Wednesday, August 29, 2007

കല

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
കാവുമ്പായീല്‍ വെടിപൊട്ട്യതും
ഏട്ടന്‍
പത്തായത്തില്ക്കേറി ഒളിച്ചതും.

‘ജമ്മിത്തം തൊലയട്ടെ’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

ജമ്മിത്തം തൊലഞ്ഞു.
പണിയെടുക്കാനറിയാതെ
പറമ്പുവിറ്റുതിന്ന്
ജമ്മിയും തൊലഞ്ഞു.

കാലംകൊറേ കയിഞ്ഞു.

ഞാനൊന്ന്വറിഞ്ഞില്ലപ്പാ
നട്ടപ്പാതിരക്കുള്ള
കട്ടങ്കാപ്പിയും
മോന്‍
കാട്ടില്‍പ്പോയി ഒളിച്ചതും.

‘കമ്മൂണിസം അറബിക്കടലില്‍’
ഒച്ചയും ഉരുളങ്കല്ലും
ഓടുപൊട്ടിച്ച്
അകത്തുവീണതുമാത്രം
അറിഞ്ഞു.

കഥ തീര്‍ന്നപ്പോള്‍
ഉമ്മവച്ചു,ഞാന്‍
അമ്മമ്മയുടെ നെറ്റിയിലെ
ഇടത്തേയും വലത്തേയും
മുറിവുണങ്ങിയ കലകളില്‍.
------------------------------------
ഇതിലേക്കുള്ള കമന്റുകള്‍ ഇവിടെ ഇടുക

Saturday, August 18, 2007

ആള്‍ദൈവത്തിന്റെ അമ്മ

‘ഉസ്കൂളില്‍ പോയാല്‍
പാലും റവേങ്കിലും കിട്ടൂല്ലേടാ?’

എന്നിട്ടും പോയില്ല.

എങ്കിലും ദിവസോം
നാലോ അഞ്ചോ ഉറുപ്പ്യ കൊണ്ടുത്തരും.
‘നീ എന്നാലും കുട്ടിയല്ലേ
നെഞ്ചുംകൂട് കൂര്‍ത്തുപോകും’

എന്നിട്ടും നിര്‍ത്തിയില്ല
കല്ലുകൊത്ത്.

കാലമെത്രയായി.
എന്നിട്ടും തീര്‍ന്നില്ലല്ലോ
കടവും
കടയിലെ പറ്റും.

കര്‍ക്കിടകത്തില്‍
കല്‍പ്പണികഴിഞ്ഞു വന്ന്
കുളിക്കുമ്പോള്‍
ഒരു വിറയല്‍.
അത്രമാത്രം..

തിന്നുന്നത് തുളസിയില.
തൊട്ടുതലയില്‍ വെക്കുന്നത്
താന്‍ കൊത്തിയ ചെങ്കല്ല്.
ഉറയുന്നത് നട്ടുച്ചക്ക്.
ഉടുക്കുന്നത് കോണകം.
അത്രമാത്രം...

'പിരാന്താണ്.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
നാണിപ്പെണ്ണ്,
കൂടെ
നാട്ടുകാര്‍ ‍.

കയ്യിലുള്ളത് വൈശര്‍ക്കുകൊടുത്താ
കഞ്ഞിയെങ്ങനെ കുടിക്കും?
കാട് വയക്കാനും മൂരാനും പോയാ
കൂലി അത്ര്യെല്ലാം കിട്ട്വോ?

‘സൂക്കേടല്ലാ ഓന്
സാമി കൂട്യതാ’ എന്ന്
സങ്കടത്തോടെ അമ്മ.

സാമിയെക്കാണാന്‍
ആള്‍ക്കാരെത്തി.
‘സാമിയെക്കാണാന്‍’എന്ന്
കുഞ്ഞിക്കേളു
കീര്‍ത്തനമെഴുതി.
കൈ നിറയെ കാശെത്തി.
നാണിപ്പെണ്ണ് തിരിച്ചെത്തി.

