Saturday, July 4, 2020

ഒരുക്കം


മുകുന്നേട്ടന്
കൊല്ലത്തിൽ
ഒരു മാസം
പ്രാന്തിളകും

ബാക്കിയുള്ള
പതിനൊന്നു മാസവും
അയാൾ
ആരെയും അറിയിക്കാതെ
പലേ പണികളും
ചെയ്തുകൊണ്ടിരിക്കും
മരം മുറിക്കും
വിറകു കീറും
കല്ലു കൊത്തും
കാലി പൂട്ടും
നട്ടി നടും
കഷ്ടപ്പെടും
പട്ടിണികിടക്കും
വരാനിരിക്കുന്ന
ഒരു മാസത്തിനുവേണ്ട
അസംസ്കൃതവസ്തുക്കൾ
ശേഖരിക്കുമ്പോലെ...

അതു നോക്കി
ഞാൻ പലതും പഠിച്ചു
തുറന്നു പറച്ചിൽ
പ്രതികാരം
പ്രണയം
കവിത

കവിതയെ തന്നെ
അട്ടിമറിക്കുന്ന
അവസാനത്തെ
ആ നാലുവരി

Tuesday, June 23, 2020

പ്രാതൽ


ഗോയിന്നേട്ടൻ വീട്ടിൽ പണിക്കു വന്നാൽ
ചായയുടെ കൂടെ കൊടുക്കുന്നത്
കൊട്ടൻ അവിൽ ആയിരുന്നു
അതാണ് അയാൾക്ക്
ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷണം

ചാര നിറത്തിലുള്ള
കുറച്ച് കൊട്ടവില്
ഒരു തേങ്ങാപ്പൂള്
ഒരു വെല്ലക്കഷ്ണം

കൊട്ടനവിൽ വായിലിട്ട്
ഒരഞ്ചുമിനിട്ട് നേരം ചവയ്ക്കുമ്പോൾ
അയാളുടെ കീഴ്ത്താടി
വേദനിക്കാൻ തുടങ്ങും
അപ്പോൾ
കുറച്ചു നേരം ചവയ്ക്കൽ നിർത്തിവെച്ച്
അയാൾ താടി തടവും
വീണ്ടും ചവയ്ക്കും
വീണ്ടും വേദനിക്കും
വീണ്ടും തടവും
വീണ്ടും തിന്നും

അയാളുടെ തിന്നലും
താടിയിലെ വേദനയും
കൊട്ടനവിലിന്റെ ഒച്ചയുമെല്ലാം കൂടി
പ്രാതൽ’ എന്ന വാക്കിനെ ഓർമ്മിപ്പിക്കും 
ഞാൻ ഒച്ചയില്ലാതെ
പലവട്ടം പറഞ്ഞുനോക്കും
പ്രാതൽ’

പതുപതുത്ത പുട്ടോ
ഇഡ്ഡലിയോ ദോശയോ ഒന്നും
അയാൾക്ക് ഇഷ്ടമല്ല.
ഇഷ്ടം, കഷ്ടപ്പാട്, കാഴ്ചപ്പാട് തുടങ്ങിയ
വാക്കുകൾക്കൊക്കെ
ആഴത്തിലുള്ള അർത്ഥങ്ങളുണ്ടെന്ന്
എന്നോട് പറഞ്ഞു
ആ കൊട്ടനവിൽ

