പരിഷത്തിന്റെയോഗം.
ഭാരവാഹികളല്ലാതെ
ആരും വന്നില്ലിതേവരെ.
എന്ത് പറ്റി പരിഷത്തി-
ന്നെന്താണാളു വരാത്തത്?
ചിന്തിച്ചങ്ങനെ നോക്കുമ്പോള്‍
അന്തമില്ലൊരു കുന്തവും
‘നാട്ടുകാരോട് നേരിട്ട്
നമ്മള്‍ക്കൊന്നു തിരക്കിടാം’
‘നമ്മള്‍ക്കെല്ലാം തിരക്കാണ്
നീപോയിട്ടു തിരക്കെടോ’
‘നാരാണ്യേച്ചീ നിങ്ങളൊക്കെ
പരിഷത്തിനെ വെറുക്കയോ?’
“അയ്യോന്റെ മോനേ തീരെ വെറുപ്പില്ലെടാ, പണ്ട്
നീയൊക്കെ പറയുന്നതെല്ലാം മനസ്സിലാവും
ഒന്നുവെട്ടുമ്പോള്‍ രണ്ടല്ലഞ്ചുമരങ്ങള്‍ വെച്ചൂ
ഒന്നാന്തരം കക്കൂസൊന്നുണ്ടാക്കി തൂറീംവെച്ചൂ
ചെക്കന്റെയച്ഛന്‍ തീരേ സമ്മതിച്ചില്ലെന്നാലും
മുക്കല്ലടുപ്പ് കുത്തിപ്പൊളിച്ച് കളഞ്ഞിട്ട്
പുകയില്ല്ലാത്ത നല്ല പരിഷത്തടുപ്പാക്കി
പുകയുമില്ലാ, വെറകാണേല്‍ കൊറവേ വേണ്ടൂ
നോക്കെടാ വീട്ടിന്റാത്തുള്ളലമാരേല്‍ക്കാണുന്ന
നിങ്ങടെ കലാജാഥേം പാട്ടുമൊക്കെയെന്തൊരു
പാങ്ങായിരുന്നൂ മോനേ കാണാനും കേള്‍ക്കാന്വൊക്കെ
ഭോപ്പാല്‍ ദുരന്തത്തിന്റെ നാടകം കണ്ടേപ്പിന്നെ
ഇപ്പോഴും വാങ്ങാറില്ല ബാറ്ററിയെവറഡി
യോഗത്തിലിപ്പോള്‍ നിങ്ങള്‍ പറയുന്നതുമൊത്തം
ആഗോളീകരണവും ആഗോളസമ്മര്‍ദ്ദവും
ഇത്രയും പറയുന്ന നിങ്ങളും വാങ്ങുന്നത്
കുത്തകട്ടോര്‍ച്ചും വാച്ചും കോപ്പുമല്ലേടാ മോനേ?
നമ്മളാല്‍ സാധിക്കാത്ത കാര്യമിങ്ങനെ നിങ്ങള്‍
നമ്മളോടോതീട്ടെന്തു കാര്യാണ് പറയൂ നീ”
‘നാരാണ്യേച്ചീ ശരിയെന്നാല്‍
നേരമായ്,പോകയാണു ഞാന്‍’