സഖാക്കള്‍ പിരിവിനെത്തി,
അവരുടെ ഭാര്യമാര്‍ ഭജനക്കെത്തി.

'കാശുണ്ടല്ലോ വേണ്ടുവോളം.
ചന്തൂട്ടിവൈശറോട് പറഞ്ഞ്
നെല്ലിക്ക തളം വെക്കണം’എന്ന്
അമ്മ.

‘സൂക്കേടല്ലാ, ഓര്‍ക്ക് സാമി കൂട്യതാ’എന്ന്
നാണിപ്പെണ്ണ്
കൂടെ
നാട്ടുകാര്‍ ‍......

Tuesday, June 12, 2007

ഒരു വിലാപം

മുക്കിലും മൂലയിലും
ബോംബുപൂക്കാന്‍ തുടങ്ങിയതിനു ശേഷമാണ്
ഞാന്‍
ഒരു
സാംസ്കാരിക നായകനായി
അറിയപ്പെട്ടു തുടങ്ങിയത്.

ഒരു കൊലപാതകം നടന്നിട്ടുണ്ടെങ്കില്‍
അത് കഴിഞ്ഞ്
ഒരു മാസം വരെ
എന്റെ തല
പത്രങ്ങളില്‍ വരണമെന്നാണ്
എന്റെ നിര്‍ബന്ധം.

ഇന്നലത്തെ
അക്രമവിരുദ്ധ
നിരാഹാ‍രം കഴിഞ്ഞ്
ഭവനത്തില്‍ വന്ന്
ഭാര്യയുടെ മുലയും കുടിച്ച്
സസുഖം
സുഷുപ്തിയിലാണ്ടപ്പോള്‍
ഒരുത്തന്റെ തല
സ്ഫോടനത്തില്‍
ആവിയായിപ്പോകുന്ന
ഒരു
സുസ്വപ്നം ദര്‍ശിച്ചു.

ഉന്മേഷപൂര്‍വ്വം
പതിവിലും നേരത്തെ എണീറ്റ്
ശാന്തിയാത്രക്കിറങ്ങുംമുമ്പ്
ചീപ്പുമായി
കണ്ണാടിയില്‍ നോക്കിയപ്പോള്‍
ദൈവമേ,
എന്റെ തല????.
...............................
കണ്ണൂരിലെ രാഷ്ടീയകൊലപാതകങ്ങളുടെ പാശ്ചാത്തലത്തില്‍ 2000-2001 കാലഘട്ടത്തില്‍ എഴുതിയ കവിത.

Saturday, June 2, 2007

കുഞ്ഞാക്കമ്മ

കണ്ടക്കയ്യിലെ കൂരകള്‍
കുഞ്ഞാക്കമ്മയെപ്പോലല്ല..
കാറ്റടിച്ചാല്‍ വിറയ്ക്കും,
കാറുപെയ്താല്‍ കരയും.

പുതുമഴയ്ക്കു മുമ്പ്
പുരമേയാന്‍ കിട്ടിയത്
പുല്ലിനു പകരം
പുലയാട്ട്.

അങ്ങനെയാണ്,
അധികാരിയുടെ പറമ്പില്‍ കയറി
ആണുങ്ങളും പെണ്ണുങ്ങളും
പുല്ലരിഞ്ഞത്..
പോലീസുകാര്‍
ആണുങ്ങളുടെ
പല്ല് പിഴുതത്...
ലാത്തിയടിയില്‍
അടുക്കളയിലെ
കലങ്ങള്‍ പൊളിഞ്ഞത്....

കുഞ്ഞാക്കമ്മയുടെ പിറകേ
പൊളിഞ്ഞ കലങ്ങള്‍
സംഘടിച്ചത്....

ചട്ടിക്കഷണത്തിലെ
ചുവന്ന കറ മണത്ത്
“അമ്മേ മീന്‍കറി” എന്ന്
ചിരുകണ്ടന്‍ കരഞ്ഞത്....