Monday, April 6, 2020

ഒരു നുള്ള് കവിത

ഒട്ടും വിചാരിക്കാതെ ഞാൻ
ഒരു വലിയ കവിതയിൽ നിന്നും
ഒരുവിധം നീന്തിക്കയറി
ഞാനന്ന് ആറിലോ ഏഴിലോ പഠിക്കുന്നു
എന്റെ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ
അയാൾ (എന്നേക്കാൾ ഒരു ആറോ ഏഴോ വയസ്സ് മൂക്കും)
ഒരു സഞ്ചിയും മണ്ണെണ്ണക്കേനുമായി
നമ്മുടെ പറമ്പിലൂടെ
റേഷൻ പീട്യേലേക്ക് പോകുമായിരുന്നു.
ഒരു കട്ടിച്ചില്ലുള്ള കണ്ണടയിട്ട്
അതിനിടയിലൂടെ നമ്മളെ നോക്കുന്ന
അയാളുടെ കുനിഞ്ഞ മുഖത്തുള്ള
നിഷ്കളങ്കത
എനിക്കും എന്റെ കൂട്ടുകാർക്കും
അത്ര പിടിച്ചില്ല.
ഞാനൊരു ദിവസം അയാളെ നോക്കി
ഒരു നല്ല ചീത്ത വിളിച്ചു നോക്കി
അയാൾ എന്നെയൊന്നു നോക്കുകമാത്രം ചെയ്ത്
നടന്നു പോയി
പിന്നൊരു ദിവസം
കുറേ ചീത്തകൾ വിളിച്ചു
അങ്ങനെയങ്ങനെ
എന്റെ ചീത്തകളെല്ലാം കഴിഞ്ഞു
അടുത്ത ആഴ്ചത്തേക്ക്
ആലോചിച്ചാലോചിച്ച് ഞാൻ
ചില ചീത്തവാക്കുകൾ ഉണ്ടാക്കി
വിളിച്ചുനോക്കി
എന്നിട്ടും
അയാൾ പ്രതികരിച്ചില്ല
കണ്ണടയ്ക്കുള്ളിലൂടെ
പതിഞ്ഞ ഒരു നോട്ടം
പതിവുപോലെ തന്ന്
അയാൾ നടന്നുപോയി.
പിന്നീട് നമ്മൾ
ചില ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു.
അടുത്ത ആഴ്ചയിൽ
അയാൾ വന്നപ്പോൾ
ഞാൻ അയാളുടെ
കൈക്ക് കടന്നു പിടിച്ചു
ഒന്നു നുള്ളി
ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്ത്
അയാൾ പോയി
അതിനു ശേഷമാണ്
ഞാൻ എന്റെ നുള്ളിനെ കുറിച്ച്
ആലോചിച്ചു തുടങ്ങിയത്.
അന്നാദ്യമായിട്ടായിരുന്നു
ഞാനെന്റെ ചൂണ്ടുവിരലും തള്ളവിരലും
ശരിക്കും കാണുന്നത്
ഇവയുപയോഗിച്ച്
എങ്ങനെയൊക്കെ നുള്ളാം എന്ന പഠനത്തിനായി
എന്റെ കൂട്ടുകാർ
അവരുടെ കൈകൾ
എനിക്കു വിട്ടുതന്നു.
പിന്നീട് ഞാൻ
നഖം വളർത്താൻ തുടങ്ങി
അടുത്ത ആഴ്ച അയാൾ വന്നില്ല
പിന്നത്തെ ആഴ്ചയും വന്നില്ല
അതിന്റെ അടുത്ത ആഴ്ച വന്നു.
“ഏട്യാടാ നായിന്റെ മോനേ നീ പോയിന് ” എന്ന്
ഞാൻ അലറി.
അയാൾ പതുക്കെ പറഞ്ഞു
‘പനിയേര്ന്നു’.
ആദ്യമായാണ് അയാളുടെ ഒച്ച നമ്മൾ കേൾക്കുന്നത്
‘നിന്റെ ഒരു പനി’
നീണ്ട കാത്തിരിപ്പിന്റെ കരുത്തിൽ
ഞാൻ എന്റെ
നീണ്ട നഖങ്ങൾ കൊണ്ട്
അയാളെ നുള്ളി
ആ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാൾ പോയി
അയാളുടെ തണുത്ത പ്രതികരണം
ഞങ്ങളെ നിരാശപ്പെടുത്തി.
അടുത്ത ആഴ്ച
ഞാനെന്റെ എല്ലാ ശക്തിയുമെടുത്ത്
ഒരു നുള്ളു നുള്ളി
അയാളുടെ കൈത്തണ്ടയിൽ
