീർക്കുമായിരുന്നു
ഞാ‍ൻ എന്റെ
ഈ കവിത!I

1 comment:

എസ് കെ ജയദേവന്‍ said...

എഴുത്ത് എത്ര സുന്ദരം