മുഷ്ടിചുരുട്ടി
ആദ്യമടിച്ചത്
നെഞ്ചത്ത്.
പിന്നെ
മാനത്ത്...

കുഞ്ഞാക്കമ്മ
ജയിലില്‍ നിന്നുംവന്നത്
പൊളിഞ്ഞ ഒരു
കലം പോലെ....

പക്ഷെ
ചുവപ്പുമണത്ത്
ഒരു ഗ്രാമം മുഴുവന്‍
നെയ്തു,
മീന്‍കറിയെക്കുറിച്ച്
ഒരു
സ്വപ്ന വല!!
----------------------
സമര്‍പ്പണം: കണ്ടക്കൈ പുല്ലുപറി സമരം,വിളവെടുപ്പുസമരം,കലംകെട്ട് സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്ത കുഞ്ഞാക്കമ്മ എന്ന സ്ത്രീരത്നത്തിന്.------------------------------------------------------
ഈ കവിതയുടെ ഇംഗ്ലീഷ് പരിഭാഷ ഇവിടെ.

ചരിത്രപശ്ചാത്തലം:
കണ്ടക്കൈ അധികാരിയുടെ പറമ്പില്‍ നിന്ന് പുരമേയാന്‍ പുല്ലു പറിച്ചതാണ് പുല്ലുപറി സമരം.അതിനു ശേഷം ജന്മിയുടെ വിളഞ്ഞു നില്‍ക്കുന്ന നെല്ല് സഖാക്കളുടെ നേതൃത്വത്തില്‍ വിളവെടുത്ത് നാട്ടുകാര്‍ക്ക് വിതരണം നടത്തി. ഇതിനെയെല്ലാം ക്രൂരമായി നേരിടുകയായിരുന്നു അധികാരികളും പോലീസും.വിളവെടുപ്പുസമരത്തില്‍ പങ്കെടുത്തവരുടെ വീടുകളില്‍ കയറി കലങ്ങളും ചട്ടികളും തകര്‍ത്തു നരാധമന്മാര്‍.കുഞ്ഞാക്കമ്മയുടെ നേതൃത്വത്തില്‍ 1947 ജനുവരി 22ന് പൊളിഞ്ഞ ചട്ടികളും കലങ്ങളും ശേഖരിച്ച് സ്ത്രീകള്‍ ജന്മിയുടെ വീട്ടിലേക്ക് ‘ജന്മിത്തം തുലയട്ടെ’തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ജാഥനയിച്ചു.ഇതാണ് ഐതിഹാസികമായ കലംകെട്ട് സമരം.1947 ഫെബ്രുവരി 18 മുതല്‍ ഏപ്രില്‍ 5 വരെ കുഞ്ഞാക്കമ്മ ജയിലില്‍ ആയിരുന്നു.പറഞ്ഞറിയിക്കാന്‍ വയ്യാത്ത ക്രൂരതകളാണ് ആ സ്ത്രീക്ക് ഏല്‍ക്കേണ്ടി വന്നത്.
ഇതിനൊക്കെ ശേഷം 1950 ഇല്‍ ആണ് തൊട്ടുമുന്‍പത്തെ കവിതയില്‍ സൂചിപ്പിച്ചതു പോലെ ജന്മിയുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പയുടെയും മറ്റും നേതൃത്വത്തില്‍ നെല്ലെടുപ്പു സമരവും തുടര്‍ന്നുള്ള പാടിക്കുന്ന് വെടിവെപ്പും നടന്നത്.

Thursday, May 31, 2007

കുട്ട്യപ്പ

അരിക്കു പോയ കുട്ട്യപ്പ
തിരിച്ചു വന്നില്ല.....