ചോര വാർക്കുന്ന രണ്ടു ചന്ദ്രക്കലകൾ!
അന്നും
ആ‍ാ‍ാ‍ാ‍ാ എന്ന ആംഗ്യം മാത്രം കാണിച്ച്
അയാൾ പോയി
അതോടെ ഞാൻ തോറ്റുപോയി
തിരിച്ചയാളൊരു
തല്ലെങ്കിലും തരുമെന്നായിരുന്നു
എന്റെ പ്രതീക്ഷ
കുറ്റബോധം കൊണ്ട് ഞാൻ നീറി
അടുത്ത ആഴ്ച അയാൾ വരുന്ന സമയം
ഞാൻ എന്റെ വീട്ടിന്റെ മൂലയിലൊളിച്ചു.
എനിക്കു പകരം
എന്റെ ഒരു കുഞ്ഞു കൂട്ടുകാരി
അയാളെ നുള്ളുന്നത് ഞാൻ ജനലിലൂടെ കണ്ടു
അയാൾ അവളോട് ഒന്ന് ചിരിക്കുന്നതും.
അയാൾ പിന്നെ ആ വഴി വന്നില്ല.
അയാൾ ആരെന്ന് എനിക്കറിയില്ല.
പിന്നെ ഞാൻ അയാളെ കണ്ടതായി ഓർക്കുന്നില്ല
എന്തിനാണ് ഞാൻ അയാളെ നുള്ളിക്കൊണ്ടിരുന്നത്
എന്നെനിക്കറിയില്ല
എന്തിനാണ് ഞാൻ കവിതയെഴുതുന്നതെന്ന്
എനിക്കറിയാത്ത പോലെ തന്നെ
തിരിച്ചുകിട്ടാത്ത നുള്ളുകളെപ്പറ്റിയുള്ള
ചിന്തയുടെ മുള്ളുകൾ കൊണ്ട്
ഞാനൊരു പ്രത്യയശാസ്ത്രമുണ്ടാക്കി
എസ് എൻ കോളേജിൽ പഠിക്കുമ്പോൾ
ജാഥകൾക്കിടയിലോ മറ്റോ
എനിക്കും എന്റെ കൂട്ടുകാർക്കും
നല്ലോണം തല്ലു കിട്ടാറുണ്ട്.
എന്റെ കൂട്ടുകാർ
അവരെ തല്ലിയവരെയെല്ലാം തിരിച്ചു തല്ലി
ഞാനാണെങ്കിൽ
ഒരു തല്ലുപോലും തിരിച്ചു കൊടുത്തില്ല
പിന്നീടൊരു അടിക്കിടയിൽ
എന്നെ തല്ലാനോങ്ങിയ ഒരു കൈ
പൊടുന്നനെ
ഒരു തെയ്യം അനുഗ്രഹിക്കുന്നതുപോലെ
വായുവിൽ അനങ്ങാതെ നിന്നു പോകുന്നതും
ആ കൈയുടെ ഉടമയുടെ കണ്ണുകളിൽ
കരുണയുടെ വിളയാട്ടം കണ്ടതും
ഇന്നും ഓർമ്മയിലുണ്ട്.
പലരേയും വിളിച്ച കൂട്ടത്തിൽ
ഞാൻ ഇന്ന് രാജീവേട്ടനെയും വിളിച്ചു
നമ്മുടെ ചെറുപ്പകാലത്തെക്കുറിച്ച് സംസാരിച്ചു
പലതും പറയുന്ന കൂട്ടത്തിൽ
പണ്ട് റേഷൻ പീട്യയിൽ പോകുന്ന സമയത്ത്
ഒരു ദിവസം
ഒരു ചെറിയ പെൺകുട്ടി
തന്നെ
മൃദുവായി തലോടിയത്
ഇപ്പോഴും ഓർമ്മയിലുണ്ടെന്ന്
രാജീവേട്ടൻ പറഞ്ഞു!
എന്ത് ?
അപ്പോൾ
എവിടെപ്പോയി
എന്റെ കൂർത്തു മൂർത്ത നുള്ളുകൾ ?
രാജീവേട്ടാ......
ശരിക്കും
രാജീവേട്ടന്റെ കൈ നുള്ളി
തോലുപൊളിച്ചിരുന്നത് ഞാനാണ്.
രാജീവേട്ടന്
എന്റെ കനത്ത നുള്ളുകൾ ഓർമ്മയില്ല
ഓർമ്മയിലുള്ളത്
ആ പെൺകുട്ടിയുടെ
നേർത്ത നുള്ളു പോലെയുള്ള
തലോടൽ മാത്രം!
അല്ല രാജീവേട്ടാ
അല്ല
ഞാൻ നുള്ളിയിട്ടുണ്ട്
ഞാനാണ് നുള്ളിക്കൊണ്ടിരുന്നത്
എന്റെ നുള്ളാണ് നുള്ള്...
രാജീവേട്ടനോട്
കുറ്റങ്ങളെല്ലാം ഏറ്റു പറഞ്ഞ്
ഒരു തീർപ്പാക്കി.
ഇല്ലെങ്കിൽ
എങ്ങനെ തീർക്കുമായിരുന്നു
ഞാ‍ൻ എന്റെ
ഈ കവിത!I