ഏമ്പക്കമിടുന്ന ജന്മിയുടെ
കുമ്പ നോക്കി
കുരച്ച്,
വരമ്പത്ത് തൂറുന്ന കാര്യസ്ഥന്റെ
കുണ്ടിനോക്കി
കടിച്ച്,

കുന്നും മലയും
പാറമടയും താണ്ടി,

വെടിയേല്ക്കാതെ
തിരിച്ചു വന്നു,
വിശപ്പുമാത്രം...
വഴി മറക്കാതെ.
....................................................................
സമര്‍പ്പണം: പാടിക്കുന്നില്‍ ഉതിര്‍ന്ന വെടിയുണ്ടകള്‍ കവര്‍ന്ന കുട്ട്യപ്പ, ഗോപാലന്‍, രൈരുനമ്പ്യാര്‍ എന്നിവരുടെ ജീവന്.
..........................................................
പാടിക്കുന്ന്:
ചരിത്ര പശ്ചാത്തലം.
കണ്ണൂര്‍ ജില്ലയിലെ, കൊളച്ചേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പാടിക്കുന്ന്.
1950 ല്‍, ജന്മിയായ ചേലങ്കര അനന്തന്‍ നമ്പ്യാരുടെ പത്തായം കുത്തിപ്പൊളിച്ച് കുട്ട്യപ്പ,ഗോപാലന്‍,രൈരു എന്നിവരുടെ നേതൃത്വത്തില്‍ സഖാക്കള്‍ നെല്ലെടുത്ത് അടിയാളര്‍ക്ക് വിതരണം നടത്തി. പോലീസുഗുണ്ടകള്‍, കുട്ട്യപ്പ, രൈരു നമ്പ്യാര്‍,കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്നിവരെ പിടികൂടുകയും ജയിലില്‍ അടക്കുകയും ചെയ്തു.ഗോപാലനെ ജയിലില്‍ കൊണ്ടുപോകാതെ, കയരളം എന്ന സ്ഥലത്തെ പോലീസ് ക്യാമ്പിലിട്ട് മര്‍ദ്ദിച്ചവശനാക്കുന്നുണ്ടായിരുന്നു. ഒരാഴ്ച്ചക്കു ശേഷം മെയ് 3-ആ‍ം തീയ്യതി, കോണ്‍ഗ്രസുകാരും,അവരുടെ യുവജനസംഘടനയായ സേവാദള്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ജയിലിലുള്ള കുട്ട്യപ്പ, രൈരു നമ്പ്യാര്‍എന്നിവരെ ജാമ്യത്തിലിറക്കി. ചതിയാണിതെന്ന് അപ്പോള്‍ തന്നെ കുട്ട്യപ്പക്ക് സംശയം തോന്നിയിരുന്നു. പിറ്റേ ദിവസം, അതായത് മെയ് 4ന്, ജാമ്യത്തിലിറങ്ങിയവരെയും, കയരളം ക്യാമ്പിലുള്ള ഗോപാലനെയും, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് റേ യുടെ നേതൃത്വത്തില്‍ പാടിക്കുന്നില്‍ വരുത്തുകയും, കോണ്‍ഗ്രസ് ഗുണ്ടകളുടെ നേതൃത്വത്തില്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. അന്ന് പാടിക്കുന്നൊക്കെ ഉള്‍പ്പെട്ട ,ഇരിക്കൂര്‍ ഫര്‍ക്ക (ഇന്ന്‍ ബ്ലോക്ക് എന്നു പറയുന്നത്) ചുവന്ന ഫര്‍ക്ക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കമ്യൂണിസത്തിന്റെ പ്രചാരണം തടയാന്‍ ചുവന്ന വര്‍ക്കയിലെ ഓരൊ വില്ലേജിലെയും ഒരു സഖാവിനെ എങ്കിലും കൊല്ലുക എന്ന നയത്തിന്റെ ഭാഗമായിരുന്നു ഈ കൊലപാതകം. പിറ്റേ ദിവസം മാതൃഭൂമി അടക്കമുള്ള പത്രങ്ങള്‍ എഴുതി “കമ്യൂണിസ്റ്റ്കാര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു”.
ജാമ്യത്തിലിറക്കാത്തത് കാരണം രക്ഷപ്പെട്ട, യുവാവായ കെ.കെ.കുഞ്ഞനന്തന്‍ നമ്പ്യാര്‍, വായില്‍ ഒറ്റ പല്ലുപോലുമില്ലാതെ ജയില്‍ജീവിതം കഴിഞ്ഞെത്തി. മരണം വരെ സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സഖാവ് കെ.കെ ഏറെക്കാലം മയ്യില്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയിരുന്നു.