പാട്ട്

മരിച്ചുകിടക്കുമ്പോഴും
ഹെലിൻ ബോളക്കിന്റെ
കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
പട്ടിണിതിന്നു കുരുത്ത
കരുത്തുള്ള ഒരു നോട്ടത്തിന്റെ
ഈണത്തിൽ
സമരത്തിനു പകരം
സമരസപ്പെടുന്നവരെ
പരിഹസിച്ചുകൊണ്ട്
ആ കണ്ണുകൾ പാടുന്നു
‘പൂട്ടിയിട്ട പാട്ടുകളെ
പറത്തിവിടൂ ’ എന്ന്
--------------------------
*ഹെലിൻ ബോളെക്തുർക്കിയിൽ തന്റെ നാടൻ പാട്ടുസംഘത്തിനേർപ്പെടുത്തിയ നിരോധനത്തിനെതിരെ പട്ടിണി സമരം നടത്തി മരിച്ചുപോയ വിപ്ലവഗായിക.


Friday, April 3, 2020

കൊറോണാക്കാലത്തെ കവിത

മരിച്ചുപോയ
എന്റെ അമ്മമ്മയെ
ഒരു തവണകൂടി കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
പണ്ട്
ഞാനൊരു കവിതയാക്കിയിട്ടുണ്ട്.

ഇപ്പോൾ
ആരുടെയെങ്കിലും പ്രിയപ്പെട്ടവരെ
ആരുടെയെങ്കിലും നാടിനെ
എവിടെയെങ്കിലുമുള്ള എന്തിനെയെങ്കിലും
ഒരു തവണ കൂടി കണ്ടിരുന്നെങ്കിലെന്ന
തോന്നലിനെ കുറിച്ചുള്ള
ഒരു കവിതയെയെങ്കിലും
കണ്ടിരുന്നെങ്കിലെന്ന തോന്നലിനെ
ഞാനൊരു കവിതയാക്കാൻ നോക്കുന്നു.

Saturday, February 15, 2020

ഉത്തരക്കടലാസ്സ് നോക്കുമ്പോൾ


ഉത്തരങ്ങളെല്ലാം
എണ്ണം പറഞ്ഞത്

അവയെ തിരക്കിയുള്ള യാത്രകൾക്കിടെ
കൊണ്ട അടികൾ ബാക്കിവെച്ച
ഉരുണ്ടുകൂടലുകൾ
തറച്ച മുള്ളുകൾ കോറിയിട്ട
മുറിവുകൾ
തുറിച്ച കണ്ണുകൾ ഓർമ്മിപ്പിക്കുന്ന
നീർച്ചാലുകൾ
കേട്ട നിലവിളികളുടെ
നേർത്തുപോയ ഞരക്കങ്ങൾ
കാണേണ്ടിവന്ന കലാപങ്ങളിലെ
അലമുറകൾ...
എല്ലാം തെളിഞ്ഞുകാണാം
ഓരോ വാക്കിലും.

പക്ഷെ
ആ ഉത്തരങ്ങൾക്കുള്ള ചോദ്യം
ഞാൻ ചോദിച്ചിട്ടില്ല!

അതിനാൽ
എനിക്കവകാശപ്പെട്ട പൂജ്യത്തെ
പലവട്ടം തലയിൽ
പല തലത്തിൽ
പേനകൊണ്ട് ചൊറിഞ്ഞ് ചൊറിഞ്ഞ്
ഒരു ഗോളമാക്കി
ഒടുക്കം
അതിന്റെ ഭാരം താങ്ങാനാകാതെ
തോറ്റു തുന്നം പാടി
അതിനെ അടർത്തിയെടുത്ത്
നിന്റെ ഉത്തരക്കടലാസ്സിൽ
ഇറക്കിവെക്കുന്നു.

തോറ്റുപോയ കുട്ടീ.....
ഒരിക്കലും ഓർമ്മിപ്പിക്കരുതേ
നിന്നെ പുറത്താക്കിയ
ആ ചോദ്യത്തെ.

Thursday, February 23, 2017

അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും

ഞാൻ
ബ്ലോഗിലോ ഫേസ്ബുക്കിലോ പ്രിന്റിലോ
കവിതയെഴുതിയതു കണ്ടാലുടൻ
അമ്മാവൻ
തുരുതുരാ വിളിക്കും

ഇന്നയാളെക്കുറിച്ചുള്ള നിന്റെ ഇന്ന കവിത കണ്ടു
മറ്റൊരാളെക്കുറിച്ചുള്ള നിന്റെ മറ്റൊരു കവിത കണ്ടു
എന്നിങ്ങനെ
കുറേത്തവണ പറയും

ഇതിങ്ങനെ പതിവായപ്പോൾ
ഇന്നലെ
അമ്മാവനെന്നെ വിളിച്ചു
പുളിച്ച ചീത്ത പറഞ്ഞു.
നിനിക്ക് അമ്മോനെപ്പറ്റി ഒരു ബിജാരോമില്ല
അല്ലേ മോനേ.....
നീ എത്ര്യാളപ്പറ്റി കവിത എയ്തി....
അമ്മോനെപ്പറ്റി ഒറ്റ്യൊരെണ്ണം എയ്തീറ്റ്ല്ലല്ലോ
ഉം...ആയിക്കോട്ടപ്പാ....എന്ന് 
സങ്കടപ്പെട്ടു.

എനിക്കു കവിതയെഴുതാൻ പറ്റിയിട്ടില്ലാത്തവരുടെ
പ്രതിനിധിയായി വന്ന്
അമ്മാവനെന്നെ
കൊറേ നേരം കലമ്പി


എനിക്കറിയാം
അമ്മാവന്റെ ഒരു കാലിനു മറ്റേക്കാലിനേക്കാൾ
ഒരടി നീളം കൂടുതലുള്ളതുപോലെ
അമ്മാവനെന്നോട്
ഒരാൾക്കുള്ളതിനേക്കാൾ
ഒരു പിടി ഇഷ്ടം കൂടുതൽ

അമ്മാവനെക്കുറിച്ച് ഞാനെഴുതും.
പക്ഷെ ഒരു കാര്യം.
ഞാൻ കവിതയാക്കിയവരുടെ പ്രതിനിധിയായിവന്ന്
അമ്മാവനെന്നെ
കലമ്പരുത്!


വന്നുവന്ന്
ഇപ്പോളെനിക്ക്
അമ്മാവനെക്കുറിച്ചുമാത്രമേ എഴുതാൻ പറ്റൂ
എന്നായിട്ടുണ്ട്.
കാരണം
വാക്കുകളെ നേരിടാൻ
തോക്കുകൾ കാത്തിരിപ്പുണ്ട്.
അമ്മാവൻ പേടിക്കേണ്ട!
വെടിയേൽക്കാൻ പാകത്തിലുള്ള
ഒരു വാക്കോ വിഷയമോ
ഞാനെന്റെ കവിതയുടെയരികത്തുപോലും
കൊണ്ടുവരില്ല.
ഞാൻ നാടുവിടുന്നതിലും നല്ലതല്ലേ അമ്മാവാ
വാക്കുകളെ നാടുകടത്തുന്നത്!



അമ്മാവനെക്കുറിച്ച് ഞാനൊരു കവിതയെഴുതും’ എന്ന
ഈ കവിത
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ
ഇതാണോ കവിത?” എന്ന്
എന്റെ ഭാര്യ ചോദിച്ചു
എനിക്ക് ഭയങ്കരമായി ദേഷ്യം വന്നു.
ഞാനന്ന് പട്ടിണികിടന്നു.

ഇതെന്തു കവിത?” എന്ന്
ഒരു ചങ്ങാതി ഇ-മെയിലയച്ചു.
ഞാനയാൾക്ക്
തിരിച്ചൊരു
തെറിമെയിലയച്ചു.

ആ കവിതയെവിടെ?
അതിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു”
എന്ന്
ആ കവിതയ്ക്കുതാഴെ
ഒരു കമന്റു വന്നു.
ആ കമന്റ് ഞാൻ
ലൈക്ക് ചെയ്തു!

അമ്മാവൻ പേടിക്കേണ്ട!
എഴുത്തിന്റെ പേരിൽ
ആരുമെന്റെ
കഴുത്തിനുപിടിക്കാൻ കൂടി വരില്ല.