Wednesday, May 23, 2007

പാഴായിപ്പോയ രണ്ടു ജന്മങ്ങള്‍

ഒരു മുദ്രാവാക്യം പോലും വിളിക്കാത്ത
ഒരു വരി പോലും എഴുതാത്ത
ഒരു വാഴ പോലും നടാത്ത
ഒരു ചീത്ത പോലും പറയാത്ത
ഒരു തല്ലുപോലും കൊള്ളാത്ത
നിന്നെ
ഞാന്‍
പാഴായ ഒരു ജന്മമെന്നു വിളിക്കും.

മുഷ്ടി ചുരുട്ടിയെറിഞ്ഞ്
മുട്ടന്‍ കവിതകളെഴുതി
മണ്ണില്‍കിളച്ച്
പച്ചത്തെറി പറഞ്ഞ്
പൊതിരെ തല്ലുംകൊണ്ട് നടക്കുന്ന
എന്നെ
നീ
പാഴായ ഒരു ജന്മമെന്നു വിളിക്കും.

പാഴായിപ്പോയ
രണ്ടു ജന്മങ്ങള്‍!!

Sunday, May 20, 2007

കോഴിബിരിയാണി

അയലക്കത്തെ അപ്പയുടെ
കോഴി,
കേശവന്‍ നമ്പൂരിയുടെ
കശുവണ്ടി,
നാണുനമ്പ്യാരുടെ
തേങ്ങ,
ഇതൊക്കെ ആണ്
വെറും മൊയ്തുവിനെ
കള്ളനാക്കിയത്.

അങ്ങനെയൊരു
കര്‍ക്കിടകത്തിലാണ്
കടൂരില്‍ നിന്നുമൊരാള്
കന്നിയായി
കടല്‍ കടന്നത്.

മൊയ്തൂക്ക
ആദ്യം കെട്ടിയത്
മല പോലത്തെ
മതിലാണ്,
പിന്നീട് നാലുകെട്ടി.

ഓലപ്പുര
ഒന്നാം നമ്പര്‍ മാളികയായി
അവതരിച്ചെന്ന്
എത്തിനോട്ടക്കാരാണ്
മനസ്സിലാക്കിയത്.

മൊയ്തൂക്ക
അത്തറ് കൊണ്ടുവന്നതിനു ശേഷമാണ്
കടൂരിലെ കര്‍ഷകര്‍
വിയര്‍പ്പുനാറ്റത്തെ കുറിച്ച്
ഉത്കണ്ഠപ്പെടുന്നത്.

മൊയ്തൂക്കയുടെ
കോന്ത്രമ്പല്ലിന്റെ
കോംപ്ലക്സ് കാരണമാണ്
സുന്ദരികളായ
ആയിസുമ്മ,കതീസുമ്മ,
ആമിനുമ്മ,പിന്നെ
പേരറിയാത്തൊരു പെണ്‍കിടാവ്
എന്നിവര്‍ക്ക്
പര്‍ദ്ദയിടേണ്ടി വന്നത്.

മൊയ്തു കോംപ്ലക്സിന്റെ
ഉദ്ഘാടനമാണിന്ന്‌
പറഞ്ഞുനില്ക്കാന്‍ സമയമില്ല,
കോഴിബിരിയാണി
തീര്‍ന്നുപോകും.